ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷിയില്‍ നിന്നും കൈക്കൂലി വാങ്ങി; അഭിഭാഷകനെതിരെ പൊലീസ് അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 06:20 AM  |  

Last Updated: 15th January 2023 06:20 AM  |   A+A-   |  

court room

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട ഒരു കക്ഷിയില്‍ നിന്ന് ഹൈക്കോടതി അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് അന്വേഷണം നടത്തുന്നത്. 

അടുത്തിടെ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെതിരേയാണ് ആരോപണം ഉയര്‍ന്നത്. ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. രജിസ്ട്രാറുടെ കത്ത് പ്രത്യേക ദൂതന്‍ വഴി ഡിജിപിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഡിജിപി കൊച്ചി പൊലീസ് കമ്മീഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. 

സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരേ പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം ചര്‍ച്ചയായതോടെ, ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. 

ഇതില്‍ അഭിഭാഷകനെതിരേ പ്രഥമദൃഷ്ട്യാ തെളിവു കണ്ടെത്തി.  അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ ചീഫ് ജസ്റ്റിസിന് കത്തും നല്‍കി.വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണറിപ്പോര്‍ട്ടിനു പിന്നാലെ ചേര്‍ന്ന ഫുള്‍ കോര്‍ട്ടാണ് പോലീസ് അന്വേഷണത്തിനുവിടാന്‍ തീരുമാനിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇത്തവണ കൂട്ടിന് രണ്ട് കുട്ടിയാനകൾ ഉൾപ്പടെ നാല് ആനകൾ; ധോണിയിൽ വീണ്ടും പിടി 7 ഇറങ്ങി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ