ഇടതിനെയും വലതിനെയും അട്ടിമറിക്കുമോ? ബിജെപിക്ക് അഭിമാന പോരാട്ടം

ആത്മവിശ്വാസത്തോടെ യുഡിഎഫും കോട്ട പിടിക്കാന്‍ സിപിഎമ്മും താമര വിരിയിക്കാന്‍ ബിജെപിയും കച്ച മുറുക്കിയതോടെ ആറ്റിങ്ങലില്‍ ഇത്തവണ കടുത്ത പോരാട്ടം
ആറ്റിങല്‍ ലോക്സഭാ മണ്ഡലം
ആറ്റിങല്‍ ലോക്സഭാ മണ്ഡലം

കേരളത്തിലെ ആദ്യ സംഘടിത പ്രക്ഷോഭം നടന്ന മണ്ണ്. കാല്‍ നൂറ്റാണ്ടിലേറെ ഇടതുമുന്നി കൈവശം വച്ച ആറ്റിങ്ങല്‍ മണ്ഡലം 2019ലെ കോണ്‍ഗ്രസ് തരംഗത്തില്‍ യുഡിഎഫിനൊപ്പം. ആത്മവിശ്വാസത്തോടെ യുഡിഎഫും കോട്ട പിടിക്കാന്‍ സിപിഎമ്മും താമര വിരിയിക്കാന്‍ ബിജെപിയും കച്ച മുറുക്കിയതോടെ ആറ്റിങ്ങലില്‍ ഇത്തവണ കടുത്ത പോരാട്ടം.

ആറ്റിങ്ങല്‍, വര്‍ക്കല, ചിറയന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടക്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങല്‍ ലോക്സഭാ മണ്ഡലം. 2009ലാണ് ചിറയിന്‍കീഴ് പേര് മാറി ആറ്റിങ്ങലായത്. തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായ മണ്ഡലത്തില്‍ 1952ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ജയിച്ചത് സ്വതന്ത്രനായ വി പരമേശ്വരന്‍ നായര്‍. ഭൂരിപക്ഷം 16,904. സംസ്ഥാന രൂപീകരണശേഷം നടന്ന 1957ലെ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ എംകെ കുമാരന്റെ വിജയത്തോടെയാണ് ചിറയിന്‍കീഴ് മണ്ഡലം ആദ്യമായി ചുവപ്പണിയുന്നത്. 62ലും വിജയം ഇടതിനൊപ്പം.

1967ലാണ് മണ്ഡലചരിത്രത്തിലെ ശ്രദ്ധേയമായ വിജയം. ആ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു സിപിഎമ്മിന്. പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അഭിമാനപോരാട്ടത്തില്‍ സിപിഎം നിര്‍ത്തിയത് കെ അനിരുദ്ധനെ. എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ കരുത്തനായ നേതാവ് ആര്‍ ശങ്കറും. ചൈനാ ചാരനെന്ന് മുദ്രകുത്തി ആ സമയത്ത് ജയിലിലായിരുന്നു അനിരുദ്ധന്‍. ജയിലഴികളില്‍ പിടിച്ചുനില്‍ക്കുന്ന അനിരുദ്ധന്റെ ചിത്രം ജനങ്ങള്‍ക്കിടയില്‍ തരംഗമായി. വോട്ടെണ്ണിയപ്പോള്‍ ജയിലില്‍ തടവിലായ അനിരുദ്ധന് ജയം. പെട്ടി പൊട്ടിച്ചപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ പോലും ഞെട്ടി. പോരാട്ടത്തില്‍ ശങ്കര്‍ തോറ്റു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എ സമ്പത്ത്
എ സമ്പത്ത്

1971ല്‍ കോണ്‍ഗ്രസ്സിലെ വയലാര്‍ രവിയോട് സിപിഎമ്മിലെ വര്‍ക്കല രാധാകൃഷ്ണന്‍ തോറ്റു. കോണ്‍ഗ്രസിലെ യുവരക്തമായിരുന്നു അന്ന് രവി. 1977ല്‍ അനിരുദ്ധന്‍ വീണു, മണ്ഡലം വയലാര്‍ രവി നിലനിര്‍ത്തി. 1980ല്‍ ഇടതുപക്ഷത്തേക്ക് മാറിയ രവി തോറ്റു. ജയിച്ചത് കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥി എഎ റഹീം. 1984, 1989 വര്‍ഷങ്ങളില്‍ തലേക്കുന്നില്‍ ബഷീറും 1991ല്‍ സുശീല ഗോപാലനും ജയിച്ചു. 1996ല്‍ എ സമ്പത്ത് മണ്ഡലം നിലനിര്‍ത്തി. ഈ വിജയത്തോടെ അച്ഛനും മകനും ജയിച്ച ലോക്സഭാ മണ്ഡലമായി ആറ്റിങല്‍. 1998ലും 1999ലും 2004ലും വര്‍ക്കല രാധാകൃഷ്ണന്‍ തന്നെ ജയിച്ചു. 2009ലും 2014ലും എ സമ്പത്തിനായിരുന്നു വിജയം.

വയലാര്‍ രവി
വയലാര്‍ രവി

2019ല്‍ നാലാം തവണയും സമ്പത്തിനെ തന്നെയാണ് സിപിഎം കളത്തിലിറക്കിയത്. സിപിഎം കോട്ട തകര്‍ക്കാന്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി അറിഞ്ഞിട്ടില്ലാത്ത അടുര്‍ പ്രകാശിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. ശബരിമലയിലെ സത്രീ പ്രവേശം കത്തിനിന്നതോടെ ബിജെപിക്കായി ശോഭ സുരേന്ദ്രനുമെത്തിയതോടെ കളം കൊഴുത്തു. വോട്ടെണ്ണിയപ്പോള്‍ ജനം അടുര്‍ പ്രകാശിന്റെ തോല്‍ക്കാത്ത മനസിനൊപ്പം നിന്നു. സിപിഎമ്മിനെ കൈവിട്ടു.

ബിജെപിയുടെ വിഐപി മണ്ഡലമാണ് ആറ്റിങ്ങല്‍. എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന ആറ്റിങ്ങലില്‍ അട്ടിമറി വിജയവും അവര്‍ പ്രതിക്ഷിക്കുന്നു. അതിനുള്ള പ്രധാന കാരണം 2019ല്‍ നേടിയ 25 ശതമാനം വോട്ടാണ്. 2014ല്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രം വോട്ടുള്ള ബിജെപിക്കായി ശോഭാ സുരേന്ദ്രന്‍ വാരിയെടുത്തത് 2,48,081 വോട്ടുകള്‍. വോട്ടുവിഹിതം 10.53 ശതമാനത്തില്‍ നിന്ന് 24.97 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇത്തവണ ഇടതിന്റെയും വലതിന്റെയും വോട്ടുബാങ്കുകളില്‍ കൃത്യമായ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ വിജയം അസാധ്യമല്ലെന്നാണ് കണക്കൂട്ടല്‍. 2019ഓടെ ശക്തമായ ത്രികോണ മത്സരത്തിനുള്ള വേദിയായി മാറിയ ആറ്റിങ്ങലില്‍ ബിജെപി നേടുന്ന വോട്ടുകള്‍ തന്നെയാകും നിര്‍ണായകം.

അടുര്‍ പ്രകാശ്
അടുര്‍ പ്രകാശ്

അടിയുറച്ച പാര്‍ട്ടി വോട്ടുകള്‍ വോട്ടുകളായി മാറിയാല്‍ ഇത്തവണ ആറ്റിങ്ങലിലെ മത്സരം പ്രവചനാതീതമാകും. 2019 ലെ സാഹചര്യമല്ല ഇന്നുള്ളത്. അടിയൊഴുക്കുകളിലെ കളികള്‍ ആരെ തുണയ്ക്കുമെന്ന് പറയാനാകില്ല. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഇടത് മുന്നണിയെ സംബന്ധിച്ചടത്തോളം അഭിമാനപ്പോരാട്ടമാണ് ഇത്തവണ. ഏഴ് ഇടത് എംഎല്‍എമാരുള്ള ലോക്സഭാ മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ നേട്ടമാകുമെന്ന് യുഡിഎഫും കരുതുന്നു. ഇത്തവണ രാഷ്ട്രീയക്കാറ്റ് മോദിക്കൊപ്പമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മൂന്ന് മുന്നണികളും വിജയസാധ്യത ഒരുപോലെ കാണുന്നതിനാല്‍ വിയര്‍ക്കുന്നവര്‍ക്കൊപ്പമായിരിക്കും വിജയമെന്നുറപ്പ്.

ആറ്റിങല്‍ ലോക്സഭാ മണ്ഡലം
പേര് ചെങ്കോട്ട, വീശിയടിക്കുന്നത് വലതുകാറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com