'മോദി വീണ്ടും അധികാരത്തില്‍ വരുമെന്നത് പെയ്ഡ് പ്രൊപ്പഗാണ്ട', ഇന്ത്യ മുന്നണി ഭരിക്കും: എം കെ മുനീര്‍- വീഡിയോ

വരുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നിട്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാന്‍ ബിജെപി ചരടുവലിച്ചതെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍
എം കെ മുനീര്‍
എം കെ മുനീര്‍ഇ ​ഗോകുൽ/ എക്സ്പ്രസ്

കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നിട്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാന്‍ ബിജെപി ചരടുവലിച്ചതെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രചരണം, ഒരു പെയ്ഡ് പ്രൊപ്പഗാണ്ടയാണെന്നും മുനീര്‍ ആരോപിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം കെ മുനീര്‍.

'തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍വേകള്‍ വരും. ബിജെപി മുന്നിലാണ് എന്ന് പറയുന്ന സര്‍വേകളാണ് വരിക. വോട്ടിനെ ബാധിക്കുന്ന സാഹചര്യം ഒരുക്കുകയാണ്. ഇതെല്ലാം നമ്മള്‍ പ്രതീക്ഷിക്കണം. അത് ഇവിടെയും ഉണ്ടാവും. ഭരിക്കുന്ന ആളുകളുടെ കൈയിലാണ് എല്ലാം ഉള്ളത്. 2004ലെ പോലെ 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാറ്റം വരും. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്നൊന്നും പറയാന്‍ കഴിയില്ല. എന്നാല്‍ ഇന്ത്യ മുന്നണി വരും. ചില പാര്‍ട്ടികള്‍ പറഞ്ഞിരിക്കുന്നത് പ്രത്യേകമായി മത്സരിക്കുമെന്നാണ്.എന്നിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാകും. അവര്‍ അവരുടെ ശക്തി നോക്കി വരും. എന്നിട്ട് ഇന്ത്യ മുന്നണിയുടെ ഭാഗമാകും'- മുനീര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വലിയ സാധ്യതയുണ്ട്. എത്ര സീറ്റുകള്‍ കിട്ടുമെന്ന തരത്തില്‍ ഒരു വിലയിരുത്തലിനുള്ള സമയമായിട്ടില്ല. എങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലവിലെ സീറ്റ് നിലനിര്‍ത്തും. 19 സീറ്റിലും വിജയിക്കും. 20 ആക്കണമെന്നാണ് ആഗ്രഹം. കേരളത്തില്‍ സിപിഎമ്മുമായി ബിജെപിയ്ക്ക് അന്തര്‍ധാരയുണ്ട്. കോണ്‍ഗ്രസിന്റെ നമ്പര്‍ കുറയ്ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സിപിഎം അവിടെ പോയത് കൊണ്ട് അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് കോണ്‍ഗ്രസ് മുക്ത കേരളമാണ്. രണ്ടുപേരുടെയും തിയറി ഒന്ന് തന്നെയാണ്.' - മുനീര്‍ കൂട്ടിച്ചേര്‍ത്തു.

'ഇവിടെ ബിജെപിയെ നേരിട്ട് തോല്‍പ്പിച്ചത് മുഴുവന്‍ യുഡിഎഫ് അല്ലേ? മഞ്ചേശ്വരത്ത് രണ്ടാമത്തെ സ്ഥാനത്താണ് ബിജെപി. കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും യുഡിഎഫാണ് വിജയിച്ചത്. നിയമസഭയില്‍ ഒരു തവണ മാത്രമാണ് ബിജെപി ജയിച്ചത്. ഒ രാജഗോപാലിനെ തോറ്റ് തോറ്റ് സങ്കടം തോന്നി അവിടെയുള്ളവര്‍ ജയിപ്പിച്ചതാണ്. രാജഗോപാലിന് ഏത് മുന്നണിയിലാണ് എന്ന് മനസിലാകാതെ, സ്പീക്കര്‍ക്ക് വോട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായി. അദ്ദേഹം ഒരു ശുദ്ധഗതിക്കാരനാണ്'- മുനീര്‍ പറഞ്ഞു.

എം കെ മുനീര്‍
പാലക്കാടും പരിഭ്രാന്തി; ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com