കടബാധ്യതയെ തുടർന്ന് ആത്മഹത്യാശ്രമം; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു; മകൾ ​ഗുരുതരാവസ്ഥയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 08:23 AM  |  

Last Updated: 02nd February 2023 08:23 AM  |   A+A-   |  

Death

പ്രതീകാത്മക ചിത്രം

 

ഇടുക്കി; തൊടുപുഴ മണക്കാടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. പുല്ലറക്കൽ ആന്‍റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. ആന്‍റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു. മകൾ സിൽനയുടെ നില അതീവഗുരുതരമായി തുടരുന്നു. 

മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടില്‍ വിഷം കഴിച്ച നിലയിലാണ് മൂന്നം​ഗ കുടുംബത്തെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ആന്റണിയ്ക്ക് തൊടുപുഴ നഗരത്തിൽ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് വിവരം.

ആന്റണിയെ അന്വേഷിച്ചെത്തിയവര്‍ ബേക്കറിയില്‍ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോള്‍ ഇവരെ അവശ നിലയില്‍ കണ്ടെത്തുന്നത്. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതിനെ തുടർന്നാണ് ജെസി മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മീനിന് വലുപ്പം കുറവ്, ചാറ് കുറഞ്ഞുപോയി; ഹോട്ടലിൽ തിരിച്ചെത്തി ജീവനക്കാരനെ കരിങ്കല്ലുകൊണ്ട് മർദിച്ചു, ആറ് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ