വെള്ളപ്പൊക്കത്തിന്റെ ബാക്കിപത്രം

2018 ആഗസ്റ്റ് മാസത്തിലെ ഏറ്റവും വലിയ പ്രതീക്ഷ ഓണക്കാലത്തെക്കുറിച്ചുള്ളതായിരുന്നു.
വെള്ളപ്പൊക്കത്തിന്റെ ബാക്കിപത്രം

2018 ആഗസ്റ്റ് മാസത്തിലെ ഏറ്റവും വലിയ പ്രതീക്ഷ ഓണക്കാലത്തെക്കുറിച്ചുള്ളതായിരുന്നു. അവസാന വാരത്തിലെ ഓണാഘോഷം, രണ്ടാം ശനിയാഴ്ചയിലെ നെഹ്റു ട്രോഫി മത്സര വള്ളംകളി, ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷം ഇവയെല്ലാം പ്രതീക്ഷാനക്ഷത്രങ്ങളായിരുന്നു. ഒറ്റയടിക്ക് മലയാളിയുടെ ജീവിതമണ്ഡലം ഇരുട്ടായി മാറി. തുടര്‍ച്ചയായ പേമാരിയും ഉരുള്‍പൊട്ടലും ജീവിതഭൂമിയിലാകെ ഭയാശങ്കകള്‍ നിറച്ചു. തുടക്കത്തില്‍ മാധ്യമങ്ങള്‍ വിവരവും വിനോദവും കലര്‍ത്തി കാലാവസ്ഥാവ്യതിയാനത്തെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് മഴയുടെ തോതും നദിയുടെ കരുത്തും മലകളുടെ ദൗര്‍ബ്ബല്യവും പ്രകടമായി. ഈ അനുഭവത്തെ ജലപ്രളയമെന്നാണ് പലരും വിശേഷിപ്പിച്ചത്. പ്രളയം സംഹാരത്തിന്റെ ചിഹ്നവ്യവസ്ഥയിലാണ് അര്‍ത്ഥപുഷ്ടി നേടുന്നത്. കേരളത്തില്‍ ഒട്ടാകെ ജലപ്രളയമുണ്ടാകും മുന്‍പുതന്നെ കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായി. ഒന്നിലേറെ തവണ ഈ വര്‍ഷം കുട്ടനാടിനെ വെള്ളക്കെട്ടാക്കി മാറ്റിയിരുന്നു. കൃഷിനാശവും ഗതാഗതതടസ്സവും കുട്ടനാടിനെ അസ്വസ്ഥമാക്കി. എങ്കിലും കുട്ടനാട്ടുകാര്‍ ജലപ്രളയത്തെക്കുറിച്ച് സംസാരിച്ചു കേട്ടില്ല. ദുരന്തമെന്ന വാക്കും ഏറെ പ്രചാരം നേടിയില്ല. എന്നാല്‍, ആഗസ്റ്റ് മൂന്നാം വാരത്തില്‍ മഴ കരുത്തുനേടിയപ്പോള്‍ ദുരന്തമെന്ന വാക്ക് തുടരെ പ്രത്യക്ഷപ്പെട്ടു. ദുരന്തനിവാരണ സംരംഭങ്ങളും പുതുജീവിതത്തില്‍ ഭീതിയുണര്‍ത്തി. ദുരന്തത്തിന്റെ ഹേതുക്കള്‍ പ്രകൃതിയിലും മനുഷ്യരിലും മാറിമാറി കണ്ടെത്തി. കുറ്റവിചാരണ നടത്താനാണ് പലരും തത്രപ്പെട്ടത്. തീവ്രമതവിശ്വാസികള്‍ തങ്ങളുടെ വിശ്വാസാചാരങ്ങള്‍ ഉറപ്പിച്ചുവയ്ക്കാന്‍ പെരുംമഴയെ ഒരു പശ്ചാത്തലമാക്കി. മനുഷ്യന്റേയും പ്രകൃതിയുടേയും വല്ലായ്മകള്‍ക്ക് വ്യാഖ്യാനങ്ങളുടേയും കഥാത്മകമായ വിശദീകരണങ്ങളുടേയും രൂപത്തില്‍ കഥകള്‍ പ്രചരിച്ചു. ഓരോ മതവിഭാഗത്തിനും തീവ്രമതവിശ്വാസം വളര്‍ത്താന്‍ ചെറിയ ചെറിയ സന്നദ്ധസംഘങ്ങളുണ്ട്. അയ്യന്റെ പൂങ്കാവനത്തെ അശുദ്ധമാക്കി സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകുന്നതിന്റെ ഫലമാണ് പ്രകൃതിക്ഷോഭമെന്ന് ഒരു കൂട്ടര്‍. അതല്ല, നിഷ്‌കളങ്കരായ പുരോഹിതര്‍ക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണവേലകള്‍ക്കെല്ലാം തിരിച്ചടിയാണെന്ന് വേറൊരു കൂട്ടര്‍. ഇത്തരം പ്രചാരവേലകള്‍ക്ക് ചെവി കൊടുക്കുന്ന ഒരു ചെറിയ ന്യൂനപക്ഷം എക്കാലത്തുമുണ്ട്. ഇക്കാലത്തും ഉണ്ടായി. ഇത്രയുംകൊണ്ട് കാലാവസ്ഥാവ്യതിയാനത്തിന്റെ അറിവുതരംഗങ്ങള്‍ നിലച്ചില്ല. പ്രകൃതിയോട് മനുഷ്യന്‍ കാണിച്ച ക്രൂരതയ്ക്കുള്ള പ്രതികാരമാണിതെന്ന് പരിസ്ഥിതിവാദികള്‍ അടക്കമുള്ളവര്‍. കേരളത്തിലുണ്ടായ കാലാവസ്ഥ പരിണാമത്തെ വിശദീകരിക്കുന്നതിലും വ്യാഖ്യാനിച്ച് ഉള്‍ക്കൊള്ളുന്നതിലും പ്രകടമായ വൈവിധ്യം മലയാളിയുടെ സാംസ്‌കാരികഘടനയും വൈകാരികചരിത്രവും വിശദീകരിക്കാന്‍ ഉപകരിച്ചേക്കും.

വെള്ളപ്പൊക്കം മലയാളിക്ക് ഒരു പുതുമയല്ല. മനുഷ്യരാശിക്ക് മൊത്തത്തില്‍ സുപരിചിതമായ സങ്കല്‍പ്പനമാണ് പ്രളയം. പ്രാചീന ഭാഷകളിലും സാഹിത്യങ്ങളിലുമെല്ലാം പ്രളയപരാമര്‍ശങ്ങളുണ്ട്. മതസന്ദേശങ്ങള്‍ക്കുവേണ്ടി പ്രയോഗിക്കുന്നവയാണ് ജലപ്രളയമിത്തുകള്‍. അത്തരം മിത്തുകളുടെ രൂപീകരണവും വളര്‍ച്ചയും ചരിത്രത്തില്‍നിന്നു തുടങ്ങി വെള്ളപ്പൊക്കത്തിന്റെ മിത്തായി പരിണമിക്കുന്നുണ്ട്. പല ഭാഷകളിലും പുരാണപരത ഗൗനിക്കുന്ന സമീപനം ഉണ്ടാവുന്നില്ല എന്നത് സാരമായ പരിമിതിയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കാലാവസ്ഥാപ്രവചനവും ദുരന്തനിവാരണ സംരംഭങ്ങളും അവഗണിക്കാതെതന്നെ അവരോടൊപ്പം പരിഗണിക്കപ്പെടേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. വെള്ളപ്പൊക്കം കേവലം ഒരു ഭൗതികപ്രതിഭാസമായി മനസ്സിലാക്കിയാല്‍പ്പോരാ. അത് കേവലം ഒരു ഭൗതികസംഭവം മാത്രമല്ല, സാംസ്‌കാരികവും വൈകാരികവും ഭാവനാപരവും ഭാഷാപരവുമായ സങ്കല്‍പ്പനം കൂടിയാണ്. ആ സങ്കല്പനമാകട്ടെ ചരിത്രം, ഭാവന, ഭാഷ, മാധ്യമം എന്നിവയോടെല്ലാം ബന്ധപ്പെട്ട് ദ്രുതഗതിയില്‍ പരിണമിക്കുന്നതാണ്. വെള്ളപ്പൊക്കത്തിന്റെ പൊരുള്‍ സംക്രമിക്കുന്നതും തിരിച്ചറിപ്പെടുന്നതും സ്വാംശീകരിക്കപ്പെടുന്നതും മേല്‍പ്പറഞ്ഞ ശൃംഖലയിലാണ്. ആ ശൃംഖലയാകട്ടെ, സമൂഹരൂപീകരണത്തിന്റെ പരിണാമത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്യുന്നു. അതിനെ വെള്ളപ്പൊക്കമടക്കമുള്ള പ്രതിഭാസങ്ങളുടെ സംവേദന സംഭവസ്വഭാവം ഗൗനിക്കാന്‍ ആസൂത്രകര്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, വെള്ളപ്പൊക്കത്തെ ജലപ്രളയമായി ഭാഷയില്‍ വേഷംമാറി കാണുമ്പോള്‍ അത് വെറും കളിയായി കാണാനാവില്ല. സംവേദനസംഭവം എന്ന നിലയില്‍ നിര്‍വാഹകരേയും സംഭവങ്ങളേയും വേര്‍പിരിച്ചു കാണാന്‍ കഴിയണം. അത്തരമൊരു ധൈഷണികത ഏറ്റവും വലിയ പ്രതിരോധ ചികിത്സയും നിര്‍മ്മാണസംരംഭവുമായിരിക്കണം. തകര്‍ന്നുകിടക്കുന്ന വീടും മാലിന്യക്കൂമ്പാരമായി മാറിയ പരിസരവും എല്ലാം ചേര്‍ന്നുണ്ടാക്കുന്ന പ്രളയബോധത്തെ സംവേദനശൃംഖലയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുന്നത് സമൂഹവല്‍ക്കരണത്തെ നടത്തിക്കൊണ്ടുവരാനാണ്. ഇത്തരം അന്വേഷണത്തില്‍ ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും മാത്രം പരിഗണിച്ചാല്‍ പോരാ. ഇടത്തും വലത്തുമുള്ള സമാന്തര സമൂഹങ്ങളെക്കൂടി പരിഗണിക്കണം. ജലസ്രോതസ്സുകള്‍ പങ്കുവയ്ക്കാന്‍ വിസമ്മതിച്ച് എല്ലാം എന്റേതെന്നു ശഠിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ ഇക്കാര്യം ഗൗനിക്കണം.

ബലപ്രയോഗത്തിന് ഇരയാകുന്ന പ്രകൃതി ഇടയ്‌ക്കെങ്ങാനും ക്ഷോഭിച്ച് കൈയുയര്‍ത്തിയാല്‍ അത് ധിക്കാരമാണെന്നും ആചാരലംഘനമാണെന്നും പറയുന്നവര്‍ ജൈവശൃംഖലയുടെ ആധികാരികത ഗൗനിക്കുന്നുണ്ട്. രാത്രിമഴയെ ഭ്രാന്തിയായി കാണുന്നവരാണ് അവര്‍.

മലയാളി മനസ്സ് പരമ്പരാഗതമായി പരിസ്ഥിതിയുടെ തുടര്‍ച്ചയിലാണ് മനുഷ്യജീവിതനാടകം അവതരിപ്പിച്ചിരുന്നത്. അതില്‍നിന്നുള്ള വ്യതിയാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് കാലോചിതമായി സംവേദനം ചെയ്യാന്‍ ഹൃദയജ്ഞാനമുള്ളവര്‍ ശ്രദ്ധിക്കണം. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകന്‍.' ആനയെ ഭാവനാപൂര്‍വ്വം അവതരിപ്പിക്കുന്ന കവി പരിസ്ഥിതിബോധത്തിന് ശക്തി പകരുന്നു. ആനയുടെ കാഴ്ചപ്പാടില്‍ ചുറ്റുവട്ടത്തെ കാണാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത് സുപ്രീംകോടതിയാണ്. പശ്ചിമഘട്ടത്തിലെ ആനത്താരകള്‍ തടസ്സപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ടുകളെല്ലാം പൊളിച്ചുനീക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. വഴി നടക്കാനുള്ള ആനയുടെ അവകാശം ന്യായാധിപന്മാര്‍ തിരിച്ചറിയുന്നത് ചരിത്രവും ഭാവനയും ഉപയോഗിച്ചാണ്. കേരളത്തിലുണ്ടായിരുന്ന പ്രകൃതിക്ഷോഭത്തെ ഇത്തരത്തില്‍ ഭാവനാപൂര്‍വ്വം മനസ്സിലാക്കാന്‍ വിശദമായ പരിശ്രമം വേണ്ടിവന്നിരിക്കുന്നു. കാലാവസ്ഥാപ്രവചനവും ദുരന്തനിവാരണവുംകൊണ്ട് വെല്ലുവിളികള്‍ നേരിടാനാകില്ല. പുതുബോധത്തിലേക്കുള്ള അറിവും അനുഭൂതിയും ഉണ്ടാകണം. വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ സാഹസികമായി ഇടപെടാന്‍ കഴിയുമെന്ന് പുതുതലമുറ ഇപ്പോള്‍ തെളിയിച്ചിരിക്കുന്നു.

ഇനിയും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായേക്കാം. അതിനു നമ്മള്‍ തയ്യാറായിരിക്കണം. പരിസ്ഥിതിലോലപ്രദേശമായ കേരളത്തില്‍ വലിയൊരു ദുരന്തപ്രതിരോധസേന, സന്നദ്ധപ്രവര്‍ത്തകരുടെ രൂപത്തില്‍ ഉണ്ടാകണം. തീരദേശത്തെ മത്സ്യത്തൊഴിലാളികളെപ്പോലെ സാഹസികമായി ഇടപെടാന്‍ കഴിയുന്ന യുവജനസേന രൂപ്പെടണം. ഇത്തരമൊരു പരിശീലനം കേരളത്തില്‍ ആവശ്യമുണ്ട്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലം കൂടി അവര്‍ക്കുണ്ടാകണം. ഇക്കഴിഞ്ഞ ദുരന്തദിനങ്ങളില്‍ വെളിവായ കാര്യം കേരളത്തിന്റെ പാരിസ്ഥിതിക ഭൂമിശാസ്ത്രം നമുക്ക് തീരെ വശമില്ല എന്നതാണ്. ഉദാഹരണത്തിന്, പമ്പയാറിനെക്കുറിച്ച് പൂര്‍വ്വികര്‍ സമാര്‍ജ്ജിക്കുന്ന അറിവുകളൊന്നും പുതുതലമുറയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ്. വറ്റിവരണ്ടുകിടക്കുന്ന പമ്പ പെട്ടെന്ന് കരകവിഞ്ഞൊഴുകും. അതേ വേഗത്തില്‍ വിട്ടൊഴിഞ്ഞുപോകും. അതാണ് പമ്പയുടെ പ്രകൃതം. ഓരോ നദിക്കുമുണ്ട് ഇത്തരം പ്രകൃതിവിലാസങ്ങള്‍. പെരിയാറിന്റെ ക്ഷോഭം എത്രയോ വട്ടം അനുഭവിച്ചതാണ്. സഹ്യനില്‍ തുടങ്ങി കടല്‍ത്തിരകളോളം ചെന്നെത്തുന്നതാണ് പെരിയാറിന്റെ ക്ഷോഭം. വഴിമാറി ഒഴുകാന്‍, ജനവാസകേന്ദ്രങ്ങളിലേക്ക് കുതിച്ചുകേറാന്‍ മടിക്കാത്ത പെരിയാര്‍ വെറും ശാന്തയായ പുണ്യനദിയല്ല. മിക്കപ്പോഴും വറ്റിവരണ്ടു കിടക്കുന്ന ഭാരതപ്പുഴയ്ക്കുമുണ്ട് ക്ഷോഭപ്രകടനം. ഓരോ നദിയേയും ചരിത്രാനുഭവത്തിന്റേയും ജനസ്മൃതിയുടേയും പിന്‍ബലത്തോടുകൂടി മനസ്സിലാക്കാന്‍ പരിശ്രമമുണ്ടാകണം. ഇക്കാര്യത്തില്‍ പരമദരിദ്രരാണു നമ്മള്‍. വെള്ളപ്പൊക്കത്തെക്കുറിച്ച് പറയേണ്ടിടത്തെല്ലാം 99-ലെ വെള്ളപ്പൊക്കം എന്നു പറഞ്ഞ് രക്ഷപ്പെടുകയാണ്. ഇത് ചരിത്രാനുഭവമോ ഓര്‍മ്മയോ പുരാവൃത്തമോ? ജനങ്ങളുടെ നാവിന്‍തുമ്പിലും ഒറ്റപ്പെട്ട രചനകളിലും പരാമര്‍ശിക്കപ്പെടുന്ന ഈ പ്രകൃതിക്ഷോഭത്തെക്കുറിച്ചുള്ള അന്വേഷണം മലയാളികളുടെ വൈകാരികതയും സാമൂഹികതയും അപഗ്രഥിക്കാന്‍ ഉപകരിക്കും. മഹാഖ്യാനങ്ങളില്‍ മാത്രമല്ല, ലഘു ആഖ്യാനങ്ങളിലും ഉണ്ട് '99-ലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. പല കുടുംബചരിത്രങ്ങളിലും '99-ലെ വെള്ളപ്പൊക്കം ഒരു വില്ലനായി കടന്നുവരുന്നു. ബാഹിതീയമായ പരാമര്‍ശങ്ങളും ഒട്ടും കുറവല്ല.

കേരളത്തിന്റെ ഭൗതിക ഭൂമിശാസ്ത്രത്തില്‍ ദുരന്തഭൂപടം ആലേഖനം ചെയ്ത് പ്രവൃത്തിപരിചയം നേടുന്നത് അഭികാമ്യമാണ്. ഏതെല്ലാം അണക്കെട്ടുകളില്‍ എവിടെയെല്ലാം എത്രത്തോളം പരിസ്ഥിതിക്ക് ദോഷകരമാകുന്നു, തുണയാകുന്നു എന്നു തിരിച്ചറിയാന്‍ വളര്‍ന്നുവരുന്ന തലമുറയ്ക്കു കഴിയണം. ഇത്തരം പരിസ്ഥിതിബോധം ഇന്ന് തീരെയില്ല എന്ന് അടുത്തകാലത്തുണ്ടായ സംഭവങ്ങളും പ്രതികരണങ്ങളും ശ്രദ്ധിക്കുന്നു. ഇത്തരം അറിവുകളെല്ലാം വിതരണത്തിന് തയ്യാറുണ്ടെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. വിപുലമായ പഠനഗവേഷണങ്ങളിലൂടെ ഘട്ടംഘട്ടമായി രൂപീകരിക്കേണ്ടതാണ് ഇത്തരം കാര്യങ്ങള്‍. സര്‍വ്വജ്ഞാനികളായ ഗുരുനാഥന്മാരില്ല, എല്ലാ അറിവും അടങ്ങുന്ന പാഠപുസ്തകങ്ങളുമില്ല. ഇവയെല്ലാം വികസിപ്പിച്ചെടുക്കാന്‍ ഉതകുന്ന തരത്തിലുള്ള നിരീക്ഷണ സ്വഭാവമുള്ള പഠനപദ്ധതിയുണ്ടാകണം.

വെള്ളപ്പൊക്ക മ്യൂസിയമെന്ന ആശയം ഇവിടെ പ്രസക്തമാണ്. അമേരിക്കയില്‍ പെന്‍സില്‍വാലിയയിലാണ് പ്രസിദ്ധമായ വെള്ളപ്പൊക്ക മ്യൂസിയമുള്ളത്. നഗരത്തെ തുടച്ചുമാറ്റിക്കൊണ്ട് കടന്നുപോയ വെള്ളപ്പൊക്കത്തെ അപഗ്രഥിക്കുന്നതാണ് പ്രസ്തുത മ്യൂസിയം. ദൃശ്യങ്ങള്‍, ശബ്ദലേഖനങ്ങള്‍, മാധ്യമ പ്രതികരണങ്ങള്‍ എന്നിവയിലൂടെ വെള്ളപ്പൊക്കത്തെക്കുറിച്ച് വൈജ്ഞാനിക കൗതുകം ഉണര്‍ത്തുന്നു. വെള്ളപ്പൊക്കത്തിന്റെ കാരണങ്ങള്‍, സ്വഭാവം, നാശനഷ്ടങ്ങള്‍, പുനര്‍നിര്‍മ്മാണ സംരംഭങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കൃത്യമായ രേഖ അവിടെ സൂക്ഷിച്ചിരിക്കുന്നു. ശാസ്ത്രീയമായി സൂക്ഷിച്ചുവച്ചിട്ടുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രസിക്കാനും അറിവുനേടാനും പാകത്തില്‍ തയ്യാര്‍ ചെയ്തവയാണ് പ്രദര്‍ശനങ്ങള്‍. രേഖാശേഖരങ്ങള്‍ ഉപയോഗിച്ച് പഠനഗവേഷണങ്ങള്‍  നടത്താന്‍ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും അവസരമുണ്ട്. മ്യൂസിയം വെറും കാഴ്ചബംഗ്ലാവല്ല, വിജ്ഞാനോല്‍പ്പാദന കേന്ദ്രങ്ങളാണ്. അതിനുള്ള സജ്ജീകരണങ്ങള്‍ അവിടെ ചെയ്തിരിക്കുന്നു. വെറുമൊരു സ്മാരകമല്ല അത്. കുട്ടനാട്ടില്‍ ഇത്തരമൊരു വെള്ളപ്പൊക്ക മ്യൂസിയം സ്ഥാപിച്ചാല്‍ വെള്ളപ്പൊക്ക സംബന്ധമായ രേഖകളെല്ലാം അവിടെ സൂക്ഷിക്കാം. പ്രതിരോധത്തിനും പ്രവചനത്തിനും മാത്രമല്ല, വൈജ്ഞാനികതയ്ക്കും വലിയ മുതല്‍ക്കൂട്ടാവും കുട്ടനാട്ടിലെ വെള്ളപ്പൊക്കമ്യൂസിയം. ദുരന്തനിവാരണ സംഘങ്ങളുടെ ഏകപക്ഷീയമായ സമീപനം ജനങ്ങളെ വല്ലാതെ വിറളിപിടിപ്പിക്കുന്ന ഇക്കാലത്ത് ശാസ്ത്രീയവും മാനവികവും ഉദാരവുമായ വൈജ്ഞാനിക കേന്ദ്രമാകണം വെള്ളപ്പൊക്ക മ്യൂസിയം.

വെള്ളപ്പൊക്ക മ്യൂസിയത്തിന്റെ ആസൂത്രണത്തില്‍ നാനാതരത്തിലുള്ള വിജ്ഞാനങ്ങളുടെ വക്താക്കള്‍ ഉണ്ടാകണം. സംവേദന തന്ത്രങ്ങള്‍ നിശ്ചയമുള്ളവരായിരിക്കണം അവര്‍. ചരിത്രം മാത്രം പോരാ, ഭാവനയും ഉദാരതയും ഉണ്ടായിരിക്കണം. വെള്ളപ്പൊക്ക മ്യൂസിയത്തില്‍ മലയാളിയുടെ വെള്ളപ്പൊക്ക അനുഭവങ്ങളും ഇടം കണ്ടെത്തണം. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍', ബഷീറിന്റെ 'വെള്ളപ്പൊക്ക സ്മരണകള്‍', പത്മനാഭന്റെ 'യാത്ര' തുടങ്ങിയവ മാധ്യമസങ്കേതങ്ങളിലൂടെ വിവര്‍ത്തനം ചെയ്യപ്പെടണം. വെള്ളപ്പൊക്ക അനുഭവത്തിന്റെ വിവര്‍ത്തനശേഷി ആസൂത്രകരുടെ വൈകാരികശേഷിയെ ആശ്രയിച്ചിരിക്കും.

വെള്ളപ്പൊക്ക ഭാഷയെക്കുറിച്ച് ഒരു കാര്യം എടുത്തു പറയട്ടെ. ലോകവും ഭാഷയും തമ്മിലുള്ള ബന്ധം ഇന്ന് സജീവചര്‍ച്ചാവിഷയമാണ്. ഭാഷകൊണ്ട് സ്വര്‍ഗ്ഗത്തെ നരകമാക്കാം, നരകത്തെ സ്വര്‍ഗ്ഗമാക്കാം. വിശപ്പിനെ ദൗര്‍ബ്ബല്യമാക്കാം, വിശുദ്ധമാക്കാം. ഭാഷയിലെ ശേഷി എന്തിന് ഉപയോഗിക്കണം എന്നതാണ് നിര്‍ണ്ണായക തീരുമാനം. വെള്ളപ്പൊക്കത്തെ ഒരു കൂട്ടനിലവിളിയായി അവതരിപ്പിക്കാം. അല്ലെങ്കില്‍ ഒരു സാമൂഹികാനുഭവമാക്കാം. അതുമല്ലെങ്കില്‍ ഒരു വ്യക്തി ദുരന്തമാക്കാം. ഭാഷയാണിവിടെ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നത്. മാധ്യമങ്ങളിലും സാഹിത്യകൃതികളിലും ഉപയോഗിക്കുന്ന മെറ്റഫറുകള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. പ്രകൃതിയെ പ്രതികാരമൂര്‍ത്തിയാക്കിയോ ശത്രുവായോ അവതരിപ്പിക്കാനാണ് പലരുടേയും ശ്രമം. മറിച്ചുള്ള സാഹസിക സംരംഭങ്ങള്‍ ഇല്ലെന്നല്ല. അവയിലെ സര്‍ഗ്ഗാത്മകതയും തിരിച്ചറിയപ്പെടുന്നില്ല. മലയാളിയുടെ പരമ്പരാഗത വെള്ളപ്പൊക്ക അനുഭവം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. പ്രകൃതിക്കും മനുഷ്യനും സഹജീവികള്‍ക്കും ഇടമനുവദിക്കുന്നതാവണം ഭാവനയും ഭാഷയും. പുതുതലമുറയ്ക്ക് ഇത്തരം ഭാഷ സ്വീകരിക്കാന്‍ മാര്‍ഗദര്‍ശനം ആവശ്യമുണ്ട്. ഭാഷയിലെ വലിയ തെറ്റുകള്‍ ഇവിടെയുമുണ്ട്. ധ്വനാത്മകമാകേണ്ട ഭാഷ നിഷേധാത്മകമായി മാറുന്നു. വെള്ളപ്പൊക്കവും പ്രളയവും തമ്മിലുള്ള വ്യത്യാസമാണിത്. വെള്ളപ്പൊക്ക വിവരണങ്ങളിലെല്ലാം രസികത്വത്തിന്റെ ഘടകങ്ങളുണ്ട്. കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിനിടയാണ് വള്ളംകളി. വെള്ളപ്പൊക്ക കെടുതികളുടെ പേരില്‍ കലോത്സവങ്ങളും ഫെസ്റ്റിവലുകളും ഉപേക്ഷിക്കുന്നവര്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്. പ്രതികൂല കാലാവസ്ഥകളിലും ധൈര്യം വിടാതെ മുന്നോട്ടുപോകാന്‍ സഹായിക്കാന്‍ സന്ദേശമാവണം വെള്ളപ്പൊക്ക മ്യൂസിയത്തിനുള്ളത്. വിജ്ഞാനത്തിനും വിനോദത്തിനും അനുശീലനത്തിനുമുള്ള ഒരിടം. വേണ്ടിവന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള പരിശീലനകേന്ദ്രമായിക്കൂടി ഇതിനെ വികസിപ്പിക്കണം. അത് സമചിത്തത നിലനിര്‍ത്തേണ്ട കാലമാണ്. കഴിഞ്ഞകാലത്തിന്റെ ഓര്‍മ്മകളില്‍ കുടുങ്ങിക്കിടന്നിട്ടു കാര്യമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com