മലപ്പുറത്ത് കനത്ത മഴ; മഞ്ചേരിയില്‍ മണ്ണിടിച്ചില്‍, ആളുകളെ മാറ്റി പാര്‍പ്പിച്ചു

മലപ്പുറം ജില്ലയില്‍ കനത്ത മഴ. മഞ്ചേരി പുല്ലഞ്ചേരി വേട്ടേക്കോട്- ഒടുവങ്ങാട് റോഡില്‍ മണ്ണിടിച്ചിലുണ്ടായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം: മലപ്പുറം ജില്ലയില്‍ കനത്ത മഴ. മഞ്ചേരി പുല്ലഞ്ചേരി വേട്ടേക്കോട്- ഒടുവങ്ങാട് റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിന് സമീപം താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജാഗ്രതയുടെ ഭാഗമായാണ് ആളുകളെ മാറ്റിയത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു ഇന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രത വേണമെന്നും വകുപ്പ് അറിയിച്ചു. അതിനിടെ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 

മധ്യകിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയില്‍ പന്‍ജിമ്മിനും രത്നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചു. കിഴക്ക് - വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയുമെന്നാണ് പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ ഝാര്‍ഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കന്‍ ഒഡീഷക്കും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com