ജനരോഷക്കൊടുങ്കാറ്റില്‍ യുഡിഎഫ് കരിയിലപോലെ പറന്നുപോകും: മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 07:39 AM  |  

Last Updated: 03rd February 2023 07:39 AM  |   A+A-   |  

pinarayi_vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍ /ഫയല്‍

 

തിരുവനന്തപുരം: രാഷ്ട്രീയവൈരം മുന്‍നിര്‍ത്തി കേന്ദ്രം കേരളത്തെ ചവിട്ടിത്താഴ്ത്തുമ്പോള്‍ യുഡിഎഫ് ആഹ്ലാദിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ചവിട്ടിത്താഴ്ത്തുമ്പോള്‍ തട്ടിത്തെറിപ്പിക്കേണ്ട യുഡിഎഫ് അവരുടെ കാല് തടവുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോള്‍ ഇവിടെനിന്ന് ലോക്‌സഭയിലേക്കുപോയ 18 യുഡിഎഫ് എംപിമാര്‍ എന്താണുചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഈ ചോദ്യം ഉയര്‍ത്തി കേരളജനതവരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ  കുറ്റവിചാരണ ചെയ്യും. ആ ജനരോഷക്കൊടുങ്കാറ്റില്‍ യുഡിഎഫ് കരിയിലപോലെ പറന്നുപോവുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മരുമക്കത്തായ കഥകളിലെ ഹൃദയശൂന്യരായ അമ്മാവന്മാരെപ്പോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. സംസ്ഥാനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വരുമാനത്തിന്റെ ഓഹരി കിട്ടാന്‍ കേന്ദ്രം കനിയേണ്ടി വരുന്നു. 

കേരളത്തിനെതിരായ കേന്ദ്ര നടപടികളില്‍ യുഡിഎഫ് ആഹ്ലാദിക്കുകയാണ്.  കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവരാനാവശ്യമായ ഒന്നും യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.  വികസന പദ്ധതികളെ മുടക്കാനാണ് യുഡിഎഫ് എംപിമാരുടെ ശ്രമം.  കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോള്‍ അതില്‍നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. 

വികസന പദ്ധതികൾക്ക്‌ സംസ്ഥാന സർക്കാർ  ശ്രമിക്കുമ്പോൾ അത്‌ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപി നേതാക്കളും ഐക്യത്തോടും സാഹോദര്യത്തോടും ശ്രമിക്കുന്നു. കിഫ്‌ബി മുഖേനയുള്ള വികസന പരിപാടികൾക്ക്‌  തുരങ്കംവയ്‌ക്കാനുള്ള കേന്ദ്രശ്രമങ്ങളെയും യുഡിഎഫ്‌  പിന്തുണയ്‌ക്കുന്നു.  വിമർശിക്കപ്പെടാൻ വേണ്ട ദുഷ്ചെയ്‌തികളൊന്നും സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല.അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ മുൻനിർത്തി അതിരൂക്ഷമായ വിമർശങ്ങൾ കെട്ടിപ്പൊക്കാൻ ശ്രമിച്ചാൽ ജനങ്ങൾക്കു മുന്നിൽ പ്രതിപക്ഷം അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമാധാനത്തിന്റെ പാതയിലൂടെ കേരളം കടന്നുപോകുമ്പോൾ പ്രതിപക്ഷത്തിന്‌ മനഃസമാധാന തകർച്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാതിരുന്നത്‌ ബിജെപിയെ സഹായിക്കലല്ല. കോൺഗ്രസ്‌ നടത്തിയ രാഷ്ട്രീയ പരിപാടി ആയതിനാലാണ്‌, ആ നിലയ്ക്ക് നടക്കട്ടെയെന്ന് തീരുമാനിച്ചത്.  

ജോഡോയാത്ര നല്ലനിലയിൽ സമാപിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നയങ്ങളെ എതിർക്കുന്ന മുഖ്യമന്ത്രിയാണ് തെലങ്കാനയിലേത്. അതിനാലാണ് അവിടെനടന്ന പരിപാടിയിൽ പങ്കെടുത്തത്. രാജ്യത്ത്‌ വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ്‌ ബിബിസി ഡോക്യുമെന്ററി മുന്നോട്ടുവയ്‌ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തീവ്രന്യൂനമര്‍ദ്ദം മാന്നാര്‍ കടലിടുക്കിലേക്ക്; കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ