ബംഗാളില്‍ നിന്നും അശുഭവാര്‍ത്തകള്‍

ബംഗാള്‍ ഇന്നു ചിന്തിക്കുന്നതുപോലെ ഇന്ത്യ 25 വര്‍ഷം കഴിഞ്ഞാല്‍ ചിന്തിച്ചുതുടങ്ങുമെന്നു പറഞ്ഞത് നൂറുവര്‍ഷം മുന്‍പ് ഗോപാലകൃഷ്ണ ഗോഖലെ എന്ന സ്വാതന്ത്ര്യസമര നായകനാണ്
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച ശേഷം മമത ബാനർജി
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച ശേഷം മമത ബാനർജി

ബംഗാള്‍ ഇന്നു ചിന്തിക്കുന്നതുപോലെ ഇന്ത്യ 25 വര്‍ഷം കഴിഞ്ഞാല്‍ ചിന്തിച്ചുതുടങ്ങുമെന്നു പറഞ്ഞത് നൂറുവര്‍ഷം മുന്‍പ് ഗോപാലകൃഷ്ണ ഗോഖലെ എന്ന സ്വാതന്ത്ര്യസമര നായകനാണ്. കേരളത്തില്‍ കുറച്ചുകാലം മുന്‍പേ വരെ ഇടതുപക്ഷക്കാര്‍ ആവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഒട്ടും ആവര്‍ത്തിക്കാനിടയില്ലാത്തതുമായ ഈ വാചകം അടുത്തിടെ ആവര്‍ത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്നത് ഏറെ അര്‍ത്ഥഗര്‍ഭമാണ്. 

2020-ന്റെ രണ്ടാംപകുതിയിലാണ് വ്യവസായികളേയും വ്യാപാരികളേയും ബംഗാളിലെ പൊതുജനങ്ങളേയും അഭിസംബോധന ചെയ്യവേ ആത്മനിര്‍ഭര്‍ എന്ന ബംഗാളി പദം രാഷ്ട്രീയ വിവക്ഷകളുള്ള ഒരു പദമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ട് മോദി ഈ വാചകം ആവര്‍ത്തിച്ചത്. ആ പ്രസംഗങ്ങളില്‍ മോദി വ്യക്തമാക്കിയത് തന്റെ രാഷ്ട്രീയപ്പാര്‍ട്ടിക്കും മുന്നണിക്കും ബംഗാളിനേയും ഇതര കിഴക്കന്‍ സംസ്ഥാനങ്ങളേയും മുന്‍നിര്‍ത്തി ഒരു സാമ്പത്തിക-രാഷ്ട്രീയ പദ്ധതിയുണ്ട് എന്നായിരുന്നു. ധീരമായ നിക്ഷേപങ്ങളാണ്, യാഥാസ്ഥിതികമായ തീരുമാനങ്ങളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഭവസമ്പന്നമായ കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ മൂലധനത്തിന്റെ കണ്ണു ചെന്നെത്തിയിരിക്കുന്നത്. വിഭവചൂഷണത്തിനു അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കപ്പെടേണ്ടത് അതുകൊണ്ടുതന്നെ അനിവാര്യവുമാണ്. ബംഗാളൊഴികെ മിക്ക കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇപ്പോള്‍ ബി.ജെ.പിയുടെ ആധിപത്യം യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കുകയും ചെയ്യുന്നു.

ബംഗാളിലെ ഉല്പാദനമേഖലയുടെ പുനരുത്ഥാനം എന്നൊക്കെ അര്‍ത്ഥം നല്‍കുന്നുവെങ്കിലും പൂര്‍വ്വോദയ് എന്നു മോദി വിളിക്കുന്ന ആ പദ്ധതിക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബംഗാളി മുഖം നല്‍കാനില്ലെന്നതും ആ പരിപാടി ജനസമക്ഷം അവതരിപ്പിക്കാന്‍ മമതയെപ്പോലെ ആകര്‍ഷണീയതയുള്ള ഒരു ബംഗാളി മുഖമില്ലെന്നതും ഒരു ന്യൂനതയായിത്തന്നെ അവശേഷിക്കുന്നുണ്ട്. എങ്കില്‍പ്പോലും ആ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ബംഗാളിലെ വിജയം അനിവാര്യമാണെന്നാണ് ബി.ജെ.പിയുടെ അഖിലേന്ത്യാ നേതൃത്വം കരുതുന്നത്. ഇടതുപക്ഷവും കോണ്‍ഗ്രസ്സും അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമുള്‍പ്പെടുന്ന മുന്നണിയും ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ പങ്കുപറ്റുമെങ്കിലും തങ്ങളായിരിക്കും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്നു കരുതുന്ന ഈ വികാരത്തിന്റെ മുഖ്യ ഗുണഭോക്താക്കളെന്നും അവര്‍ കരുതുന്നു. 

കൊൽക്കത്തയിലെ പൊതുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസം​ഗിക്കുന്നു
കൊൽക്കത്തയിലെ പൊതുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസം​ഗിക്കുന്നു

തൃണമൂലിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ ഉദയവും 

കഴിഞ്ഞ പത്തുവര്‍ഷമായി സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെയുള്ള ഭരണവിരുദ്ധവികാരമാണ് ഈ തെരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വികാരത്തെ നേരിടേണ്ടി വരുന്നുവെന്നു മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ബി.ജെ.പി എന്ന ഹിന്ദുത്വപ്പാര്‍ട്ടിയുടെ നാടകീയമായ ഉയര്‍ച്ച കൂടിയാണ്. പശ്ചിമബംഗാളിന്റെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആ പാര്‍ട്ടി ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യ എതിരാളിയായി ഉയര്‍ന്നുവന്നിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. മോദി ഗവണ്‍മെന്റ് പൂര്‍വ്വ ഇന്ത്യക്കായി മുന്നോട്ടുവെയ്ക്കുന്ന സാമ്പത്തിക പദ്ധതിക്ക് ബംഗാളിലെ രാഷ്ട്രീയ മുന്നേറ്റവും ഭരണലബ്ധിയും സഹായകമാകുമെന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം കരുതുകയും ചെയ്യുന്നു. എന്നാല്‍, മമതയെപ്പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതാവില്ലാത്തത് തങ്ങള്‍ക്ക് തിരിച്ചടിയായേക്കാമെന്ന ബോദ്ധ്യവും അവര്‍ അതേസമയം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നുണ്ട്. തൃണമൂലില്‍നിന്നു നേതാക്കളെ അടര്‍ത്തിയെടുത്തും താരപ്പകിട്ടുള്ള പ്രശസ്തരേയും മിഥുന്‍ ചക്രബര്‍ത്തിയെപ്പോലുള്ള താരങ്ങളേയും പാര്‍ട്ടിയില്‍ ചേര്‍ത്തുമാണ് ഈ കുറവ് മറികടക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. 

2011-നുശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ഇതാദ്യമായാണ് ഇത്രയും വലിയ വെല്ലുവിളി നേരിടുന്നത്. സി.പി.ഐ.എം നയിച്ച മുന്നണിയെ നേരിടുന്ന സന്ദര്‍ഭത്തില്‍ മമതയോടൊപ്പം അടിയുറച്ചുനിന്ന നിരവധി പാര്‍ട്ടി നേതാക്കളും അണികളും ഇതിനകം തന്നെ അവരെ കയ്യൊഴിയുകയും ബി.ജെ.പിയില്‍ ചേക്കേറുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, മമതയുടെ വ്യക്തിപ്രഭാവവും തെരഞ്ഞെടുപ്പു ഗോദയില്‍ ബലപ്രയോഗങ്ങള്‍ക്കുവരെ മുതിരാന്‍ മടിക്കാത്ത പാര്‍ട്ടി അണികളുടെ കൈക്കരുത്തിനേയും ആശ്രയിച്ച് ചരിത്രത്തിലിതുവരെ പാര്‍ട്ടി നേരിട്ടിട്ടില്ലാത്ത ഈ വെല്ലുവിളിയെ മറികടക്കാമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നത്. 

ജ്യോതിബസുവിനെപ്പോലെ തലപ്പൊക്കമുള്ള, ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരേയൊരു നേതാവായി ഇന്നും ബംഗാള്‍ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്നത് മമതാ ബാനര്‍ജി മാത്രമാണ്. കേരളത്തില്‍ സി.പി.ഐ.എം മുന്നണി ജനക്ഷേമപദ്ധതികളില്‍ ഊന്നുന്നതുപോലെ മമതയുടേയും ഊന്നല്‍ ജനക്ഷേമപദ്ധതികളില്‍ തന്നെയാണ്. 'സ്വസ്ഥ്‌സാഥി' എന്ന സാര്‍വ്വത്രിക ആരോഗ്യപദ്ധതിയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പണം നല്‍കുന്ന പദ്ധതിയും അടക്കമുള്ള എഴുപതോളം ജനക്ഷേമപദ്ധതികള്‍ മമത നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നത്. ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയെടുത്ത ബംഗാളിന്റെ പുത്രി എന്ന പ്രതിച്ഛായയും പ്രയോജനപ്പെടുമെന്ന് തൃണമൂല്‍ നേതാക്കള്‍ വിചാരിക്കുന്നു. അതേസമയം പുറമേനിന്നു വന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന വാദവും അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. 

2019-ല്‍ നയ്ഹട്ടി എന്ന വ്യവസായ നഗരത്തില്‍ വെച്ച് ബി.ജെ.പി അനുകൂലികളായ ഒരു സംഘം മമതയെ ജയ് ശ്രീറാം വിളികളുമായി എതിരേറ്റപ്പോള്‍ ''അവരെല്ലാം പുറത്തുനിന്നുള്ളവരാണ്. അവര്‍ ബംഗാളികളല്ല!'' എന്ന മമതയുടെ പ്രതികരണം പ്രാദേശികത്വം ചുവയ്ക്കുന്നതായിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നും വന്നു നയ്ഹട്ടിയില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ താമസമുറപ്പിച്ചവരാണ് ഇപ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. ഈ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുശേഷം, നയ്ഹട്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ടി.എം.സി അനുഭാവികളെ അവരുടെ വീടുകളില്‍നിന്നു പുറത്താക്കിയെന്നും ബംഗാളികള്‍ സ്വന്തം നാട്ടില്‍ അന്യരാകുകയാണെന്നും കൊല്‍ക്കത്ത മേയറും സംസ്ഥാന നഗരവികസന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീമും ആരോപണമുന്നയിച്ചിരുന്നു. 

ഈയടുത്തകാലംവരെ ബംഗാളികളുടെ അഭിമാനത്തിന്റെ പ്രതീകമായി മമതയെ പാര്‍ട്ടി ചിലപ്പോഴൊക്കെ ഉയര്‍ത്തിക്കാട്ടി. ബംഗാള്‍ ഭരിക്കേണ്ടത് ഗുജറാത്തില്‍ നിന്നുള്ളവരാകരുതെന്നും ബംഗാളികള്‍ തന്നെയാകണമെന്നും തൃണമൂല്‍ നേതാക്കള്‍ വേദികളില്‍ വാദമുന്നയിച്ചു. ബംഗാളിലെ ബി.ജെ.പിയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന ഹിന്ദി കുടിയേറ്റക്കാര്‍ക്കെതിരെ മണ്ണിന്റെ മക്കള്‍ വാദം തൃണമൂല്‍ മുഖ്യ രാഷ്ട്രീയ പ്രമേയമാക്കുമെന്നു തോന്നിച്ച വേളയില്‍, 'ഹിന്ദി സാമ്രാജ്യത്വ'ത്തേയും (ബി.ജെ.പി) 'ഉര്‍ദു സാമ്രാജ്യത്വ'ത്തേയും (ആള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമിന്‍) എതിര്‍ക്കുന്ന ബംഗ്ലാ പൊക്കോ, ജാതീയോ ബംഗ്ലാ സമ്മേളന്‍ തുടങ്ങിയ ബംഗാളി ദേശീയവാദി സംഘടനകള്‍ അവര്‍ക്കു പിന്തുണയുമായെത്തിയത് ബംഗ്ലാ വിമോചനസമരക്കാലത്തെ അനുസ്മരിപ്പിക്കുകയും ചെയ്തു. എന്നാല്‍, 'ഹിന്ദി ദിവസ്' ആചരണത്തിനു പ്രാമുഖ്യം കൊടുത്ത് മമത തന്റെ നിലപാട് മയപ്പെടുത്തി. 

ബി.ജെ.പിയുടെ ഹിന്ദി-ഹിന്ദു അടിത്തറ 

ഭാഷാടിസ്ഥാനത്തില്‍, 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് പശ്ചിമ ബംഗാളില്‍ അന്യഭാഷകള്‍ സംസാരിക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ 13.78 ശതമാനം വരും. ഇതില്‍ ഏഴു ശതമാനത്തോളം ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍നിന്നും കുടിയേറി പാര്‍ത്തവരാണ്. ഹിന്ദി സംസാരിക്കുന്ന മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് കാലഘട്ടത്തില്‍, തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം ബംഗാളിലേക്ക് കുടിയേറിയിരുന്നു. 1960 വരെ ബംഗാളിലേക്കുള്ള ഉത്തരേന്ത്യക്കാരുടെ പ്രവാഹം തുടര്‍ന്നു. 60-കളില്‍ ബംഗാളിലെ മാറിയ രാഷ്ട്രീയസ്ഥിതിയില്‍ ആശങ്കാകുലരായ വ്യവസായികള്‍ രംഗത്തുനിന്നും നിഷ്‌ക്രമിക്കാന്‍ ആരംഭിച്ചതോടെ കുടിയേറ്റനിരക്കും ക്രമേണ കുറഞ്ഞുതുടങ്ങി. എന്നിട്ടും ബിഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. ബംഗാളില്‍ സ്ഥിരതമാസമാക്കിയ കുടിയേറ്റക്കാരുടെ മൂന്നോ നാലോ അനന്തര തലമുറകളെ ബംഗാളില്‍ കണ്ടെത്താനാകും. ഹൗറ, ഹൂഗ്ലി, 24 പര്‍ഗാനാസ് തുടങ്ങിയ വ്യവസായ ബെല്‍റ്റിലും അസന്‍സോള്‍-റാണിഗഞ്ചിന്റെ കല്‍ക്കരി മേഖലയിലുമാണ് ഇവരില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. ഒരു ബഹുഭാഷാജനവിഭാഗമായി ഇവര്‍ വികസിച്ചുവെങ്കിലും ഇന്നും തങ്ങളുടെ സാംസ്‌കാരികമായ വേരുകള്‍ ഇവര്‍ കൈവിട്ടിട്ടില്ല. ഹിന്ദുസംസ്‌കാരത്തിന്റെ ഉത്തരേന്ത്യന്‍ വകഭേദം സംരക്ഷിക്കുന്നതിനുവേണ്ടി ഹിന്ദുത്വരാഷ്ട്രീയം ഉപയോഗിച്ച് അവര്‍ നടത്തുന്ന ഇടപെടലുകള്‍-രാമക്ഷേത്രവും ഹനുമാന്‍ മന്ദിരങ്ങളും മറ്റും പണിതുയര്‍ത്തുന്നവ ഉള്‍പ്പെടെ - ബി.ജെ.പിയുടെ അടിത്തറ ഇവര്‍ക്കിടയില്‍ വിപുലമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

താരതമ്യേന സമ്പന്നരും വ്യാപാരികളുമായ രാജസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാര്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ബംഗാളില്‍ ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനു നിക്ഷേപിക്കുകയാണെന്ന് പ്രൊഫ. പാര്‍ത്ഥ ചാറ്റര്‍ജി അടുത്തിടെ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കുമുള്ള സാംസ്‌കാരിക അന്തരീക്ഷം ഉത്തരേന്ത്യന്‍ കുടിയേറ്റ സമൂഹത്തിലെ ഒരു വിഭാഗത്തിനിടയില്‍ സൃഷ്ടിക്കുന്നതിനാണ് പ്രയോജനപ്പെടുന്നത്. എന്നാല്‍, ഹിന്ദി കുടിയേറ്റക്കാരില്‍ തൊഴിലാളികളും ദരിദ്രരും ഇപ്പോഴും ഇടതുപക്ഷത്തോടോ തൃണമൂല്‍ കോണ്‍ഗ്രസ്സിനോടോ കൂറുള്ളവരായി തുടരുകയും ചെയ്യുന്നുണ്ട്. എങ്കിലും കാലാകാലങ്ങളായി തങ്ങളുടെ സാംസ്‌കാരികമായ വ്യതിരിക്തതയേയും ജീവിതത്തേയും തൃണമൂല്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ അഭിസംബോധന ചെയ്യാന്‍ മടിച്ചുവെന്ന അഭിപ്രായമുള്ള ഇവരിലൊരു വിഭാഗം പതുക്കെ തങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങള്‍ നിറവേറുന്നതിന് ബി.ജെ.പിയെ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാട് പുലര്‍ത്താനാരംഭിച്ചുവെന്നാണ് പാര്‍ത്ഥാ ചാറ്റര്‍ജിയടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗാള്‍ രാഷ്ട്രീയത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി ബി.ജെ.പി മാറിക്കഴിഞ്ഞിട്ടുണ്ട്. 2011-ല്‍ നാലുശതമാനം മാത്രം വോട്ടുണ്ടായിരുന്ന പാര്‍ട്ടിക്ക് 2016-ല്‍ 10.16 ശതമാനം വോട്ടു ലഭിച്ചു. 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതു 40 ശതമാനമായി വര്‍ദ്ധിച്ചു. സീറ്റുകളുടെ എണ്ണം 42-ല്‍ 18 ആവുകയും ചെയ്തു. 

മമതയെപ്പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരു ബംഗാളി മുഖം പാര്‍ട്ടിക്കില്ല എന്നതുപോലെ സംഘടനാപരമായും തൃണമൂലിനെപ്പോലെയോ ഇടതുപാര്‍ട്ടികളെപ്പോലെയോ ബി.ജെ.പി സുസജ്ജമല്ല. ഈ കുറവ് നികത്താന്‍ പാര്‍ട്ടി തൃണമൂല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍നിന്നും ഉള്ള കാലുമാറ്റത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു. ശാരദാ ചിറ്റ്ഫണ്ട് അഴിമതിപോലുള്ള കേസുകളില്‍ അകപ്പെട്ട മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ അന്വേഷണ ഏജന്‍സികളില്‍നിന്നും ഒഴിവാകാനായി ബി.ജെ.പിയില്‍ ചേരുകയും ചെയ്യുന്നു. ബഹുജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള സുവേന്ദു അധികാരിയേയും രാജിബ് ബാനര്‍ജിയേയും പോലുള്ള പഴയ തൃണമൂല്‍ നേതാക്കള്‍ ഇന്ന് ബി.ജെ.പിയിലാണ്. 

വികസനവും മതവികാരങ്ങളുമാണ് തെരഞ്ഞെടുപ്പു വേദിയില്‍ ബി.ജെ.പിയുടെ തുരുപ്പുശീട്ട്. വ്യവസായവികസനവും തൊഴിലും ലക്ഷ്യമിട്ടിട്ടുള്ള സുവര്‍ണ്ണ ബംഗാള്‍ എന്ന പദ്ധതിയാണ് തെരഞ്ഞെടുപ്പില്‍ അവര്‍ ബംഗാളിനു മുന്‍പാകെ വെയ്ക്കുന്നത്. ആയുഷ്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ എന്നീ പദ്ധതികള്‍ നടപ്പാക്കാന്‍ മമതാ ഗവണ്മെന്റ് തുനിഞ്ഞില്ലെന്നും പാര്‍ട്ടി ആരോപിക്കുന്നു. അധികാരത്തില്‍ വന്നാല്‍ ലഭിക്കാതിരുന്ന ഏഴു ഗഡു ഉള്‍പ്പെടെ, കിസാന്‍ സമ്മാന്‍ പദ്ധതിയില്‍നിന്നുള്ള  മുഴുവന്‍ തുകയും കര്‍ഷകനു ലഭ്യമാക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. മമതയുടെ ഗവണ്‍മെന്റ് ന്യൂനപക്ഷ പ്രീണനവും ബംഗ്ലാദേശില്‍നിന്നുള്ള അതിര്‍ത്തി കടന്നുള്ള നിയമവിരുദ്ധ കുടിയേറ്റവും പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിക്കുമ്പോള്‍ത്തന്നെ വിവാദമായ പൗരത്വബില്ലിന്മേല്‍ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. അതേസമയം, പൗരത്വബില്‍ നടപ്പാക്കണമെന്ന ആവശ്യമുയര്‍ത്തുന്ന ബംഗ്ലാദേശില്‍നിന്നുള്ള ഹിന്ദുജനവിഭാഗമായ മത്വകളെ കൂടെനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട് ഹിന്ദുത്വകക്ഷി.

പാചക വാതക- ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇലക്ട്രിക്ക് സ്കൂട്ടറിൽ ഓഫീസിലേക്ക്. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിമാണ് സ്കൂട്ടർ ഓടിക്കുന്നത്
പാചക വാതക- ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇലക്ട്രിക്ക് സ്കൂട്ടറിൽ ഓഫീസിലേക്ക്. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിമാണ് സ്കൂട്ടർ ഓടിക്കുന്നത്

മുസ്‌ലിം ജനതയുടെ നിര്‍ണ്ണായക പ്രാധാന്യം 

ബംഗാളില്‍ ആകെ ജനസംഖ്യയുടെ 27.01 ശതമാനം മുസ്‌ലിങ്ങളാണ്. ആകെയുള്ള 294 നിയമസഭാ സീറ്റുകളില്‍ 75 എണ്ണത്തില്‍ ഈ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഭൂരിപക്ഷമാണ്. ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കിയ 2019-ലെ തെരഞ്ഞെടുപ്പില്‍പ്പോലും ഈ സീറ്റുകളില്‍ 80 ശതമാനത്തിലും മുന്നിട്ടുനിന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. അതായത് മുസ്‌ലിം ജനത ഏറെക്കുറെ തൃണമൂല്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നു എന്ന് അര്‍ത്ഥം. ഈ വോട്ടുകളിലുണ്ടാകുന്ന ഭിന്നിപ്പ് ചുരുക്കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനേയാണ് ബാധിക്കുക. 

എന്നാല്‍, ഈ മതവിഭാഗത്തിന്റെ പിന്തുണയില്‍ ഇത്തവണ ഭിന്നിപ്പുണ്ടാകുമെന്നുതന്നെയാണ് കരുതേണ്ടത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും അബ്ബാസ് സിദ്ദിഖി എന്ന മതനേതാവ് നയിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും ഉള്‍പ്പെടുന്ന മുന്നണി ഈ വോട്ടുകളില്‍ വലിയൊരു ശതമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ മുസ്‌ലിം വോട്ടുകളിലുണ്ടാകുന്ന ഭിന്നിപ്പ് ബി.ജെ.പിക്ക് ഗുണകരമായി തീരുമോ എന്ന് ഉറപ്പിക്കാനുമാകില്ല. കാരണം ഈ മണ്ഡലങ്ങളിലെ ഹിന്ദുക്കള്‍ പൊതുവേ കോണ്‍ഗ്രസ്സിനോടും ഇടതുപക്ഷത്തോടും ചേര്‍ന്നുനില്‍ക്കുന്നവരാണ്. ഈ വോട്ടുകള്‍ സമാഹരിക്കപ്പെടുന്ന പക്ഷം അത്തരം മണ്ഡലങ്ങളില്‍ ഇടതു-കോണ്‍ഗ്രസ്-ഐ.എസ്.എഫ് സഖ്യം ജയിക്കാനാണ് സാധ്യത. 

ഇടതുപാര്‍ട്ടികളേയും കോണ്‍ഗ്രസ്സിനേയും സംബന്ധിച്ച് ഈ തെരഞ്ഞെ ടുപ്പ് നിര്‍ണ്ണായക പ്രാധാന്യമുള്ളതാണ്. കഴിഞ്ഞ കുറേക്കാലങ്ങളായി ഈ പാര്‍ട്ടികളുടെ ജനപിന്തുണയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ 2021-ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ കക്ഷികളുടെ പ്രസക്തി എന്തെന്നു വിളിച്ചോതുന്നതായി തീരുമെന്നു തീര്‍ച്ചയാണ്. 

എന്തായാലും, ഫെബ്രുവരി 28-ന് കൊല്‍ക്കത്തയില്‍ നടന്ന ബ്രിഗേഡ് റാലിയിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം, വിശേഷിച്ചും യുവജനങ്ങളുടെ പങ്കാളിത്തം ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും പുതിയൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തൃണമൂലും ബി.ജെ.പിയും പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ മാത്സര്യത്തിനു ശരിയായ ബദലാകും തങ്ങളുടെ രാഷ്ട്രീയമെന്ന് ഇടതുനേതാക്കള്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പുവേദിയില്‍ വലിയ തിരിച്ചടിയേറ്റെങ്കിലും ഇടതുപക്ഷത്തിന്റെ കേഡര്‍ അടിത്തറയ്ക്ക് കാര്യമായ പോറലേറ്റിട്ടില്ലെന്ന് അതിന്റെ നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. അതിന്റെ കരുത്താണ് ബ്രിഗേഡ് റാലി ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസ്സിനാകട്ടെ, ഇപ്പോഴും അതിന്റെ പരമ്പരാഗത മേഖലകളിലുള്ള സ്വാധീനത്തിനു വലിയ മങ്ങലേറ്റിട്ടില്ല. മധ്യബംഗാളിലെ മൂര്‍ഷിദാബാദിലും മാള്‍ഡയിലുമുള്ള സ്വാധീനം ഇപ്പോഴും തുടരുന്നു. ചുരുക്കത്തില്‍ ഒരു ബഹുകോണ മത്സരത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 

മുന്‍കാലങ്ങളിലൊന്നും ഇല്ലാത്ത തരത്തില്‍ വര്‍ഗ്ഗീയമായ ചേരിതിരിവാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് ഇത്തവണ നല്‍കുന്ന ഒട്ടും ശുഭകരമല്ലാത്ത ഒരു കാഴ്ച. രാജ്യം വിഭജിച്ച കാലത്ത് ഹിന്ദു-മുസ്ലിം കലാപങ്ങള്‍ ഏല്പിച്ച മുറിവുകള്‍ ഇപ്പോഴും വടുകെട്ടി കിടക്കുന്ന വംഗനാട്ടില്‍ വീണ്ടും അത്തരം കഥകള്‍ ആവര്‍ത്തിക്കുന്നത് എന്തു പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നതു കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഒരു സാമ്പത്തിക അജന്‍ഡയ്ക്ക് അടിത്തറയിടാനാണ് കേന്ദ്രം ഭരിക്കുന്നവര്‍ ഈ വിഭജനത്തെ പ്രയോജനപ്പെടുത്തുക.

ബി.ജെ.പിയുടേത് ധ്രുവീകരണ രാഷ്ട്രീയം

മധുമിത 
പത്രപ്രവര്‍ത്തക

ബംഗാളില്‍ തങ്ങളുടെ ധ്രുവീകരണ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി ശ്രമിക്കുന്നുണ്ട്. ബംഗാളില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ മതവിശ്വാസം ഇമ്മട്ടില്‍ ദുര്‍വ്വിനിയോഗം ചെയ്യപ്പെടുന്നത്. ബി.ജെ.പി ഹിന്ദു കാര്‍ഡ് ഉപയോഗിച്ചാണ് കളിക്കുന്നതെങ്കില്‍ ഒരു ഹാജി മുസ്‌ലിം നയിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടു(ഐ.എസ്.എഫ്)മായി ഇടതുപക്ഷവും കോണ്‍ഗ്രസ്സും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ളത് ബംഗാളികളല്ലാത്ത കുടിയേറ്റക്കാരിലാണ്. ഹിന്ദുത്വം അവര്‍ക്കിടയില്‍ എളുപ്പം പ്രചരിപ്പിക്കപ്പെടുന്നു. അവരില്‍നിന്നു പിന്തുണ നേടാന്‍ മമത കഠിനപരിശ്രമം ചെയ്യുന്നുണ്ട്. അതുകൊണ്ട് എത്രമാത്രം ഫലമുണ്ടാകുമെന്ന് എനിക്ക് സംശയമുണ്ട്. ബംഗ്ലാ പൊഖോയെപ്പോലെയും ജാതീയോ ബംഗ്ലാ സമ്മേളന്‍ പോലുള്ളവരുടെ വിഭാഗീയ രാഷ്ട്രീയം ഇന്നത്തെ അരക്ഷിതാവസ്ഥ മുതലെടുത്ത് വളരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, കാര്യമായ പിന്തുണ അവര്‍ക്കു ലഭിക്കുന്നില്ല. അവരുടെ സ്വാധീനം പ്രധാനമായും കൊല്‍ക്കൊത്തയിലൊതുങ്ങുന്നു. 

ടി.എം.സിയെക്കാള്‍ മികച്ചതാണ് ബി.ജെ.പിയെന്ന് ഇടതുപക്ഷത്തുള്ള ചിലരെങ്കിലും കരുതുന്നുണ്ട്. കാരണം അവര്‍ നേരിട്ട് അഭിമുഖീകരിക്കുന്നത് ടി.എം.സിയുടെ നേരിട്ടുള്ള ആക്രമണമാണ്. പണം കിട്ടാതെ ഒരു കാര്യവും തൃണമൂലുകാര്‍ നടത്തിക്കൊടുക്കാറില്ല. പത്തുവര്‍ഷത്തിനുള്ളില്‍ ജനാധിപത്യ ശക്തികള്‍ക്ക് അവരുടെ എല്ലാ ശക്തിയും നഷ്ടമായിട്ടുണ്ട്. യുവാക്കളെ ആകര്‍ഷിക്കുന്നതിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ബ്രിഗേഡ് റാലിയില്‍ ആയിരക്കണക്കിനു ചെറുപ്പക്കാരും വിദ്യാസമ്പന്നരുമായ ആളുകള്‍ പങ്കെടുത്തു. ശുഭോദര്‍ക്കമാണ് ഈ സൂചന. ഈ യുവരക്തത്തെ വിനിയോഗിക്കാന്‍ കഴിയുമങ്കില്‍ ഇടതുപക്ഷ ശക്തികള്‍ക്ക് ഭാവിയുണ്ട് എന്നുതന്നെ പറയാം. ഇന്ന് ബംഗാളില്‍ വ്യാവസായിക വികസനമൊന്നുമില്ല. ഉപജീവനാര്‍ത്ഥം എല്ലാ വീടുകളിലും ഒന്നോ രണ്ടോ അംഗങ്ങള്‍ ബംഗാളിനു പുറത്തു ജോലി ചെയ്യുന്നവരാണ്. തൊഴിലവസരങ്ങളുടെ അഭാവം ഏറെ പ്രകടമാണ്. വ്യവസായവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ബുദ്ധദേബ് ഭട്ടാചാര്‍ജിയുടെ താല്പര്യങ്ങള്‍ ശരിയായിരുന്നു. പക്ഷേ, അതു നടപ്പാക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത രീതിയാണ് തെറ്റിപ്പോയത്. 

ശരിക്കും ഒരു തെരുവുപോരാളിയാണ് മമത. ജീവിതത്തില്‍ എപ്പോഴും എന്തിനോടെങ്കിലും യുദ്ധം ചെയ്തുകൊണ്ടിരിക്കണമെന്ന താല്പര്യക്കാരിയാണ്. ഒരു താഴ്ന്ന മധ്യവര്‍ഗ്ഗ കുടുംബത്തില്‍നിന്നുള്ള മമതയുടെ ജീവിതത്തിലെ വലിയ കറുത്തപാട് അനന്തരവനായ (ഭൈപ്പോ) അഭിഷേക് ബാനര്‍ജിയാണ്. തന്റേയും അമ്മായിയുടേയും (പിഷി) സ്ഥാനം ഉപയോഗിച്ച് അഭിഷേക് പണം സമ്പാദിക്കുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാര്‍ട്ടിയില്‍ മമതയ്ക്കുശേഷം രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. മുകുള്‍ റോയ്, സുവേന്ദു അധികാരി, രാജിബ് ബാനര്‍ജി തുടങ്ങിയ വന്‍കിട നേതാക്കള്‍ അഭിഷേകിന്റെ കടുംകൈകള്‍ സഹിക്കാന്‍ കഴിയാതെ പാര്‍ട്ടി വിട്ടു.

മമതയുടേത് സമര്‍പ്പിത രാഷ്ട്രീയം

കുനാല്‍ ബാനര്‍ജി 
റിട്ട. കോളേജ് അദ്ധ്യാപകന്‍, എഴുത്തുകാരന്‍

വംഗജനതയുടെ ക്ഷേമത്തിലും നാടിന്റെ വികസനകാര്യത്തിലും ആത്മാര്‍ത്ഥമായ സമീപനം മമതയ്ക്കുണ്ടെന്നു പറഞ്ഞേ തീരൂ. ആ ലക്ഷ്യത്തിനുവേണ്ടി ഉഴവുകാളയെപ്പോലെ അവര്‍ പണിയെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, തന്റെ ശക്തിയെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചുമുള്ള അമിതമായ ബോധ്യവും സ്വേച്ഛാധിപത്യ സമീപനങ്ങളുമാണ് അവരുടെ പോരായ്മകള്‍. മാത്രമല്ല, സമര്‍പ്പിതരായ സഹപ്രവര്‍ത്തകരുടെ സഹകരണം അവര്‍ അംഗീകരിക്കുന്നില്ല, അവര്‍ അധികാരത്തിന്റെ പങ്ക് പിടിച്ചെടുക്കുമോ എന്നാണ് മമതയുടെ ഭയം. പ്രതിപക്ഷവുമായുള്ള ഇടപെടലുകളില്‍ അവര്‍ മുന്‍ഗാമികളേക്കാള്‍ ഒട്ടും മെച്ചമല്ല. എന്നാല്‍ ജനങ്ങളോടുള്ള അവരുടെ താല്പര്യം യഥാര്‍ത്ഥമാണ്. നേതാജിയുടെ അനന്തരവന്‍ ഡോ. അമിത് മിത്രയെ ധനമന്ത്രിയായി നിയമിച്ചതുപോലുള്ള സ്വാഗതാര്‍ഹമായ നടപടികള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഒരു സംസ്ഥാനത്തെ ധനകാര്യവകുപ്പ് കയ്യാളാന്‍ ഏറ്റവും പ്രാപ്തിയുള്ള വ്യക്തിയാണ് അദ്ദേഹം. കന്യാശ്രീ, സാബുജതി, സ്വാസ്ഥ്യസാഥി മുതലായ ജനങ്ങള്‍ക്ക് അനുകൂലമായ പദ്ധതികള്‍ നടപ്പാക്കാന്‍ മമതയ്ക്ക് അദ്ദേഹത്തിന്റെ സേവനം അനുഗ്രഹമായി. 

വിഭാഗീയപ്രവണതകള്‍ ബംഗാളിലും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്; മാധ്യമങ്ങളുടെ ഇടപെടലുകളിലൂടെ ബി.ജെ.പി ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ഏതു നിലയ്ക്കായാലും ബി.ജെ.പിയുടെ വളര്‍ച്ച അതുകൊണ്ടുതന്നെ തടയപ്പെടേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു. ബംഗാളില്‍ ഹിന്ദി സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ കാലങ്ങളായി ഉണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന തരം ചില സാമുദായിക ചായ്വുകളും അവര്‍ക്കിടയില്‍ പ്രകടമാണ്. 

ചില പ്രതിലോമ ശക്തികള്‍ ബംഗാളി വികാരം ആളിക്കത്തിക്കുന്നതിനുവേണ്ടി ഇപ്പോള്‍ ചിത്രത്തിലുണ്ട്. ഈ വികാരത്തെ മുതലെടുക്കുന്നതിനു മമത തയ്യാറാകുന്നു. ബംഗാളിനു വേണ്ടത് മണ്ണിന്റെ മകളെ എന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യം ഇന്ന് അങ്ങനെയാണ് പ്രചാരത്തിലായത്. 

ഇടതുപക്ഷം ഇത്തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, പഴയപോലെയുള്ള ഒരു തിരിച്ചുവരവ് ഒരു വിദൂരപ്രതീക്ഷയാണ്. അമ്പതുകളിലേയോ അറുപതുകളിലേയോ എഴുപതുകളുടെ അന്ത്യംവരേയോ അവര്‍ പുലര്‍ത്തിയിരുന്ന ദരിദ്രജനപക്ഷപാതിത്വം ഇനിയും അവര്‍ക്കു തിരിച്ചുപിടിക്കാനായിട്ടില്ല.

72 ആവര്‍ത്തിക്കുമെന്ന് ഭയം

യോഗേന്ദ്ര യാദവ് 

ഇത്തവണ എങ്ങനെയെങ്കിലും ബംഗാള്‍ പിടിച്ചെടുക്കണമെന്ന ബി.ജെ.പി ശാഠ്യം എന്നെ വേവലാതിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിക്ക് സാധ്യതയുണ്ടോ എന്ന് അതിനു സംശയമുണ്ട്. എന്നാല്‍, അങ്ങനെയൊന്നില്ലെന്ന് അറിയുകയും ചെയ്യാം. ഇപ്പോള്‍ ഇതിനുവേണ്ട എല്ലാ അധികാരവും വിഭവങ്ങളും പാര്‍ട്ടിയുടെ കൈവശം ഉണ്ട്. ധാര്‍മ്മികമായ ആശങ്കകള്‍ ഒട്ടും ഇല്ലതാനും. 

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും മൂന്നു സീറ്റുകള്‍ മാത്രമായിരുന്നു ബി.ജെ.പിക്ക്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതിന്റെ തകര്‍പ്പന്‍ പ്രകടനം നിയമസഭാ സീറ്റുകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടുവെന്ന് കരുതുക. 126 സീറ്റുകള്‍ അതിനു ലഭിക്കേണ്ടതുണ്ട്. 

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് ഫലമെന്തായിരിക്കണമെന്നതിനേക്കാള്‍ എന്നെ വേവലാതിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പു തന്നെയാണ്. തെരഞ്ഞെടുപ്പുകള്‍ സംഘടിപ്പിക്കുന്ന രീതിയാണ്. തീയതികളാണ്. തെരഞ്ഞെടുപ്പിനുശേഷം എന്തുണ്ടാകുമെന്നതു സംബന്ധിച്ച് എനിക്ക് വേവലാതിയുണ്ട്. ബംഗാളില്‍ പൂര്‍ണ്ണമായും അവ്യവസ്ഥ സൃഷ്ടിക്കുന്നതിലാണ് ഈ രീതിയിലെ തെരഞ്ഞെടുപ്പ് കലാശിക്കുക. ഇതിനകം തന്നെ ദുര്‍ബ്ബലമായിക്കഴിഞ്ഞ ദേശീയസ്ഥാപനങ്ങളില്‍ അത് ദീര്‍ഘകാലത്തേക്കു നീണ്ടുനില്‍ക്കുന്ന നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുമെന്നു ഞാന്‍ ഭയക്കുന്നു. 1972-ലെ അനുഭവത്തിന്റെ ആവര്‍ത്തനം ഞാന്‍ ഭയക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com