'അജ്ഞാതന്‍' എഴുതുന്ന കത്തുകള്‍

കത്തിലെ ഭാഷയില്‍ പ്രലോഭനവും ഭീഷണിയും എല്ലാം കലര്‍ന്നിരുന്നതായി ബാലഗോപാലിനു തോന്നി. ആരാണീ അജ്ഞാതന്‍? ശത്രുവോ മിത്രമോ എന്താണ് അയാളുടെ ലക്ഷ്യം?
'അജ്ഞാതന്‍' എഴുതുന്ന കത്തുകള്‍

സ്‌നേഹലതയെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായ ഒരു പ്രഭാതമായിരുന്നു അന്ന്. രാവിലെ 6 മണിയ്ക്ക് മുന്‍പുണര്‍ന്നു. 8-ാം ക്ലാസ്സിലും 6-ാം ക്ലാസ്സിലും പഠിക്കുന്ന മക്കളെ സ്‌കൂളിലേയ്ക്കയക്കാനുള്ള തയ്യാറെടുപ്പുകള്‍, അവരുടെ പ്രഭാതഭക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം തികഞ്ഞ സന്തോഷത്തോടെ നിര്‍വ്വഹിച്ചു. നഗരത്തിലെ പ്രധാന ഗേള്‍സ് സ്‌കൂളില്‍ നല്ലവണ്ണം പഠിക്കുന്ന കുട്ടികളായിരുന്നു അവര്‍. ഭര്‍ത്താവ് ബാലഗോപാല്‍ ഒരു പൊതുമേഖല സ്ഥാപനത്തില്‍ ധനകാര്യ വിഭാഗത്തില്‍ ഭാരിച്ച ചുമതലയുള്ള ഉദ്യോഗസ്ഥന്‍. സാമാന്യം തിരക്കുള്ള ജോലിയായിരുന്നു അദ്ദേഹത്തിന്റേത്. വീട്ടില്‍ ബാലഗോപാലിന് ആഹാര കാര്യങ്ങളിലോ ഒന്നും ദുശ്ശാഠ്യങ്ങളില്ലായിരുന്നു. ജോലിത്തിരക്കിന്റെ അക്ഷമ അദ്ദേഹം വീട്ടില്‍ പ്രകടിപ്പിച്ചുമിരുന്നില്ല. ആ നാലംഗ കുടുംബത്തില്‍ സന്തുഷ്ടി പ്രകടമായിരുന്നു. ടോള്‍സ്റ്റോയ് നിരീക്ഷിച്ചതുപോലെ ഒരു സന്തുഷ്ടകുടുംബത്തിന്റെ സാമാന്യ സ്വഭാവം അവരുടെ ജീവിതത്തില്‍ തുടിച്ചുനിന്നു.

അതിരാവിലെ ആരംഭിച്ച തിരക്കൊഴിഞ്ഞപ്പോള്‍ സമയം ഏതാണ്ട് പതിനൊന്ന് മണിയായി. പിന്നെ വൈകുന്നേരം വരെ വലിയ പണിയൊന്നുമില്ല. അന്ന് മൊബൈല്‍ ഫോണുകളില്ല. ടി.വി. ചാനലുകളുടെ 24 മണിക്കൂര്‍ മത്സരബഹളമില്ല. ഉണ്ടായിരുന്ന ദൂരദര്‍ശന്‍ വിരസമായ ജീവിതത്തിനു പരിഹാരമായില്ല. ചിലപ്പോഴൊക്കെ അതിന് ആക്കം കൂട്ടുകയും ചെയ്തു. ചില കുടുംബ വാരികകളും മാസികകളും ആ വീട്ടമ്മയ്ക്ക് അഭയം നല്‍കി. ഒരു വാരികയുമായി, തികച്ചും അലസമായി, ഏതാണ്ടൊരര്‍ദ്ധ മയക്കത്തില്‍ കട്ടിലില്‍ ചാഞ്ഞിരിക്കുമ്പോള്‍, കാളിംഗ്ബെല്‍ അടിച്ചോ എന്നൊരു സംശയം സ്‌നേഹലതയ്ക്കു തോന്നി. അത് പതിവില്ലാത്തതാണല്ലോ. വെറുതേ തോന്നിയതായിരിക്കും എന്നാദ്യം കരുതിയെങ്കിലും ഒന്നുപോയി നോക്കിയേക്കാമെന്ന് വിചാരിച്ച് മുന്‍വശത്ത് ചെന്ന് കതക് തുറന്നു. ആരെയും കണ്ടില്ല. ഒരു ചുവന്ന മാരുതിക്കാര്‍ ഗേറ്റിനു പുറത്തുനിന്ന് പെട്ടെന്നു സ്റ്റാര്‍ട്ടായി പോകുന്നത് കണ്ടു. അകത്തേയ്ക്ക് പോകാന്‍ കതകടയ്ക്കുമ്പോള്‍ നിലത്ത് ഒരു കവര്‍ കിടക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. സ്നേഹലത അതെടുത്ത് നോക്കുമ്പോള്‍ തന്റെ പേരും അഡ്രസ്സും ആണ് ഇതിലെന്ന് അറിഞ്ഞു. തനിക്കു കത്തോ! അത് പതിവില്ലാത്തതാണല്ലോ, തനിക്കാര് കത്തെഴുതാന്‍ എന്നൊക്കെ അത്ഭുതപ്പെട്ടു. കത്ത് തുറന്നു വായിച്ചു. കത്തയച്ച ആളിന്റെ പേരോ വിലാസമോ അതിലില്ലായിരുന്നു. കത്തിലെ ചില വാചകങ്ങള്‍ ഇങ്ങനെയായിരുന്നു. ''അധികം താമസിയാതെതന്നെ നിനക്ക് ഇപ്പോഴത്തെ വീട്ടില്‍നിന്നും മാറേണ്ടിവരും. നീ ഇന്നേവരെ കണ്ടിട്ടില്ലാത്തതും എന്നാല്‍ നിന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതുമായ ഒരാളെ നീ താമസിയാതെ കണ്ടുമുട്ടും.'' ''നീ ഇവിടെ ജീവിക്കേണ്ടവളല്ല, കാത്തിരിക്കുക.'' അന്ന് വൈകിട്ട് ഓഫീസില്‍നിന്ന് ഭര്‍ത്താവ് ബാലഗോപാല്‍ വന്നയുടന്‍ സ്നേഹലത സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. കത്ത് അദ്ദേഹത്തെ കാണിച്ചു. കത്ത് വായിച്ച് ബാലഗോപാല്‍ വലിയ ഉല്‍ക്കണ്ഠയിലായി. അദ്ദേഹം കത്ത് വീണ്ടും വീണ്ടും വായിച്ചു. കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്തോറും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിച്ചുവന്നു. 

കത്തിലെ ഭാഷയില്‍ പ്രലോഭനവും ഭീഷണിയും എല്ലാം കലര്‍ന്നിരുന്നതായി ബാലഗോപാലിനു തോന്നി. ആരാണീ അജ്ഞാതന്‍? ശത്രുവോ മിത്രമോ? എന്താണ് അയാളുടെ ലക്ഷ്യം?  വരാനിരിക്കുന്ന വലിയ വിപത്തിന്റെ ദുഃസൂചനയല്ലേ ഇത്? വീടിനു വെളിയില്‍ കണ്ട ചുവന്ന മാരുതിക്കാര്‍ വല്ല സൂചനയുമാണോ? അങ്ങനെ പോയി ചിന്തകള്‍. പുറമേ ശാന്തത നടിക്കാന്‍ ശ്രമിച്ചെങ്കിലും ഭയാശങ്കയുടെ നിഴല്‍ മനസ്സില്‍ പതിച്ചു. എത്ര ചോദിച്ചിട്ടും ആ അജ്ഞാതനിലേയ്ക്കു വെളിച്ചം പരത്താന്‍ സ്നേഹലതയ്ക്കും കഴിഞ്ഞില്ല. ആ സന്തുഷ്ടകുടുംബത്തിന്റെ സ്വസ്ഥത അതോടെ നഷ്ടപ്പെട്ടു എന്നതാണ് സത്യം. എന്തുചെയ്യണമെന്നറിയാതെ അവര്‍ കുഴഞ്ഞു. എന്തായാലും കത്തിന്റെ കാര്യം മക്കളെ തല്‍ക്കാലം അറിയിക്കേണ്ട ന്നവര്‍ തീരുമാനിച്ചു. ചിന്തകള്‍ കാടുകയറിയപ്പോള്‍ താനറിയാത്ത രഹസ്യങ്ങളെന്തെങ്കിലും സ്നേഹലതയുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ എന്ന് ഒരു നിമിഷം അയാള്‍ ആലോചിച്ചു. മറഞ്ഞിരുന്ന ഒരജ്ഞാത കാമുകന്‍ രംഗപ്രവേശം ചെയ്യുന്നതിന്റെ നാന്ദികുറിക്കുന്നതാണോ ഈ കത്ത്. ഭാര്യയെ പൂര്‍ണ്ണ വിശ്വാസമായിരുന്ന ബാലഗോപാല്‍ ആ ചിന്ത, മനസ്സിലുയര്‍ന്ന നിമിഷം തന്നെ തള്ളിക്കളഞ്ഞു; നേരിയ കുറ്റബോധത്തോടെ നിഗൂഢത നിറഞ്ഞ ആ കത്ത് തന്റെ ഭാര്യയെ തട്ടിയെടുക്കാനുള്ള ആസൂത്രിത ഭീഷണിയെന്ന നിഗമനത്തില്‍ അയാളെത്തി. 

അടുത്ത നടപടിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ വിഷയം പൊലീസില്‍ പരാതിയായി നല്‍കിയാലോ എന്നലോചിച്ചു. പൊലീസില്‍ പോകും മുന്‍പ് തന്റെ വിശ്വസ്ത സുഹൃത്തായ ഒരു അഡ്വക്കേറ്റിനെ ബാലഗോപാല്‍ കണ്ടു. കത്തിലെ ചില സൂചനകളും ചുവന്ന മാരുതിക്കാറിന്റെ സാന്നിധ്യവും എല്ലാം ഊന്നി, വലിയ ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നും തന്റെ ഭാര്യയെ തട്ടിയെടുക്കാനുള്ള ആസൂത്രിത ശ്രമം തന്നെയാണ് ഇതിന്റെ പിന്നിലെന്നും ബാലഗോപാല്‍ പറഞ്ഞു. അയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നത് ഏറെ പ്രകടം. കത്ത് വായിച്ചപ്പോള്‍ അത് വളരെ വിചിത്രവും പലവിധ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ളതുമാണെന്ന് അഡ്വക്കേറ്റിനു തോന്നി. ഇത്ര നീണ്ട ഒരു കത്ത് വെറുതെ എന്തിനെഴുതണം? കൂട്ടത്തില്‍ ചുവന്ന മാരുതിക്കാറിന്റെ സാന്നിദ്ധ്യവും. പല ചിന്തകളുമുണ്ടായിരുന്നു എങ്കിലും അഡ്വക്കേറ്റ് പ്രതികരിച്ചത് ഇങ്ങനെയാണ്. ''എടുത്തുചാടി പൊലീസില്‍ പോകേണ്ടതില്ല. അതു പിന്നെ പുലിവാലാകരുതല്ലോ- ഒരുപക്ഷേ, ഇത് നിങ്ങളെ അറിയാവുന്ന ആരെങ്കിലും ഒപ്പിച്ച സൂത്രപ്പണിയോ മറ്റോ ആണെങ്കിലോ? ഏതായാലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണോ എന്ന് ഒന്നുകൂടി ആലോചിക്കാം. തല്‍ക്കാലം കാത്തിരിക്കാം.'' അത് തികച്ചും പ്രായോഗികവും പക്വവുമായ ഒരു നിര്‍ദ്ദേശമാണെന്ന് ബാലഗോപാലിനു തോന്നി. മാനസിക സംഘര്‍ഷം അല്പം കുറയുകയും ആശ്വാസത്തോടെ അയാള്‍ അടുത്ത ദിവസം ഓഫീസിലേയ്ക്ക് പോവുകയും ചെയ്തു. 

പക്ഷേ, ഓഫീസില്‍നിന്നു തിരികെ വന്നപ്പോള്‍ കഥ മാറി. സ്നേഹലതയ്ക്ക് വീണ്ടും ഒരു കത്ത്. കത്ത് കിട്ടിയ സമയം മാത്രം മാറി. ഇത്തവണ സമയം ഉച്ചയ്ക്ക് മൂന്ന് മണി. പഴയ ചുവന്ന മാരുതിക്കാറും, പഴയപോലെതന്നെ വീടിനു മുന്നിലൂടെ വേഗത്തില്‍ പോകുന്നതും കണ്ടു. കത്തിന്റെ ഉള്ളടക്കം ഏതാണ്ട് പഴയപടിതന്നെ ആയിരുന്നു. അത് വായിക്കുമ്പോള്‍ അയാളുടെ ഭയാശങ്കകള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു. പിന്നെ വൈകിയില്ല, ബാലഗോപാല്‍ ഉടന്‍തന്നെ തന്റെ അഡ്വക്കേറ്റ് സുഹൃത്തിനെ കണ്ടു. ഇത്തവണ അഡ്വക്കേറ്റിനു കാര്യഗൗരവം ബോദ്ധ്യപ്പെട്ടു. ഉടന്‍ എന്തെങ്കിലും ചെയ്‌തേ പറ്റുവെന്ന ചിന്തയില്‍ അഡ്വക്കേറ്റും എത്തിച്ചേര്‍ന്നു. എസ്.പി ആയിരുന്ന ഞാനുമായി നല്ല അടുപ്പമുണ്ടായിരുന്ന അഡ്വക്കേറ്റിന്റെ ഉപദേശ പ്രകാരം ഉടനെ എന്നെ കാണാന്‍ അവര്‍ തീരുമാനിച്ചു. 

തൊട്ടടുത്ത ദിവസം രാവിലെ രണ്ടുപേരും ഓഫീസിലെത്തി എന്റെ മേശയ്ക്കരികിലേയ്ക്ക് നടന്നടുക്കുമ്പോള്‍ത്തന്നെ അഡ്വക്കേറ്റിനൊപ്പമുണ്ടായിരുന്ന അപരിചിതന്റെ മുഖം സംഘര്‍ഷഭരിതമാണെന്ന് ഒറ്റനോട്ടത്തില്‍ ഞാന്‍ മനസ്സിലാക്കി. കോടതിയുള്ള ദിവസം ആ സമയത്ത് അഡ്വക്കേറ്റ് വരണമെങ്കില്‍ എന്തോ ഗൗരവമുള്ള കാര്യമായിരിക്കും എന്നും കരുതി. ''സാറിന് ധാരാളം സന്ദര്‍ശകരുണ്ട്. ഞാന്‍ അധികസമയം എടുക്കില്ല'' എന്ന വാക്കുകളോടെ അഡ്വക്കേറ്റ് കൂടെ ഉണ്ടായിരുന്ന ആളെ പരിചയപ്പെടുത്തി. ''ഇത് ബാലഗോപാല്‍, ബാലു എന്റെ അടുത്ത സുഹൃത്താണ്, വര്‍ഷങ്ങളായി. ബാലുവിനൊരു വലിയ പ്രശ്നം. ഒരു ഗുണ്ടാ ഭീഷണി. ഭീഷണി ബാലുവിന്റെ ഭാര്യയ്ക്കാണ്. ഭാര്യ സ്നേഹലതയ്ക്ക് ഇതിനകം രണ്ട് ഭീഷണിക്കത്തുകള്‍ കിട്ടിക്കഴിഞ്ഞു.''

വലിയ തലവേദനയുടെ എളിയ തുടക്കമാണല്ലോ ഇത് എന്ന്  മനസ്സ് പറഞ്ഞു. ക്ഷമയോടെ ഞാനവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. അവസാനം സ്നേഹലതയ്ക്ക് ലഭിച്ച രണ്ടു കത്തുകളും എന്നെ ഏല്പിച്ചു. ഞാനതോടിച്ചുനോക്കി- നല്ല കൈയക്ഷരം. നഗരത്തിലെ ഗുണ്ടകളുടെ നിലവാരം കൊള്ളാം. മനസ്സില്‍ അപ്പോഴും തമാശ. വീട്ടമ്മമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന പുതിയ ഗുണ്ടാസംഘങ്ങളെക്കുറിച്ചൊക്കെയായിരുന്നു ബാലഗോപാലിന്റെ ഭയം. ചില blackmailing പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ സ്വഭാവം വ്യത്യസ്തമായിരുന്നു. കത്ത് രണ്ടും അങ്ങേയറ്റം ദുരൂഹമായിരുന്നു. ഭീഷണിയും പ്രലോഭനവും കലര്‍ന്ന ഉള്ളടക്കം, വീടിന്റെ പരിസരത്ത് കണ്ട ചുവന്ന മാരുതിക്കാര്‍-എല്ലാം ദുരൂഹത വര്‍ദ്ധിപ്പിച്ചു. ''സ്നേഹലത വല്ലാതെ പേടിച്ചിരിക്കുകയാണോ?'' ഞാന്‍ ചോദിച്ചു. മറുപടി പറഞ്ഞത് വക്കീലാണ്. ''ബാലഗോപാലിനാണ് കൂടുതല്‍ പേടി.'' എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്കു ധാരണയൊന്നുമില്ലായിരുന്നു എന്നതാണ് സത്യം. എങ്കിലും പ്രതീക്ഷയര്‍പ്പിച്ച് മുന്നിലിരിക്കുന്ന ബാലഗോപാലിന്റെ ഉല്‍ക്കണ്ഠയെ എന്റെ പ്രതികരണം സ്വാധീനിക്കും എന്ന വ്യക്തമായ ബോധം മനസ്സിലുണ്ടായി. ''ഇക്കാര്യം നേരിട്ട് കൈകാര്യം ചെയ്യാം'' എന്നുമാത്രം പറഞ്ഞുനിര്‍ത്തി. കത്തുകള്‍ കൈവശം സൂക്ഷിച്ചു. എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെട്ടുകൊള്ളൂവെന്ന് ബാലഗോപാലിനു വാക്കു നല്‍കി. പോകാന്‍ അവരെഴുന്നേല്‍ക്കുമ്പോള്‍ ബാലുവിനെ നോക്കി സൗഹൃദഭാവത്തില്‍ ഞാന്‍ പറഞ്ഞു: ''ഇപ്പോള്‍ മുതല്‍ നിങ്ങളുടെ ഭാരം എന്റേതുകൂടിയാണ്.''

അവര്‍ പോയശേഷം ആ കത്തുകള്‍ വീണ്ടും ഒരിക്കല്‍ക്കൂടി വായിച്ചു. ഇതൊരു ഗുണ്ടാ കത്തൊന്നുമല്ല എന്ന് മനസ്സില്‍ തോന്നി. കത്തുകള്‍ മാറ്റിവെച്ച് മറ്റു തിരക്കുകളില്‍ മുഴുകി. എങ്കിലും ഇടയ്ക്കിടെ ബാലഗോപാലിന്റെ സംഘര്‍ഷം നിറഞ്ഞ മുഖവും കത്തുകളും മനസ്സില്‍ കടന്നുവന്നു കൊണ്ടിരുന്നു. സന്ധ്യയ്ക്ക് തിരക്കൊഴിഞ്ഞപ്പോള്‍ വീണ്ടും കത്തുകള്‍ പുറത്തെടുത്തു അതിലേയ്ക്ക് കടക്കും മുന്‍പു തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ്ബാബുവിനെ വിളിപ്പിച്ചു. നഗരത്തിലെ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ചുവന്ന മാരുതിക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ള സംഭവങ്ങളുണ്ടോ എന്ന് അടിയന്തരമായി വിവരം ശേഖരിക്കാന്‍ പറഞ്ഞു. മറ്റ് കാര്യങ്ങളൊന്നും പറഞ്ഞില്ല. രണ്ട് കത്തും സാവകാശം മനസ്സിരുത്തി വായിച്ചു. ഇത്തവണ ഗുണ്ടാഭീഷണി കത്തില്‍നിന്നും അപ്രത്യക്ഷമായതുപോലെ തോന്നി. കത്തിലെ ചില വാചകങ്ങള്‍ ഭീഷണിയായി വേണമെങ്കില്‍ വ്യാഖ്യാനിക്കാമെങ്കിലും നഷ്ടബോധത്തിന്റെ ചില മിന്നലാട്ടങ്ങള്‍ വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. വരാനിരിക്കുന്ന സമാഗമത്തെക്കുറിച്ചുള്ള വ്യഗ്രത ആ വരികളില്‍ തുടിക്കുന്നതായി സംശയം തോന്നി. എനിക്ക് കൗതുകമായി. ഒരേ കത്തില്‍ ഒരാള്‍ ഗുണ്ടാഭീഷണി കാണുന്നു. മറ്റൊരുവന്‍ നഷ്ടബോധവും സമാഗമവും. പരിപ്രേക്ഷ്യം സംബന്ധിച്ച് മനഃശാസ്ത്രത്തില്‍ പണ്ടു പഠിച്ച ചില പാഠങ്ങള്‍ ഓര്‍ത്തു. കണ്ണില്‍ പതിയുന്ന വസ്തു ഒന്നാണെങ്കിലും കാണുന്നതെന്താണ് എന്ന് നിശ്ചയിക്കുന്നത് കാഴ്ചക്കാരന്റെ മനസ്സാണ്. രാത്രി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴും ഈ വിഷയം മനസ്സിലുണ്ടായിരുന്നു. പെട്ടെന്ന് ഒരു കാര്യം മനസ്സിന്റെ ഉപരിതലത്തിലേയ്ക്കുയര്‍ന്നുവന്നു. രണ്ടു കത്തുകളും കിട്ടുമ്പോള്‍ വീട്ടില്‍ സ്നേഹലത മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ആകസ്മികമാണോ? അതോ അതും ഗുണ്ടാസംഘത്തിന്റെ കൗശലമോ? വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചിരുന്ന ഡോ. എ.ടി. കോവൂരിന്റെ ഡയറിയിലെ ചില സംഭവങ്ങളും ഓര്‍മ്മയിലെത്തി. തല്‍ക്കാലം അന്നത്തെ അന്വേഷണം അവിടെ നിന്നു. 

തൊട്ടടുത്ത ദിവസങ്ങള്‍ ഒരു വി.ഐ.പി. സന്ദര്‍ശനത്തിന്റെ തിരക്കായിരുന്നു. എനിക്കും നഗരത്തിനും. എങ്കിലും ഇടവേളകളില്‍ സ്നേഹലതയുടെ കത്തുകള്‍ ഇടയ്ക്കിടെ മനസ്സിന്റെ അടിത്തട്ടില്‍നിന്നു മുകളിലേയ്ക്കുയരുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം വൈകുന്നേരം ഓഫീസിലിരിക്കുമ്പോള്‍ ബാലഗോപാലും വക്കീലും വീണ്ടും എന്നെ കാണാനെത്തി. ബാലഗോപാല്‍ തികച്ചും അസ്വസ്ഥനായിരുന്നു. ''സാര്‍, ഇന്നുച്ചയ്ക്ക് വീണ്ടും ഒരു കത്തുകൂടി കിട്ടിയിരിക്കുന്നു.'' അതു വന്നതും സ്നേഹലത മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു. ഇത്തവണ മാരുതിക്കാര്‍ കണ്ടില്ല. പക്ഷേ, വേഗത്തില്‍ പാഞ്ഞ ഒരു കാറിന്റെ ശബ്ദം കേട്ടു. കത്ത് ഞാന്‍ വായിച്ചു. അതിന്റെ ഉള്ളടക്കം പഴയ രീതിയില്‍ത്തന്നെയായിരുന്നു. 'ഭീഷണി'യും 'പ്രലോഭന'വും എല്ലാം പഴയപടി. പക്ഷേ, കൂട്ടത്തില്‍, കേരളത്തിന് പുറത്ത് കന്യാകുമാരിക്കടുത്ത് ഒരു കോളേജില്‍ ജോലി നോക്കിയിരുന്ന ഇംഗ്ലീഷ് പ്രൊഫസറുണ്ടെന്നും അദ്ദേഹത്തിന് ''നിന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ടെ''ന്നുമുള്ള ചില പരാമര്‍ശങ്ങളുമുണ്ടായിരുന്നു. പരസ്പരബന്ധമില്ലാത്ത ഇത്തരം ദുരൂഹസൂചനകള്‍ ബാലഗോപാലിനെ കൂടുതല്‍ ബുദ്ധിമുട്ടിച്ചു  എന്നതായിരുന്നു സത്യം. അന്വേഷണപുരോഗതിയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ രണ്ടു പേര്‍ക്കുമുണ്ടായിരുന്നു. കാര്യമൊന്നും വെളിപ്പെടുത്താതെ ബാലഗോപാലിനു ധൈര്യം പകരാനെന്നു കരുതി എന്തോ ചിലത് പറഞ്ഞ് ആ സന്ദര്‍ശനം അവസാനിപ്പിച്ചു. അവര്‍ എഴുന്നേറ്റ് പോകുമ്പോള്‍ മറ്റൊരു കാര്യം സംസാരിക്കാനുണ്ട് എന്ന വ്യാജേന വക്കീലിനെ മാത്രം തിരികെ വിളിച്ചു.
അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനു ചില സംശയം ദൂരീകരിക്കേണ്ടതുണ്ടെന്ന് ഞാനദ്ദേഹത്തോട് സൂചിപ്പിച്ചു. സ്നേഹലതയെക്കുറിച്ച് ചോദിച്ചതിനു ലഭിച്ച മറുപടിയുടെ ചുരുക്കം അവര്‍ ഒരുത്തമ കുടുംബിനി എന്നതായിരുന്നു. പൊലീസുദ്യോഗസ്ഥര്‍ ചിലപ്പോള്‍ തെറ്റായി സംശയിക്കാമെന്നും എങ്കിലും സ്നേഹലത സ്വന്തമായി എഴുതിയ എന്തെങ്കിലും പേപ്പറുകള്‍ സംഘടിപ്പിച്ചു തരാമോ എന്ന് ഞാനാരാഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അഡ്വക്കേറ്റ് സ്നേഹലത നേരത്തെ എഴുതിയിരുന്ന ചില കുറിപ്പുകള്‍ എനിക്കെത്തിച്ചു. 

ഇതും സ്നേഹലതയ്ക്ക് കിട്ടിയ മൂന്ന് ഭീഷണിക്കത്തുകളുമായി ഞാന്‍ നേരിട്ട് ഫോറന്‍സിക്ക് സയന്‍സ് ലാബോറട്ടറിയിലെത്തി. കയ്യെഴുത്ത് വിദഗ്ദ്ധനെ കണ്ടു. സംക്ഷിപ്തമായി അദ്ദേഹത്തോട് വിവരങ്ങള്‍ പറഞ്ഞു കയ്യക്ഷരം പരിശോധിക്കാന്‍ ഓരോ കത്തും സ്നേഹലതയുടെ കുറിപ്പും അദ്ദേഹത്തിനു നല്‍കി. എല്ലാം സൂക്ഷ്മമായി പരിശോധിച്ച് അദ്ദേഹം പറഞ്ഞു മൂന്ന് കത്തുകളിലേയും കയ്യക്ഷരം ഒന്നുതന്നെ. സ്നേഹലതയുടേതായി തന്ന കുറിപ്പിലെ കയ്യക്ഷരവും കത്തുകളിലേതുതന്നെ. ചുരുക്കത്തില്‍ 'ഭീഷണിക്കത്തു'കളെല്ലാം എഴുതിയത് സ്നേഹലത തന്നെ. അങ്ങനെ ഗുണ്ടാഭീഷണിക്കു തിരശ്ശീല വീണു.

തന്നെ സ്നേഹിക്കുന്ന ഭര്‍ത്താവും മക്കളുമായി സന്തുഷ്ട കുടുംബജീവിതം നയിച്ചിരുന്ന സ്നേഹലത എന്തുകൊണ്ട് ഈ കത്തുകളെഴുതി? സ്നേഹലത സ്വന്തം അച്ഛനമ്മമാര്‍ ഉപേക്ഷിച്ച ഒരനാഥ കുഞ്ഞായിരുന്നുവെന്നും അനാഥാലയത്തില്‍നിന്ന് അവരെ രക്ഷിതാക്കള്‍ ദത്തെടുത്ത് നല്ലനിലയില്‍ വളര്‍ത്തി കോളേജ് വിദ്യാഭ്യാസമെല്ലാം നല്‍കിയെന്നും എല്ലാം ഉള്ള പശ്ചാത്തലം ബാലഗോപാലില്‍നിന്നുതന്നെ എനിക്കു പിന്നീട് മനസ്സിലായി. ഈ അറിവോടെ ആ കത്തുകള്‍ വീണ്ടും വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്കു കിട്ടാതെ പോയ സ്വന്തം അച്ഛന്റേയും അമ്മയുടേയും സ്നേഹം ഇന്നും മനസ്സില്‍ തീവ്രമായ ഒരു നൊമ്പരമായി അടിഞ്ഞുകിടക്കുന്നു എന്നാണ്. നഷ്ടബോധം കൂടുതല്‍ തീവ്രമാകുന്നത്  അച്ഛന്റെ കാര്യത്തിലാണെന്നു വ്യക്തം. കാര്യങ്ങള്‍ ബാലഗോപാലിനെ ബോധ്യപ്പെടുത്തി. ഭാവിയില്‍ ശ്രദ്ധിക്കുന്നതിനു സാമാന്യ ബുദ്ധിയില്‍ തോന്നിയ ചില ആശയങ്ങള്‍ അദ്ദേഹവുമായി പങ്കുവെച്ചു. വിഷയത്തിനു വിരാമമിട്ടു. അപ്പോഴും ഒരു ചിന്ത അവശേഷിക്കുന്നു. ശാസ്ത്രം അതിവേഗം പുരോഗമിച്ച് മനുഷ്യന്‍ ചന്ദ്രനിലെത്തി, ചൊവ്വയേയും മറ്റു ഗോളങ്ങളേയും കീഴ്പെടുത്താം നാളെ; ''നീരവ നീലാകാശ മേഖലകളില്‍ നാളെ താരകേ നിന്നെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കും ഞാന്‍'' എന്ന കവിഭാവനയും യാഥാര്‍ത്ഥ്യമാകാം. പക്ഷേ, അപ്പോഴും സ്വന്തം മനസ്സിന്റെ തമോഗര്‍ത്തങ്ങളില്‍ എന്താണുള്ളത് എന്നത് അവന് അജ്ഞാതമായിത്തന്നെ തുടരും.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com