മനുഷ്യരാശി ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത ഈ ദുരന്തത്തെ രാജ്യങ്ങള്‍ എങ്ങനെ മറികടക്കും?

കൊറോണയ്ക്ക് ശേഷം കടക്കെണിയുടെയും ബാധ്യതകളുടെയും കാലമാണ് വരുന്നത്. പ്രതിസന്ധികള്‍ വ്യാപകമായും ആഴത്തിലും പ്രഹരമേല്‍പ്പിക്കുന്നത് സാധാരണ ജനങ്ങളുടെ മേലാണ്. അവരില്‍ തന്നെ ദുര്‍ബലരുടെയും ദരിദ്രരുടെയും മേല്‍
മനുഷ്യരാശി ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത ഈ ദുരന്തത്തെ രാജ്യങ്ങള്‍ എങ്ങനെ മറികടക്കും?

രടികളിറങ്ങി, കാളക്കൂറ്റന്‍മാര്‍ കളംപിടിച്ചാണ് ലോകത്തെ പ്രധാന ഓഹരി വിപണികളെല്ലാം പുതുവര്‍ഷത്തിലേക്ക് കടന്നത്. കഴിഞ്ഞവര്‍ഷം യു.എസ് ഓഹരികള്‍ മുപ്പതു ശതമാനം ഉയര്‍ന്നിരുന്നു. ജപ്പാനിലേത് 18 ശതമാനവും. മാസങ്ങള്‍ നീണ്ട  ബ്രെക്സിറ്റ് ആശങ്കകള്‍ക്കിടയിലും ബ്രിട്ടണിലെ എഫ്.ടി.എസ്.ഇ 100 വ്യാപാരം അവസാനിപ്പിച്ചത് 12 ശതമാനം നേട്ടത്തിലാണ്. 2009-ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം മികച്ച നേട്ടം കൊയ്ത വര്‍ഷമായിരുന്നു 2019. കാര്യമായ ആശങ്കകളില്ലാതെ മുന്നോട്ട് നീങ്ങിയ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ തികഞ്ഞ ശുഭാപ്തിവിശ്വാസത്തിലുമായിരുന്നു. വ്യാപാരയുദ്ധത്തിന് തുടക്കം കുറിച്ച ചൈനയും അമേരിക്കയും നിലപാടുകള്‍ മയപ്പെടുത്തിയതും ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റ് അനുകൂലിയായ ബോറിസ് ജോണ്‍സണിന്റെ വിജയവും ആശങ്കകള്‍ മാറുന്നതിന്റെ സൂചനകളായിരുന്നു. നേട്ടങ്ങളുടെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന പ്രതീക്ഷകളെ ഒറ്റയടിക്ക് കീഴ്മേല്‍മറിച്ചാണ് കൊവിഡ് 19 എത്തിയത്. അതാകട്ടെ ലോകസമ്പദ്വ്യവസ്ഥ ഇതുവരെ കാണാത്ത ദുരന്തത്തിലേക്കാണ് നയിച്ചത്.

ഡിസംബര്‍ 31-നാണ് ന്യുമോണിയ പോലൊരു രോഗം വുഹാനില്‍ പടര്‍ന്ന് പിടിച്ചതെന്ന് ചൈന ലോകാരോഗ്യസംഘടനയെ അറിയിക്കുന്നത്. അപ്പോഴും ഇതത്ര വലിയ ദുരന്തമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല, പ്രവചിച്ചുമില്ല. യാങ്സീ നദിക്കരയിലെ നഗരത്തെക്കുറിച്ച് പലര്‍ക്കും കേട്ടറിവ് മാത്രമേയുണ്ട ായിരുന്നുള്ളൂ. ഒരു മാസം പിന്നിടുമ്പോഴേക്കും ചിത്രം വ്യക്തമായി. മൂന്നുമാസത്തിനകം പ്രാദേശിക പകര്‍ച്ചാവ്യാധിയെന്ന് കരുതിയ രോഗം മഹാവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. ഒരു ദുരന്തത്തെ ചരിത്രത്തിലെ മറ്റൊരു ദുരന്തംകൊണ്ട ് അളക്കുന്നതാണല്ലോ ആശ്വസിക്കാനുള്ള സാമാന്യരീതി. 2009-ലെ പ്രതിസന്ധിയാണ് അതിനായി സാമ്പത്തിക വിദഗ്ദ്ധര്‍ തെരഞ്ഞെടുത്തത്. എന്നാല്‍, ആ ആശ്വാസത്തിനും അധികം ദിനങ്ങളുടെ ആയുസുണ്ട ായിരുന്നില്ല. ലോകസമ്പദ്വ്യവസ്ഥ മുഴുവന്‍ മരവിച്ചതോടെ ഇതിനുമുന്‍പ് ആഗോള മുതലാളിത്തം ഇത്തരമൊരു പ്രതിസന്ധി നേരിട്ടിട്ടുണ്ടേ ാ എന്ന ചോദ്യമുയര്‍ന്നു. ആദ്യം, 1930-ന് ശേഷമുണ്ട ായ സാമ്പത്തിക ദുരന്തമായി ഐ.എം.എഫ് കണക്കുക്കൂട്ടി. പിന്നീടത് മനുഷ്യരാശിയിലെ ഗ്രഹപ്പിഴയായി പ്രഖ്യാപിച്ചു. ദരിദ്രമെന്നോ സമ്പന്നമെന്നോ വ്യത്യാസമില്ലാതെ സമ്പദ്വ്യവസ്ഥകള്‍ തകര്‍ന്നുവീണു.

കടത്തോട് തുല്യം രോഗമില്ല

ചൈനയിലുണ്ട ായ രോഗബാധയുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ പരാജയപ്പെട്ടെന്ന് പറയുന്നു ബ്രിട്ടണിലെ മുന്‍ ചാന്‍സലറും ലേബര്‍ പാര്‍ട്ടി നേതാവുമായ അലിസ്റ്റെയര്‍ ഡാര്‍ലിങ്. 2009-ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് അദ്ദേഹത്തിനായിരുന്നു ധനവകുപ്പിന്റെ ചുമതല. ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ തുടക്കം തന്നെ പിഴച്ചു. ചൈനയെ മാത്രം ബാധിക്കുന്ന ആഭ്യന്തരപ്രശ്‌നമായിട്ടാണ് മിക്ക നേതാക്കളും ഈ രോഗബാധയെ കണ്ട ത്. അത് അവിടെ വന്‍മതിലിനകത്ത് തന്നെ തീരുമെന്ന് ധരിച്ചു- അദ്ദേഹം പറയുന്നു. ആദ്യഘട്ടത്തിലെ ജാഗ്രതക്കുറവിന് യു.എസ് അടക്കമുള്ള വികസിതരാജ്യങ്ങള്‍ പിന്നീട് വലിയ വില നല്‍കേണ്ട ി വന്നു. രോഗവ്യാപനവും മരണനിരക്കും എല്ലാരാജ്യങ്ങളിലും ഉയര്‍ന്നു. ഭരണകൂടങ്ങളും അധികാരികളും നിസഹായരായി. രോഗവ്യാപനം നിയന്ത്രിക്കാന്‍ മാര്‍ച്ചില്‍ നൂറിലധികം രാജ്യങ്ങളാണ് പൂര്‍ണ്ണമായോ ഭാഗികമായോ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. ഭൂഗോളത്തിലെ മൂന്നില്‍ രണ്ട ് ജനതയും നിയന്ത്രണങ്ങളില്‍ ജീവിച്ചു. 170ലധികം രാജ്യങ്ങളില്‍ എല്ലാവിധ സാമ്പത്തിക-വ്യാപാര ഇടപെടലുകളും നിശ്ചലമായി. ഇതോടെ, ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ശരാശരി ജീവിതനിലവാരം താഴ്ന്നു.

രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധനയാണ് തൊഴിലില്ലായ്മ നിരക്കിലുണ്ട ായത്. മാര്‍ച്ച് പകുതി മുതല്‍ ഓരോ ആഴ്ചയും രണ്ട ുലക്ഷം അമേരിക്കക്കാര്‍ തൊഴില്‍ രഹിതരായി. മാസാവസാനം അവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. തൊട്ടടുത്ത ആഴ്ചയില്‍ അത് ഇരട്ടിച്ച് 68 ലക്ഷം പേരായി. അടുത്ത ആഴ്ചയില്‍ 66 ലക്ഷം പേരാണ് തൊഴില്‍രഹിതരായത്. മൂന്നാഴ്ചയ്ക്കുള്ളില്‍ 1.6 കോടി പേര്‍ക്കാണ് ജോലി പോയത്. കണക്കുകള്‍ അമേരിക്കയുടേതാണെങ്കിലും മിക്ക രാജ്യങ്ങളിലെയും സ്ഥിതി അതാണ്. ഇതിനകം, 102 രാജ്യങ്ങളാണ് ഐ.എം.എഫിനോട് സഹായാഭ്യര്‍ത്ഥന നടത്തിയത്. ആകെയുള്ള 189 അംഗങ്ങളില്‍ പകുതിയിലധികം രാജ്യങ്ങളും സഹായം ആവശ്യപ്പെട്ട് കഴിഞ്ഞു. 1944-ല്‍ ബ്രെറ്റണ്‍ വുഡ്സ് ഉച്ചകോടിയില്‍ നടന്ന രൂപീകരണത്തിന് ശേഷം പല പ്രതിസന്ധികള്‍ ഐ.എം.എഫ് നേരിട്ടുണ്ടെ ങ്കിലും ഇത്രയും ഭീകരമായത് ഇതാദ്യമായിരുന്നു. പ്രതിസന്ധി നേരിടാന്‍ ദരിദ്രരാജ്യങ്ങള്‍ക്കാണ് ധനസഹായത്തിന് പ്രാമുഖ്യം നല്‍കുകയെന്ന് ഐ.എം.എഫ് വ്യക്തമാക്കിയിട്ടുണ്ട ്. അംഗരാജ്യങ്ങളില്‍ 50 രാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങളും 31 രാജ്യങ്ങള്‍ താരതമ്യേന വരുമാനമുള്ള രാജ്യങ്ങളുമാണ്. മൊത്തം അംഗങ്ങളുടെ 40 ശതമാനം വരും ഇവരുടെ എണ്ണം.

ജർമനിയിലെ റീബൽ പ്ലാറ്റ്സിലെ വാഹന നിര ഒഴിഞ്ഞ പാതകൾ. ജർമനിയിലെ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്നായിരുന്നു ഇത്/ ഫോട്ടോ: എപി
ജർമനിയിലെ റീബൽ പ്ലാറ്റ്സിലെ വാഹന നിര ഒഴിഞ്ഞ പാതകൾ. ജർമനിയിലെ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്നായിരുന്നു ഇത്/ ഫോട്ടോ: എപി

കൊവിഡിനെതിരേയുള്ള പോരാട്ടത്തെ യുദ്ധം എന്നാണ് മിക്ക ലോകനേതാക്കളും വിശേഷിപ്പിച്ചത്. യുദ്ധസമാനമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പ് കൂടി ആ പ്രഖ്യാപനത്തിലുണ്ട ്. ദരിദ്രമെന്നോ സമ്പന്നമെന്നോ വിശേഷണത്തിന് അര്‍ത്ഥമില്ലാത്ത വന്‍ കടബാധ്യതയാണ് അതിര്‍ത്തിയടച്ച രാജ്യങ്ങളെ കാത്തിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. പല വികസിത രാജ്യങ്ങളുടെയും പൊതുകടം രണ്ട ാം ലോകയുദ്ധസാഹചര്യത്തിലേക്കാളും ഉയരുമെന്നാണ് കണക്കുക്കൂട്ടല്‍. ലോക്ക്ഡൗണ്‍ അതിജീവിക്കാന്‍ കൂടുതല്‍ പണം ആവശ്യമാണ്. അതേസമയം ഫാക്ടറികളും കടകളും ഓഫീസുകളും അടഞ്ഞുകിടക്കുമ്പോള്‍ നികുതിവരുമാനം കുറയുകയും ചെയ്യും. നികുതിവര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങളോട് സമരസപ്പെട്ട് ജനങ്ങള്‍ ജീവിക്കേണ്ട ി വരുമെന്ന് ചുരുക്കം. വികസിത രാജ്യമായ അമേരിക്കയുടെ ധനക്കമ്മി ഈ വര്‍ഷം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 15 ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ രക്ഷാപാക്കേജുകള്‍ വന്നാല്‍ ഈ നിരക്ക് ഉയരും. സമ്പന്നരാജ്യങ്ങളുടെ പൊതുകടം ആറു ട്രില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 66 ട്രില്യണ്‍ ഡോളറാകുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം. ജി.ഡി.പിയുടെ 105 മുതല്‍ 122 ശതമാനം വരെ വര്‍ദ്ധിക്കും. ലോക്ക്ഡൗണും നിയന്ത്രണങ്ങളും നീളുന്നതോടെ ഇത് കൂടുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

യൂറോപ്പിന്റെയും സ്ഥിതി വ്യത്യസ്തമല്ല. സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന ഇറ്റലി പോലുള്ള രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളികളില്‍നിന്ന് കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ട് കഴിഞ്ഞു. ഇറ്റലിയെ സമാശ്വസിപ്പിക്കാന്‍ യൂണിയന് കഴിഞ്ഞില്ലെങ്കില്‍ യൂറോപ്പിന്റെ ഘടന തന്നെ മാറിമറിയുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസെപ്പെ കോണ്‍ഡെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട ്. 2009-ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വന്‍തോതിലുള്ള രക്ഷാപാക്കേജുകളും ചെലവുചുരുക്കല്‍ നടപടികളും യൂറോപ്യന്‍ രാജ്യങ്ങള്‍ കൈക്കൊണ്ട ിരുന്നു. നികുതി വര്‍ധന ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളും തേടിയിരുന്നു. എന്നാല്‍, ഇത്തവണ അതെത്ര മാത്രം പ്രായോഗികമാണെന്ന ചിന്തയാണ് വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്ന ആശങ്ക. 2009-ലേത് തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ക്ക് ഫലം പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍, തീര്‍ത്തും നിശ്ചലമായ സമൂഹത്തില്‍ നികുതി വര്‍ദ്ധനയും ചെലവുചുരുക്കല്‍ നടപടികളും ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അത് അധികാരത്തിന് തന്നെ ഇളക്കം തട്ടിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

മൂന്നാഴ്ചയ്ക്കകം നാലു പ്രധാന സാമ്പത്തിക പാക്കേജുകള്‍ അനുവദിച്ച ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ റിഷി സുനാകിന് ഭാരിച്ച ദൗത്യമാണ് നിറവേറ്റാനുള്ളത്. ബ്രിട്ടീഷ് ധനമന്ത്രിക്ക് തുല്യമായ പദവിയായ ചാന്‍സലര്‍ ഓഫ് എക്സ്ചെക്കര്‍ പദവിയില്‍ അദ്ദേഹം നിയമിതനായത് ഫെബ്രുവരിയിലാണ്. മാര്‍ച്ച് പകുതിയോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട ് ഗവര്‍ണര്‍ പദവിയിലെത്തിയ ആന്‍ഡ്രൂ ബെയ്ലിക്കും ഇനിയുള്ള സമയം നിര്‍ണ്ണായകവും സങ്കീര്‍ണ്ണവുമാണ്. ശൂന്യമായ കെട്ടിട്ടത്തിലിരുന്ന് ജോലിയെടുക്കേണ്ട ി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ചെയ്യാന്‍ കഴിയുന്നത് ചെയ്യണം. അത്ര ഗുരുതരമായ പ്രതിസന്ധിയാണ്-ബെയ്ലി പറയുന്നതിങ്ങനെ. 2008-ലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ധനകാര്യമന്ത്രിമാര്‍ക്കും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാര്‍ക്കും താരതമ്യേന എളുപ്പമായിരുന്നു. ബാങ്കുകള്‍ക്ക് രക്ഷാപാക്കേജ് നല്‍കുക, സമ്പദ്വ്യവസ്ഥയിലെ പണലഭ്യത ഉറപ്പുവരുത്തുക, വായ്പാതോത് കൂട്ടുക എന്നിങ്ങനെ വിപണിയെ ചലനാത്മകമാക്കാനുള്ള നടപടികള്‍ മാത്രം സ്വീകരിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ അതിലും സങ്കീര്‍ണ്ണമാണ് ഇപ്പോഴത്തെ അവസ്ഥ.

എത്രമാത്രം ആരോഗ്യമേഖലയില്‍ ഇടപെടല്‍ നടത്തുന്നോ അത്രയും സമ്പദ്വ്യവസ്ഥയ്ക്ക് അപായസാധ്യത നല്‍കുമെന്ന് പറയുന്നു ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍. 2008-ലെ സാമ്പത്തിക പ്രതിസന്ധി നേരിടല്‍ താരതമ്യേന എളുപ്പമായിരുന്നു. മികച്ച സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ അതിന് ഏകോപനമുണ്ട ായിരുന്നു. എന്നാല്‍, ഇന്ന് അത്തരമൊരു സാധ്യതയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ട്രംപിന്റെ അമേരിക്ക ആദ്യം എന്ന ആശയത്തിനാണ് ഇപ്പോള്‍ ലോകനേതാക്കളും അനുകരിക്കുന്നത്. ഉല്പാദക രാജ്യങ്ങളായ റഷ്യയും സൗദിഅറേബ്യയും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍  ക്രൂഡ് വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലെത്തി നില്‍ക്കുന്നു. ഒരു രാജ്യാന്തര സഹകരണത്തിലൂടെയാണ് ഇത്തരം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികളെ നേരിടേണ്ട തെന്ന് അദ്ദേഹം പറയുന്നു.

തുഴഞ്ഞ് തുഴഞ്ഞ് നടുക്കടലിലേക്ക്

കൊറോണയില്‍നിന്ന് മോചിതമായാലും ലോകം പഴയപടിയാകില്ലെന്നാണ് സാമ്പത്തികവിദഗ്ദ്ധര്‍ കണക്കുക്കൂട്ടുന്നത്. കയറ്റുമതിയെ ആശ്രയിച്ച് നില്‍ക്കുന്ന രാജ്യങ്ങളാവും ഇതിന്റെ ഭീകരത അനുഭവിക്കേണ്ടി വരിക. ചൈനയും ഓസ്ട്രേലിയയും ചില യൂറോപ്യന്‍ രാജ്യങ്ങളുമടക്കം ലോക്ക്ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതെത്രമാത്രം വേഗത്തില്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നത് സംശയമാണെന്ന് അവര്‍ പറയുന്നു. കയറ്റുമതിയുടെ ആവശ്യം കുറഞ്ഞതോടെ ചൈനയില്‍ തുറന്ന ഫാക്ടറികള്‍ പോലും ഉല്പാദനം വെട്ടിച്ചുരുക്കുകയാണ്. ആവശ്യം കുറഞ്ഞതോടെ വിലയിടിയുന്നതാണ് മറ്റൊരു പ്രശ്നം. ക്രൂഡ് ഓയില്‍ വില തന്നെ അതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് കയറ്റുമതിയിലെ ഭീമന്‍മാരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കിടമത്സരത്തെത്തുടര്‍ന്ന് നേരത്തേ തന്നെ ക്രൂഡ് വില കുറഞ്ഞിരുന്നു. ഉല്പാദനം കുറച്ച് വില നിയന്ത്രിക്കണമെന്ന് സൗദിയുടെ ആവശ്യം റഷ്യ പരിഗണിച്ചിരുന്നില്ല. ഇതിന് പ്രതികാരനടപടിയെന്നവണ്ണം സൗദിയും ഉല്പാദനം കൂട്ടി. ഫലത്തില്‍ ക്രൂഡ് വിലയില്‍ വലിയ ഇടിവാണുണ്ടായത്. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ആവശ്യത്തില്‍ വലിയതോതില്‍ ഇടിവുണ്ട ായി. ഇതോടെ വില വീണ്ടും താഴ്ന്നു. എണ്ണസംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞു. യു.എസ്സിലെ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റില്‍ ക്രൂഡ് വില പൂജ്യത്തിനും താഴെയായി. ഇതാദ്യമായാണ് ഇത്രയും വിലയിടിവ് ക്രൂഡ് നേരിടുന്നത്. 

എണ്ണ ഉല്പാദനത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയാണ് മിഡില്‍ഈസ്റ്റിലേത്. സൗദി അറേബ്യയ്ക്ക് പുറമേ ഖത്തറും കുവൈറ്റും യു.എ.ഇയുടെയും പ്രധാന വരുമാനസ്രോതസ് ക്രൂഡാണ്. ഇത് ഇല്ലാതാകുന്നതോടെ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ഈ രാജ്യങ്ങള്‍ നിര്‍ബന്ധിതമാകും. അതല്ലെങ്കില്‍ കൂടുതല്‍ വായ്പകളെടുക്കേണ്ട ിവരും. ലോകത്തെ ഏറ്റവും വലിയ കയറ്റുമതിക്കാരായ സൗദി അറേബ്യ ചെലവ് അഞ്ചു ശതമാനം കുറയ്ക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട ്. വായ്പാപരിധി ജി.ഡി.പിയുടെ മുപ്പതു മുതല്‍ അന്‍പതു ശതമാനം വരെയുള്ള പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഈ നീക്കം. ചെലവിനത്തില്‍ 20 ശതമാനമെങ്കിലും വെട്ടിക്കുറച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് കണക്കുകൂട്ടല്‍. അത് നടപ്പായാല്‍, പല വന്‍പദ്ധതികളും താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവയ്ക്കേണ്ട ി വരും. സമ്പദ്വ്യവസ്ഥയെ നവീകരിക്കാന്‍ ലക്ഷ്യമിട്ട് സൗദി ഭരണാധികാരി മൊഹമ്മദ് ബിന്‍ സലാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. ഖത്തര്‍ 100 കോടി ഡോളറും അബുദാബി 700 കോടി ഡോളറും ഇതിനകം വായ്പയെടുത്തു കഴിഞ്ഞു. 

തരതമ്യേന സമ്പന്നമായ ഈ രാജ്യങ്ങളേക്കാള്‍ ഏറ്റവുമധികം പ്രത്യാഘാതങ്ങള്‍ ഉണ്ട ാകുക എണ്ണ ഉല്പാദകരായ ദരിദ്രരാജ്യങ്ങള്‍ക്കാണ്. ഇറാഖും അള്‍ജീരിയയും ഒമാനും വലിയ പ്രതിസന്ധിയാവും നേരിടുക. അടുത്തമാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമേ നല്‍കാന്‍ കഴിയൂവെന്ന് ഇറാഖ് പ്രഖ്യാപിച്ചിട്ടുണ്ട ്. അള്‍ജീരിയ 30 ശതമാനം ചെലവുകള്‍ വെട്ടിക്കുറയ്ക്കാനാണ് ഒരുങ്ങുന്നത്. ഇരുരാജ്യങ്ങളുടെയും വിദേശനാണ്യകരുതലില്‍ വലിയ കുറവുണ്ട ായിട്ടുണ്ട ്. അള്‍ജീരിയയുടെ വിദേശ കരുതല്‍ധനം 3600 കോടി ഡോളറില്‍നിന്ന് 1280 കോടി ഡോളറായി കുറയുമെന്നാണ് ഐ.എം.എഫിന്റെ കണക്കുകൂട്ടല്‍. ഇറാഖിന്റേത് 3300 കോടി ഡോളറില്‍ 1060 കോടി ഡോളറായി കുറയും. റഷ്യയാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു രാജ്യം. റഷ്യയുടെ വരുമാനത്തിന്റെ 40 ശതമാനവും ക്രൂഡ് വില്‍പ്പനയില്‍ നിന്നാണ് കിട്ടുന്നത്. അടുത്ത എട്ട് വര്‍ഷത്തേക്കുള്ള കരുതല്‍ധനം പ്രതിസന്ധി മറികടക്കാന്‍ റഷ്യയ്ക്ക് ഉപയോഗിക്കേണ്ട ി വരുമെന്നാണ് ധനമന്ത്രി ആന്‍ണ്‍ സിലുനോവ് പറയുന്നത്.

കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ജപ്പാനിൽ വാഹനത്തിൽ കയറാൻ ക്യൂ നിൽക്കുന്നവർ
കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ജപ്പാനിൽ വാഹനത്തിൽ കയറാൻ ക്യൂ നിൽക്കുന്നവർ

ആഫ്രിക്കന്‍ വന്‍കരയില്‍ ഏറ്റവുമധികം ക്രൂഡ് കയറ്റുമതി നടത്തുന്ന നൈജീരിയയുടെ വരുമാനത്തിന്റെ പകുതിയും ക്രൂഡ് വില്‍പ്പനയിലൂടെയാണ്. വാര്‍ഷിക ബജറ്റ് ഇതിനകം വെട്ടിക്കുറച്ച നൈജീരിയ 700 കോടി ഡോളര്‍ അടിയന്തര ധനസഹായം നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വിലയിടിയാത്തത് മാത്രമാണ് തകര്‍ച്ച ഒഴിവാക്കുന്നത്. എന്നാല്‍, സമീപഭാവിയില്‍ ദുരന്തം പ്രതീക്ഷിക്കുന്നതായി നൈജീരിയന്‍ ധനമന്ത്രി സെയ്നബ് അഹമ്മദ് പറയുന്നു. ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ക്രൂഡ് വിലയിടിവോടെ തകര്‍ച്ച പൂര്‍ണമായി. ബ്രസീലിലെ പൊതുമേഖലാ കമ്പനിയായ പെട്രോബാസിനാണ് മേഖലയില്‍ വ്യാപാരമേധാവിത്വം. 10500 കോടി ഡോളര്‍ ബാധ്യതയുള്ള മെക്സിക്കോയുടെ പെമെക്സാണ് മറ്റൊരു കമ്പനി. ഈ രണ്ട ുകമ്പനികളും സമീപഭാവിയില്‍ വലിയ പ്രതിസന്ധിയിലകപ്പെടുമെന്നാണ് സൂചന.

ക്രമവും ക്രമരാഹിത്യവും

ലോകത്ത് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള വെനിസ്വേല സാമ്പത്തിക മുന്നേറ്റത്തിനും തകര്‍ച്ചയ്ക്കും ഒരുപോലെ ഇരയാണ്. നിലവില്‍ 10 ഡോളറില്‍ താഴെയാണ് വെനിസ്വേലന്‍ ക്രൂഡിന്റെ ബാരല്‍വില. കെടുകാര്യസ്ഥതയും യു.എസ് ഉപരോധവും തകര്‍ത്ത വെനിസ്വേലന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇനി ശുഭപ്രതീക്ഷകളില്ല. വിലയിടിവും കൂടിയാകുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ പി.ഡി.വി.എസ്.എക്ക് സമീപകാലത്തൊന്നും നഷ്ടം നികത്താനാകില്ല. കയറ്റുമതി വരുമാനത്തിന്റെ 98 ശതമാനവും മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ അന്‍പതു ശതമാനവും എണ്ണയില്‍നിന്നാണ്. പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് 2013 മാര്‍ച്ചില്‍ അന്തരിച്ചതിനെത്തുടര്‍ന്ന് വെനിസ്വേല തുടര്‍ച്ചയായ പ്രതിസന്ധികളുമായി മല്ലയുദ്ധത്തിലാണ്. രാഷ്ട്രീയ അസ്ഥിരതയും കലാപങ്ങളും ഭക്ഷ്യക്ഷാമവും മരുന്നുകളുടെ ദൗര്‍ലഭ്യവും തുടങ്ങി രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വിഷയങ്ങളേറെയുണ്ട് ഈ രാജ്യത്ത്. എണ്ണയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇക്വഡോറും വായ്പകളെ ആശ്രയിക്കേണ്ടി വരും. പാറ്റഗോണിയയിലെ ഷെയ്ല്‍ നിക്ഷേപത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന അര്‍ജന്റീനിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാണ് വിലയിടിവ്. വലിയ ഉല്പാദനച്ചെലവ് വരുന്ന ഈ പദ്ധതി അടുത്തകാലത്തെങ്ങും നടക്കില്ല. കൊറോണാനന്തരം വലിയ നിക്ഷേപസാധ്യതകളും കുറവാണ്.

മിക്ക രാജ്യങ്ങളിലും സ്വന്തം കറന്‍സികള്‍ക്ക് മൂല്യമിടിവുണ്ട ായതോടെ വിദേശവായ്പയുടെ പ്രാരാബ്ധം കൂടും. തിരിച്ചടവിനെയും പലിശയടവിനെയു ഇത് ബാധിക്കും. ഐ.എം.എഫും പ്രധാന വായ്പാദാതാക്കളും ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതൊക്കെ താല്‍ക്കാലിക ആശ്വാസം മാത്രമാണ്. ആഫ്രിക്കയില്‍നിന്നുള്ള 25 രാജ്യങ്ങളുടെ തിരിച്ചടവ് ഉടനടി വേണ്ടെന്ന് ഐ.എം.എഫ് പറഞ്ഞിട്ടുണ്ട്. ആറുമാസത്തേക്കാണ് ഇളവ് നല്‍കിയത്. 77 രാജ്യങ്ങള്‍ അംഗങ്ങളായ ജി20 രാജ്യങ്ങളും തിരിച്ചടവിന് ഈ വര്‍ഷം വരെ ഇളവുകള്‍ നല്‍കിയിട്ടുണ്ട ്. ഈ കാലയളവില്‍ തുക മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കാമെങ്കിലും ഭാവിയില്‍ ഈ തുക തിരിച്ചടയ്ക്കേണ്ടി വരും. കുടിയേറ്റ തൊഴിലാളികളുടെ വരുമാനം ഇല്ലാതാകുന്നതാണ് വികസ്വര രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന മറ്റൊരു വെല്ലുവിളി. തൊഴിലും വരുമാനവും ഇല്ലാതാകുന്നതോടെ ഈ വരുമാനം ഇല്ലാതാകും. വലിയ സാമ്പത്തിക-സാമൂഹ്യ പ്രത്യാഘാതങ്ങളാകും ഇത് സൃഷ്ടിക്കുകയെന്ന് ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മറുനാടന്‍ തൊഴിലാളികളുടെ വരുമാനത്തില്‍ 20 ശതമാനം കുറഞ്ഞ് 44500 കോടി ഡോളറാകുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. 2019-ല്‍ 55400 കോടി ഡോളറായിരുന്നു വിദേശരാജ്യങ്ങളില്‍നിന്ന് തൊഴിലാളികള്‍ സ്വന്തം രാജ്യത്തേക്ക് അയച്ചത്.

ടൂറിസ്റ്റുകളുടെ വിഹാര കേന്ദ്രമായിരുന്ന പാരീസിന്റെ ഇപ്പോഴത്തെ ദൃശ്യം/ ഫോട്ടോ: എപി
ടൂറിസ്റ്റുകളുടെ വിഹാര കേന്ദ്രമായിരുന്ന പാരീസിന്റെ ഇപ്പോഴത്തെ ദൃശ്യം/ ഫോട്ടോ: എപി

സാമ്പത്തിനാണോ ആരോഗ്യത്തിനാണോ പ്രാധാന്യം നല്‍കേണ്ട തെന്ന ആശയക്കുഴപ്പത്തിലാണ് ഭരണകൂടങ്ങള്‍. സാമ്പത്തികതകര്‍ച്ചയുടെ കെടുതികളാലോചിച്ച് പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രോഗം ഗുരുതരമായി ബാധിച്ച ഫ്രാന്‍സും സ്പെയിനും ഇറ്റലിയുമൊക്കെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നീക്കത്തിലാണ്. അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. 

ഇളവുകളനുവദിക്കപ്പെട്ടാലും രോഗഭീതി നിലനില്‍ക്കുന്നിടത്തോളം കാലം സാമ്പത്തികവളര്‍ച്ച കൈവരിക്കുന്നത് ദുഷ്‌കരമാകും. അതുകൊണ്ട ് തന്നെ സാമ്പത്തികവളര്‍ച്ച എന്നുണ്ടാകുമെന്ന് പ്രവചിക്കാനാവില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ബ്രിട്ടണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ ഡയറക്ടര്‍ പറഞ്ഞതാണ് വിദഗ്ദ്ധരും പറയുന്നത്. യാഥാര്‍ത്ഥ്യത്തിലേക്ക് നിങ്ങള്‍ വന്നാല്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെടും. തിരിച്ചുവരവിന് നിങ്ങള്‍ക്കൊരു സമയരേഖയുണ്ടാക്കാനാകില്ല. വൈറസാണ് ആ സമയവും കാലവും നിശ്ചയിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com