പൊതുതെരഞ്ഞടുപ്പിന്റെ പടഹധ്വനി മുഴങ്ങുമ്പോള്‍

എല്ലാ യുദ്ധമര്യാദകളും ലംഘിച്ചുകൊണ്ട് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു പോര് തീര്‍ച്ചയായും നമ്മുടെ ജനാധിപത്യക്രമത്തിന്റെ നിലനില്പും ഭാവിയും സംബന്ധിച്ച് നിര്‍ണ്ണായകമായ സൂചനകളാണ് തരാനിരിക്കുന്നത്
പൊതുതെരഞ്ഞടുപ്പിന്റെ പടഹധ്വനി മുഴങ്ങുമ്പോള്‍

മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് ഐന്‍സ്റ്റീന്റേത് എന്നും മറ്റാരുടേയോ എന്നുമൊക്കെയായി പറയപ്പെടുന്ന ഒരു ഉദ്ധരണിയുണ്ട്: ''മൂന്നാം ലോകമഹായുദ്ധത്തില്‍ ഏതൊക്കെ തരം ആയുധങ്ങളാണ് ഉപയോഗിക്കപ്പെടുക എന്നു തീര്‍ച്ചയില്ല; പക്ഷേ, നാലാമതൊരു ലോക മഹായുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും അതില്‍ ഉപയോഗിക്കപ്പെടുക കല്ലും വടിയും പോലുള്ള തീര്‍ത്തും പ്രാകൃതമായ ആയുധങ്ങളായിരിക്കും'' എന്നാണ് ആ ഉദ്ധരണി.

നമ്മുടെ രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനും അത്തരത്തില്‍ ഒരു ആത്യന്തികത ഉണ്ട്. യുദ്ധമര്യാദകളുടെ എല്ലാ അതിരുകളും ലംഘിച്ചുള്ള ഒരു 'ഓള്‍ ഔട്ട് വാര്‍' ആണ് മധ്യവേനലില്‍ നാം ദര്‍ശിക്കാനിരിക്കുന്നത്. എന്നാല്‍, ഈ മധ്യവേനല്‍ രാക്കിനാവ് നമ്മുടെ രാഷ്ട്രീയകക്ഷികളെ സംബന്ധിച്ചിടത്തോളം അത്ര സുഖദമായ ഒരു അനുഭവമായിരിക്കില്ലെന്ന് ഉറപ്പാണ്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും സംബന്ധിച്ചിടത്തോളം മാത്രമല്ല, നമ്മുടെ ഇന്നത്തെ ജനാധിപത്യക്രമത്തെ സംബന്ധിച്ചിടത്തോളവും ഈ പൊതുതെരഞ്ഞെടുപ്പ് അത്രമേല്‍ നിര്‍ണ്ണായകമായിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ. 

എങ്കിലും നടേ ചൂണ്ടിക്കാട്ടിയപോലെ ഇത്തരത്തിലുള്ള ഒരു ആത്യന്തികത നമ്മുടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്  ഉണ്ടാകുമോ എന്ന ന്യായമായ സംശയം പലര്‍ക്കും ഉണ്ടാകും. ശരിയാണ്, അഞ്ചുവര്‍ഷം കൂടുമ്പോള്‍ പൊതുതെരഞ്ഞെടുപ്പ് അനിവാര്യമാണല്ലോയെന്നും നിശ്ചിത കാലയളവില്‍ വിവിധ പ്രാദേശിക ജനസഭകളിലേക്കുമൊക്കെ തെരഞ്ഞെടുപ്പു നടക്കുന്നുണ്ടല്ലോയെന്നും ഇപ്പോള്‍ നാം ചെയ്യുന്നത് തെറ്റെങ്കില്‍ പിന്നീട് ഒരു തിരുത്തല്‍ ജനവിധി സാധ്യമല്ലേയെന്നുമൊക്കെ ചോദ്യമുയര്‍ന്നേക്കാം. ആ ചോദ്യത്തിലും ന്യായമുണ്ട്. പക്ഷേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ നമ്മുടെ ജനാധിപത്യ അനുഭവം എന്താണ് എന്ന മറ്റൊരു ചോദ്യം ഉന്നയിക്കുക. ആ ചോദ്യത്തിന് ഉത്തരം തേടിയുള്ള അന്വേഷണം നേരത്തെ ഉന്നയിക്കപ്പെട്ട മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയേക്കും. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ ആകമാനം അഴിച്ചുപണിഞ്ഞ് എല്ലാ മേഖലയിലും അധികാരം കൂടുതല്‍ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുവെന്നും തെരഞ്ഞെടുപ്പ് വരെ അട്ടിമറിക്കപ്പെടുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ മുന്‍പെങ്ങുമില്ലാത്തവിധം ഉയര്‍ന്നുകേട്ടത് ഇക്കാലയളവിലാണ്.

നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിക്കു തിരിച്ചടിയേറ്റിടങ്ങളില്‍ പോലും അവിടങ്ങളിലെ ഭരണം പിടിക്കാന്‍ ആളും അര്‍ത്ഥവും ചെലവിട്ട് ഭരണകക്ഷി നടത്തിയ ശ്രമങ്ങള്‍ വ്യാപകമായ വിമര്‍ശനമുയര്‍ത്തിയതും കണക്കിലെടുക്കണം. രാജ്യത്തിന്റെ പരമോന്നത നീതിസഭയെപ്പോലും ആരോപണങ്ങള്‍ വെറുതെ വിട്ടില്ല. അതിനൊപ്പം ലോകസഭയിലും രാജ്യസഭയിലും മുന്‍പെങ്ങുമില്ലാത്തവിധം സ്ഥാനമുറപ്പിച്ച ധനിക ഭൂരിപക്ഷം അവരുടെ താല്പര്യങ്ങള്‍ നിറവേറ്റാനുള്ള ഉപാധി മാത്രമാക്കി പാര്‍ലമെന്ററി രാഷ്ട്രീയത്തെ തരംതാഴ്ത്തി. ഭരണകക്ഷി ധനികവര്‍ഗ്ഗത്തിന്റെ വൈതാളികവൃത്തി ഏറ്റെടുത്തുവെന്ന ആരോപണവും ശക്തമായി. അതേസമയം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നോട്ടുനിരോധനം പോലെയുള്ള ദീര്‍ഘവീക്ഷണമില്ലാത്ത നടപടികള്‍ പിടിച്ചുലച്ചതിന് രാജ്യം സാക്ഷിയായി.  രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യക്രമവും ഭരണഘടനയും വരെ വെല്ലുവിളിക്കപ്പെട്ടു. 

ഹിന്ദുത്വം ആദര്‍ശമായി ഉയര്‍ത്തിപ്പിടിക്കുന്ന ഭരണകക്ഷിയായ ബി.ജെ.പിയേയും അതിന്റെ മുന്നണിയേയും സംബന്ധിച്ചിടത്തോളവും ഏറെ നിര്‍ണ്ണായകമാണ് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്. ആ.ര്‍എസ്.എസ് എന്ന ഹിന്ദുസംഘടനയുടെ നാന്നൂറോളം വരുന്ന അഫിലിയേറ്റുകളില്‍ മുഖ്യസ്ഥാനത്തുള്ള ബി.ജെ.പി ആ സംഘടനയുടെ പാര്‍ലമെന്ററി രാഷ്ട്രീയമുഖമാണ്. ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള അതിന്റെ കുതിപ്പിനു പ്രധാന ആയുധവും. സ്വാഭാവികമായും ബി.ജെ.പിക്ക് ഏല്‍ക്കുന്ന തിരിച്ചടികള്‍ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള അതിന്റെ കുതിപ്പിനുള്ള സാധ്യതയ്ക്ക് മങ്ങലേല്പിക്കുമെന്നുള്ളതുകൊണ്ട് ബി.ജെ.പിയുടെ വിജയം ഉറപ്പുവരുത്തുന്നതിന് സഹായകമായ നിലപാടുകള്‍ ആര്‍.എസ്.എസ് കൈക്കൊള്ളും. അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന പ്രശ്‌നത്തിനു വീണ്ടും ജീവന്‍ വയ്ക്കുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. 

ഇടക്കാല തെരഞ്ഞെടുപ്പുകള്‍ 
നല്‍കുന്ന സൂചനകള്‍

2014-ല്‍ രാജ്യമെമ്പാടും ആഞ്ഞടിച്ച മോദി സുനാമിയിലാണ് കേന്ദ്രത്തില്‍ ഹിന്ദുത്വ കക്ഷി നയിക്കുന്ന ഒരു ഭരണസംവിധാനം ഉണ്ടാകുന്നത്. പുതിയൊരു സംഘകാലത്തിന്റെ പിറവി കുറിച്ചുകൊണ്ട് 282 സീറ്റ് നേടി രാജ്യഭരണം നേടി. സഖ്യകക്ഷികള്‍ 54-ഉം. 

മോദി അധികാരത്തില്‍ വരുന്നതിനു മുന്‍പ് കേവലം എട്ടു സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ബി.ജെ.പിക്ക് 2014-നു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോടുകൂടി 20 സംസ്ഥാനങ്ങളില്‍ സാന്നിധ്യമായി. ഒരുപക്ഷേ, രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ അത് ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. ത്രിപുരയിലെ ദശകങ്ങള്‍ നീണ്ട ഇടതുപക്ഷഭരണത്തിനു വിരാമമിട്ട് അവിടെ അധികാരത്തിലേറിയ ആ പാര്‍ട്ടി രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഏത് വിധേനയും ഭരണം പിടിക്കുക എന്ന തന്ത്രം പയറ്റുകയും അതില്‍ കുറേയൊക്കെ വിജയം കാണുകയും ചെയ്തു. സഖ്യകക്ഷികളുടെ സഹായത്തോടെയാണെങ്കിലും മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഭരണം നേടി. മോദി അധികാരത്തിലേറിയ ശേഷം ആദ്യം തെരഞ്ഞെടുപ്പു നടന്നത് മഹാരാഷ്ട്ര നിയമസഭയിലേക്കാണ്. 288 അംഗ നിയമസഭയില്‍ 122 സീറ്റ് ആ പാര്‍ട്ടി നേടി. പിന്നീട് പിണങ്ങിപ്പിരിഞ്ഞെങ്കിലും തുടക്കത്തില്‍ അത് ശിവസേനയുമായി ചേര്‍ന്ന് ഭരണം കൈയാളി. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയം കൈവരിച്ചു. ജമ്മു കശ്മീരില്‍ അത് രണ്ടാമത്തെ വലിയ കക്ഷിയാകുകയും മെഹ്ബൂബാ മുഫ്തി നയിക്കുന്ന പി.ഡി.പിയുമായി ചേര്‍ന്ന് ഭരണം പിടിക്കുകയും ചെയ്തു. നേരത്തെ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സിക്കിമില്‍ സഖ്യകക്ഷിയായ എസ്.ഡി.എഫും വിഭജിക്കപ്പെട്ട ആന്ധ്രപ്രദേശില്‍ മറ്റൊരു സഖ്യകക്ഷിയായ തെലുഗുദേശവും അധികാരത്തിലേറിയിരുന്നു. 2015 ആകുമ്പോഴേക്കും 11 സംസ്ഥാനങ്ങളില്‍ ഭരണകക്ഷി എന്ന നിലയിലേക്ക് ബി.ജെ.പി വളര്‍ന്നു. എന്നാല്‍, അതേ വര്‍ഷം ഡല്‍ഹിയിലും ബീഹാറിലും ബി.ജെ.പിയോട് സൗഹാര്‍ദ്ദം പുലര്‍ത്താത്ത രണ്ടു കക്ഷികളാണ് അധികാരത്തില്‍ വന്നത്. തലസ്ഥാന നഗരിയിലെ ആം ആദ്മി വിജയം ബി.ജെ.പിക്ക് കനത്ത പ്രഹരമായി. 

2016-ല്‍ അസ്സമില്‍ 15 കൊല്ലത്തെ കോണ്‍ഗ്രസ്സ് വാഴ്ചയ്ക്ക് ബി.ജെ.പി വിജയം വിരാമമിട്ടെങ്കില്‍ അരുണാചലില്‍ 47 കോണ്‍ഗ്രസ്സ് നിയമസഭാ സാമാജികര്‍ ഒന്നാകെ ബി.ജെ.പിയില്‍ ചേരുകയാണ് ചെയ്തത്. ത്രിപുരയടക്കം പല സംസ്ഥാനങ്ങളിലും ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസ്സുകാര്‍ ഒന്നാകെ ചേക്കേറുന്ന കാഴ്ചയും പില്‍ക്കാലത്ത് കണ്ടു. ആ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ മോദി തരംഗം കാര്യമായ ചലനമൊന്നുമുണ്ടാക്കിയില്ല. ഇപ്പോഴും ഈ സംസ്ഥാനങ്ങള്‍ കാവിരാഷ്ട്രീയത്തിന്റെ നാലതിരുകള്‍ക്കപ്പുറത്തു തന്നെ തുടരുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കിട്ടാവുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും.

രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍
രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍


2017-ല്‍ പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നഷ്ടമുണ്ടായി. എന്നാല്‍, ഉത്തര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നേടുകയും ചെയ്തു. മുഖ്യമന്ത്രിയാകേണ്ടിയിരുന്നയാള്‍ തോറ്റുപോയെങ്കിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പി വെന്നിക്കൊടി പാറിച്ചു. ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയത് മറ്റു രാഷ്ട്രീയകക്ഷികളാണെങ്കിലും ഇപ്പോള്‍ ഭരിക്കുന്നത് ബി.ജെ.പിയോ അതുള്‍പ്പെടുന്ന മുന്നണിയോ ആണ്. അറുപതംഗ മേഘാലയ നിയമസഭയില്‍ ബി.ജെ.പിക്ക് കിട്ടിയത് വെറും രണ്ടു സീറ്റുകളാണ്. എന്നാല്‍, 19 സീറ്റു നേടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സഖ്യത്തോടെ അത് ഭരണത്തിലുണ്ട്. ത്രിപുരയില്‍ സി.പി.ഐ.എം ഉള്‍പ്പെടുന്ന മുന്നണിയുടെ ദശകങ്ങളായി നീണ്ട ഭരണത്തിനു വിരാമമിട്ടെങ്കിലും പഴയ ഭരണകക്ഷിക്കുള്ള ജനപിന്തുണയില്‍ കാര്യമായ കോട്ടമൊന്നുമുണ്ടായിട്ടില്ല. അതേസമയം ആ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സ് പാര്‍ട്ടി ചിത്രത്തിലില്ലാതാകുകയും ചെയ്തു. ആരുടെ നഷ്ടമാണ് ബി.ജെ.പിയുടെ നേട്ടമായതെന്ന് വ്യക്തം.

എന്നാല്‍, നേരത്തെ ഭരണം കൈയാളിയിരുന്ന സംസ്ഥാനങ്ങളില്‍ പലതിലും ആ പാര്‍ട്ടിക്കും അതു നയിക്കുന്ന മുന്നണിക്കും തിരിച്ചടി നേരിട്ടു. 2014-ല്‍ പൊതു തെരഞ്ഞെടുപ്പിനു മുന്‍പേത്തന്നെ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു. ഈ സംസ്ഥാനങ്ങളിലൊക്കെയും അഞ്ചുവര്‍ഷം തികച്ച് ബി.ജെ.പിയും സഖ്യകക്ഷികളും ജനവിധിയെ മറ്റൊരു തവണ കൂടി അഭിമുഖീകരിച്ചപ്പോള്‍ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറും ജിഗ്‌നേഷ് മേവാനിയും ഉയര്‍ത്തിയ വെല്ലുവിളിയും മോദിയുമായി തെറ്റിപ്പിരിഞ്ഞ പ്രവീണ്‍ തൊഗാഡിയയും കൂട്ടരും ഉണ്ടാക്കിയ പ്രതിസന്ധിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മുതലെടുക്കാനായപ്പോള്‍ ബി.ജെ.പിക്ക് ശരിക്കും വിയര്‍ക്കേണ്ടിവന്നു. എങ്കിലും അന്തിമവിജയം തങ്ങളുടെ പക്ഷത്ത് നിലനിര്‍ത്താന്‍ ആ പാര്‍ട്ടിക്കായി. കര്‍ണാടകത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തേയും പ്രലോഭനങ്ങളേയും മറികടന്ന് ജനതാദള്‍-എസുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനായത് ബി.ജെ.പിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ് ഗഡും ഒന്നിനു പിറകെ ഒന്നായി ബി.ജെ.പിക്ക് നഷ്ടപ്പെട്ടതും വലിയ തിരിച്ചടിയായി. നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച തെലങ്കാനയിലോ ആന്ധ്രപ്രദേശിലോ പച്ച തൊടാനായില്ലെന്നത് ദക്ഷിണേന്ത്യയിലെ കുതിപ്പ് ഇപ്പോഴും ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മരീചികാസമമാണെന്ന ധാരണ ബലപ്പെടുത്തുകയും ചെയ്തു. 

കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാക്കള്‍
കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാക്കള്‍


2014-നു ശേഷം ലോകസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാനായില്ല. 2018 ജൂണ്‍ വരെ നടന്ന 27 ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റ സീറ്റും പ്രതിപക്ഷത്തുനിന്ന് പിടിച്ചെടുക്കാന്‍ ബി.ജെ.പിക്കോ അതുള്‍പ്പെടുന്ന മുന്നണിക്കോ ആയില്ല. മറിച്ച് കൈവശമുണ്ടായിരുന്ന എട്ടു സീറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. അഞ്ചു സീറ്റുകളാണ് അത് നിലനിര്‍ത്തിയത്. കൈരാനയിലേയും ഗോരഖ്പൂരിലേയും തിരിച്ചടികള്‍ അഖിലേന്ത്യാതലത്തില്‍ തന്നെ ശ്രദ്ധേയമായി. 

ചുരുക്കത്തില്‍ സുനാമിയായി ആഞ്ഞടിച്ച മോദിപ്രഭാവം പതുക്കെ പതുക്കെ തരംഗമായി മാറുകയും ക്രമേണ ഇല്ലാതാകുകയും ചെയ്തതായാണ് തെരഞ്ഞെടുപ്പുകളിലെ അനുഭവം. തീര്‍ച്ചയായും പുതിയ പുതിയ ഇടങ്ങളിലേക്ക് ഏതു വിധേനയും കടന്നുകയറാന്‍ ബി.ജെ.പിക്ക് ആയിട്ടുണ്ട്. എന്നാല്‍, മുന്‍പ് ആ പാര്‍ട്ടിയുടെ കോട്ടകളായി തുടര്‍ന്ന ഇടങ്ങളില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി അതിനും മുന്‍പ് നടപ്പാക്കിയ നയങ്ങള്‍ക്കു ബദലായി കൂടുതലൊന്നും നല്‍കാന്‍ ബി.ജെ.പിക്ക് ആയിട്ടില്ലെന്നതാണ് വാസ്തവം. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി മെല്ലെപ്പോക്കു നയം സ്വീകരിച്ച സാമ്പത്തികനയങ്ങള്‍ കൂടുതല്‍ തീവ്രമായും വേഗത്തിലും നടപ്പാക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും നോട്ടുനിരോധനം പോലുള്ള നടപടികള്‍ സമ്പദ് രംഗത്തെ താറുമാറാക്കുകയാണ് ഉണ്ടായത്. ജി.എസ്.ടി നടപ്പാക്കിയതും നോട്ടുനിരോധനവും ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ നട്ടെല്ലായിരുന്ന ഇടത്തരം വ്യാപാരി സമൂഹത്തേയും കര്‍ഷകരേയുമെല്ലാം പാര്‍ട്ടിയില്‍ നിന്നകറ്റി. ഇതിനെല്ലാം പുറമേ തൊഴിലില്ലായ്മ പെരുകുന്നതും തൊഴില്‍രംഗത്തെ അരക്ഷിതാവസ്ഥയും ഭരണകക്ഷിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. കര്‍ഷകരും യുവജനങ്ങളും മുന്‍പെങ്ങുമില്ലാത്ത വിധം സമരസജ്ജരായി. 
റഫാല്‍ ഇടപാടിലുള്ള അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ കാര്യമായ തോതില്‍ ഇടിച്ചിട്ടുണ്ട്. സി.ബി.ഐയും റിസര്‍വ് ബാങ്കും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ ഭരണകക്ഷി നടത്തുന്ന ഇടപെടലുകള്‍ വലിയ വിവാദങ്ങളുയര്‍ത്തി. 
ഇതിനെല്ലാം പുറമേയാണ് തീവ്രവാദ എലമെന്റുകള്‍ മോദി സര്‍ക്കാരിന് സൃഷ്ടിക്കുന്ന തലവേദനകള്‍. പശുക്കൊലകളും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റങ്ങളും ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും കൊലപാതകങ്ങളും ബി.ജെ.പിയെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിറുത്തി. ആ പാര്‍ട്ടിക്ക് കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും ഇത്തരം ശക്തികളും ഭരണകക്ഷിയും ഹിന്ദുത്വമെന്ന ഒരേ രാഷ്ട്രീയം പങ്കിടുന്നവരായതുകൊണ്ടും ഭരണമെന്ന ഉത്തരവാദിത്വമുള്ളതുകൊണ്ടും ഈ കൊലകള്‍ക്കെല്ലാം ബി.ജെ.പി ഗവണ്‍മെന്റ് ഉത്തരം പറയണമെന്ന അവസ്ഥ സൃഷ്ടിച്ചു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ വീണ്ടും അധികാരത്തിലേറുകയെന്നത് ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പരമപ്രധാനമായിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യം മാത്രമല്ല, ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം നേടുകയെന്നതിന് പിറകില്‍. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും മുന്നണിക്കും എതിരെ ഇത്ര ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല എന്നുതന്നെ പറയാവുന്നതാണ്. ഒരു വമ്പിച്ച തെരഞ്ഞെടുപ്പുവിജയം നേടാനായാല്‍ മോദിക്ക് തന്നെ സംഘ്പരിവാര്‍ ഏല്പിച്ച ദൗത്യം താന്‍ ഭംഗിയായി നിര്‍വ്വഹിച്ചു എന്ന് അവകാശപ്പെടാനാകും. 

അമിത് ഷാ ബിജെപി റാലിയില്‍ അഭിസംബോധന ചെയ്യുന്നു
അമിത് ഷാ ബിജെപി റാലിയില്‍ അഭിസംബോധന ചെയ്യുന്നു

പ്രതിപക്ഷത്തിന്റെ 
പടപ്പുറപ്പാട് 

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിലേര്‍പ്പെട്ടിരിക്കെ രാഹുല്‍ഗാന്ധി നടത്തിയ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം താന്‍ നയിക്കുന്ന പാര്‍ട്ടി ഒരു ഹിന്ദു പാര്‍ട്ടി ആണെന്നുള്ളതാണ്. തന്റെ കശ്മീരി ഹിന്ദു ബ്രാഹ്മണ പശ്ചാത്തലം വോട്ടര്‍മാരെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും ഗുലാം നബി ആസാദിനെപ്പോലുള്ള മുസ്ലിം നേതാക്കളെ തെരഞ്ഞെടുപ്പുവേദികളില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്തു. ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ ഇതേ തന്ത്രം രാഹുല്‍ഗാന്ധി പയറ്റിയിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളിലൊന്ന് ഗോസംരക്ഷണമായിരുന്നു. ഏറ്റവുമൊടുവില്‍ ശബരിമലപ്രശ്‌നത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് ഘടകത്തോടുള്ള തന്റെ വിയോജിപ്പ് ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായതും കോണ്‍ഗ്രസ് പാര്‍ട്ടി ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഹിന്ദു ലിബറല്‍ രാഷ്ട്രീയം കളിക്കാനൊരുങ്ങിയിരിക്കുന്നു എന്ന സൂചന ധാരാളമായി നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഹിന്ദു പാരമ്പര്യം പുതിയൊരു കാര്യമല്ലെന്നാണ് ദിഗ്വിജയ് സിംഗിനെപ്പോലുള്ള നേതാക്കള്‍ പലതവണ ഓര്‍മ്മിപ്പിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുകയും അധികാരത്തിലെത്തുകയും ചെയ്താല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം നല്‍കുന്നിടത്തോളം ആ പാര്‍ട്ടി മുന്നോട്ടുപോയിട്ടുണ്ട്. 

ബി.ജെ.പിയോട് ഇടഞ്ഞുനില്‍ക്കുന്ന പട്ടീദാര്‍മാരടക്കമുള്ള ഇടത്തരം സമുദായങ്ങളെ തങ്ങളോട് അടുപ്പിക്കുന്നതിനെ മുന്‍നിര്‍ത്തി കേന്ദ്രഗവണ്മ!!െന്റ് സ്വീകരിച്ച സംവരണനയത്തിനും കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കിട്ടി. സംവരണമെന്നത് സാമൂഹ്യനീതി എന്ന തത്ത്വത്തെ ആസ്പദമാക്കിയുള്ളതാണ്, സാമ്പത്തികനീതി നടപ്പാക്കാനുള്ള ഉപാധിയല്ല എന്നുള്ള കാഴ്ചപ്പാടൊക്കെ തല്‍ക്കാലം മാറ്റിവയ്ക്കാന്‍ പ്രതിപക്ഷത്തുള്ള പുരോഗമന ജനാധിപത്യകക്ഷികള്‍ തയ്യാറായത് ബി.ജെ.പിയില്‍ നിന്നകന്ന മുന്നാക്ക വോട്ടുകള്‍ തിരികെപ്പോകരുത് എന്ന നിര്‍ബന്ധത്താലാണ് എന്നുവേണം പറയാന്‍. 

സാമ്പത്തികരംഗത്തും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുടര്‍ന്ന നയങ്ങളില്‍നിന്നു വ്യത്യസ്തമായി എന്തെങ്കിലും മുന്നോട്ടുവയ്ക്കാന്‍ ഉരുത്തിരിയുന്ന പ്രതിപക്ഷ ബദലിനാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്. രാജ്യത്തിന്റെ നവലിബറല്‍ സമ്പദ് ഘടനയെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ മോദിക്കു കഴിഞ്ഞിട്ടില്ലെന്നതാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപങ്ങളിലൊന്ന് എന്ന വസ്തുത കൂടി ഈ സന്ദര്‍ഭത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. കര്‍ഷകരുടെ ആവലാതികള്‍ക്കു പരിഹാരം കാണുന്നതിന്റെ ഭാഗമായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നല്ലാതെ കര്‍ഷകനെ കടക്കെണിയില്‍ കുടുക്കുന്ന നയങ്ങള്‍ സംബന്ധിച്ചോ കര്‍ഷകനെ വരിഞ്ഞുമുറുക്കിയിട്ടുള്ള അന്താരാഷ്ട്ര കരാറുകള്‍ സംബന്ധിച്ചോ പുനരാലോചന വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 

നയപരമായി സമൂഹത്തിലെ ഒരേ വിഭാഗം ആളുകളെത്തന്നെയാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും ഭരണകക്ഷിയായ ബി.ജെ.പിയും അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും വോട്ടുരാഷ്ട്രീയവും തെരഞ്ഞെടുപ്പും ക്രയശേഷിയുള്ളവന്റെ അരങ്ങാണ്. എന്നാല്‍, ചില സന്ദര്‍ഭങ്ങളിലെങ്കിലും അതങ്ങനെയല്ലാതെയും ആകാറുണ്ട്. 
എങ്കിലും ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ ജനകീയ പ്രശ്‌നങ്ങളും ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലൊക്കെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ബി.ജെ.പി വിരുദ്ധകക്ഷികളും കൃഷിക്കാരുടേയും സ്ത്രീകളുടേയും യുവജനങ്ങളുടേയും പ്രശ്‌നങ്ങള്‍ മുഖ്യതെരഞ്ഞടുപ്പു വിഷയമായി ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പി ഇതര കക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതേ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ആര്‍.എസ്.എസ് ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പി നയിക്കുന്ന മുന്നണി ആ.ര്‍എസ്.എസ്സിന്റെ പരോക്ഷ നേതൃത്വത്തിലായിരിക്കും പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയെന്നതിന് വ്യക്തമായ സൂചനകള്‍ കിട്ടിക്കഴിഞ്ഞു. മധ്യപ്രദേശില്‍ തന്നെ ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന സ്ഥാനാര്‍ത്ഥിപ്പട്ടിക മാറ്റിവയ്ക്കാനും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കാനും ആര്‍.എസ്.എസ് മുന്നോട്ടു വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം പൊതുതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രതിപക്ഷത്തും ഐക്യം ഉരുത്തിരിയുന്നുണ്ട്. പ്രതിപക്ഷത്തും നയപരമായത് എന്നതിനെക്കാള്‍ തന്ത്രപരമായ തെരഞ്ഞെടുപ്പു സഖ്യങ്ങള്‍ക്കാണ് മുന്‍തൂക്കം. ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം തന്നെ ഉദാഹരണം. കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകള്‍ (80) സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശിലെ സഖ്യം അതുകൊണ്ടുതന്നെ നിര്‍ണ്ണായകവുമാണ്. കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകളുള്ള മറ്റൊരു സംസ്ഥാനമായ ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജെ.ഡി.യുവും സഖ്യകക്ഷിയായ ബി.ജെ.പിയും പതിനേഴ് വീതം സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായിക്കഴിഞ്ഞു. ആറു സീറ്റുകളില്‍ മറ്റൊരു സഖ്യകക്ഷിയായ രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയും. 48 സീറ്റുള്ള മഹാരാഷ്ട്രയില്‍ ബി.ജെ.പിയാണ് ഭരണത്തില്‍. അവിടെ ശിവസേന ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ശരദ് പവാറിന്റെ എന്‍.സി.പിയും കോണ്‍ഗ്രസ്സും മുന്നണിയായും. ശിവസേന ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ്സിന് അനുകൂലമാകാതിരിക്കാനുള്ള രാഷ്ട്രീയതന്ത്രങ്ങള്‍ക്കായിരിക്കും ബി.ജെ.പി രൂപം നല്‍കുക. പ്രധാനമന്ത്രിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും തട്ടകമായ ഗുജറാത്തില്‍നിന്നും ലോകസഭയിലേക്ക് 40 സീറ്റുകളുണ്ട്. അവിടെ ചുരുങ്ങിയത് 13 സീറ്റുകളുറപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തന്ത്രങ്ങള്‍ മെനയുന്നത്. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള നീക്കത്തെ ഹാര്‍ദിക് പട്ടേല്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും പട്ടേല്‍ സമുദായത്തിന്റെ നഷ്ടപ്പെട്ട വോട്ടുകള്‍ ബി.ജെ.പിക്ക് തിരിച്ചുപിടിക്കാനാകുമോ എന്ന് തീരുമാനിക്കാനായിട്ടില്ല. സീറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാല്‍ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്നാട്ടില്‍ അവിടത്തെ പ്രധാന പ്രതിപക്ഷമായ ഡി.എം.കെ, ബി.ജെ.പി വിരുദ്ധ മുന്നണിയിലാണ്. മാത്രമല്ല ഡി.എം.കെ നേതാവ് സ്റ്റാലിന്റെ കാര്‍മ്മികത്വത്തിലാണ് പ്രതിപക്ഷ ഐക്യമുന്നണിക്കുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായതും. എന്നിരുന്നാലും വിവിധ വിഭാഗങ്ങളായി പിളര്‍ന്നുപോയ എ.ഐ.എ.ഡി.എം.കെ ഗ്രൂപ്പുകളുടെ പിന്തുണയില്‍ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമം നടത്തുമെന്ന് ഉറപ്പാണ്. മറ്റൊരു പ്രമുഖ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുളള മുന്നണിയും സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും നയിക്കുന്ന മുന്നണികളും തമ്മിലുള്ള പോരാട്ടത്തില്‍നിന്ന് നേട്ടമുണ്ടാക്കാനാകുമോ എന്നതിനായിരിക്കും ബി.ജെ.പി ശ്രമിക്കുക. 

ദുര്‍ബലമായ ഇടതുപക്ഷം

കേന്ദ്രത്തില്‍ രൂപപ്പെടാറുള്ള പ്രതിപക്ഷ ഐക്യമുന്നണികള്‍ക്ക് ധാര്‍മ്മികവും സൈദ്ധാന്തികവുമായ അടിത്തറ നല്‍കാറുള്ള ഇടതുപക്ഷം മുന്‍പെന്നത്തെക്കാളുമേറെ സംഖ്യാപരമായി ദുര്‍ബ്ബലമാണ് എന്നുള്ളതാണ് ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഈ സവിശേഷത തിരിച്ചറിഞ്ഞതു നിമിത്തം തന്നെയായിരിക്കണം നവലിബറല്‍ രാഷ്ട്രീയവും വിശിഷ്യാ ഹിന്ദുരാഷ്ട്രീയവും മുന്നോട്ടുവെച്ചുതന്നെ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനേയും ഇതര പ്രതിപക്ഷ പാര്‍ട്ടികളേയും ചുരുങ്ങിയത് ഹിന്ദി ഹൃദയഭൂമിയിലെങ്കിലും പ്രേരിപ്പിക്കുന്നത്. 

രണ്ടു പ്രധാന സന്ദര്‍ഭങ്ങളിലാണ് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം അഖിലേന്ത്യാതലത്തില്‍ രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിനും ഏകകക്ഷി ഭരണം അവസാനിപ്പിക്കുന്നതിനും വി.പി. സിംഗിനും ദേശീയമുന്നണിക്കും പിന്തുണ നല്‍കിയതായിരുന്നു ഒന്നാമത്തെ സന്ദര്‍ഭം. എന്‍.ഡി.എ ഭരണത്തുടര്‍ച്ച ഇല്ലാതാകുന്നതിനുവേണ്ടി ഒന്നാം യു.പി.എ എന്ന സംവിധാനം ഉറപ്പുവരുത്തിയതായിരുന്നു രണ്ടാമത്തെ സന്ദര്‍ഭം. ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഇന്നത്തെപ്പോലെ സി.പി.ഐ.എം രാഷ്ട്രീയമായി ദുര്‍ബ്ബലമായിരുന്നില്ല. അതുകൊണ്ട് തന്നെ വി.പി. സിംഗിന്റെ മുന്നണി ഭരണത്തില്‍ ഹിന്ദുത്വകക്ഷിക്ക് പങ്കാളിത്തം ഇല്ലാതെ പോകുകയും ആ കക്ഷിയുടെ നയനടത്തിപ്പിനു ദേശീയമുന്നണി ഗവണ്‍മെന്റ് സഹായകമാകില്ലെന്ന് അതിനെ ബോധ്യപ്പെടുത്താനാകുകുയും ചെയ്തു. രണ്ടാമത്തെ സന്ദര്‍ഭം ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഹിന്ദുത്വകക്ഷിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് തന്നെയായിരുന്നു. ഈ രണ്ടു കാലത്തും നയരൂപീകരണത്തിന് സി.പി.ഐ.എം ഉള്‍പ്പെടുന്ന ഇടതുപക്ഷത്തെ സഹായിച്ചത് ധാര്‍മ്മികമായ ബലത്തോളം സംഘടനാബലം കൂടിയായിരുന്നു. മുഖ്യമായും പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ. ഇന്ന് ഇവയില്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ അതിന് അധികാരം നഷ്ടമാകുകയും സുഗമമായ സംഘടനാപ്രവര്‍ത്തനം അസാധ്യമാകുകയും ചെയ്ത അവസ്ഥയാണുള്ളത്. സ്വാഭാവികമായും തെരഞ്ഞെടുപ്പു ഫലങ്ങളിലും ഇത് പ്രതിഫലിക്കുകയും ഒരു തെരഞ്ഞെടുപ്പ് അനന്തര സ്ഥിതിവിശേഷത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com