'സംഗീതത്തിന് മതമില്ല'- സുനിത നെടുങ്ങാടി സംസാരിക്കുന്നു

ഗസലുകള്‍, ഗീതികള്‍, തുമ്രികള്‍, അര്‍ദ്ധ ശാസ്ത്രീയ സംഗീതം എന്നീ മേഖലകളിലായിരുന്നു സുനിതയുടെ സംഗീത സഞ്ചാരം
സുനിത നെടുങ്ങാടി
സുനിത നെടുങ്ങാടി

സല്‍ സംഗീതത്തിനും അതിന്റെ അവതരണഘടനയ്ക്കും നവ്യമായ ഭാവുകത്വം നല്‍കിയ ഗായികയാണ് സുനിത നെടുങ്ങാടി. ആലാപനത്തിലെ പതിവു വഴികളെ ഉല്ലംഘിക്കുകയും തനതായ വ്യാഖ്യാനങ്ങള്‍ അതിനു നല്‍കുകയും ചെയ്യുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. മനോധര്‍മ്മ സംഗീതത്തിന്റെ ഘടനാപരമായ പ്രകൃതത്തെ പുതിയ തരത്തില്‍ അഭിസംബോധന ചെയ്യാന്‍ ശ്രദ്ധിക്കുകയും ഓരോ ആലാപനവേളയേയും അവതരണത്തിന്റെ വ്യാഖ്യാന ഭേദങ്ങളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തുവെന്നതാണ് സുനിത നെടുങ്ങാടിയെ വേറിട്ടു നിര്‍ത്തുന്നത്.

ഗസല്‍ എന്ന കലയെ സൗന്ദര്യാത്മകമായും ചരിത്രപരമായും സാമൂഹികമായും എല്ലാം പുനര്‍നിര്‍വ്വചിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കര്‍ണാടകസംഗീതത്തില്‍ നിന്നായിരുന്നു തുടക്കം. പാലക്കാട് സായി ഗീത, മണ്ണൂര്‍ രാജകുമാരനുണ്ണി, പുതുപ്പരിയാരം ഉണ്ണിക്കൃഷ്ണന്‍ എന്നിവരായിരുന്നു കര്‍ണാടകസംഗീതത്തിലെ ഗുരുക്കന്മാര്‍.

ഗസലുകള്‍, ഗീതികള്‍, തുമ്രികള്‍, അര്‍ദ്ധ ശാസ്ത്രീയ സംഗീതം എന്നീ മേഖലകളിലായിരുന്നു സുനിതയുടെ സംഗീത സഞ്ചാരം. ഇന്ത്യയ്ക്ക് അകത്തും പുറത്തും സംഗീത അവതരണം എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ സംഗീത ബാന്‍ഡുകളായിരുന്നു സാഹിതിയും ലയയും. മലയാളത്തിലും തമിഴിലും ചലച്ചിത്രഗാനങ്ങള്‍ സുനിതയുടേതായി പുറത്തുവന്നിട്ടുണ്ട്.
സൂഫി പറഞ്ഞ കഥ, നിലാവ്, ജാനകി, തൊഴില്‍കേന്ദ്രത്തിലേക്ക്, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഞാന്‍ നിന്നോട് കൂടെയുണ്ട് എന്നീ സിനിമകളില്‍ അഭിനേത്രിയായി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

അവധൂത് ഗുപ്തെ, ആസിന്‍ അലി എന്നിവരാണ് സുനിതയുടെ ഗസല്‍ ഗുരുക്കന്മാര്‍. സ്വരലയ ഫെസ്റ്റിവല്‍, തിരൂര്‍ തുഞ്ചന്‍ ഉത്സവം, ചെന്നൈ കലാസഭാ എന്നിവിടങ്ങളില്‍ അവതരിപ്പിച്ച സംഗീത പ്രോഗ്രാമുകള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൃഷ്ണ കാലേയ ലീല (രമേശ് നാരായണന്‍) എന്ന ഹിന്ദുസ്ഥാനി ഭജന്‍സ്, സന്ധ്യാവന്ദനം (രാഘവന്‍ മാസ്റ്റര്‍), പുലരി, വേഴാമ്പല്‍, ഗതകാലസ്മരണകള്‍, എന്റെ ഗുരുവായൂരപ്പന്‍, തന്‍ഹ, യാദ് എന്നിങ്ങനെ നിരവധി സാഹിത്യ ആല്‍ബങ്ങള്‍ സുനിതയുടേതായിരുന്നു. 

പ്രസിദ്ധ ബാലസാഹിത്യകാരന്‍ ആയിരുന്ന പി. നരേന്ദ്രനാഥിന്റെ മകളാണ് സുനിത നെടുങ്ങാടി. സംഗീത ജീവിതത്തെക്കുറിച്ച് സുനിത നെടുങ്ങാടി സംസാരിക്കുന്നു.

സരോദ് വാദകൻ ഉസ്താദ് അംജത് അലി ഖാനോടൊപ്പം
സരോദ് വാദകൻ ഉസ്താദ് അംജത് അലി ഖാനോടൊപ്പം

സംഗീതത്തിന്റെ ക്ലാസ്സിക്കല്‍ പ്രകൃതത്തെ പരമ്പരാഗതത്തിനു വിപരീതമായ ഒരു ലോകവുമായി കൂട്ടിയിണക്കുന്നതിനെക്കുറിച്ച്?

'പരമ്പരാഗതം' എന്ന വാക്കുമായി കൂട്ടിവായിക്കേണ്ടിവരും ഇതിന്റെ ഉത്തരം പറയണം എന്നുണ്ടെങ്കില്‍. പാരമ്പര്യത്തിനു വിപരീതമായ ഒരു കൂട്ടിയിണക്കല്‍ എന്തുകൊണ്ടും കലാ ലോകത്തിന് ആരോഗ്യകരമാണ്. പണ്ഡിത വരേണ്യവര്‍ഗ്ഗത്തിനു മാത്രം കുത്തകയായിരുന്ന കര്‍ണാടകസംഗീതം 'ശങ്കരാഭരണം' എന്ന സിനിമയ്ക്കു ശേഷം വലിയ തോതില്‍ ജനകീയവല്‍ക്കരിക്കപ്പെട്ടത് ദൃഷ്ടാന്തം. ഗസലില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവന്നത് തീര്‍ച്ചയായും ജഗ്ജിത് സിംഗ് ആണ്. ഡിജിറ്റല്‍ യുഗത്തിന് ആരംഭം കുറിച്ചു അദ്ദേഹത്തിന്റെ 'യല്യീിറ ശോല'എന്ന ആല്‍ബം. ലണ്ടനില്‍ റെക്കോര്‍ഡിങ്ങ് നടത്തപ്പെട്ട ഈ ആല്‍ബം സൗണ്ട് ക്വാളിറ്റിയില്‍ ഇന്നും അതിശയമാണ്. പരമ്പരാഗത രാഗതാളങ്ങളുടേയും വെസ്റ്റേണ്‍ സംഗീതോപകരണങ്ങളുടേയും മനംകവരുന്ന കൂടിച്ചേരല്‍ കവിതകളെക്കുറിച്ച് വിജ്ഞാനം ഇല്ലാത്ത സാധാരണക്കാര്‍ക്കും കൂടി വശ്യം ആക്കി തീര്‍ത്തു ഗസല്‍ എന്ന ഗാനശാഖ. സമൂലമായ, തീര്‍ത്തും സ്വാഗതാര്‍ഹമായ മാറ്റം ഹിന്ദുസ്ഥാനി സംഗീതത്തില്‍ പരമ്പരാഗത ശൈലി വളരെ സാധാരണമാണ്. 'ഘരാന' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഒരു ഗുരുവിന്റെ ശൈലി പിന്‍തലമുറക്കാര്‍ തുടര്‍ന്നുപോവുകയും അതു മാത്രമേ ഉപാസിക്കാന്‍ പാടുള്ളൂ എന്ന നിര്‍ബ്ബന്ധബുദ്ധിയും ഉള്ളതാണ് ഘരാനകള്‍.

പിന്നീട് സ്വതന്ത്രമായി സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ ഈ വഴിയില്‍നിന്ന് മാറുകയോ സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുകയോ ചെയ്യാം. അത് വേറൊരു ഘരാന എന്ന പേരില്‍ അറിയപ്പെടും. പക്ഷേ, എല്ലാ കലാ സംസ്‌കാരങ്ങളിലും ഇത് കാണാം. ഒരു പ്രത്യേക കല, ആ കലക്ക് ഒരു കളരി, ആ കളരിക്ക് ഒരു ഗുരു, ആ ഗുരുവിനെ പിന്തുടരുന്ന ശിഷ്യപരമ്പര. ഈ ശൈലികളെ നമ്മള്‍ പ്രത്യേക പേരിട്ടു വിളിക്കുന്നില്ല എന്നുമാത്രം. കലകള്‍ക്കു തനതായ ശൈലി രൂപപ്പെടുന്നത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റ ഗസലുകള്‍ ഇപ്പോഴും വളര്‍ച്ച എത്തിക്കൊണ്ടിരിക്കാന്‍ ശ്രമിക്കുന്ന ഒരു കലാരൂപമാണ്. നോര്‍ത്ത് ഇന്ത്യയിലാണല്ലോ ഉത്ഭവവും വളര്‍ച്ചയും അഭിവൃദ്ധിയും ഒക്കെ. നമ്മള്‍ അവരില്‍നിന്ന് കടംകൊണ്ടതാണ് ഇത്. കേരളത്തിലെ കച്ചേരികള്‍ നടക്കുമ്പോള്‍ പ്രത്യേകത ഞാന്‍ പറഞ്ഞു. ഒരു കല... അതില്‍ ആസ്വാദനത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയാണ്  ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാരമ്പര്യത്തിനെപ്പറ്റി ഒന്നും അവകാശപ്പെടാനില്ല. കേരളത്തില്‍ രൂപംകൊണ്ടിട്ടുള്ള ഗസലിന് അതിന്റേതായിട്ടുള്ള  ഒരു മുഖമുണ്ട്, തനതായ സ്വഭാവം ഉണ്ട്. അത് ജനങ്ങളിലേക്ക് എത്തിക്കണം എങ്കില്‍ അതിന്റെ മാത്രമായിട്ടുള്ള വഴികളുമുണ്ട്. അത് അതായിട്ട് നിലനില്‍ക്കുന്നു.

പുതിയ കാലഘട്ടത്തിന്റെ അഭിരുചികളെ അഭിസംബോധന ചെയ്യുന്ന വിധങ്ങള്‍?

പഴയകാല കച്ചേരികള്‍, നാടകങ്ങള്‍, കഥകളി ഇതിനൊക്കെ എത്ര സമയമാണ് കലാകാരനും ആസ്വാദകനും മാറ്റിവെച്ചിരുന്നത്! സൗന്ദര്യാനുഭൂതിയെക്കാള്‍ കലാകാരനു തന്റെ പാണ്ഡിത്യം, വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും ഒരു രാഗത്തിന്റെ ആലാപനം കച്ചേരികളില്‍. അനന്തമായ ജ്ഞാന മരന്ദമുണ്ട്. മത്തുപിടിക്കുന്ന ആസ്വാദക ഹൃദയം അന്നത്തെ സഭയ്ക്കും ഉണ്ടായിരുന്നു. മനസ്സ് മാത്രമല്ല, സമയവും. മാത്രമല്ല, ചോയ്സും വളരെ കുറവായിരുന്നു.

ഇന്ന് ചാനലുകളും സോഷ്യല്‍ മീഡിയകളും തെരഞ്ഞെടുക്കാനുള്ള അനന്ത സ്വാതന്ത്ര്യം കൊടുക്കുന്നു പ്രേക്ഷകന്. അതുകൊണ്ടുതന്നെ സമയദൈര്‍ഘ്യം കലയ്ക്ക് വെല്ലുവിളിയാകുന്നു. ആദ്യത്തെ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ആസ്വാദകനെ ആകര്‍ഷിക്കുക എന്നത് പ്രധാന കടമ്പ ആയിത്തീരുന്നു. സാവധാനം ഉരുത്തിരിഞ്ഞ ഈ കലാശീലത്തിന് കൃത്യമായ ഉദാഹരണമാണ് 'അണ്‍പ്ലഗ്ഡ്' (Unplugged).

പുതിയ കാലത്തിന്റെ അഭിരുചികളില്‍ ഏറ്റവും പ്രധാനമായി വന്നിട്ടുള്ള ഒന്നാണ് അണ്‍പ്ലഗ്ഡ്. ഇഷ്ടപ്പെട്ട കുറെ പാട്ടുകള്‍ നമ്മള്‍ പാടുന്നു. ജനങ്ങള്‍ അത് ആസ്വദിക്കുന്നു. ചെറിയ സ്‌ക്രീനും ചെറിയ ഓഡിയന്‍സുമാണെങ്കില്‍ വളരെയേറെ ഫലപ്രദമാക്കാന്‍ പോന്ന ഒരു ആര്‍ട്ട് ഫോം.

സംഗീതത്തിലെ പോപ്പുലര്‍, ക്ലാസ്സിക് എന്നിവയെ എങ്ങനെ കാണുന്നു?

ജനങ്ങള്‍ക്ക് പ്രിയങ്കരമായ പഴയകാല ഗാനങ്ങള്‍ ഭൂരിഭാഗവും ക്ലാസ്സിക്സ് ആണ്. താളത്തിന്റെ മേഖലയില്‍ വന്ന പരീക്ഷണങ്ങള്‍ ആസ്വാദനരീതികളില്‍ ഏറെ വ്യത്യാസം വരുത്തി. ക്ലാസ്സിക് ആകാന്‍ അര്‍ഹത ഉണ്ടെങ്കിലും ജനശ്രദ്ധ പിടിച്ചുപറ്റാതെ മാഞ്ഞുമറഞ്ഞു പോകുന്ന ജാതകം ആണ് പല നല്ല ഗാനങ്ങള്‍ക്കും ഇന്നുള്ളത്. നല്ല പ്രവണത അല്ല ഇത്. സോഷ്യല്‍ മീഡിയയില്‍ കുമിഞ്ഞുകൂടുന്ന ശരാശരി ഗാനങ്ങളുടെ പട്ടികയില്‍ പെട്ടുപോവുകയാണ് പലപ്പോഴും ഇവ.

സാഹിത്യവുമായി സംഗീതത്തിനുള്ള ബന്ധത്തെ എങ്ങനെ കാണുന്നു; പ്രത്യേകിച്ചും ഗസല്‍ രൂപങ്ങളില്‍...?

അഭേദ്യമായ ബന്ധമാണ് സാഹിത്യവും സംഗീതവും തമ്മിലുള്ളത്. രണ്ടും അന്യോന്യം ആശ്രയിച്ചാണിരിക്കുന്നത്; പ്രത്യേകിച്ച് ഗസലില്‍. ഗസല്‍ എന്ന് പറഞ്ഞാല്‍ത്തന്നെ കവിതയാണ്. അനേകം ഈരടികള്‍ അഥവാ 'ഷേറുകള്‍' ആണ് ഗസലിന്റെ ഉള്ളടക്കം. റെഡിഫ്, ബഹര്‍, കാഫിയ, മഗ്ത, തബ്ലൂസ്, മത്ല എന്നീ നിയമങ്ങളുടെ ചട്ടക്കൂട്ടിലാണ് ഗസലിന്റെ വാസം. കലയുടെ ഏറ്റവും ഉദാത്തവും ഉന്നതവുമായ ഭാവമാണ് കവിത. ആ കവിതയെ ഒന്നും രണ്ടുമല്ല അനേകം നിബന്ധനകള്‍ക്ക് അനുസൃതമായി സൃഷ്ടിക്കുമ്പോഴും... സ്വച്ഛന്ദം വിഹരിക്കുവാന്‍ സ്വാതന്ത്ര്യം ലഭിച്ച കവിതകളേക്കാള്‍... ആകസ്മികമായി ഉടലെടുത്തെന്നപോലെയുള്ള വൈഭവം ആകാന്‍ ഗസലുകള്‍ക്ക് കഴിയുന്നു എന്നുള്ളത് ദൈവികത തന്നെ.

മലയാള കവിതകള്‍ വരെയുള്ള പുതിയ പാഠങ്ങള്‍ ഗസല്‍ സംഗീതത്തില്‍ ഉള്‍പ്പെടുന്ന രീതി?

മലയാള കവിതകളെ ഗസലിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍, അതില്‍ ആവര്‍ത്തന സാധ്യതയുള്ള വരികളുടെ തെരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. പല്ലവി, അനുപല്ലവി, ചരണം എന്നിവ ആണല്ലോ ഒരു ഗാനത്തിന്റെ സ്വാഭാവിക അംഗങ്ങള്‍. അവക്ക് ഏറ്റക്കുറച്ചിലുകള്‍ വരാം. ചിലപ്പോള്‍ ഒന്നിലധികം ചരണം ഉണ്ടായെന്നുവരാം. ചിലപ്പോള്‍ പല്ലവിയും അനുപല്ലവിയും മാത്രമേ ഉണ്ടായുള്ളൂ എന്നും വരാം.

അനുപല്ലവി, ചരണം എന്നിവ കഴിഞ്ഞാല്‍ നിശ്ചയമായും... ആവശ്യമെങ്കില്‍ അനുയോജ്യമായ മറ്റിടങ്ങളിലും അര്‍ത്ഥഭ്രംശം സംഭവിക്കാതെ ഈ ഈരടികള്‍ ആവര്‍ത്തിക്കാന്‍ കഴിയണം. ഈ ആവര്‍ത്തന സൗകുമാര്യത്തിന്റെ വേഷപ്പകര്‍ച്ചയിലാണ് കവിത ഗസല്‍ ആകുന്നത്. ഈ വരികളെ കണ്ടെത്തുകയാണ് ഏറ്റവും പ്രാരംഭവും ശ്രമകരവുമായ വസ്തുത.

ആവര്‍ത്തന ക്ഷമതയും സംവേദന സാമര്‍ത്ഥ്യവും ഉള്ള പദങ്ങള്‍ കണ്ടെത്തുകയാണ് അടുത്ത ഘട്ടം. മധുരലളിതമായ വാക്കുകള്‍ ഗസലിന്റെ ആസ്വാദ്യ തീക്ഷ്ണത വര്‍ദ്ധിപ്പിക്കും. അനുവാചകന് സ്വന്തം മനോമണ്ഡലത്തില്‍ യഥേഷ്ടം വ്യാപരിക്കാന്‍ കലാകാരന്റെ അര്‍ത്ഥതലങ്ങള്‍ വിലങ്ങുതടി ആകാം. അതായത് ഒരു കവിത ഉണ്ടാക്കുന്ന വായനാ അനുഭവത്തിന് തുല്യമാണ് ഒരു ഗസല്‍ കേള്‍വിക്കാരനില്‍ ഉണര്‍ത്തുന്ന നാദാനുഭൂതി. ഒരു കൃതി വായനക്കാരില്‍ സൃഷ്ടിക്കുന്ന സാങ്കല്പിക തലങ്ങള്‍ വ്യത്യസ്തങ്ങളാണ്. അതുതന്നെയാണ് ഗസലിന്റെ ആസ്വാദനതലത്തിലും സംഭവിക്കുന്നത്. കേള്‍വിക്കാരില്‍ ഒരു പദമോ ഒരു വരിയോ വിവിധ രീതികളിലാണ് നിര്‍വ്വചിക്കപ്പെടുന്നത്... എന്നിരിക്കെ, ആസ്വാദക സ്വാതന്ത്ര്യത്തില്‍ പദങ്ങളുടെ അര്‍ത്ഥം വിവരിച്ചുകൊണ്ട്, കലാകാരന്‍ ഇടപെടുമ്പോള്‍ ഗസലിന്റെ കലാദൗത്യം താറുമാറാകും. അതിനാല്‍ ലളിത പദങ്ങളുടെ സാന്നിധ്യം അനിവാര്യമാണ്. ഈണത്തിന്റെ അകമ്പടിയോടെ, കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ മനസ്സിലേക്ക് ആവാഹിക്കപ്പെടുന്ന വാക്കുകള്‍ക്ക് ആസ്വാദകരെ കാവ്യ-സംഗീത ലോകത്തിലേക്ക് അനായാസം കൊണ്ടുപോകാന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യമനസ്സില്‍ ചലനം ഉണ്ടാക്കുന്ന വിഷയങ്ങള്‍ പ്രതിപാദിക്കുന്ന, ലളിതമായ... സുന്ദരമായ വാക്കുകളാല്‍ അലങ്കരിക്കപ്പെട്ട കവിതകളാണ് ഗസലുകള്‍ക്ക് കൂടുതല്‍ സ്വീകാര്യം.

പഴയകാല ഗസലില്‍നിന്ന് പുതിയ കാലത്തേക്കുള്ള ദൂരത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു?

പഴയകാല ഗസലുകള്‍ കിരീടംചൂടി അതേ ഔന്നത്യത്തോടെ നിലനില്‍ക്കുന്നു. ഞാന്‍ ഉദ്ദേശിച്ചത് പഴയകാല ഗസലുകള്‍ എന്ന രീതിയില്‍ നമ്മള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന അനശ്വരഗാനങ്ങളെത്തന്നെയാണ്. ആ സമ്പൂര്‍ണ്ണ രസനീയതയുടെ സമ്പന്നത പുതിയകാല ഗസലുകള്‍ക്കില്ല. ഉണ്ടാക്കാം... പക്ഷേ, അതിനനുസരിച്ച് ശ്രമങ്ങള്‍ നടന്നിട്ടില്ല. പച്ചയായ മനുഷ്യമനസ്സിലെ വികാരവിചാരങ്ങളെ സ്വാംശീകരിക്കുന്ന, ഭാവതീവ്രമായ, അര്‍ത്ഥ ഗാംഭീര്യമാര്‍ന്ന, ആസ്വാദകന് അനന്തഭാവനയ്ക്ക് അവസരങ്ങള്‍ നല്‍കുന്ന പദങ്ങള്‍ പറിച്ചെടുക്കാന്‍ കെല്പുള്ള  മാന്ത്രിക തൂലിക ഏന്തിയ മാസ്മര കരങ്ങള്‍ മനസ്സുവെച്ചാല്‍ മാത്രമേ അത് സംഭവിക്കൂ! കാരണം ഉറുദു പദങ്ങള്‍ക്കുള്ള സംഗീതാത്മകത മലയാളഭാഷയ്ക്ക് ഇല്ല എന്നതുതന്നെ. ഹിന്ദി ഉറുദു സംസാരഭാഷയില്‍ തന്നെ സംഗീതം കലര്‍ന്നിരിക്കുന്നു. മധുരമായ മലയാള പദങ്ങള്‍ക്ക് ഒപ്പം നിയമാവലികളും പിന്തുടരണം എന്നുള്ളത് അങ്ങേയറ്റം ശ്രമകരമാണ്. എല്ലാ നിയമങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള മലയാളം ഗസലുകള്‍ ഗസല്‍ ഗാനശാഖയില്‍ വലിയൊരു വഴിത്തിരിവായിരിക്കും.

സംഗീതരൂപത്തെ ചരിത്രപരമായും സൗന്ദര്യാത്മകമായും വിലയിരുത്തുന്ന, തന്റെ കലയോട് പുതിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സംഗീതജ്ഞയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

പുതുമയും പഴമയും തമ്മിലുള്ള ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ദീര്‍ഘകാലം ആസ്വാദക ഹൃദയത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ക്രമം ഗസല്‍ കച്ചേരികളില്‍ തെരഞ്ഞെടുക്കുന്ന പാട്ടുകള്‍ക്ക് ഉണ്ടായിരിക്കണം. പറയാന്‍ എളുപ്പമാണ്, പ്രവര്‍ത്തിക്കാന്‍ ഏറെ ശ്രമകരം...

കാരണം പുരാതന പാരമ്പര്യവും അങ്ങേയറ്റം കാല്പനികത വഹിക്കുന്നതും ആണെന്നിരിക്കെ, അഭൗമസൗന്ദര്യം വരുന്ന സ്വാഭാവിക സ്വഭാവമുള്ള ഒരു കലയുടെ പുനര്‍നിര്‍മ്മാണം സങ്കീര്‍ണം തന്നെയാണ്. ദുരന്തങ്ങള്‍ വിഴുങ്ങിയ ലോകം നമ്മുടെ എല്ലാ ജീവിതമണ്ഡലങ്ങളിലും ഒരു അഴിച്ചുപണി ആവശ്യപ്പെടുന്നുണ്ട്. വരും തലമുറയ്ക്ക് ഭൂമിയില്‍ സുന്ദരമായ ഇത്തിരി ഇടം എങ്കിലും നല്‍കാന്‍, സ്വയം കുഴിച്ച കുഴിയില്‍ വീണുകിടക്കുന്ന മനുഷ്യനെ വീണ്ടെടുക്കാന്‍, നഷ്ടസ്വപ്നങ്ങളുടെ മരണവേദനയില്‍നിന്നും പ്രത്യാശയുടെ ഈറ്റില്ലത്തിലേക്ക് അവനെ പറിച്ചു നടാന്‍ കലാസൗന്ദര്യ ഗ്രാഹിയായ കലാ അവതരണത്തിന് നിഷ്പ്രയാസം കഴിയും.

ആലാപനത്തിലെ മനോധര്‍മ്മാവര്‍ത്തനങ്ങളില്‍ കൂടുതല്‍ സൗന്ദര്യം ഉള്‍പ്പെടുത്തുന്ന ശൈലികള്‍?

ഒരു കവിതയിലെ ലളിതമധുരമായ, സംവേദനക്ഷമതയുള്ള, വാക്കുകളുടെ വികാരതീവ്രമായ ആവര്‍ത്തന ആവിഷ്‌കാരത്തിലാണ് ഗസലിന്റെ ജീവന്‍. ഉദാഹരണമായി സുഗതകുമാരി ടീച്ചറിന്റെ 'നന്ദി' എന്ന കവിതയിലെ വരികള്‍ എടുക്കാം. ''പൂക്കളില്ലാതെ പുലരി ഇല്ലാതെ ആര്‍ദ്രം ഏതോ വിളിക്കു പിന്നിലായി... പാട്ട് മൂളി ഞാന്‍ പോയിടുമ്പോള്‍... കേട്ടു നിന്നുവോ... തോഴരേ നിങ്ങള്‍...'' ദേഹം വെടിഞ്ഞതിനുശേഷം ആത്മാവിന്റെ പ്രയാണം എങ്ങനെയായിരിക്കണമെന്ന് പറയുന്ന കവിതയാണിത്. ഇതില്‍ 'പാട്ടുമൂളി' എന്ന പദം ലളിതവും, മൃദുവുമാണ്. 'തോഴരേ നിങ്ങള്‍' എന്നുള്ള പദത്തിനു സ്നേഹത്തിന്റെ ഒരുപാട് അര്‍ത്ഥതലങ്ങളിലേക്ക് അനുവാചകനെ എത്തിക്കാന്‍ സാധിക്കും. ''നീറുമീ കൈക്കുമ്പിളില്‍ ജലം വാര്‍ത്തുതന്ന നിന്‍ കനിവിന് നന്ദി...'' മനസ്സിനെ വേവലാതിപ്പെടുത്താന്‍... വേദനിപ്പിക്കാന്‍. എല്ലാറ്റിനുമുപരിയായി ചിന്തിപ്പിക്കാന്‍... ഈയൊരു വാക്കിന്റെ ആവര്‍ത്തനത്തിനു കഴിയും.
ആവര്‍ത്തന സൗന്ദര്യത്താല്‍ ഗസലുകളെ അപ്സരസുകള്‍ ആക്കിയ മെഹ്ദി ഹസ്സന്‍, ഫരീദ ഖാനം, ഗുലാം അലി, നൂര്‍ജഹാന്‍, ജഗ്ജിത് സിംഗ് എന്നിങ്ങനെയുള്ള മഹാശില്പികള്‍ എത്രയെത്ര !

മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു സൗന്ദര്യമണ്ഡലത്തെ സംഗീതത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച്?

ഇത് ചോദിക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു... ഇന്തോനേഷ്യയില്‍വെച്ച് പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനുവേണ്ടി ഗസല്‍ ഒരുക്കിയ സായാഹ്നം കലക്കു മാത്രം കഴിയുന്ന ഒരു മാജിക് അവിടെ സംഭവിച്ചു. എല്ലാ യാഥാര്‍ത്ഥ്യത്തേയും കറകളേയും കുറച്ചുസമയം എങ്കില്‍, കുറച്ചുസമയത്തേക്ക് മറന്ന് മനുഷ്യന്റെ സ്വാഭാവിക അവസ്ഥയായ സ്നേഹത്തില്‍ അഭിരമി പ്പിക്കാന്‍ കലയ്ക്കു മാത്രമേ പ്രത്യേകിച്ച് സംഗീതത്തിനു... ഗസലിന് അനായാസേന സാധിക്കും എന്ന യാഥാര്‍ത്ഥ്യം.

ദേശ കാലത്തിന്റെ പരിമിതികള്‍ക്ക് അപ്പുറത്ത്... സമയബോധത്തിന്... അപ്പുറത്ത്... സംഗീതം, ആസ്വാദകന്‍, കലാകാരി എന്ന ത്രയത്തിനു ഏകീകരണം സംഭവിക്കുമ്പോള്‍ തൃണ സമാനമായ മതത്തിന് എന്തു പ്രസക്തി?

അല്ലെങ്കില്‍ത്തന്നെ കലക്ക് എവിടെ മതം? മതത്തിനെ അഭിപ്രായമെന്നും വിവക്ഷിക്കാം. ഒരേ കലക്ക് വിവിധ അഭിപ്രായക്കാര്‍ ഉണ്ടായേക്കാം. ഇന്ന കല മറ്റേതിനേക്കാള്‍ ആഭിജാത്യം പുലര്‍ത്തുന്നു എന്ന് അവകാശപ്പെടുന്നവരും വിശാലമനസ്‌കരും ഉണ്ടാകാം. കാലത്തെ അതിജീവിക്കുന്നതാണ് കല. അയിത്തം ബാധിച്ച കലകളും ചരിത്രത്തിന്റെ നിഷേധിക്കാനാവാത്ത അംഗങ്ങളായത് വെറും സത്യം! ഓരോ നിര്‍ണ്ണായക ഘട്ടത്തിലും അനിവാര്യമായ ഈ മാറ്റം സ്വാഭാവികമായി കലയില്‍ സംഭവിക്കും. പുതിയ ശീലങ്ങള്‍, പുതിയ സങ്കേതങ്ങള്‍, പുതിയ ആശയങ്ങള്‍, രൂപഭാവങ്ങള്‍... എന്തിനു പറയുന്നു? ആസ്വാദനത്തില്‍ തന്നെ വിപുലമായി പരിണാമങ്ങള്‍ വന്നില്ലേ? ഈ മാറ്റങ്ങളുടെ മഹാപ്രളയത്തില്‍ ഒഴുകിപ്പോയില്ലേ സങ്കുചിത മനസ്സുകളുടെ ചളിയും കറയും?

സ്വന്തം സംഗീതത്തില്‍ ചലച്ചിത്രഗാനത്തേയും ഗസലിനേയും സമന്വയിപ്പിക്കുന്ന മനോധര്‍മ്മ ധാരകള്‍?

കേട്ടു ശീലമുള്ള ഒരു ഹിന്ദി/ഉറുദു ഗസലിന്റെ അകമ്പടിയോടെ... ഈ ഗസലിന്റെ ഭാവദീപ്തി വര്‍ദ്ധിപ്പിക്കുന്ന, പാടാന്‍ പോകുന്ന മലയാളം പാട്ടിനോട് ഇണങ്ങുന്ന കണ്ണികളുള്ള ഒരു മലയാള നിത്യഹരിത ഗാനം. ഈ അനുയോജ്യത രാഗ പ്രമാണത്തിനും താളവിന്യാസങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കാന്‍ പോകുന്ന ഹിന്ദി/ഉറുദു ഗസലിനും മലയാള ഗാനത്തിനും നിദാനമായ വിഷയങ്ങള്‍ക്കും പൊതുവായിരിക്കണം എന്നത് നിര്‍ബ്ബന്ധമായും ബാധകമാണ്. ആലപിക്കാന്‍ പോകുന്ന ഹിന്ദി/ഉറുദു ഗസലുകള്‍ കൈകാര്യം ചെയ്യുന്ന അതേ മാനുഷിക വികാരങ്ങള്‍ (പ്രണയം, വിരഹം, വിഷാദം, ഉന്മാദം) ആയിരിക്കണം പിന്തുടര്‍ന്നു പാടാന്‍ പോകുന്ന മലയാള ഗാനത്തിന്റേയും ഇതിവൃത്തം.  അങ്ങനെയായാല്‍ ആ വേദിയില്‍ സൃഷ്ടിക്കപ്പെടുന്ന ത്രയങ്ങളുടെ (കല, കലാകാരന്‍, ആസ്വാദകന്‍) സംയോജനം ആനന്ദപര്യവസാനിയായിരിക്കും.

പിന്നെ വരുന്നത് ഓരോ വേദിയിലും നിര്‍ബ്ബന്ധമായും പാടേണ്ട ഒരു കൂട്ടം ഹരിത ഗാനങ്ങളാണ്. അവ ഒഴിവാക്കിയിട്ട് കച്ചേരി അവസാനിപ്പിക്കാന്‍ പറ്റില്ല. അത് റിക്വസ്റ്റായി എന്തായാലും വരും. പക്ഷേ, നമ്മള്‍ ഉണ്ടാക്കിയെടുത്ത കണക്ഷനെ അഥവാ ത്രെഡിനെ അത് വിച്ഛേദിക്കില്ല. കാരണം സിനിമയില്‍ ഉപയോഗിച്ചു എന്നതുകൊണ്ടുമാത്രം ഗാനങ്ങളായി പരിഗണിക്കപ്പെടുന്ന, മലയാളിയുടെ സംസ്‌കാരത്തില്‍ ഇഴുകിച്ചേര്‍ന്ന ഒരു കൂട്ടം കവിതകള്‍... അനിഷേധ്യമായ മാറ്റങ്ങളുടെ കൊടുങ്കാറ്റിലും കൂടുവിടാന്‍ കൂട്ടാക്കാതെ മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയ വരികളും വാക്കുകളും.

അവ പാടാന്‍ വേദികള്‍ ലഭിക്കുക... അത് കേള്‍ക്കാന്‍ സഹൃദയരെ ലഭിക്കുക ഇതൊക്കെ ഏതൊരു കലാകാരിക്കും ജന്മസുകൃതംകൊണ്ട് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. ആകസ്മികം ആയിട്ടാണെങ്കിലും ഹിന്ദുസ്ഥാനി രാഗങ്ങളിലും ഹിന്ദുസ്ഥാനി താളങ്ങളിലും അഭിരമിച്ചു നില്‍ക്കുന്ന ഈ ഗാനങ്ങള്‍ മറ്റു ഗസലുകളുടെ കൂടെ പാടുന്നത് എന്തുകൊണ്ടും ആസ്വാദനത്തിന് ചാരുത വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

പൊതുജീവിതത്തിലെ വ്യത്യസ്ത വിഷയങ്ങളില്‍ ഇടപെടാനാകുംവിധം സംഗീതത്തെ എങ്ങനെ ഉപയോഗിക്കാനാവും?

സമൂഹം മറ്റേതൊരു ജീവനെക്കാളും കലാകാരന്റെ ആത്മസത്തയെ സര്‍ഗ്ഗാത്മകതയെ സ്വാധീനിക്കുകയും പരിപോഷിപ്പിക്കുകയും വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നു. സമൂഹത്തിന്റെ അധഃപതനങ്ങളില്‍ ഉല്‍ക്കണ്ഠപ്പെടുന്ന, കലാമനസ്സ് തന്റെ മാധ്യമത്തിലൂടെ സമൂഹമനസ്സിനോട് നേരിട്ട് പറയുന്ന അപേക്ഷിക്കുന്ന, ആകുലപ്പെടുന്ന, വേദികള്‍ ഏറെ ആശാജനകമാണ്. ഭാവനയുടെ സ്വര്‍ഗ്ഗീയ ആര്‍ഭാടങ്ങളില്‍നിന്നും മടങ്ങി, യാഥാര്‍ത്ഥ്യത്തിന്റെ മുള്‍കിരീടം കല/കലാകാരന്‍ എടുത്ത് അണിയേണ്ടിവരുന്ന തട്ടകങ്ങള്‍ ആവശ്യങ്ങള്‍ ആയിക്കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഭീഷണി മനുഷ്യമനസ്സില്‍ പ്രതിഫലിപ്പിക്കാന്‍ കാലത്തെ മനസ്സില്‍ പേറുന്ന കലയ്ക്ക് അല്ലേ കഴിയൂ?

സാമൂഹിക സാംസ്‌കാരിക ഘടന സംഗീത സ്വരൂപത്തില്‍ എങ്ങനെയെല്ലാം സന്നിഹിതമാകുന്നു എന്നാണ് വിചാരിക്കുന്നത് ?

സമൂഹത്തിന്റെ സാംസ്‌കാരിക അഭിവൃദ്ധികളും അപച്യുതികളും... പ്രത്യക്ഷമായും, പരോക്ഷമായും കലയെ വളര്‍ത്തുന്നു... തളര്‍ത്തുന്നു... മാറ്റുന്നു. ഇത് ഏറ്റവും കൂടുതല്‍ പ്രകടമാക്കുന്ന കല സംഗീതമാണ്. കാരണം സംഗീതവുമായുള്ള കൂടിച്ചേരലില്‍ മാത്രമേ ഭൂരിഭാഗം കലകള്‍ക്കും നിലനില്‍പ്പുള്ളൂ. കാലപ്രവാഹത്തില്‍പ്പെട്ട് സംഗീതസരണി എത്രയോ തവണ ദിശ മാറി! ഇപ്പോഴും മാറ്റങ്ങളിലൂടെ തന്നെയാണ് അതിന്റെ ഒഴുക്ക്.

ആദ്യമനുഷ്യന്‍ പക്ഷിമൃഗാദികളുടെ ശബ്ദങ്ങളേയും ചലനങ്ങളേയും സൂക്ഷ്മമായി അനുകരിച്ചു. അവരുടെ നൃത്തവും അഭിനയവും പരസ്പരപൂരകങ്ങള്‍ ആയിരുന്നു. കാലക്രമേണ ഓരോ കലയും സ്വതന്ത്രമാക്കപ്പെട്ടു. നാദം, താളം എന്നീ രണ്ടു കലകള്‍ വേര്‍തിരിക്കപ്പെടാതെ സംഗീതമെന്ന പൂര്‍ണ്ണ കലയുണ്ടായി.

വേദകാലത്ത് ഉത്ഭവിച്ച മഹാകലയാണ് സംഗീതമെന്നും ഏതാനും സ്വരങ്ങളുടെ സഞ്ജയമായ മന്ത്രോച്ചാരണങ്ങളില്‍ നിന്നുമാണ് സപ്തസ്വരങ്ങള്‍ ഉത്ഭവിച്ചത് എന്നും വിദഗ്ദ്ധാഭിപ്രായം ഉണ്ട്.

എന്തായാലും ശാസ്ത്രീയ ദൃശ്യശ്രാവ്യ കലകളുടെ അടിസ്ഥാനം നാടോടികലകളാണ്. രാജകൊട്ടാരങ്ങളിലും പ്രഭുമന്ദിരങ്ങളിലും പ്രോത്സാഹിപ്പിക്കപ്പെട്ട അവ ആരോഗ്യപരമായ രൂപമാറ്റങ്ങളാല്‍ ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചു.

സോപാന സംഗീതത്തിന്റെ ബാല്യ അവസ്ഥ ശാസ്ത്രീയത കലരാതെ ഭാവതീവ്രതയ്ക്കു ഊന്നല്‍ കൊടുത്ത് ഏതാനും സ്വരങ്ങളെ ആശ്രയിച്ചുള്ള സഞ്ചാരമായിരുന്നു. കാലക്രമേണ സ്വാതിതിരുനാളിന്റെ തണലില്‍ സംഗീതകല പടര്‍ന്നുപന്തലിച്ചപ്പോള്‍ ശാസ്ത്രീയ സംഗീതം കലര്‍ന്ന് സോപാനസംഗീതത്തിന് തിളക്കം വര്‍ദ്ധിച്ചു. സാഹചര്യങ്ങളുടേയും പാരമ്പര്യങ്ങളുടേയും ഒഴുക്കില്‍ സംഗീതകല ഗതിമാറി യാത്രചെയ്തുകൊണ്ടേയിരുന്നു.

സ്വന്തം പൈതൃകത്തില്‍ കര്‍ണാടകസംഗീതം വളരുമ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ വിദേശ സംഗീതത്തിന്റെ നിറങ്ങളും കലരാന്‍ ഇടയായി. പേര്‍ഷ്യന്‍ സ്വാധീനത്തിലൂടെ ഭാരതത്തില്‍ വശ്യസുന്ദരമായ ഒരു പുതിയ ഗാനചക്രവാളം ഉദിച്ചുയര്‍ന്നു പടര്‍ന്നു.

ബിഥോവനും മൊസാര്‍ട്ടും സൃഷ്ടിച്ച സംഗീതപ്രളയം ഭാരതീയ സംഗീതത്തിലും ഓളങ്ങള്‍ ഉണ്ടാക്കി. സിനിമ എന്ന ജനകീയ കല ഉരുത്തിരിഞ്ഞപ്പോഴും ടെലിവിഷന്‍ ചാനലുകളിലൂടെ കണ്ണഞ്ചിപ്പിക്കുന്ന വേദികള്‍ കുഞ്ഞു കലാകാരന്മാര്‍ക്ക് അടക്കം ലഭ്യമായപ്പോഴും സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഒരുപാട് തെരഞ്ഞെടുപ്പിനുള്ള സാധ്യത ജനങ്ങള്‍ക്കു നല്‍കുമ്പോഴും സംഗീതത്തിന്റെ ദിശകള്‍ മാറിക്കൊണ്ടേയിരുന്നു. ടെക്നോളജിയുടെ മിടുക്കു മൂലം ആര്‍ക്കുവേണമെങ്കിലും ഭംഗിയായി ഗാനമാലപിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാം എന്നായി. എന്നാലും വേദികളില്‍ സ്വതന്ത്രമായി, വിജയകരമായി നിലനില്‍ക്കണമെങ്കില്‍ ദൈവദത്തമായ സര്‍ഗ്ഗസിദ്ധിയും അതിനെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഉള്ള അശ്രാന്ത പരിശ്രമങ്ങളും കൂടിയേ തീരൂ... ഏതു വിപ്ലവാത്മകമായ മാറ്റങ്ങളിലും!

കൊറിയോഗ്രഫിയില്‍ ഗസലിനെ സമന്വയിപ്പിക്കുന്ന പുതുരീതികള്‍ ഉണ്ടോ?

ഗസലിന്റെ സഹായത്തോടെ തങ്ങളുടെ ഉദ്ദേശ്യം കൃത്യമായി പ്രതിഫലിപ്പിക്കാന്‍ മറ്റു കലകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പണ്ടത്തെ ഹിന്ദി സിനിമാഗാനങ്ങള്‍ ഒട്ടുമിക്കതും ലക്ഷണമൊത്ത ഗസലുകളാണ്. തുറന്ന വേദികളില്‍... വികാരനിര്‍ഭരമായ നാടകീയ രംഗങ്ങള്‍ക്ക് ഗസല്‍ അങ്ങേയറ്റം അനുയോജ്യമാണ്. പക്ഷേ, പാടി ഫലിപ്പിക്കേണ്ട ഗസലുകള്‍ നൃത്തങ്ങളില്‍ കാണുമ്പോള്‍ പലപ്പോഴും ഭാവനയുടെ അഭാവത്തില്‍ അവ നഴ്സറിപ്പാട്ടുകളുടെ ആവിഷ്‌കരണം ആകുന്നു. നൃത്തരൂപങ്ങളില്‍ ഗസല്‍ സന്നിവേശിപ്പിക്കണമെങ്കില്‍, നിലവിലുള്ള ഗസലുകള്‍ എടുത്ത് ഉപയോഗിക്കുന്നതിനു പകരം, അതിനു അനുസൃതമായി പ്രത്യേകമായി സംഗീതം ചെയ്താല്‍ ഫലപ്രദമായേക്കാം.

വിദേശ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍?

ബോംബെ ഡിഫന്‍സിനു വേണ്ടി ഒരു പ്രോഗ്രാം ചെയ്തിരുന്നു. പ്രോഗ്രാമിനു ശേഷം  വൃദ്ധദമ്പതികള്‍ ബാക്ക് സ്റ്റേജിലേക്ക് വന്നു. കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇന്ത്യ പാകിസ്താന്‍ സ്പര്‍ദ്ധക്കിടയില്‍ വീരമൃത്യുവരിച്ച മകന്റെ എത്രയും പ്രിയപ്പെട്ട ഗാനമായിരുന്നു 'ചുപ് കെ ചുപ് കെ രാത് ദിന്‍...' എന്നവര്‍ പറഞ്ഞു. കെട്ടിപ്പിടിച്ചു. അപ്പോഴും അവര്‍ നിയന്ത്രണം വിട്ടിരുന്നില്ല. ഇനി കുറച്ചു ദിവസങ്ങള്‍ ഉറങ്ങാന്‍ ആകില്ലെന്നും മനസ്സ് വല്ലാതെ അസ്വസ്ഥമായിക്കൊണ്ടാണ് തിരിച്ചുപോകുന്നത് എന്നും അവര്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് വ്രണപ്പെട്ടു. ഇപ്പോഴും എന്റെ  സുഹൃത്തുക്കളുടെ പട്ടികയിലുണ്ട് അവര്‍. ഈരടികളും ഈണങ്ങളും മനുഷ്യമനസ്സിനെ ബാധിക്കുന്ന വഴികള്‍ എത്ര അപരിചിതമാണ് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു!

ഗസലുകളെ എങ്ങനെ പുനര്‍നിര്‍വ്വചിക്കാമെന്നാണ് കരുതുന്നത്?

മനുഷ്യമനസ്സിന്റെ ഏതൊരു സൂക്ഷ്മഭാവത്തിനോടും അതിനു പൊരുത്ത പ്പെട്ടു പോകാം എന്നിരിക്കെ, കാലചക്രം അതിന്റെ തിരച്ചില്‍ തുടങ്ങുന്നതിനു മുന്‍പ് ഉദിച്ച വാക്കുകളാണ് ഇതിന്റെ അസ്തിത്വം എന്നിരിക്കെ... ഞാന്‍ ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നു, ഒഴുകിക്കഴിഞ്ഞ.. അലയടിച്ചു കൊണ്ടിരിക്കുന്ന... വരാന്‍ പോകുന്ന... കാലകടലുകളുടെ ഇരമ്പം ഒളിപ്പിക്കുന്ന ശംഖുകളാണ് ഗസലുകള്‍!

ആത്മാവിന്റെ സത്തയാണ് സംഗീതം എങ്കില്‍, ആത്മാവിന്റെ വാക്കുകളാണിത്. വെറും അര്‍ത്ഥം പേറുന്ന വാക്കുകള്‍ അല്ല, ആത്മാവിനു മാത്രം ഉള്‍ക്കൊള്ളാനാവുന്ന നിഗൂഢത വഹിക്കുന്ന വാക്കുകളാണിത്!

മനുഷ്യനു മാത്രമായി ദൈവം വെളിപ്പെടുത്തിയ ഭാഷയാണ് സംഗീതം എങ്കില്‍ ഒരു വ്യക്തിയുടെ അന്തസ്സത്ത ഒരു കൂട്ടം വ്യക്തികളുടെ അന്തസ്സത്തയുമായി കൂട്ടിച്ചേര്‍ക്കുന്ന സംഗീത വെളിപാടുകളാണ് ഗസല്‍! സംഗീതം ഋതു ആണെങ്കില്‍ വസന്തമാണ് ഗസല്‍! ആഹ്ലാദത്തിന്റെ ഉന്മത്തഭാവങ്ങളുടേയും ഹൃദയം കീറി മുറിക്കുന്ന രോദനങ്ങളുടേയും വസന്തം!

സംഗീതത്തിലെ സ്ത്രീസാന്നിധ്യം വികസിക്കാനുള്ള സാധ്യതകള്‍ എത്രത്തോളമാണ്?

സ്ത്രീകളുടെ ഇടപെടലുകളെ ഒരു വേറിട്ട പ്രതിഭാസമായി കാണേണ്ടതില്ല. 'പെണ്ണെഴുത്ത്' എന്ന പദം തന്നെ എനിക്ക് ഏറെ അകല്‍ച്ച ഉണ്ടാക്കുന്നതാണ്. ഓരോ വ്യക്തിയും സ്വന്തം കഴിവിനനുസരിച്ച് അവനവന്റെ മേഖലയില്‍ വ്യാപരിക്കുകയും മുന്നേറുകയും ചെയ്യുന്നു. അത്രയേ ഉള്ളൂ.

മാത്രമല്ല, മുഖങ്ങളില്ലാത്ത വേട്ടക്കാരുടെ കാപട്യം ഒളിപ്പിച്ചുവയ്ക്കാനും പേരില്ലാത്ത ഇരയായി ഇരുട്ടില്‍ കരയാനും അവള്‍ ഇപ്പോള്‍ തയ്യാറല്ലല്ലോ.കഠിനമായ പരീക്ഷണങ്ങളെ വരെ അതിജീവിക്കും എന്ന ദൃഢതയുള്ള ഇന്നത്തെ സ്ത്രീക്ക് സുന്ദരമായ ലളിതകലയില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്നത് നിഷ്പ്രയാസം അല്ലേ?

ഒരു വ്യക്തി സ്വന്തം സിദ്ധിയെ എത്രത്തോളം ഉപാസിക്കാന്‍ തയ്യാറാകുന്നുവോ... ഒരു വ്യക്തി സ്വന്തം സൗകര്യ ചുറ്റളവില്‍നിന്ന് എത്രത്തോളം പുറത്തുകടക്കാന്‍ തയ്യാറാകുന്നുവോ... എത്രത്തോളം അര്‍പ്പണ മനോഭാവത്തോടെ പരിശ്രമിക്കാന്‍ തയ്യാറാകുന്നുവോ... അത്രത്തോളം തന്നെയാണ് സ്ത്രീ വികസനവും. കലയിലും മറ്റേത് മേഖലകളിലും...

സംഗീതം കൊണ്ട് സമൂഹത്തില്‍ സജീവമായി നടത്തുന്ന ഇടപെടലുകളുടെ നൈരന്തര്യം എങ്ങനെ?

സമൂഹത്തെ ആകെ സ്തംഭിപ്പിച്ച ഈ മഹാവ്യാധി എല്ലാ മേഖലകളേയും ഓണ്‍ലൈന്‍ എന്ന ചരടില്‍ ബന്ധിപ്പിച്ചു. സോഷ്യല്‍ മീഡിയകള്‍ നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ വൈപുല്യമാര്‍ന്നതും വ്യത്യസ്തങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ്. തെരഞ്ഞെടുക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്കാണ് എന്നിരിക്കെ ഇന്‍ഫര്‍മേഷനും നോളജിനും ഉള്ള സാധ്യതകള്‍ അനന്തമാണ്. വേദികള്‍ ഇല്ലാതായപ്പോളാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്; എല്ലാവരെയും പോലെ. ആസ്വാദകര്‍ക്ക് പതിവിനു വിപരീതമായ വിഷയങ്ങളിലേക്ക്. ചിന്തോദ്ദീപകങ്ങളായ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അനുയോജ്യമായ സമയവും സന്ദര്‍ഭവും. ആകുലതകളും വ്യാകുലതകളും അവരുടെ കൂടെ കവിത എന്ന മാധ്യമത്തിലൂടെ പങ്കുവെയ്ക്കുമ്പോള്‍ കലയുടെ ഉത്തരവാദിത്വം പൂര്‍ണ്ണമാക്കപ്പെടുന്നു പലപ്പോഴും.

പുതിയ പ്രോജക്റ്റുകളെക്കുറിച്ച്?

വരാനിരിക്കുന്ന സിനിമ വിനോദ് മങ്കര സംവിധാനം ചെയ്ത 'നിത്യ സുമംഗലി'യിലെ രണ്ടു പാട്ടുകളാണ്. ഇതില്‍ ഒരു പാട്ട് 'വ്യാളകുറിഞ്ചി' രാഗത്തില്‍ ഉള്ളതാണ്. 'തേവാര പാട്ടുകള്‍' എന്ന് അറിയപ്പെടുന്ന 'തിരുനീലകണ്ഠപദികം' എന്ന ഗാനം ജ്വരവ്യാധി മാറ്റാന്‍ ദേവദാസികളുടെ കാലത്ത് പ്രചാരത്തിലിരുന്നതാണത്രേ. പ്രതീക്ഷിക്കാത്ത സ്വരസഞ്ചാരങ്ങളിലൂടെയാണ് ഈ ഗാനത്തിന്റെ പോക്ക്. വളരെ ആസ്വാദ്യകരമായിരുന്നു അതിന്റെ റെക്കോര്‍ഡിങ്ങ്.

അന്തര്‍മുഖത്വം കൂടിയിരിക്കുന്നു മനുഷ്യന്. തീര്‍ച്ചയായും സമൂഹത്തേയും ബാധിച്ചിരിക്കുന്ന ഈ വ്യാധി കാരണം തന്നെയാണ്. തന്നെത്തന്നെ മനസ്സിലാക്കാന്‍ മനുഷ്യന്‍ അവനു കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നു. അവരുടെ ചിന്താതലങ്ങളെ കൂടുതല്‍ തൃപ്തിപ്പെടുത്താനും അവരുടെ ആസ്വാദനതലങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ എത്തിക്കാനും. മലയാളം കവിതകളെ ഗസലിന്റെ കുപ്പായമണിയിക്കലാണ് ഇപ്പോഴത്തെ പ്രധാന പണി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com