നിധിയിൽ നിന്നുള്ള സ്വർണം, സൗജന്യമായി നൽകി വിശ്വാസം നേടും; വ്യാജ സ്വർണം നൽകി അഞ്ച് ലക്ഷം തട്ടി, ആറ് പേർ പിടിയിൽ 

വടകര സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി വ്യാജ സ്വർണം നൽകുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്വർണ നാണയങ്ങളെന്നു പറഞ്ഞ് വ്യാജ നാണയങ്ങൾ നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ ആറ് പേർ പിടിയിൽ. കർണാടക സ്വദേശികളാണ് അറസ്റ്റിലായത്. വടകര സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി വ്യാജ സ്വർണം നൽകുകയായിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘം കുടുങ്ങിയത്.

കർണാടക ചിക്കമംഗളൂരു കാവൂർ കുമാർ മഞ്ജുനാഥ് (47), മാതാപുരം വിഷു (40), മാതാപുരം ചന്ദ്രപ്പ (45), ഷിമോഗ താൻ മോഹൻ (35), ഷിമോഗ നടരാജ് (27), ഷിമോഗ തിയേൾ (34) എന്നിവരാണ് അറസ്റ്റിലായത്. വടകര കുരിയാടി കൈ വളപ്പിൽ രാജേഷാണ് പരാതി നൽകിയത്. ശരിയായ സ്വർണ നാണയം കാണിച്ചും അവ സൗജന്യമായി നൽകി വിശ്വാസം ആർജിച്ചുമാണ് തട്ടിപ്പു നടത്തിയിരുന്നത്. നിധി കിട്ടിയതായും അതിൽ നിന്നുള്ളതാണ് സ്വർണ നാണയങ്ങളെന്നുമാണ് ആളുകളെ വിശ്വസിപ്പിക്കുന്നത്. ‌‌

സുഹൃത്ത് വഴിയാണ് രാജേഷ് സംഘവുമായി ബന്ധപ്പെട്ടത്. ആദ്യം 3 സ്വർണ നാണയങ്ങൾ സൗജന്യമായി നൽകി. ഇത് യഥാർഥ സ്വർണ നാണയമാണെന്ന് കണ്ടാണ് ഷിമോഗയിൽ ഇടപാടിനായി ചെന്നത്. 5 ലക്ഷം രൂപ നൽകി അവരുടെ കൈവശം ഉള്ള മുഴുവൻ സ്വർണ നാണയങ്ങളും വാങ്ങി. നാട്ടിലെത്തി പരിശോധിച്ചപ്പോളാണ് വ്യാജ നാണയങ്ങളാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ ബന്ധപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം. 

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കർണാടകയിൽ പോയി നടത്തിയ അന്വേഷണവുമായി കർണാടക പൊലീസ് സഹകരിച്ചില്ല. വീണ്ടും സ്വർണ നാണയങ്ങളുമായി പ്രതികൾ എത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഒരുക്കിയ കെണിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ചു പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഇവരിൽ 3 പേർ കാറിൽ രക്ഷപ്പെട്ടെങ്കിലും ചോമ്പാലയിൽ വച്ച് ചോമ്പാല പൊലീസിന്റെ സഹായത്തോടെ മൂവരെയും പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com