'ഈ വൈറസ് എത്ര നാള്‍ നില്‍ക്കും എന്ന് പറയാന്‍ കഴിയില്ല, നമ്മള്‍ നിത്യജീവിതത്തിലേക്ക് തിരിച്ചുവരേണ്ടതുണ്ട്'- ശൈലജ ടീച്ചര്‍ സംസാരിക്കുന്നു

നൂറു ദിവസത്തെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും കേരളം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ആരോഗ്യമന്ത്രി കെ.കെ. ശൈലജ സംസാരിക്കുന്നു
'ഈ വൈറസ് എത്ര നാള്‍ നില്‍ക്കും എന്ന് പറയാന്‍ കഴിയില്ല, നമ്മള്‍ നിത്യജീവിതത്തിലേക്ക് തിരിച്ചുവരേണ്ടതുണ്ട്'- ശൈലജ ടീച്ചര്‍ സംസാരിക്കുന്നു

കൊവിഡ് ഭീതിയുടെ നിഴലില്‍ നൂറു ദിവസങ്ങളില്‍നിന്ന് കേരളം കരകയറുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം, ഇന്ന് കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിനുതന്നെ മാതൃകയാണ്. ആ പോരാട്ടം മുന്നില്‍നിന്ന് നയിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സംസാരിക്കുന്നു. നൂറു ദിവസത്തെ പോരാട്ടത്തെക്കുറിച്ച്,  മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച്, മുന്നിലുള്ള വെല്ലുവിളികളെ കുറിച്ച്.   

ജനുവരി മുപ്പതിനാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറു ദിവസങ്ങള്‍ക്കു ശേഷം കേരളം കൊവിഡ് രണ്ടാം ഘട്ടം ഏതാണ്ട് വിജയകരമായി അതിജീവിച്ചു കഴിഞ്ഞു. സംസ്ഥാനം curve flatten ചെയ്തതായി മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു?

ഈ നൂറു ദിവസത്തില്‍ ആകെ 503 കൊവിഡ്  കേസുകളാണ് കേരളം ആകെ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ കാര്യത്തിലും നമുക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആകെയുള്ള 503 കേസുകളില്‍ മൂന്ന് മരണം മാത്രം. കോമോര്‍ബിഡിറ്റിയുള്ളതാണ് ഈ മൂന്നും.

സംസ്ഥാനം മൂന്നു മരണത്തെ കുറിച്ച് മാത്രമാണ് ഇപ്പോഴും പറയുന്നത്. മാഹി  സ്വദേശിയുടെ മരണം എന്തുകൊണ്ടാണ് ഉള്‍ക്കൊള്ളിക്കാത്തത്?
 
മാഹിയിലെ മരണം കേരളത്തിന്റേതായിട്ട് കൂട്ടണമെന്നാണ് പറയുന്നത്. പക്ഷേ, അതു മാഹിയില്‍ സംഭവിച്ചതാണ്. ഇവിടെ ചികിത്സയ്ക്ക് വന്നു എന്നേയുള്ളു. അസുഖമായിട്ട് ഇവിടെ വന്ന് ചികിത്സിച്ചു. അവിടെ സൗകര്യമില്ലാത്തതുകൊണ്ട് ഇവിടെ വന്നു. മാഹിയിലാണ് അദ്ദേഹത്തിന്റെ സ്ഥലവും വീടും എല്ലാം. പക്ഷേ, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ഇത് കൂട്ടണമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ, നമ്മള്‍ ഇത് കൂട്ടിയിട്ടില്ല. പക്ഷേ, ഇതിന്റെ കോണ്ടാക്റ്റ് കേസ് എല്ലാം അവിടെയാണ്. പിന്നെ കുറച്ച് ബന്ധുക്കള്‍ ഇവിടെയുണ്ട്. അത് ഒഴിവാക്കിയാല്‍ നമുക്ക് മൂന്ന് മരണമേ സംഭവിച്ചിട്ടുള്ളു. അതായത് 0.5 ശതമാനം മാത്രമാണ് കേസ് ഫറ്റാലിറ്റി റേറ്റ് (അസുഖ ബാധിത മരണ നിരക്ക്).

കേരളത്തിലെ റിക്കവറി റേറ്റ് എത്രയാണ്?

നമുക്ക് വലിയ തോതിലുള്ള റിക്കവറി റെയ്റ്റ് ഉണ്ട്. റിക്കവറി റേറ്റ്  തൊണ്ണൂറ്റിരണ്ട് ശതമാനം ആണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കേസുകള്‍ കൂട്ടുമ്പോള്‍ തൊണ്ണൂറ്റിഒന്‍പത് ശതമാനം നമുക്കുണ്ട്.

ആകെയുള്ള കേസുകള്‍,  അതായത് ലൈവ് കേസുകളും (ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍) കൂടി ചേര്‍ത്താണ് തൊണ്ണൂറ്റിരണ്ട് ശതമാനം.   
കേസ് ഫറ്റാലിറ്റി റേറ്റ് (അസുഖ ബാധിത മരണങ്ങള്‍) രണ്ടു തരത്തിലാണ് കൂട്ടുന്നത്. സാധാരണ ക്ലോസ്ഡ് കേസുകളാണ് കേസ് ഫറ്റാലിറ്റി റേറ്റ് കണക്കാക്കുന്നത്. എന്നാല്‍ ലൈവ് കേസുകള്‍ കൂടി ചേര്‍ത്താല്‍ നമുക്ക് തൊണ്ണൂറ്റിരണ്ട്  ശതമാനം  ആണ്.

നൂറു ദിവസം തികഞ്ഞ ദിവസം പതിനാറു കേസുകളാണ് ഉണ്ടായിരുന്നത്. ഇതും, മരിച്ചു പോയ മൂന്നു പേരും ഒഴിച്ചാല്‍ ബാക്കിയെല്ലാം രോഗം ഭേദമായവരാണ്. മരണ നിരക്ക് കുറവാണ്.

അതുപോലെ ഡബ്ലിങ് റേറ്റ്  ഇരട്ടിയാകുന്ന റെയ്റ്റ്  പല സംസ്ഥാനങ്ങളിലും ഏഴ് ദിവസത്തില്‍ താഴെയൊക്കെയാണ്. നമുക്ക് എഴുപത്തിരണ്ട്  ദിവസമായിരുന്നു. വീണ്ടും വര്‍ദ്ധിച്ച് എണ്‍പത് ദിവസമായി.  

ഡബ്ലിങ്ങ് റെയ്റ്റ് ഉദ്ദേശിക്കുന്നത് എന്ത്? വിശദീകരിക്കാമോ?

അതായത് ഈ ആഴ്ചയുള്ളതിനേക്കാള്‍ രോഗികള്‍ ഇരട്ടിയാകാന്‍ എടുക്കുന്ന ദിവസം. പല സ്ഥലത്തും ശരാശരി അത് ഏഴു ദിവസമാണ്. ഇത് പല സംസ്ഥാനങ്ങളിലും രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ്. നമുക്കത് എഴുപത്തിരണ്ട് ദിവസം വരെ ആയിരുന്നു മുന്‍പ്. ഇപ്പോള്‍ എണ്‍പത് ദിവസമായിട്ടുണ്ട്. ഇപ്പോള്‍ ഇരട്ടിയാകുന്നില്ല. എങ്കിലും ശരാശരി നിരക്ക് ഇതാണ്.   

ഈ അര്‍ത്ഥത്തിലാണ് നമ്മള്‍ സേഫ് സോണിലാണെന്ന് പറയുന്നത്. പക്ഷേ, സേഫ് സോണ്‍ എന്ന് പറയാന്‍ ആകുന്നില്ല. പക്ഷേ, ഇത് ഇങ്ങനെയായി നില്‍ക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍നിന്ന് കുറെപ്പേര്‍ വരുന്നത്. അതില്‍ ഒന്ന് പോസിറ്റീവായി. ഇനി ഇപ്പോള്‍ ഫ്‌ലൈറ്റില്‍ വരുന്നവര്‍ക്ക് പോസിറ്റീവാകാന്‍ സാദ്ധ്യതയുണ്ട്. വേറെ ഒരു ഫ്‌ലൈറ്റില്‍വന്ന പത്തോളം പേരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇനി ധാരാളം പേര്‍ വരുന്നുണ്ട്. അവരിലെല്ലാം പോസിറ്റീവ് ആകാന്‍ സാദ്ധ്യതയേറെയാണ്. കാരണം ഹൈ റിസ്‌ക് ഏരിയയില്‍നിന്നാണ്  അവര്‍ വരുന്നത്. തമിഴ്‌നാട്ടില്‍നിന്നും കൂട്ടത്തോടെ വരുന്നവരും പോസിറ്റീവ് കൂടാനാണ് സാദ്ധ്യത.

curve flatten ചെയ്തു നില്‍ക്കുമ്പോഴാണ് ഇങ്ങനെ വരുന്നത്. അതില്‍ നിന്ന് കേസുകള്‍ ഉണ്ടാക്കലും. പക്ഷേ ഈ വഴിയേയുള്ളു. വരുന്നവരെ പിന്തുടരാം. ഇപ്പോഴത്തെ എല്ലാ രീതികളും തുടരണം. വരുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച്  ആളുകളെ ശ്രദ്ധിക്കുന്നത് കൂട്ടേണ്ടതുണ്ട്. അതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വോളന്റിയേഴ്‌സ്, പൊലീസ് എന്നിവരുടെ സഹായത്താല്‍ ക്വാറന്റൈന്‍ ഉറപ്പുവരുത്തണം.

ക്വാറന്റൈന്‍ എത്ര ഉറപ്പുവരുത്തിയാലും വീടുകളിലുള്ളവര്‍ക്ക് വരാന്‍ സാധ്യതയുണ്ട്. കൂത്തുപറമ്പ് ഒരു വീട്ടിലെ പത്ത് പേര്‍ക്ക് കൊവിഡ് വന്നു. ഒരാളില്‍നിന്ന് എല്ലാവര്‍ക്കും പകര്‍ന്നു. പക്ഷേ, അവര്‍ പുറത്തിറങ്ങാതിരുന്നതുകൊണ്ട് മറ്റാര്‍ക്കും പകര്‍ന്നില്ല. എന്നാല്‍, ഇറ്റലിയില്‍നിന്ന് വന്നവര്‍ പുറത്തുപോയിരുന്നു.

പക്ഷേ, ഇപ്പോള്‍ പുറത്തുപോകുന്നത് കുറഞ്ഞിട്ടുണ്ട്. കാരണം, ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിച്ചു തുടങ്ങി. ഏതെങ്കിലും വീട്ടില്‍ ഗള്‍ഫില്‍നിന്നോ തമിഴ്‌നാട്ടില്‍നിന്നോ ഉള്ള ആളുകള്‍ ഉണ്ടെങ്കിലും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട്.

ഇനി ഇന്‍സ്റ്റ്യൂഷണല്‍ ക്വാറന്റൈന്‍ ആണെങ്കിലും അതേ വിപത്ത് നിലനില്‍ക്കുന്നു.  ഇന്‍സ്റ്റ്യൂഷണല്‍ ക്വാറന്റൈനില്‍ ആക്കിയാലും അടുത്തടുത്ത റൂമുകളില്‍ പോയി പകരാന്‍ സാദ്ധ്യതയുണ്ട്. മാനുഷ്യരല്ലേ.  സാമൂഹ്യജീവി എന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അപ്പോള്‍ എവിടെയായാലും അപകടമുണ്ട്. ഇന്‍സ്റ്റ്യൂഷണലിലായാലും വീട്ടിലായാലും. ഈ അസുഖത്തിന്റെ ഒരു പ്രത്യേകത പലപ്പോഴും ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതാണ്.  അതുകൊണ്ട് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ടെസ്റ്റുകള്‍ ചെയ്യുക. ഹോസ്പിറ്റലൈസ് ആവുക. മരിക്കാന്‍ വിടാതിരിക്കുക. പിന്നെയുള്ള വലിയൊരു ഭയം പ്രായമുള്ളവരില്‍ കൊവിഡ് വരുന്നതാണ്. അതായത് നമ്മള്‍ റിവേഴ്‌സ് ക്വാറന്റൈന് വലിയ പ്രാധാന്യം കൊടുക്കുന്നു. അത് അങ്ങനെ തന്നെ പാലിച്ചാല്‍ മരണസംഖ്യ കുറയ്ക്കാം. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒരിക്കലും പ്രായമുള്ളവരുടെ അടുത്ത് പോകരുത്. കഴിയുന്നതും പ്രായമുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റണം. ഇനി അവര്‍ക്ക് ബന്ധുക്കള്‍ ഇല്ലെങ്കില്‍, അതുപോലെ ഒറ്റയ്‌ക്കൊരു മുറി കിട്ടുന്നില്ലെങ്കില്‍ ഗവണ്‍മെന്റ് ഒരുക്കുന്ന ക്വാറന്റൈനിലേക്ക് അവര്‍ മാറണം. കൂടുതല്‍ ആളുകള്‍ വരുമ്പോള്‍ ക്വാറന്റൈനില്‍ വലിയ സൗകര്യങ്ങള്‍ കിട്ടിയെന്നു വരില്ല. നമ്മള്‍ ഏര്‍പ്പാടാക്കുന്ന പരിമിതമായ സൗകര്യങ്ങളില്‍ കഴിയേണ്ടി വരും.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെകെ ശൈലജ
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെകെ ശൈലജ

ക്വാറന്റൈന്‍ കാര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടോ? ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ െ്രെപവറ്റ് ക്വാറന്റൈന്‍ അനുവദിക്കാം എന്ന് പറയുന്നുണ്ട്?

അത് ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്. ചില ആളുകള്‍ കൂടുതല്‍ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ടെങ്കില്‍ ആ ഹോട്ടല്‍ മൊത്തത്തില്‍ ക്വാറന്റൈന്‍ കേന്ദ്രമാകണം. ഐസലേഷന്‍ സൗകര്യം അവിടെ പൂര്‍ണ്ണമായും ഉണ്ടാവണം. വോളന്റിയേഴ്‌സിനേയും ഹെല്‍ത്ത് സ്റ്റാഫിനേയും നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തണം. കൂടുതല്‍ ആളുകള്‍ വരുന്നതിനാല്‍ സ്ഥലപരിമിതി ഉണ്ടാകുമെന്നതിനാലാണ് ഇങ്ങനെയൊരു നീക്കത്തിന് ആലോചിക്കുന്നത്. കൂടുതല്‍ ആളുകള്‍ വരുമ്പോള്‍ പലരും restless ആക്കും. ആ വിപത്തും ഒഴിവാക്കാം. അതുകൊണ്ടാണ് അങ്ങനെയൊരു നീക്കം ആലോചിക്കുന്നത്.

ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് രോഗം വരുന്നുണ്ടെന്നു പറഞ്ഞല്ലോ? ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്നൊരു ആശയത്തെക്കുറിച്ച് നാം ചിന്തിക്കുന്നുണ്ടോ? കണ്‍ട്രോള്‍ഡ് സ്‌പ്രെഡ് (നിയന്ത്രിതമായി വ്യാപനം അനുവദിക്കുക) എന്ന വഴിയിലൂടെ?

ചില വിദഗ്ദ്ധര്‍ പറയുന്നത് നിങ്ങള്‍ ഒന്നും ചെയ്യണ്ടേതില്ല എന്നാണ്. ഹേഡ് ഇമ്യൂണിറ്റി വരട്ടെ എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ മരണവും ഉണ്ടാകും. ഹേഡ് ഇമ്യൂണിറ്റി എങ്ങനെയാണ് ഉണ്ടാകുന്നത്? തുടര്‍ച്ചയായി കേസുകള്‍ വന്ന്, ഒരുപാടാളുകള്‍ക്ക് കിട്ടി, അസുഖത്തോട് ഏറ്റുമുട്ടി, മരണങ്ങള്‍ വന്ന് ഹേഡ് ഇമ്യൂണിറ്റി ഉണ്ടാകും.

പ്രശ്‌നം എന്താണെന്നുവച്ചാല്‍ കൊവിഡിന് വാക്‌സിനേഷന്‍ കണ്ടെത്തിയിട്ടില്ല. അപ്പോള്‍ നമ്മള്‍ ഹേഡ് ഇമ്യൂണിറ്റിക്ക് ജനത്തെ വിട്ടുകൊടുക്കാന്‍ പറ്റില്ല. അതാണ് അമേരിക്കയ്ക്ക് പറ്റിയത്. അമേരിക്ക പറഞ്ഞത് ഇത് ആളുകള്‍ക്ക് വന്നിട്ട് അതു പോകുമെന്നാണ്. നമ്മുടെ ലക്ഷ്യം എന്നത് മരണം കുറയ്ക്കുക എന്നതാണ്. അതുകൊണ്ട് നമുക്ക് അങ്ങനെ സാധിക്കില്ല. നിയന്ത്രണങ്ങള്‍ വേണ്ടി വരും.

റിവേഴ്‌സ് ക്വാറന്റൈന് ഒപ്പം ഹേഡ് ഇമ്യൂണിറ്റി നമ്മള്‍ ആലോചിക്കുന്നുണ്ടോ?

അതിലേക്ക് തന്നെയാണ് വരുന്നത്. എന്നാല്‍, എല്ലാവരെയും അധികനാള്‍ അടച്ചിടുന്നത് പ്രായോഗികമല്ല. റെഡ്‌സോണ്‍ അല്ലാത്ത ഏരിയകളില്‍ ആളുകള്‍ ജീവിതവൃത്തിയിലേക്ക് കടന്നുതുടങ്ങണം. കാര്‍ഷികമേഖലയില്‍ വമ്പിച്ച പ്രോജക്റ്റ്‌സ് ഇട്ടിരിക്കുകയാണ്. ആ ആക്റ്റിവിറ്റി, സാമൂഹിക അകലം പാലിക്കല്‍ ചെയ്യണം. അതില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അവരെ വീട്ടില്‍ തന്നെ ഇരുത്തുക. ബാക്കിയുള്ളവര്‍ക്ക് ജോലി ചെയ്യാം എന്നു തന്നെയാണ് കരുതുന്നത്. നമ്മള്‍ പതുക്കെ തുറക്കുകയാണ് എല്ലാം. പക്ഷേ, രോഗ വ്യാപനം  നമ്മള്‍ ഇഷ്ടപ്പെടുന്നില്ല.

കണ്‍ട്രോള്‍ഡ് സ്‌പ്രെഡ് നമ്മള്‍ ആലോചിക്കുന്നില്ല?

കണ്‍ട്രോള്‍ഡ് സ്‌പ്രെഡ് എന്ന കാര്യം ചിന്തിക്കുന്നേയില്ല. കാരണം, സ്‌പ്രെഡ് വന്നാല്‍ നേരത്തെ പറഞ്ഞതുപോലെ ആകില്ല. ഏറെ ഗുരുതരം എന്ന് നമ്മള്‍ പറഞ്ഞിരുന്നത് പ്രായം ചെന്നവരും കോ മോര്‍ബിഡിറ്റി ഉള്ളവരും ആയിരുന്നു. പക്ഷേ, മരിച്ചത്തില്‍ ചെറുപ്പക്കാര്‍ ധാരാളമായുണ്ട്. അതായത് ഈ വൈറസിന്റെ ശരീരത്തിലെ പ്രവര്‍ത്തനം ഇപ്പോഴും വിലയിരുത്തിയിട്ടില്ല.

വിദേശത്തുനിന്നും ആളുകള്‍ വരുമ്പോള്‍  പല രാജ്യങ്ങളിലും വൈറസിന്റെ പല വകഭേദങ്ങളാണ് ഉള്ളത്. ഇപ്പോ വരുന്നവര്‍ വ്യത്യസ്ത വകഭേദങ്ങള്‍ ഉള്ളവര്‍ ആകാന്‍ സാധ്യതയുണ്ട്. അത് നമ്മള്‍ വിലയിരുത്തിയിട്ടുണ്ടോ?

ആകാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ മൂന്നു strains ഉള്ളത്  ഇറ്റലി, വുഹാന്‍, ഇറാന്‍. അതില്‍ ഇറ്റലിയില്‍ strains കുറച്ചു കടുത്തതായിരുന്നു. പഠിക്കാന്‍ തുടങ്ങിയാല്‍ അന്തമില്ലാത്ത കാര്യങ്ങള്‍ ഉണ്ട്. കിട്ടുന്നത് സ്വാംശീകരിക്കുക. എല്ലാത്തിന്റെയും പുറകെ പോയാല്‍ ഒന്നും ചെയ്യാനാകില്ല. പല പഠനങ്ങളും വന്നിട്ടുണ്ട്. ഇത് വായുവില്‍ താങ്ങി നില്‍ക്കും എന്ന് പറഞ്ഞു. ഇരുപത്തേഴു ദിവസം ഉണ്ടാകുമെന്നു പറഞ്ഞു. അതെല്ലാം പഠിക്കുക, അതില്‍ പ്രയോഗികമായതു ചെയ്യുക. അതാണ് നമ്മുടെ രീതി.

ടെസ്റ്റിംഗ് കിറ്റുകളുടെ ലഭ്യത ഒരു പ്രശ്‌നമാണോ? ചൈനയില്‍നിന്ന് ഇതുവരെ വന്നില്ല. ഐ.സി.എം.ആര്‍ തന്നത് തിരിച്ചെടുത്തു?

അത് ആന്റി ബോഡി ടെസ്റ്റ് കിറ്റുകളാണ്. അത് ചൈനയില്‍നിന്ന് ഇതുവരെ കിട്ടിയിട്ടില്ല. ആന്റി ബോഡി ടെസ്റ്റ് പൂര്‍ണമായും വിശ്വാസ്യമല്ല. എന്നിരുന്നാലും ഒരു കൂട്ടം ആളുകളില്‍ വന്നിട്ടുണ്ടോ എന്ന് നോക്കാന്‍ സാധിക്കും. ഏകദേശം ഒരു ഊഹം അതില്‍നിന്ന് ലഭിക്കും. പിന്നെ നമുക്ക് അതിനെ പി.സി.ആര്‍ ടെസ്റ്റിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. ആ ടെസ്റ്റ് കിറ്റുകള്‍ കിട്ടിയിട്ടില്ല. കിട്ടിയാല്‍ നമ്മള്‍ ചെയ്യാന്‍ തയ്യാറാണ്.  

പി.സി.ആര്‍ ടെസ്റ്റ് നമ്മളാണ് ഏറ്റവും നന്നായി ചെയ്തത്. പലരും പറഞ്ഞു ഇവിടെ ടെസ്റ്റിങ്ങ് കുറവാണെന്ന്. നമ്മുടെ ടെസ്റ്റിങ്ങ് മെത്തേഡ് ആണ് ശരിയെന്നത് ലോകം അംഗീകരിച്ചതാണ്. തെലുങ്കാന മന്ത്രി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. നമ്മുടെ മെത്തേഡ് ആണ് ശരി. നമ്മുടെ മെത്തേഡ് തന്നെ അവര്‍ സ്വീകരിക്കുന്നുവെന്ന് പറഞ്ഞു.  

ലക്ഷണങ്ങള്‍ അനുസരിച്ച് ടെസ്റ്റ് ചെയ്യണം. ലക്ഷണങ്ങള്‍ ഇല്ലാത്തപ്പോള്‍  റാന്‍ഡം ടെസ്റ്റിംഗ് നടത്തണം. നമ്മള്‍ അങ്ങനെ റാന്‍ഡം ആയി ചെയ്തതെല്ലാം നെഗറ്റീവ് ആയിരുന്നു. നമുക്ക് കമ്യൂണിറ്റി സ്‌പ്രെഡ് ഇല്ലാ എന്നു പറയുന്നത് നമ്മള്‍ എല്ലാം ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ റാന്‍ഡം ടെസ്റ്റ് ചെയ്തിട്ടുണ്ട്. അതുപോലെതന്നെ പെരിഫറല്‍ ന്യുമോണിയ ടെസ്റ്റ് നടത്തിയിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന മരണങ്ങളില്‍ (നാല്‍പ്പത് എണ്ണം) സാമ്പിള്‍ ശേഖരിച്ച് ടെസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയൊരു ജലദോഷം ഉണ്ടെങ്കില്‍ പോലും മരിച്ച ആളുടെ പി.സി.ആര്‍ ടെസ്റ്റ് ചെയ്തിട്ടേ ബോഡി വിട്ടുകൊടുത്തിട്ടുള്ളു. ഇത് പലയിടത്തും പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും കുറച്ച് ദിവസത്തിനകം മാറും. അതെല്ലാം ചെയ്തതുകൊണ്ടാണ് കമ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടായിട്ടില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നത്. അതെല്ലാം ഇനിയും തുടരണമെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.

എത്ര നാളെടുക്കും കേരളം ഈ കൊറോണ ഭീതിയില്‍നിന്ന് പുറത്തു കടക്കാന്‍?

നമുക്കൊന്നും പറയാന്‍ കഴിയില്ല. ഈ വൈറസ് ഏറെ നാള്‍ നില്‍ക്കും എന്നാണ് പറയുന്നത്. നമ്മള്‍ പതിയെ പതിയെ ഇതിനോടൊപ്പം ജീവിക്കാന്‍ ശീലിക്കും. പെട്ടെന്നായിക്കൂടാ. പെട്ടെന്നായാല്‍ ആളുകള്‍ മരിച്ചു പോകും. പതിയെ പതിയെ ആകുമ്പോള്‍, നമുക്കതിന്റെ പെരുമാറ്റം മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ നമ്മളതിനോട് പൊരുത്തപ്പെടാന്‍ ശീലിക്കും. എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകുക, ചികിത്സിക്കുക, അങ്ങനെ മുന്നോട്ടു പോകുക. ഈ വൈറസ് എത്ര നാള്‍ നിലനില്‍ക്കും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പക്ഷേ, നമ്മള്‍ പതിയെ നിത്യജീവിതത്തിലേക്ക് തിരിച്ചുവരേണ്ടതാണ്.

ചിലര്‍ പറയുന്നത് ജൂണ്‍  ജൂലൈയോട് കൂടി ഇത് അവസാനിക്കുമെന്നാണ്. ചിലര്‍ പറയുന്നത് ഈ വര്‍ഷം മുഴുവന്‍ ഉണ്ടാകുമെന്നാണ്. നമുക്ക് വേണമെങ്കില്‍ ജൂലൈ  ഓഗസ്‌റ്റോടെ എന്ന് പറയാം. പക്ഷേ തമിഴ്‌നാട്ടില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ നമുക്ക് പറയാന്‍ കഴിയില്ല. ഇന്ത്യയിലാകെ നിയന്ത്രണത്തിലായാല്‍ ഒരു നാലഞ്ച് മാസംകൊണ്ട് നമുക്കു കാര്യങ്ങള്‍ വരുതിയിലാക്കാം. പക്ഷേ, നമുക്ക് പറയാന്‍ കഴിയില്ല. അവിടെയും ഒരുപക്ഷേ വരികയാണ്. തമിഴ്‌നാട്, മുംബൈ ഒക്കെ പ്രശ്‌നത്തിലാണ്.

നമ്മുടെ ചിട്ടയായ പ്രവര്‍ത്തനംകൊണ്ട് മുന്നോട്ടുപോകുന്നു എന്ന് പറയാനേ കഴിയൂ. നമുക്ക് നല്ലൊരു ടീമുണ്ട്. എല്ലാവരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് മുന്നോട്ടുപോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com