ഇരുണ്ടദിശയിലെ വെല്ലുവിളികള്‍

ഈ തെരഞ്ഞെടുപ്പില്‍ സംഘടനാതലത്തിലും പ്രചരണരംഗത്തും യു.ഡി.എഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
ഇരുണ്ടദിശയിലെ വെല്ലുവിളികള്‍

പ്പോള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ 1980-കള്‍ക്കുശേഷം കേരളത്തെ സംബന്ധിച്ച് ഒട്ടേറെ സവിശേഷതകളുള്ളതാണ്. അതു ചില ആശ്വാസങ്ങളും പ്രതീക്ഷകളും നല്‍കുന്നതാകുമ്പോഴും അതില്‍ മുന്നിട്ടുനില്‍ക്കുന്നത്  ആപല്‍സൂചനകള്‍ തന്നെയാണെന്നു പറയേണ്ടിവരുന്നു.

1982 മുതലാണ് എല്‍.ഡി.എഫും യു.ഡി.എഫും ഏറെക്കുറെ ഇന്നത്തെ രീതിയില്‍ രൂപീകൃതമാകുന്നത്. അതിനുശേഷം ഇരുമുന്നണികളും തമ്മിലുള്ള സീറ്റു വ്യത്യാസവും വോട്ട് വ്യത്യാസവും ഇത്രകണ്ട് വര്‍ദ്ധിച്ച ഒരു തെരഞ്ഞെടുപ്പുമുണ്ടായിട്ടില്ല. യു.ഡി.എഫ് 19 സീറ്റും 47 ശതമാനത്തിലേറെ വോട്ടും കരസ്ഥമാക്കിയപ്പോള്‍ എല്‍.ഡി.എഫ് ഒരു സീറ്റിലും 35 ശതമാനത്തില്‍ അല്പമധികം വോട്ടിലുമൊതുങ്ങി. വോട്ട് വ്യത്യാസം 12 ശതമാനം. അതിനിടയിലൂടെ ഒരു ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16.5 ശതമാനം വോട്ട് എന്നതിലേക്ക് സംഘ്പരിവാര്‍ ശക്തികള്‍ കടന്നെത്തി. (അവര്‍ പ്രതീക്ഷിച്ച ഒരു നേട്ടവും നേടാനാകാതെ കടുത്ത നിരാശയിലും രോഷത്തിലുമാണെങ്കിലും).

ഈ തെരഞ്ഞെടുപ്പില്‍ സംഘടനാതലത്തിലും പ്രചരണരംഗത്തും യു.ഡി.എഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലുമവര്‍ അവര്‍ക്കു തന്നെ ഞെട്ടലുണ്ടാക്കിക്കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടി നേരിയ വിജയം നേടുമെന്നവകാശപ്പെട്ടിടങ്ങളില്‍ ഒന്നും ഒന്നരയും ലക്ഷം ഭൂരിപക്ഷം കിട്ടിയത് അവര്‍ക്കിനിയും വിശ്വസിക്കാനായിട്ടില്ല. ഒരുപക്ഷേ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ശക്തി (പ്രധാനമായും സാമ്പത്തിക ശക്തി) ചോര്‍ന്നുപോയതു നിമിത്തം വേണ്ടവിധം കാലുവാരല്‍ നടപ്പാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഈ വിജയമെന്ന് ഫലപ്രഖ്യാപനത്തിനു മുന്‍പ് ടി.എന്‍. പ്രതാപന്‍ നടത്തിയതുപോലുള്ള ദീനവിലാപങ്ങള്‍ തെളിയിക്കുന്നുണ്ട്. അതെന്തായാലും, അപ്രതീക്ഷിതമായി വീണുകിട്ടിയ സാഹചര്യങ്ങള്‍ സമ്മാനിച്ച വിജയത്തിന്റെ കാരണം ശബരിമലയും വിശ്വാസസംരക്ഷണ കോപ്രായങ്ങളുമാണെന്നു വരുത്തി പരമാവധി അതിന്റെ ശോഭ കെടുത്താനാണ് കോണ്‍ഗ്രസ്സിന്റെ പിന്തിരിപ്പന്‍ നേതൃത്വം ശ്രമിക്കുന്നത്.

ദയനീയമായി തോറ്റ എല്‍.ഡി.എഫിനെ സംബന്ധിച്ച്, ഇപ്പോഴത്തെ ബംഗാള്‍, ത്രിപുര ജനവിധികളുടെ കൂടെ പശ്ചാത്തലത്തില്‍, ഇതു വെറുമൊരു സാധാരണ പരാജയമോ, താല്‍ക്കാലിക തിരിച്ചടിയോ ആണെന്നു പറഞ്ഞു തടിതപ്പാന്‍ കഴിയില്ല. മറിച്ച്, വേണ്ടത്ര പാഠങ്ങള്‍ പഠിച്ച് തെറ്റുതിരുത്താന്‍ തയ്യാറായില്ലെങ്കില്‍ സ്വയം തകര്‍ന്നടിയുമെന്ന മുന്നറിയിപ്പതിലുണ്ട്. ഇടതുപക്ഷത്തിന്റെ അത്തരമൊരു പിന്നോട്ടടി കേരളത്തെക്കൂടി വലിയ പരാജയങ്ങളിലേക്ക് നയിക്കും എന്ന ഭീഷണിയും ഉയരുന്നു.

എല്‍.ഡി.എഫ് തോല്‍വിയുടെ ഭീമാകാരം 

20-ല്‍ ഒരു സീറ്റിലാണ് എല്‍.ഡി.എഫ് ജയിച്ചത്. തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ആലപ്പുഴയില്‍. പക്ഷേ, സലഫി-സുന്നി മുസ്ലിം മതപണ്ഡിതര്‍ തട്ടമിടാത്ത പെണ്ണുങ്ങള്‍ക്കെതിരെ നടത്തിയ 'മതപരമായ' ആക്രമണം 5000 വോട്ട് മറിയാനിടയാക്കിയതാണ് ആ വിജയത്തിന്റെ കാരണമെങ്കില്‍, ആ വിജയത്തില്‍ വലിയ കാര്യമില്ല. വിശ്വാസ സംരക്ഷണത്തിന്റേയും മുസ്ലിം വിരോധത്തിന്റേയും പേരില്‍ വോട്ട് പിടിച്ച ബി.ജെ.പി അവരുടെ വോട്ട് 60,000-ത്തില്‍നിന്ന് ഒരു 1,88,000-ത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. അതായത്, ഇടതുപക്ഷത്തിന് തോറ്റ 19 മണ്ഡലങ്ങളെക്കാളും അപകട സൂചനയുയര്‍ത്തിക്കൊണ്ടാണ് ആലപ്പുഴ മണ്ഡലം വിജയം സമ്മാനിച്ചത്.
(ഇവിടെ നമ്മള്‍ 1952-ലെ ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് ഓര്‍മ്മിക്കേണ്ടതുണ്ട്. യാതൊരു വിശ്വാസ നാട്യങ്ങളുമില്ലാതെ ആലപ്പുഴയില്‍ പി.ടി. പുന്നൂസും കണ്ണൂരില്‍ എ.കെ. ഗോപാലനും കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു. ഇരുവര്‍ക്കും എതിരാളികളേക്കാള്‍ ഇരട്ടി വോട്ടുകള്‍ കിട്ടി. പുന്നൂസ് ക്രിസ്ത്യാനിയാണെന്നത് ആരും ചര്‍ച്ച ചെയ്തില്ല. നമ്പ്യാരായ ഗോപാലന് വോട്ട് ചെയ്തതില്‍ 90 ശതമാനവും തീയരും അതിനു താഴെയുള്ള ജാതികളില്‍പ്പെട്ടവരുമായിരുന്നു. അവിടെ വോട്ടര്‍മാരാരും വിശ്വാസം ഉപേക്ഷിച്ചല്ല വോട്ട് ചെയ്തത്).

ആലപ്പുഴ കഴിഞ്ഞാല്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് കൊല്ലം. അവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലും ഒരു ലക്ഷത്തിലേറെ വോട്ട് മുന്‍തൂക്കത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ഇപ്പോള്‍ ആ സ്ഥാനത്ത് ഒന്നര ലക്ഷത്തിനാണ്  തോല്‍വി. ആലത്തൂരിലും ഇതേ  സംഗതി ആവര്‍ത്തിച്ചു. എല്‍.ഡി.എഫ് കണ്‍വീനറുടെ സ്ത്രീവിരുദ്ധ പരാമര്‍ശവും മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗവും ഇത്ര വലിയ മാര്‍ജിന് ഒരു കാരണമായിട്ടുണ്ടാക്കാമെങ്കിലും ഇത്ര വലിയ തിരിച്ചടിക്കത് ന്യായീകരണമല്ല.

എല്‍.ഡി.എഫ് തോല്‍വിയുടെ കാരണങ്ങള്‍

തോല്‍വിയുടെ മുഖ്യകാരണം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് രാഷ്ട്രീയം പറയാനുണ്ടായിരുന്നില്ല എന്നതാണ്. ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുക, ഒരു മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റുക, ലോക്സഭയില്‍ ഇടതുപക്ഷ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്നീ നയങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നവര്‍ പറയുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലവര്‍ മോദി സര്‍ക്കാരിന്റെ കോട്ടങ്ങളും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളും മുന്നോട്ടു വെച്ചു. എന്നാല്‍, രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നു പറഞ്ഞതോടെ സകല തോക്കുകളും കോണ്‍ഗ്രസ്സിനു നേരെ തിരിച്ചു വെച്ചു. അമേഠിയില്‍നിന്ന്  'ഒളിച്ചോടി' വന്ന രാഹുലിനെതിരെ 47 മുതലുള്ള കോണ്‍ഗ്രസ്സിന്റെ സകല കുറ്റങ്ങളും ചര്‍ച്ചയാക്കി. ''ഞങ്ങളുടെ 20 പേരെ ജയിപ്പിച്ചാല്‍ അവരെല്ലാം പാര്‍ലമെന്റില്‍ രാഹുലിനെ പിന്താങ്ങും, കോണ്‍ഗ്രസ്സുകാര്‍ കാലുമാറും'' എന്നായിരുന്നു ആദ്യ പ്രചരണം. പി.വി. അന്‍വര്‍ അതില്‍ മുന്നില്‍നിന്നു. രാഹുല്‍ വയനാട്ടിലേക്കു വന്നതു മുതല്‍ പ്രചാരണം 'പപ്പു വധം കഥകളി'യായി. ''മായാവതിയാണെന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി'' എന്നിടത്തേയ്ക്കു വരെ അതെത്തിച്ചേര്‍ന്നു.
മോദി മന്ത്രിസഭയെ താഴെയിറക്കാനും മതേതര സര്‍ക്കാര്‍ രൂപീകരിക്കാനും നിങ്ങളെ തെരഞ്ഞെടുക്കുന്നതിലൂടെ എങ്ങനെ കഴിയും എന്ന ലളിതമായ ചോദ്യത്തിന് രാഷ്ട്രീയമായ ഒരുത്തരവും ഉണ്ടായിരുന്നില്ല. പകരം ''കോണ്‍ഗ്രസ്സുകാര്‍ കാലുമാറും, ഞങ്ങള്‍ കാലുമാറില്ല'' എന്ന അരാഷ്ട്രീയ മറുപടിയില്‍ തലയൊളിക്കേണ്ടിവന്നു. ഈ ഗതികേടിലേക്ക് നയിച്ച അഖിലേന്ത്യാ രാഷ്ട്രീയ നിലപാടാണ് എല്‍.ഡി.എഫിന്റെ തോല്‍വി ഉറപ്പാക്കിയത്.

യെച്ചൂരി-കാരാട്ട് തര്‍ക്കം

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്‍പ് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കാരാട്ടിന്റെ പക്ഷവും യെച്ചൂരി പക്ഷവും തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടായി. കാരാട്ട് പക്ഷത്താണ് ഏറെക്കുറെ ഏകകണ്ഠമായി കേരള ഘടകം അണിനിരന്നത്. ''മോദിയെ 2019-ലെ തെരഞ്ഞെടുപ്പില്‍ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനു കഴിയില്ലെന്നും തൊഴിലാളി-കര്‍ഷക സമരങ്ങളിലൂടെയാണ് മോദിയെ താഴെയിറക്കേണ്ടതെന്നു''മാണ് കാരാട്ട് വാദിച്ചത്. എന്നുവെച്ചാല്‍ പാര്‍ലമെന്ററി സമരത്തിലൂടെ മോദിയെ താഴെയിറക്കാനാവില്ല എന്നര്‍ത്ഥം. 50 വര്‍ഷമായി സി.പി.ഐ(എം) പിന്തുടര്‍ന്ന പാര്‍ലമെന്ററി നയം കയ്യൊഴിഞ്ഞ് അതി വിപ്ലവ ലൈനിലേക്ക് കാരാട്ട് എടുത്തുചാടിയത്. ലൈനിന്റെ പേരില്‍ ഭൂരിപക്ഷമുണ്ടാക്കി, അതിലൂടെ യെച്ചൂരിയെ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കുക എന്ന ലക്ഷ്യം വെച്ചുമാത്രമായിരുന്നു. അതിനുവേണ്ടി, മോദി സര്‍ക്കാര്‍ അമിതാധികാര-വര്‍ഗ്ഗീയ സ്വഭാവം മാത്രമുള്ളതാണെന്നും കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണെന്നും സിദ്ധാന്തിച്ചു. അതുകൊണ്ട്, മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ല. ഈ നിലപാടിനു പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം കിട്ടിയതുകൊണ്ട് മോദിക്കെതിരായ ഏതെങ്കിലും പാര്‍ലമെന്ററി ഐക്യമുന്നണി കെട്ടിപ്പടുക്കാനോ, അതിലംഗമാകാനോ സി.പി.ഐ.(എം) തയ്യാറായില്ല. അതാണ് തെരഞ്ഞെടുപ്പില്‍ കേരള ഘടകത്തെ വ്യക്തമായ ഒരു രാഷ്ട്രീയം പറയാനില്ല എന്ന ഗതികേടിലെത്തിച്ചത്. തൊഴിലാളി-കര്‍ഷക സമരത്തിലൂടെയേ മോദിയെ താഴെയിറക്കാനാവൂ എന്നു പറഞ്ഞ് തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനാഹ്വാനം ചെയ്യാം എന്നല്ലാതെ, വോട്ടുപിടിക്കാന്‍ കഴിയില്ലല്ലോ. അങ്ങനെ കാരാട്ടിന്റെ അതിവിപ്ലവ ലൈന്‍ പിന്തുടര്‍ന്നതാണ് കേരള സി.പി.ഐ.എമ്മിനെ തങ്ങള്‍ തന്നെ കുഴിച്ച കുഴിയില്‍ വീഴ്ത്തിയത്. തമിഴ്നാട് ഘടകം യു.പി.എയുടെ ഭാഗമായി കോണ്‍ഗ്രസ്സിനും ലീഗിനുമൊപ്പം മത്സരിച്ച് രണ്ടു സീറ്റില്‍ വിജയിക്കുകയും ചെയ്തു.

മോദിയെ താഴെയിറക്കണമെങ്കില്‍ കോണ്‍ഗ്രസ്സിനും യു.പി.എക്കും പരമാവധി സീറ്റുകള്‍ കിട്ടണമെന്നു ബോധ്യപ്പെട്ട ജനാധിപത്യ-മതേതര ജനവിഭാഗങ്ങള്‍-വിശേഷിച്ച് ന്യൂനപക്ഷം ഒന്നടങ്കം യു.ഡി.എഫിന് വോട്ടു ചെയ്തു. സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയും അയോഗ്യതയും മാറ്റിവെച്ച് രാഷ്ട്രീയമായ ബോധ്യത്തിനനുസരിച്ച്  ജനങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ സുധാകരനും ഉണ്ണിത്താനും അടൂര്‍ പ്രകാശും ബെന്നി ബെഹന്നാനുമെല്ലാം വലിയ മാര്‍ജിനില്‍ ജയിച്ചുകയറി.

ഇത്തരമൊരു അഖിലേന്ത്യാ രാഷ്ട്രീയ നിലപാട് അഥവാ നിലപാടില്ലായ്മ മാത്രമാണ് പ്രശ്‌നമെങ്കില്‍ യു.ഡി.എഫ് വന്‍വിജയം നേടിയാലും വോട്ട് വ്യത്യാസം 23 ശതമാനത്തിലൊതുങ്ങിയേനെ. പക്ഷേ, അതിനെ ഇത്ര രൂക്ഷമാക്കിയത് പ്രധാനമായും രണ്ടു കാരണങ്ങളാണ്.

ദളിത്-പിന്നോക്ക-മുസ്ലിം-സ്ത്രീ വിരുദ്ധനയം

ദളിത്-ആദിവാസി വിഭാഗങ്ങള്‍ എല്‍.ഡി.എഫില്‍നിന്നകന്നു തുടങ്ങിയത് അടുത്തിടെയല്ല ആദിവാസി ഭൂനിയമത്തെ അട്ടിമറിക്കാന്‍ കൈ മെയ് മറന്നു പൊരുതിയതു മുതല്‍ അതിനാക്കം കൂടി. പിണറായി മന്ത്രിസഭ വന്നശേഷം സവര്‍ണ്ണര്‍ക്കു 95 ശതമാനം പ്രാതിനിധ്യമുള്ള ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം കൊണ്ടുവന്നശേഷം കേന്ദ്രത്തിലും അതു നടപ്പാക്കാന്‍ മോദി സര്‍ക്കാരിനെ വെല്ലുവിളിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, നവോത്ഥാന മതിലിനുശേഷം, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്ന് മോദി സാമ്പത്തിക സംവരണം കൊണ്ടുവന്നപ്പോള്‍ സി.പി.ഐ.എം അതിനെ എതിര്‍ക്കാന്‍ തയ്യാറായില്ല. ശബരിമലയില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ക്കാണ് കാര്യങ്ങള്‍ തീരുമാനിക്കാനധികാരം എന്ന സംഘ്പരിവാര്‍ സമീപനത്തിനെതിരെ അവര്‍ണ്ണ ജനവിഭാഗങ്ങളെ മുന്‍നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവന്ന നവോത്ഥാന രാഷ്ട്രീയം വെറും കബളിപ്പിക്കലാണെന്ന തോന്നല്‍ അത് ആ ജനവിഭാഗങ്ങളുണ്ടാക്കി. വടയമ്പാടി-അശാന്തന്‍-കെവിന്‍-വിനായകന്‍ പ്രശ്‌നങ്ങളില്‍ രമണ്‍ശ്രീവാസ്തവയുടെ 'പാതിസംഘി' പൊലീസ് നയം മുന്‍പുതന്നെ വിമര്‍ശനവിധേയമായിരുന്നു. വനിതാമതിലില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കു മറുപടി കൊടുത്തത് പാര്‍ലമെന്റിലേക്കു രണ്ടു സ്ത്രീകള്‍ക്കു മാത്രം സീറ്റു നല്‍കിക്കൊണ്ടാണ്. അതേസമയം അളിഞ്ഞ സ്ത്രീ വിരുദ്ധ-താരാധിപത്യ മനോഭാവത്തിന്റെ പ്രതീകമായ ഇന്നസെന്റിന് പ്രാദേശിക പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചും ചാലക്കുടിയില്‍ സീറ്റു നല്‍കി. ഇതെല്ലാം ഇടതുപക്ഷത്തിന്റെ എക്കാലത്തേയും അടിത്തറയായിരുന്ന ജനങ്ങളെ പ്രസ്ഥാനത്തില്‍ നിന്നകറ്റി. ആളില്ലാ ഹര്‍ത്താലില്‍പ്പെട്ട മുസ്ലിം യുവാക്കളോടും ശബരിമലയുടെ പേരില്‍ നടന്ന ഹര്‍ത്താലില്‍ അഴിഞ്ഞാടിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരോടുമുള്ള പൊലീസ് സമീപനത്തിലെ പ്രകടമായ വ്യത്യാസവും തീവ്രവാദത്തിന്റെ പേരിലുള്ള പൊലീസ് ഭീഷണികളും ശ്രദ്ധിക്കപ്പെട്ടു.

പെരിയ ഇരട്ടക്കൊലപാതകവും പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വവും

വടക്കേ മലബാറില്‍ ഈ തെരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാവിഷയം രാഷ്ട്രീയ കൊലപാതകങ്ങളും പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വവുമായിരുന്നു. പെരിയ ഇരട്ടക്കൊലകള്‍ സംസ്ഥാനത്തൊട്ടാകെ ജനങ്ങളില്‍ കടുത്ത വെറുപ്പും രോഷവുമുണ്ടാക്കി. അതിനെ ഉടനടി തന്നെ തള്ളിപ്പറയാണ്‍ മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും നിര്‍ബ്ബന്ധിതമാക്കും വിധം ശക്തമായിരുന്നു അത്. അതിന്റെ പൊടിയടങ്ങുന്നതിനു മുന്‍പേ വടകരയില്‍ പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കി. കുലംകുത്തി കുലംകുത്തി തന്നെ എന്ന നിലപാടെടുത്ത് ടി.പി. ചന്ദ്രശേഖരനെ കാലപുരിക്കയച്ച അതേ സ്ഥലത്ത് ആ നയത്തിന്റെ ചാമ്പ്യനും ആ പരിപാടിയുടെ സൂത്രധാരനുമെന്ന് വലിയൊരു ജനവിഭാഗം വിശ്വസിക്കുന്ന ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത് വമ്പിച്ച പ്രതിഷേധക്കൊടുങ്കാറ്റിളക്കിവിട്ടു. ജയരാജനെ മാറ്റുന്നതിനു പകരം, ''വാടാ, ഒരു കൈ നോക്കാം'' എന്ന മട്ടില്‍ വടകരയിലേത് പ്രസ്റ്റീജ് മത്സരമാക്കുകയാണ് എല്‍.ഡി.എഫ് ചെയ്തത്. ജയരാജനെ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തിന്റെ നായകനാക്കി വിഗ്രഹവല്‍ക്കരിക്കുകയും ചെയ്തു. അതിനു ജനങ്ങള്‍ നല്‍കിയ കനത്ത തിരിച്ചടി കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെ വളരെ പ്രകടമാണ്. ലോക താന്ത്രിക് ജനതാദള്‍ തിരിച്ചു വന്നിട്ടുപോലും ജയരാജന്‍ 85,000 വോട്ടിനു തോറ്റു. ഉണ്ണിത്താനെപ്പോലൊരു ഇറക്കുമതി സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിന്റെ 20 സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ജനകീയനായ സതീശ് ചന്ദ്രനെ 40,000 വോട്ടിനു തോലപ്പിച്ചിട്ടും രാഷ്ട്രീയക്കൊലപാതകത്തിനെതിരായ ജനരോഷമാണതിനു കാരണമെന്ന് അംഗീകരിക്കാന്‍ കണ്ണൂര്‍ നേതൃത്വം തയ്യാറല്ല.

കാരാട്ട് ലൈന്‍ ആവേശിച്ച കേരള സി.പി.ഐ.(എം) നേതൃത്വം തെരഞ്ഞെടുപ്പിനെ ഒട്ടും ഗൗരവത്തോടെയല്ല കണ്ടത്. ആദ്യം തന്നെ സീറ്റുകള്‍ സി.പി.ഐയും സി.പി.ഐ.എമ്മും വീതം വെച്ചെടുത്തു. പിന്നെ ജോയിസും അന്‍വറും ഇന്നസെന്റും പോലുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കി. നേതാക്കള്‍ക്കു ഭീകരമായ ക്ഷാമം നേരിടുന്നു എന്നപോലെ നിരവധി എം.എല്‍.എമാരെ സ്ഥാനാര്‍ത്ഥികളാക്കി. എം.എല്‍.എമാരിലെ 'മുത്തായ' അന്‍വറിനെ പൊന്നാനി പിടിക്കാനിറക്കി. പിണറായിക്കും കൊടിയേരിക്കുമപ്പുറം എം.എ. ബേബിയെപ്പോലുള്ളവരെ പ്രചരണരംഗത്തു കണ്ടില്ല. കൂടെ എല്‍.ഡി.എഫ് കണ്‍വീനറുടെ വഷളന്‍ സ്ത്രീ വിരുദ്ധ ഏകാഭിനയവും മുഖ്യമന്ത്രിയുടെ പരനാറി ആവര്‍ത്തനവും വന്നു.

ജനാധിപത്യബോധമെന്നത് തൊട്ടുതീണ്ടാത്ത ഒരു വൈതാളികസംഘം എന്ന ചിത്രമാണ് തെരഞ്ഞെടുപ്പു കാലത്ത് എല്‍.ഡി.എഫ് നേതൃത്വം ജനങ്ങള്‍ക്കു മുന്‍പില്‍ കാഴ്ചവെച്ചത്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ചടിച്ചമര്‍ത്തല്‍, പരിസ്ഥിതി വിരുദ്ധ ജനവിരുദ്ധ വികസന നയം പൊലീസിന്റെ വെടിവെച്ചു കൊലകള്‍ എന്നിവയടക്കമുള്ള നയങ്ങള്‍ ഇടതുപക്ഷത്തണിനിരക്കേണ്ട ഒട്ടേറെ ജൈവ ബുദ്ധിജീവികളെ  അകറ്റുകയോ മറുപക്ഷത്താക്കുകയോ ചെയ്തു. ഇതെല്ലാം കൂടിയാണ് 12 ശതമാനമെന്ന ഭീകരമാര്‍ജിനില്‍ തോല്‍ക്കുന്നതിനിടയാക്കിയത്.

എന്‍.ഡി.എയിലെ കലാപം, തിരിച്ചടി

ശബരിമലയുടെ പേരില്‍ എന്‍.എസ്.എസ്സിനെ കൂട്ടുപിടിച്ചു വലിയ കലാപമാണ് സംഘ്പരിവാര്‍ ശക്തികള്‍ കേരളത്തിലഴിച്ചുവിട്ടത്. അതൊരു സുവര്‍ണ്ണാവസരമായിക്കണ്ട അവര്‍ രണ്ടു സീറ്റുകളും 20 ശതമാനത്തിലധികം വോട്ടും ലക്ഷ്യം വെച്ചു. അതിനായി ഭീമമായി-മലയാളികളിതുവരെ കാണാത്തവിധത്തില്‍-പണമൊഴുക്കുകയും ചെയ്തു. എന്നിട്ടും ഫലം വന്നപ്പോള്‍ കടുത്ത നിരാശയായി ഫലം.

കുമ്മനം തോറ്റത് ഒരു ലക്ഷത്തിന്. ജയിക്കാന്‍ അയ്യപ്പവേഷം അഴിച്ചുവെക്കാതെ തകര്‍ത്താടിയ സുരേന്ദ്രന് വെറും മൂന്നാംസ്ഥാനം. ആകെ വോട്ടില്‍ സുരേഷ് ഗോപി പിടിച്ച 'താരവോട്ട്' കുറച്ചാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അതേ വോട്ട് വിഹിതം! പി.സി. ജോര്‍ജ് മുതല്‍ വടക്കനെ വരെ ചാക്കിലാക്കിയിട്ടും മാതാ അമൃതാനന്ദമയിയെക്കൊണ്ട് 'അയ്യപ്പന്‍ കീജെയ്' വിളിപ്പിച്ച് അപഹാസ്യയാക്കിയിട്ടും എന്തു നേടി എന്ന ചോദ്യത്തിന് ഒന്നും ചൂണ്ടിക്കാട്ടാനില്ല. ഇതിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന നായര്‍-ഈഴവ ലോബികള്‍ തമ്മിലുള്ള ആഭ്യന്തര കലാപം കാരണം ഒരു പ്രസ്താവനയിറക്കാന്‍ പോലും കഴിയാത്ത നിലയിലാണ് ബി.ജെ.പിയും എന്‍.ഡി.എയും. വെറുപ്പിന്റേയും ന്യൂനപക്ഷ വിരോധത്തിന്റേയും ഉറഞ്ഞുതുള്ളലായ 'ശശികലാജി രാഷ്ട്രീയ'ത്തിന് കേരളത്തില്‍ പോകാവുന്ന സ്വാഭാവിക പരിധി ഇതാണെന്നാണ് സംഘ്പരിവാര്‍ ശക്തികള്‍ക്കു തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം. ഇരുമുടിക്കെട്ടേറു പോലുള്ള തറവേലകള്‍ കേരളത്തില്‍ അത്രയെളുപ്പം വിലപ്പോകില്ല.

പ്രതീക്ഷയുടെ തിരിനാളങ്ങള്‍

തീര്‍ച്ചയായും കേരളത്തിന് ആശ്വസിക്കാന്‍ വകയുണ്ട്. കോര്‍പ്പറേറ്റ് പിന്തുണയും മാധ്യമ പിന്തുണയുമായി കര്‍ണാടക വരെ ഇരമ്പിയാര്‍ത്തെത്തിയ ഹിന്ദുത്വദേശീയതയെ നമുക്കു സഹ്യനപ്പുറത്ത് തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനുമെല്ലാം മുന്നില്‍നിന്നു നയിച്ചതും ആദ്യകാല കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റു-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ-നിയമ തലങ്ങളിലേക്കു കൂടി പടര്‍ന്നു കയറിയതുമായ കേരളീയ നവോത്ഥാനം ഇനിയും അകം ദ്രവിച്ച് തീര്‍ത്തും ഉള്ളു പൊള്ളയായിക്കൊഴിഞ്ഞിട്ടില്ല. ഇത്ര വലിയ കോലാഹലമുണ്ടാക്കിയ ഹിന്ദുത്വവര്‍ഗ്ഗീയത 16.5 ശതമാനം വോട്ടിലൊതുങ്ങിയപ്പോള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്കും ശക്തമായ തിരിച്ചടി കിട്ടി.
മതപരമായ ധ്രുവീകരണം നടന്നു, ന്യൂനപക്ഷം വര്‍ഗ്ഗീയമായി ഒന്നിച്ചു എന്നൊക്കെ ചിലര്‍ പറയുന്നത് തികച്ചും തെറ്റാണ്. ഒരു രാജ്യത്തെ ന്യൂനപക്ഷം ഏറെക്കുറെ ഒറ്റക്കെട്ടായി തങ്ങള്‍ക്കു സംരക്ഷണം നല്‍കുന്ന ഭരണഘടനയെ നിലനിര്‍ത്താനായി വോട്ട് ചെയ്യുന്നുവെങ്കില്‍ അതു വളരെ ആരോഗ്യകരമായ സംഗതിയാണ്.

ഇന്നിപ്പോള്‍ ശബരിമലയാണ് ഈ വലിയ വോട്ട് വ്യത്യാസത്തിനു കാരണമെന്നു സ്ഥാപിക്കാന്‍ മൂന്നു മുന്നണികളും ശ്രമിക്കുന്നുണ്ട്. മറ്റു യാതൊരുവിധ ജനപക്ഷ പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെടാതിരുന്ന  പ്രതിപക്ഷം പ്രളയത്തിലടക്കം തങ്ങള്‍ക്കുണ്ടായ വലിയ പരാജയങ്ങളെ മറികടക്കാന്‍ തങ്ങളുടെ പിന്തിരിപ്പന്‍ ശബരിമല നയത്തിനു കിട്ടിയ അംഗീകാരമാണ് ഈ വിജയം എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ഭരണപക്ഷം തങ്ങളുടെ പലവിധ തെറ്റായ നയങ്ങളേയും രാഷ്ട്രീയമായ പാളിച്ചകളേയും മൂടിവെയ്ക്കാന്‍ ശബരിമല കാരണം മാത്രമാണ് തിരിച്ചടി കിട്ടിയതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. തങ്ങളുടെ വമ്പന്‍ ശബരിമല സമരത്തിന്റെ നേട്ടം കോണ്‍ഗ്രസ്സ് കൊണ്ടുപോയി എന്ന് എന്‍.ഡി.എ വിലപിക്കുന്നു.

ശബരിമല പലവിധ മാറ്റം മറിച്ചിലുകള്‍ക്കു കാരണമായിട്ടുണ്ട്. ഇടതുപക്ഷത്തിനു വോട്ട് ചെയ്തിരുന്ന കുറേ വോട്ടര്‍മാര്‍ എന്‍.ഡി.എക്ക് വോട്ട് ചെയ്തിട്ടുണ്ട്. സംഘ്പരിവാറിന്റെ സവര്‍ണ്ണമുഖം തിരിച്ചറിഞ്ഞ അത്രതന്നെ പേര്‍ എന്‍.ഡി.എ വിടുകയും ചെയ്തു. അതുകൊണ്ടാണ് എന്‍.ഡി.എയുടെ വോട്ട് വിഹിതത്തില്‍ വര്‍ദ്ധനയുണ്ടാകാതെ പോയത്. ഇടതുമുന്നണിയെ പിന്താങ്ങാതിരുന്ന ഒട്ടേറെ പുരോഗമന വിഭാഗങ്ങള്‍ ഇടതുമുന്നണിക്കു വോട്ട് ചെയ്യാനും അതു കാരണമായി. ശബരിമലയുടെ പേരില്‍ സംഘ്പരിവാര്‍ ശക്തികള്‍ തെരുവില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ അവര്‍ക്കെതിരെ മതേതരപക്ഷത്ത് വോട്ടു ചെയ്യാന്‍ ന്യൂനപക്ഷങ്ങളെ പ്രേരിപ്പിക്കുകയും അതിന്റെ കുറച്ചൊരു മെച്ചം യു.ഡി.എഫിനു ലഭിക്കുകയും ചെയ്തിരിക്കാം എന്നതിനപ്പുറം പത്തു ശതമാനം പോലും ഈ മാറ്റത്തിനു കാരണം ശബരിമലയല്ല. കഴിഞ്ഞ അഞ്ചുവര്‍ഷ മോദി ഭരണം ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതു കാണേണ്ടിവന്ന കേരള ജനത ഒരു മതേതര ഭരണത്തിനുവേണ്ടി കൃത്യമായ രാഷ്ട്രീയ നിലപാടെടുത്തതിന്റെ ഗുണഫലം യു.ഡി.എഫ് നേടിയെടുക്കുകയായിരുന്നു. അതു തിരിച്ചറിയാതെ തങ്ങളുടെ പിന്തിരിപ്പന്‍ ശബരിമല നയത്തിന്റെ നേട്ടം എന്നൊക്കെ വിലയിരുത്തി പഴയ നയം തുടര്‍ന്നാല്‍ കേരളത്തില്‍ അധികകാലം അതിനു നിലനില്‍പ്പുണ്ടാകില്ല. സംഘടനാതലത്തില്‍ തങ്ങള്‍ക്കു വന്നുപെട്ടിരിക്കുന്ന ദൗര്‍ബ്ബല്യങ്ങളെക്കുറിച്ചും മറ്റും കെ. മുരളീധരന്‍ തുറന്നടിച്ചു പറഞ്ഞത് നൂറു ശതമാനം വസ്തുതയാണ്.

ആപല്‍സൂചനകള്‍

എങ്കിലും ആപല്‍സൂചനകള്‍ വളരെ ഗുരുതരമാണ്. കോണ്‍ഗ്രസ്സ് വെറും വിശ്വാസ സംരക്ഷകരാകാന്‍ തീരുമാനിക്കുകയും ഇടതുപക്ഷം ഇക്കാലത്തിന്റെ ഇടതുപക്ഷമാകാന്‍ വിസ്സമ്മതിച്ച് താരപ്രഭുക്കളുടേയും പണച്ചാക്കുകളുടേയും വക്താക്കളും ജനവിരുദ്ധ വികസന നയത്തിന്റേയും ഹുങ്കിന്റേയും ധാര്‍ഷ്ട്യത്തിന്റേയും സ്തുതിപാഠകരുമായി മാറിയാല്‍ അതൊരുപക്ഷേ, ബംഗാളിന്റെ വിനാശവഴിയേ പോകുമെന്ന ഭീഷണി ശക്തമാണ്. തീര്‍ച്ചയായും മുന്നണി രാഷ്ട്രീയത്തിന്റെ അതിരുകളെ ഭേദിക്കുന്ന ഒരു ആധുനിക ഇടതുബോധം കേരളത്തില്‍ വളരുന്നുണ്ട്. അതിനു സംഘടനാ സാമൂഹ്യതലങ്ങളില്‍ ഉടനടി നിയതമായ രൂപം കൈവരുമെന്നൊനും പ്രതീക്ഷിക്കാനുമാകില്ല. അത്തരമൊരു സാഹചര്യത്തില്‍ പൊളിറ്റിക്കല്‍ ഹിന്ദുത്വവും പൊളിറ്റിക്കല്‍ ഇസ്ലാമിസവും യാഥാസ്ഥിതിക ക്രിസ്റ്റ്യാനിറ്റിയും ചേര്‍ന്ന് കേരളത്തില്‍ വലിയ ഒരു പിന്നോട്ടടിക്കു വഴി വെച്ചേക്കാം. അടിമുടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതും  മനുഷ്യരാശിയുടെ നിലനില്പിനുതന്നെ ഭീഷണിയുയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കുന്നതുമായ  ഒരു പുതിയ രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടതുണ്ട്. അടിമുടി കടക്കെണിയില്‍ കുടുങ്ങി മസാലബോണ്ടില്‍ അഭയം തേടേണ്ടി വന്ന കേരളമിന്ന് പിടിച്ചുനില്‍ക്കുന്നത് വിദേശ മലയാളികളുടെ അദ്ധ്വാനത്തിന്മേലാണ്. അതിനു വരുന്ന ഏതൊരുലച്ചിലും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കുഴപ്പങ്ങള്‍ക്കും വഴി വെച്ചേക്കാം. പൊടുന്നനെ പ്രതിസന്ധിയിലാകുന്ന ഏതു മധ്യവര്‍ഗ്ഗവും യാഥാസ്ഥിതികത്വത്തിലേക്കും വര്‍ഗ്ഗീയതയിലേക്കും പോകാമെന്ന എത്രയെങ്കിലും ആഗോളാനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ഇന്ത്യ ഏതു വഴിക്കു പോയാലും തങ്ങളുടെ ശരിയായ വഴിക്കു പോകാന്‍ തങ്ങള്‍ക്കു കഴിയുമെന്ന പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പില്‍ കേരള ജനത നടത്തിയത്. മൂന്നരക്കോടി വരുന്ന കേരള ജനത ഒരു ചെറിയ ശക്തിയല്ല. വിവിധ പാര്‍ട്ടി മുന്നണി അഫിലിയേഷനുകള്‍ക്കു പുറത്ത് സ്വന്തമായി ചിന്തിച്ചു തീരുമാനമെടുക്കുന്ന ഏറെക്കുറെ 20-30 ശതമാനം വോട്ടര്‍മാര്‍ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട് എന്നത് വളരെ ശുഭസൂചകവുമാണ്. അടിമുടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതും സ്ത്രീ-പുരുഷ സമത്വത്തിലൂന്നുന്നതും ആധുനിക പരിസ്ഥിതി ബോധത്തെ പുണരുന്നതുമായ ഒരു രാഷ്ട്രീയ-സാമൂഹ്യ നിലപാടായി അതു രൂപീകരിക്കപ്പെടണം. അതിനു കേരളത്തിനാകുമോ? ഇന്ത്യ ഇന്നു കടന്നുപോകുന്ന ഇരുണ്ട ദശയില്‍ ഈ വെല്ലുവിളിയെയാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ മുന്നിലേക്കു കൊണ്ടുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com