നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; തിരുവനന്തപുരത്ത് ജാഗ്രതാ നിര്‍ദേശം

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
നെയ്യാര്‍ ഡാം, ഫയല്‍ ചിത്രം
നെയ്യാര്‍ ഡാം, ഫയല്‍ ചിത്രം

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നാലു ഷട്ടറുകളും നിലവില്‍ 70 സെന്റീമീറ്റര്‍ വീതം (ആകെ 280സെന്റീമീറ്റര്‍) ഉയര്‍ത്തിയിട്ടുണ്ട്. വൈകീട്ട് ഓരോ ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം (ആകെ 400സെന്റീമീറ്റര്‍) കൂടി ഉയര്‍ത്തും. സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേര്‍ന്നു. ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൈക്കാട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അടിയന്തര അവലോകന യോഗത്തില്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി കെ രാജന്‍, പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ-പൊതു വിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, ആര്‍ഡിഒ അശ്വതി ശ്രീനിവാസ് എന്നിവരടങ്ങിയ സംഘം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. 

ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പില്‍, അവധിയില്‍ പ്രവേശിച്ച ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. വെള്ളക്കെട്ടിനെ തുടര്‍ന്ന് വീടുകളിലകപ്പെട്ടവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും സജ്ജമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കടലിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കൂടിവരുന്നുണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.  അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മന്ത്രി ആന്റണി രാജുവും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  

രാത്രിയോടെ ശക്തമായ മഴയില്‍ തിരുവനന്തപുരം നഗര പ്രദേശങ്ങളിലുള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമാവുകയായിരുന്നു. എയര്‍പോര്‍ട്ട് പ്രദേശത്ത് 211 മില്ലിമീറ്ററും നഗരപ്രദേശങ്ങളില്‍ 118 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മഴ മുന്നറിയിപ്പ് ദിവസങ്ങളെ അപേക്ഷിച്ച്, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്രതയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് വെള്ളക്കെട്ടുണ്ടായത്. കൂടാതെ സമുദ്രജലനിരപ്പ് ഉയര്‍ന്നതിനാല്‍ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതും ജലാശങ്ങള്‍ നിറയുന്നതിന് കാരണമായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നഗരപ്രദേശങ്ങളിലുള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.  കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാണ്. ഡാമുകളിലുള്‍പ്പെടെ നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com