'അലിഞ്ഞുപോകില്ല ചില പാടുകളൊരു പെരുമഴയിലും'- കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എം.ആര്‍ രേണുകുമാര്‍ സംസാരിക്കുന്നു

കവിതയ്ക്കുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എം.ആര്‍ രേണുകുമാര്‍ സംസാരിക്കുന്നു
എം.ആര്‍. രേണുകുമാര്‍/ ഫോട്ടോ: എസ്. കലേഷ്
എം.ആര്‍. രേണുകുമാര്‍/ ഫോട്ടോ: എസ്. കലേഷ്

രിത്രത്തില്‍ രേഖപ്പെടാതെ കിടന്നവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കും മലയാള കവിതയില്‍ വിഭവഭൂപടം ഒരുക്കിയ കവിയാണ് എം.ആര്‍. രേണുകുമാര്‍. രണ്ടു പതിറ്റാണ്ടായി കവിതയെഴുതിക്കൊണ്ടിരിക്കുന്ന രേണുകുമാര്‍ സവിശേഷമായ സ്വന്തം ഇടം മലയാള കവിതയില്‍ എഴുതിച്ചേര്‍ത്തു കഴിഞ്ഞു. വിവേചനരഹിതമായ ഒരു ലോകത്തെ ഭാവനാപൂര്‍വ്വം സമീപിക്കുന്നു ഈ കവിതകള്‍. കാണുന്ന പ്രകൃതിയല്ല, അനുഭവിച്ച പ്രകൃതിയാണ് ഈ കവിതകളിലെ പ്രകൃതിബോധം. ഓര്‍മ്മകളാണ് കവിതയുടെ ഇന്ധനം. ദളിത് അനുഭവങ്ങളാണ് കവിതയുടെ കാതല്‍. പുതിയ കവിതയിലെ പാര്‍ശ്വഭാവന എന്നാണ് രേണുകുമാറിന്റെ കവിതകളെ സാഹിത്യ വിമര്‍ശകന്‍ പി.പി. രവീന്ദ്രന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2005 ജൂണിലാണ് ആദ്യ കവിതാ സമാഹാരം കെണിനിലങ്ങള്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് വെഷക്കായ, പച്ചക്കുപ്പി, കൊതിയന്‍ (കവിതാ സമാഹാരങ്ങള്‍), ബാലസാഹിത്യം, ജീവചരിത്രങ്ങള്‍, യാത്രാവിവരണം, വിവര്‍ത്തന പുസ്തകങ്ങള്‍ അടക്കം 14 കൃതികള്‍ രേണുകുമാറിന്റേതായിട്ടുണ്ട്. 'കൊതിയന്‍' എന്ന സമാഹാരത്തിലൂടെ 2019-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ രേണുകുമാര്‍ കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. 

ബാല്യത്തെക്കുറിച്ച് അനേകം കവിതകള്‍ രേണുകുമാറിന്റേതായിട്ടുണ്ട്. ബാലസാഹിത്യകൃതികളും എഴുതിയിട്ടുണ്ട്. ബാല്യം എങ്ങനെയാണ് രേണുകുമാറിലെ കവിയെ സ്വാധീനിച്ചത്?

കൂട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ടവനായിരുന്നു ഞാന്‍. കൂട്ടുകാരെല്ലാവരും മറ്റു ജാതികളില്‍ നിന്നുള്ളവരായിരുന്നതിനാലും 16 വയസ്സിന് മൂത്ത ഒരു സഹോദരിയല്ലാതെ മറ്റു സഹോദരങ്ങളോ ബന്ധുക്കളോ അടുത്തെങ്ങും ഇല്ലാതിരുന്നതിനാലും കൂട്ടുകാര്‍ക്കിടയില്‍ ഏതു നിമിഷത്തിലും തള്ളപ്പെട്ടു പോകാവുന്ന ഒരവസ്ഥയുണ്ടായിരുന്നു. അവര്‍ക്കിടയില്‍ ഓരോ കാലത്തും ഓരോ നിലകളില്‍ ഞാന്‍ ദുര്‍ബ്ബലനും വള്‍ണറബിളും ആയിരുന്നു. പഠിത്തത്തിലോ കളിയിലോ പടംവരയിലോ ഉള്ള കഴിവ് ഒരു യോഗ്യതയായിരുന്നില്ല. ജാതിമേന്മയും കുടുംബ മഹിമയുമായിരുന്നു മികവിന്റെ അടിസ്ഥാനം. ''ഈഴവക്കടലിലെ പുലയ ദ്വീപായിരുന്നു എന്റെ വീടെ''ന്നു ഞാന്‍ മുന്‍പെഴുതിയിട്ടുണ്ട്. എന്റെ വീട്ടിലേക്കു വഴിയുണ്ടായിരുന്നില്ല. ചുറ്റുപാടുള്ള വീട്ടുകാരുടെ പറമ്പിലൂടേയും മുറ്റത്തൂടേയും ദാസ്യ ശരീരഭാഷയോടെയേ പുറംലോകത്തേക്കു പോകാനായുള്ളൂ. എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യപ്പെടാവുന്ന, വിലക്കാവുന്ന, അടച്ചുകെട്ടാവുന്ന വഴിയായിരുന്നു അത്. എന്റെ വിവാഹശേഷവും സമീപ വീട്ടിലെ ഒരു സ്ത്രീ ഞങ്ങളുടെ വഴി തടഞ്ഞിട്ടുണ്ട്. ആ പരിസരത്തോട് ഭൗതികമായെങ്കിലും വിടപറഞ്ഞതോടെയാണ് എത്ര പിന്നോക്കമായ, മാനുഷികവിരുദ്ധമായ ഒരിടത്താണ് ഞാന്‍ ജീവിച്ചതെന്നു മനസ്സിലായത്. അയല്‍വീട്ടുകാരോട് എന്റെ അമ്മയും അച്ഛനുമൊക്കെ ജാതിവഴക്കങ്ങള്‍ അനുസരിച്ചുകൊണ്ടുള്ള ഒരു വിധേയത്വം പുലര്‍ത്തിയിരുന്നതിനാല്‍, അവരോടും എന്റെ കൂട്ടുകാരുമായും അത്തരമൊരു ബന്ധത്തിന്റെ തുടര്‍ച്ചയാകാനേ എനിക്കും കഴിഞ്ഞിരുന്നുള്ളൂ. ജാതീയ വേര്‍തിരിവുകളും അധിക്ഷേപങ്ങളും ഹിംസകളും ഇതരവീടുകളിലെ മുതിര്‍ന്നവരില്‍നിന്നു വളരെ സ്വാഭാവികമായാണ് ഉണ്ടാവുക. ജാതിയിടങ്ങളില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടാനുള്ള സാധ്യത പെയ്യാറായ മഴപോലെ ബാല്യ-കൗമാര കാലത്ത് എന്റെ കൂടെയുണ്ടായിരുന്നു. അവര്‍ക്ക് അനിഷ്ടമുള്ള ഒരു കാര്യവും ചെയ്യാതെ അടങ്ങിയൊതുങ്ങി വിധേയപ്പെട്ടു വേണം പെരുമാറാന്‍ എന്നൊരു നിശ്ശബ്ദനിര്‍ദ്ദേശം സ്വന്തം വീട് തന്നുകൊണ്ടുമിരിക്കും. ആകയാല്‍ ഒരു കുതറലിനും സാധ്യതയുണ്ടായിരുന്നില്ല. ജാതിവഴക്കങ്ങള്‍ ദുര്‍ബ്ബലപ്പെടാന്‍ വൈകിയതില്‍ നിഷ്‌കര്‍ഷകളോടൊപ്പം അനുസരണയ്ക്കും പ്രാധാന്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. മറ്റുള്ളവര്‍ യജമാനഭാവം പുലര്‍ത്തുമ്പോള്‍ ദാസ്യഭാവം പുലര്‍ത്തി ജാതിനിയമങ്ങള്‍ സംരക്ഷിക്കുന്ന രീതി പലരിലും പൊതുവില്‍ ദൃശ്യമായിരുന്നു. ഇത് ഏതെങ്കിലും വിധത്തില്‍ ലംഘിക്കുന്നവര്‍ വഴക്കാളികളോ തല്ലുകൊള്ളികളോ നിഷേധികളോ ഒക്കെയായി മുദ്രകുത്തപ്പെടുമായിരുന്നു. മറ്റു വീടുകളിലെ മുതിര്‍ന്നവരും കുട്ടികളും പൊതുവഴിപോലെ എന്റെ വീട്ടകം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്നതു കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. എന്റെ വീടും പറമ്പും അധികാരഭാവത്തില്‍ അവര്‍ ഉപയോഗിക്കുമെങ്കിലും ഞങ്ങള്‍ അവരുടെ വീടിന്റെയകം ഒരു കാലത്തും ജനലിലൂടെയല്ലാതെ കണ്ടിട്ടേയില്ല. അവരുടെ കസേരകളിലോ കട്ടിലുകളിലോ ഇരുന്നിട്ടില്ല. 1994-ല്‍ ഞാന്‍ എം.ജി സര്‍വ്വകലാശാല കലാപ്രതിഭയായപ്പോള്‍ ദൂരദര്‍ശനില്‍ വന്ന ഇന്റര്‍വ്യൂ അയല്‍പക്കത്തെ വീടിന്റെ മുറ്റത്തുനിന്നാണ് ഞാന്‍ കണ്ടത്. അതില്‍ എനിക്ക് ഇന്നു തോന്നുന്ന അപമാനം അന്നു തോന്നിയിരുന്നില്ല എന്നതാണ് വിരോധാഭാസം.

എന്റെ കൂട്ടുകാര്‍ എന്റെ അച്ഛനേയും അമ്മയേയും ചേച്ചിയേയും മറ്റും ബഹുമാനമേതുമില്ലാതെ പേരു വിളിക്കുന്നതില്‍ അവര്‍ക്കോ എനിക്കോ എടുത്തുപറയത്തക്ക അപാകതയൊന്നും തോന്നിയിരുന്നില്ല. തര്‍ക്കങ്ങളോ വഴക്കുകളോ ഉണ്ടാകുമ്പോള്‍ ജാതീയമായി അപമാനിക്കാന്‍ ഉപയോഗിക്കുന്ന പേരുകള്‍ ചില കൂട്ടുകാരും മുതിര്‍ന്നവരും തെറിചേര്‍ത്ത് എന്നെ വിളിച്ചിട്ടുണ്ട്. ഇത്തരം ജാതീയ കളിയാക്കലുകളെക്കുറിച്ചു ഞാന്‍ മുന്‍പെഴുതിയിട്ടുണ്ട്. എന്റെ കൂട്ടുകാരാരും എന്റെ വീട്ടില്‍നിന്നു പച്ചവെള്ളംപോലും കുടിച്ചിരുന്നതായി ഞാനോര്‍ക്കുന്നില്ല. ചായയോ കാപ്പിയോ പാകം ചെയ്ത ആഹാരമോ ഒരുകാലത്തും കഴിച്ചിട്ടുമില്ല. കൂട്ടുകാരുടെ വീടുകളുടെ അകത്തിരുന്ന് എപ്പോഴെങ്കിലും ആഹാരം കഴിച്ച ഓര്‍മ്മയും എനിക്കില്ല. ഏതെങ്കിലും ആഘോഷ ചടങ്ങുകള്‍ക്കു വന്നാലും മറ്റുള്ളവര്‍ വീട്ടീന്ന് ഭക്ഷണം കഴിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. ക്ഷണിച്ചാലും എന്തേലും ഒഴിവുകഴിവ് പറഞ്ഞവര്‍ തടിതപ്പും. നിരസിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് പലപ്പോഴും ക്ഷണിക്കാനുള്ള ധൈര്യവും ഉണ്ടാകാറില്ല. വിവാഹാനന്തരം എന്റെ കൂട്ടുകാരന് രേഖ ചായയിട്ടു കൊടുത്തപ്പോള്‍ അമ്മയും ചേച്ചിയും അനുഭവിച്ച മാനസിക പിരിമുറുക്കം എനിക്കറിവുള്ളതാണ്. ജാതിബന്ധങ്ങളെ ശിരസ്സാവഹിക്കുന്ന 'കീഴാളരെ'യാണ് എപ്പോഴും പ്രബല ജാതിസമൂഹം ആനുകൂല്യങ്ങളും നക്കാപ്പിച്ചകളും നല്‍കി പ്രോത്സാഹിപ്പിക്കുക. ഗതികേടുകൊണ്ടും അജ്ഞതകൊണ്ടും മരുന്നിനുപോലും ആത്മാഭിമാനമില്ലാതെപോയ മനുഷ്യര്‍ക്ക് ഈ 'തമ്പുരാന്‍ ദയ' ഒരു വലിയ കാര്യമായി തോന്നുന്നതില്‍ അത്ഭുതമില്ല. ജാതിവഴക്കങ്ങളെ കുനിഞ്ഞ ശിരസ്സോടെ അനുസരിക്കുന്ന 'കീഴാളര്‍ക്ക്' ജാതിസമൂഹം എപ്പോഴും മാര്‍ക്കുകൊടുക്കുകയും അല്ലാത്തവരുടെ 'വഴി തടയു'കയും ചെയ്യുന്നത് സ്വാഭാവികമാണ്.

കോട്ടയം കാരാപ്പുഴ ഒരു പുഴയോരഗ്രാമമാണ്. വയലിനോടും കൃഷിപ്പണികളോടും മീന്‍പിടുത്തത്തോടും ബന്ധപ്പെട്ടുകിടക്കുന്ന ഒരിടം. അതുപോലെതന്നെ വിവിധ ജാതി-മത വിഭാഗങ്ങള്‍ ഒരുമിച്ചു കഴിയുന്ന ഇടം. ദേശം എങ്ങനെയാണ് എഴുത്തിനെ സ്വാധീനിച്ചത്? 

കാരാപ്പുഴയാണ് മുഖ്യമായും എന്റെ എഴുത്തിന്റെ ദേശം. അത് എന്റെ അനുഭവത്തില്‍ പൂര്‍ണ്ണമായും തന്നെ 'ഈഴവപ്പുളപ്പു'ള്ള ജാതിദേശമാണ്. കാരാപ്പുഴയിലെ എന്റെ ബാല്യവും കൗമാരവും പലവിധേന സങ്കീര്‍ണ്ണമായിരുന്നു. സ്വയം തിരിച്ചറിവിന്റേയും സാമൂഹ്യബോധത്തിന്റേയും ഭൂമിക വളരുന്നതോടെയാണ് അവിടം വിട്ടുപോകാനുള്ള തിരത്തള്ളല്‍ എന്റെയുള്ളില്‍ ഉണ്ടാകുന്നത്. കാരാപ്പുഴയെ ഉപേക്ഷിച്ച ഞാനാണ് ഇപ്പോള്‍ നിലവിലുള്ളത്. അല്ലാത്ത ഞാന്‍ എന്റെ കവിതകളിലും കഥകളിലും ഓര്‍മ്മക്കുറിപ്പുകളിലും മാത്രം. എന്നെ സൃഷ്ടിച്ചതില്‍ കാരാപ്പുഴയ്ക്ക് സമ്മിശ്രമായ പങ്കാണുള്ളത്. അതിലേറെയും പ്രതികൂലമാണെന്നു പറയാതിരിക്കാനാവില്ല; അതിന്റെ മുഖ്യകാരണം ജാതിയാണെന്നും. കേരള സമൂഹത്തില്‍ മനുഷ്യരുടെ വിജയ-പരാജയങ്ങളില്‍ ജാതി പ്രിവിലേജുകള്‍ക്കു വലിയ പങ്കാണുള്ളത്. ജാതി പ്രിവിലേജുകള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും പ്രിവിലേജില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാവില്ല. Privilege is invisible to those who have it എന്നാണ് സോഷ്യോളജിസ്റ്റായ സ്‌കോട്ട് കിമ്മെല്‍ പറയുന്നത്. വിദ്യാഭ്യാസത്തിന്റേയും സാമൂഹ്യബോധത്തിന്റേയും കാര്യത്തില്‍ ഏറെ പിന്നാക്കമായ ഒരു പ്രദേശത്തെ ജാതിമനുഷ്യര്‍ എന്നെപ്പോലെ ഒരാളുടെ ജീവിതത്തില്‍ പിന്നെങ്ങനെയാണ് അനുകൂല ഘടകമാവുക?

എഴുപതുകളുടെ അവസാനവും എണ്‍പതുകളിലുമാണ് സ്‌കൂള്‍ പിന്നിട്ടത്. സ്‌കൂള്‍കാലം മുതല്‍ എഴുതിയിരുന്നു, ചിത്രം വരച്ചിരുന്നു

സ്‌കൂള്‍കാലം രസമുള്ളൊരു കാലമാണ്. സ്‌കൂളില്‍ നമ്മുടെ വേരുകള്‍ പരിമിതമായേ വെളിപ്പെടുന്നുള്ളൂ. ജാതിസമൂഹത്തില്‍ മനുഷ്യരുടെ വേരുകള്‍ക്കും പാരമ്പര്യത്തിനും വലിയ പ്രാധാന്യമുണ്ട്. ഒരാള്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയാലും കേരള മുഖ്യമന്ത്രി ആയാലും അയാള്‍ അയാളുടെ ജാതി പാരമ്പര്യവുമായി/തൊഴിലുമായി ബന്ധപ്പെട്ടാണ് ജന്മനാട്ടില്‍ അറിയപ്പെടുന്നതും സവര്‍ണ്ണരാല്‍ വിശേഷിപ്പിക്കപ്പെടുന്നതും. സ്‌കൂളിലും നഗരങ്ങളിലും ജന്മനാട് വിട്ടുള്ള ഇടങ്ങളിലും ലഭിക്കുന്ന വേരില്ലായ്മയും അനോണിമിറ്റിയും നമ്മളെ നമ്മുടെ യോഗ്യതയ്ക്ക് അനുസൃതമായി വിലയിരുത്തപ്പെടാന്‍ അവസരമൊരുക്കുന്നു. പുലയനായ കളിക്കൂട്ടുകാരന്റെ വീട്ടീന്നു ഭക്ഷണം കഴിക്കാത്ത ഈഴവന്‍ കോളേജിലെ തന്റെ പുലയ സുഹൃത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതില്‍ ഈ വേരില്ലായ്മയും ആപേക്ഷിക അനോണിമിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ നാട്ടിലെപ്പോലെ പ്രകടമായ ജാതി വേര്‍തിരിവുകളൊന്നും സ്‌കൂള്‍ കാലത്ത് കൂട്ടുകാരില്‍നിന്നോ അദ്ധ്യാപകരില്‍നിന്നോ അനുഭവിക്കേണ്ടിവന്നിട്ടില്ല. സ്‌റ്റൈപ്പന്റിന്റെ പേരിലുള്ള അദ്ധ്യാപകരുടെ എണീപ്പിച്ച് നിര്‍ത്തലായിരുന്നു കുറച്ച് അപമാനകരമായി തോന്നിയിരുന്ന ഒരു 'കലാപരിപാടി.' പാഠപുസ്തകങ്ങളല്ലാതെ, കാര്യമായ വായന ഉണ്ടായിരുന്നില്ല. പാഠപുസ്തകത്തില്‍ പഠിച്ച കവിതകളല്ലാതെ മറ്റൊന്നും വായിച്ചതായി ഓര്‍മ്മയില്ല. സ്‌കൂളിലെ ഡ്രോയിംഗ് അദ്ധ്യാപകന്‍ ജോണ്‍സാര്‍ ഒരിക്കല്‍ 'ടൈറ്റാനിക്കി'ന്റെ കഥ പറഞ്ഞതും കണക്ക് അദ്ധ്യാപകനായ ശാന്തകുമാരന്‍ സാര്‍ 'നോത്രദാമിലെ കൂന'ന്റെ കഥ പറഞ്ഞതും സാഹിത്യത്തിലേക്കുള്ള ആദ്യ ജാലകങ്ങളായി. ഗോപാലകൃഷ്ണന്‍ എന്ന മലയാളം അദ്ധ്യാപകന്‍ പാഠപുസ്തകത്തിനു പുറത്തുള്ള കുറേ മലയാള സാഹിത്യകാരന്മാരുടെ കൃതികള്‍ പരിചയപ്പെടുത്തിയതും അവരുടെ പടങ്ങള്‍ ക്ലാസ്സില്‍ കാണിച്ചതും സാഹിത്യത്തോടും എഴുത്തിനോടുമുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിച്ചു. ഒന്‍പതാം ക്ലാസ്സില്‍വെച്ച് ആദ്യ കഥയെഴുതി ആ അദ്ധ്യാപകനെത്തന്നെ പരീക്ഷിച്ചു. ഹൈസ്‌കൂള്‍ മുതല്‍ പടംവര മത്സരങ്ങള്‍ക്കു ചേരുമായിരുന്നു. സമ്മാനങ്ങളും കിട്ടി. സ്‌കൂളില്‍ കുറച്ചൊക്കെ അറിയപ്പെടുന്ന കുട്ടിയായിരുന്നു ഞാന്‍. അയല്‍പക്കങ്ങളില്‍ ഇല്ലാതിരുന്ന വില എനിക്ക് സ്‌കൂളിലുണ്ടായിരുന്നു. അയല്‍പക്ക വീടുകളുടെ അകം കാണാത്ത ഞാന്‍ സവര്‍ണ്ണരായ കൂട്ടുകാരുടെ വീടുകളിലേക്കു ക്ഷണിക്കപ്പെട്ടു. അവരുടെ വീട്ടിലിരുന്നു പടങ്ങള്‍ വരച്ചു. ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പലതുമുണ്ടാക്കി. അയല്‍പക്കത്തെ അപേക്ഷിച്ച് സ്‌കൂള്‍ ഒരു ഭേദപ്പെട്ട സ്ഥലമായിരുന്നു. കാരണം വീടും സ്‌കൂളും തമ്മില്‍ കുറച്ചകലമുണ്ടായിരുന്നു. വീടിന്റെ പരിസരങ്ങളില്‍നിന്ന് അകലുന്തോറും അപമാനഭാരം കുറഞ്ഞുകുറഞ്ഞു വരുന്നതായി ഞാന്‍ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. പലയിടങ്ങളില്‍നിന്നു പല ജാതികളില്‍പ്പെട്ട കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന കാരാപ്പുഴ സ്‌കൂളിലാണ് ഞാന്‍ പത്തുവര്‍ഷവും പഠിച്ചത്. മൂന്നാമത്തെ ഉയര്‍ന്ന മാര്‍ക്കോടെ ഞാന്‍ പത്താം ക്ലാസ്സ് പാസ്സായി. കോളേജില്‍ പോകാന്‍ അച്ഛന്‍ റാലിയുടെ സൈക്കിള്‍ വാങ്ങിച്ചുതന്നു. അതിലാണ് തുടര്‍ന്നുള്ള രണ്ടുവര്‍ഷം കോളേജില്‍ പോയിവന്നത്.

കോളേജ് പഠനകാലം? 

പത്തുവര്‍ഷത്തോളം നീണ്ടുനിന്നു കോട്ടയത്തെ കോളേജുകാലം. രണ്ടു ഘട്ടങ്ങളിലായി പ്രീഡിഗ്രിയും ഡിഗ്രിയും ബസേലിയസ് കോളേജിലാണ് പഠിച്ചത്. ഇതിനിടയില്‍ ഒരു വര്‍ഷം പഠിക്കാന്‍ പോകാതിരിക്കുകയും രണ്ടു വര്‍ഷം പാരലല്‍ കോളേജില്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടകം ഗവണ്‍മെന്റ് കോളേജിലായിരുന്നു പി.ജി പഠനം. ഇക്കണോമിക്‌സായിരുന്നു ഐച്ഛികവിഷയം. സാഹിത്യാഭിരുചി ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഞാന്‍ മലയാളമെടുത്തില്ല, ആരുമെന്നെ അതിനു പ്രേരിപ്പിച്ചില്ല എന്നത് എന്നെയിപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അങ്ങനെ സംഭവിക്കാതെ പോയതില്‍ എനിക്കു ചെറുതല്ലാത്ത നിരാശയുമുണ്ട്. പ്രത്യേകിച്ചൊരു ലക്ഷ്യമോ ഇഷ്ടമോ ഇല്ലാതെ പല കാര്യങ്ങളിലും ഏര്‍പ്പെടുന്ന എന്റെ സ്വഭാവത്തിനു കിട്ടിയ മറക്കാനാവാത്ത സമ്മാനമായി ഈ നിരാശയെ ഞാന്‍ ചില്ലിട്ടുവെക്കുന്നു. എന്റെ പ്രീഡിഗ്രിക്കാലം അക്കാലത്തെ ഏതൊരു ദളിത് വിദ്യാര്‍ത്ഥിയേയും പോലെ കടുത്ത അപകര്‍ഷത നിറഞ്ഞതായിരുന്നു. എങ്കിലും ഞാന്‍ ചിത്രകലാ-സാഹിത്യ മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. രണ്ടാംഭാഷയായി മലയാളം പഠിച്ചു. പ്രീഡിഗ്രിക്കും ഡിഗ്രിക്കും കൂടുതല്‍ മാര്‍ക്കു കിട്ടിയത് മലയാളത്തിനായിരുന്നു. പാഠപുസ്തകത്തിനുള്ളില്‍ ഒതുങ്ങിയാണെങ്കിലും ആധുനിക മലയാള കവിതയിലേക്ക് ചില നാമ്പുകള്‍ തളിര്‍ക്കുന്നത് ഇക്കാലത്താണ്.

കോളേജില്‍ പഠിക്കുമ്പോള്‍ കാമ്പസില്‍ ഞാന്‍ അറിയപ്പെടുന്ന വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഒരു പരിധിയിലധികം സൗഹൃദം പലരുമായും ഉണ്ടാക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. പി.ജി പഠനകാലത്താണ് എടുത്തുപറയത്തക്ക സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്. അതിലൊക്കെ ഏറിയും കുറഞ്ഞും പ്രണയത്തിന്റെ കാറ്റുകള്‍ വീശിയിരുന്നുതാനും. ബസേലിയസില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് (1989-92) ഞങ്ങള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അംബേദ്കര്‍ ചിന്തകളുടെ വെളിച്ചത്തില്‍ ചെറിയ തോതില്‍ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമുണ്ടാക്കുന്നുണ്ട്. കെ.എസ്.യു-എസ്.എഫ്.ഐ സംഘടനകള്‍ക്കെതിരെ ഒരു വര്‍ഷം കോളേജ് തിരഞ്ഞെടുപ്പിലും പങ്കെടുക്കുന്നുണ്ട്. അപ്പുക്കുട്ടന്‍, സിദ്ധിഖ്, ജയ്മോന്‍, സാദ്ദിഖ് പാഷ, വില്‍സണ്‍, ബോബി, അമ്പിളി, സുരേന്ദ്രന്‍ തുടങ്ങിയ സുഹൃത്തുക്കളൊക്കെയായിരുന്നു പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍. ഇടത്-വലത് രാഷ്ട്രീയമല്ലാതെ, ഇന്ത്യയിലെ ജാതിവ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളിലേക്ക് പ്രവേശിക്കുന്നത് ഇക്കാലത്താണ്. വ്യവസ്ഥാപിത കക്ഷിരാഷ്ട്രീയത്തിന്റെ സ്വഭാവത്തിലല്ലെങ്കിലും അതിപ്പോഴും തുടരുകയും ചെയ്യുന്നു.

കോളേജ് കാലത്തുണ്ടായ ഈ സുഹൃത്തുക്കളില്‍ അപ്പുക്കുട്ടനും ജയ്മോനുമായും ഉള്ള അടുപ്പം ഞാന്‍ വിവിധ രീതികളില്‍ വ്യത്യസ്ത രാഷ്ടീയമേഖലകളില്‍ തുടര്‍ന്നിരുന്നു. അക്കാലത്ത് കഥകളും കവിതകളും എഴുതിയിരുന്ന ജയ്മോനുമായിട്ടുള്ള സംസാരത്തിനിടയ്ക്കാണ് പോള്‍ ചിറക്കരോട് എന്ന എഴുത്തുകാരനെക്കുറിച്ചു ഞാന്‍ കേള്‍ക്കുന്നത്. ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയി. വര്‍ഷങ്ങള്‍ക്കുശേഷം കവിയായി മാറിയ ഞാന്‍ പോള്‍ സാറുമായി നല്ല അടുപ്പത്തിലാകുന്നുണ്ട്. 'പടവുകള്‍' മാസികയുടെ പത്രാധിപരായിരിക്കുമ്പോള്‍ അദ്ദേഹമെനിക്ക് കത്തുകള്‍ എഴുതുമായിരുന്നു. എന്റെ കവിതകളും കഥകളും ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. 1962-ല്‍ പ്രസിദ്ധീകരിച്ച, മലയാളത്തിലെ രണ്ടാമത്തെ ദളിത് നോവലെന്നു വിശേഷിപ്പിക്കപ്പെടുന്ന പോള്‍ സാറിന്റെ 'പുലയത്തറ'യുടെ പുതിയ പതിപ്പ് 2019-ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആമുഖമെഴുതിയത് ഞാനാണ്.

അക്കാലത്ത് വായന സജീവമായിരുന്നോ? എം.ജി സര്‍വ്വകലാശാല കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടുണ്ട്

വീട്ടില്‍നിന്നും കിട്ടിയ അപൂര്‍വ്വം പുസ്തകങ്ങളുടെ വായനയ്ക്കപ്പുറത്തേക്ക്, എന്റെ വായന വികസിക്കുന്നത് കോളേജിലെത്തുമ്പോഴാണ്. കോളേജ് ലൈബ്രറിയില്‍നിന്നും കാരാപ്പുഴ ഭാരതിവിലാസം ഗ്രന്ഥശാലയില്‍നിന്നും പുസ്തകങ്ങളെടുത്താണ് ഞാന്‍ വായിച്ചിരുന്നത്. അമ്മയോ മറ്റുള്ളവരോ നല്‍കുന്ന ചെറിയ തുകകള്‍ ചേര്‍ത്തുവെച്ചു വിലകുറഞ്ഞ പുസ്തകങ്ങള്‍ വാങ്ങി വീട്ടില്‍ ചെറിയൊരു ലൈബ്രറിക്കു ഞാന്‍ തുടക്കം കുറിച്ചിരുന്നു. അക്കാലത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ ഡി.സി ബുക്‌സ് 'പുസ്തകച്ചന്ത'കള്‍ നടത്തുമായിരുന്നു. ഗോര്‍ക്കിയുടെ 'അമ്മ' നോവലിന്റെ പരിഭാഷയൊക്കെ എനിക്ക് അഞ്ചു രൂപയ്ക്കും വിശ്വസാഹിത്യമാല പത്തു രൂപയ്ക്കും കിട്ടിയിട്ടുണ്ട്. ലോക ക്ലാസ്സിക് കൃതികളിലേക്കും നോവലുകളിലേക്കും ഇത്തരം സംഗ്രഹിത പുനരാഖ്യാനങ്ങളിലൂടെയാണ് ഞാനെത്തുന്നത്. പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം ലോകസാഹിത്യത്തെക്കുറിച്ചുള്ള എന്റെ ധാരണകളെ നിര്‍ണ്ണയിച്ചിട്ടുണ്ട്. നോവല്‍, കഥകള്‍, സഞ്ചാരസാഹിത്യം എന്നീ മേഖലകളിലായിരുന്നു കൂടുതലും വായന. കാരൂര്‍, എസ്.കെ. പൊറ്റെക്കാട്, ബഷീര്‍, തകഴി, ഉറൂബ്, കെ. സുരേന്ദ്രന്‍, വിലാസിനി, മാധവിക്കുട്ടി, എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, കാക്കനാടന്‍, ഒ.വി. വിജയന്‍, മുകുന്ദന്‍ തുടങ്ങിയവരായിരുന്നു ആദ്യകാലത്തെ പ്രിയപ്പെട്ട എഴുത്തുകാര്‍. (ടി.കെ.സി. വടുതല, പോള്‍ ചിറക്കരോട് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ അക്കാലത്ത് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല). പിന്നീട് ആനന്ദ്, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍.എസ്. മാധവന്‍, സാറാ ജോസഫ്, സി. അയ്യപ്പന്‍ തുടങ്ങിയവരിലേക്കു മാറിമറിഞ്ഞു. എന്തുകൊണ്ടോ കവിതകള്‍ കുറച്ചുമാത്രമേ വായിച്ചിരുന്നുള്ളൂ. കടമ്മനിട്ടയ്ക്കും സച്ചിദാനന്ദനും എ. അയ്യപ്പനും ബാലചന്ദ്രന്‍ ചുള്ളിക്കാടിനും അപ്പുറം കവിതാവായന വളരെ പരിമിതമായിരുന്നു. വിവര്‍ത്തന കൃതികളിലൂടെ ലോകസാഹിത്യത്തിലേക്കുള്ള ജാലകം തെല്ല് തുറന്നപോലെ, ഇതര ഇന്ത്യന്‍ ഭാഷാസാഹിത്യത്തെ ഞാന്‍ പരിചയപ്പെടുന്നതും കോളേജ് കാലത്താണ്. വി.എസ്. ഖാണ്ഡേക്കര്‍, ശിവരാമ കാരന്ത്, അഖിലന്‍, രാമപാദ ചൗധരി തുടങ്ങിയവരിലൊക്കെ ഒതുങ്ങിയിരുന്നു പ്രസ്തുത വായന. ഞാനൊരു ശരാശരി വായനക്കാരന്‍ മാത്രമായിരുന്നു. 

ചിത്രകലയിലെന്നപോലെ കഥയിലും കവിതയിലും കോളേജ് തലത്തില്‍ എനിക്കു സമ്മാനങ്ങള്‍ കിട്ടുമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ബസേലിയന്‍ എന്ന കോളേജ് മാഗസിനില്‍ എന്റെയൊരു കഥ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബസേലിയസില്‍ വെച്ചുതന്നെ എനിക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ സമ്മാനങ്ങള്‍ കിട്ടാന്‍ തുടങ്ങിയിരുന്നു. നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുമ്പോഴാണ് കൊളാഷ്, പോസ്റ്റര്‍ ഡിസൈനിംഗ്, കാര്‍ട്ടൂണിംഗ് എന്നിവയില്‍ സമ്മാനം നേടി ഞാന്‍ എം.ജി സര്‍വ്വകലാശാല കലാപ്രതിഭയാകുന്നത്. തുടര്‍ന്ന് സൗത്ത് സോണ്‍, നാഷണല്‍ അന്തര്‍സര്‍വ്വകലാശാല മത്സരങ്ങളിലും വിജയിയാകുന്നുണ്ട്. കലാപ്രതിഭാ പുരസ്‌കാരം എന്റെ ജീവിതത്തെ വലിയരീതിയില്‍ മാറ്റിമറിച്ചു. പത്രങ്ങളുടെ ഒന്നാംപേജില്‍ ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം അച്ചടിച്ചുവന്നു. നാട്ടുകാരും സുഹൃത്തുക്കളും വലിയ സ്വീകരണമൊരുക്കി സംഭവം കളറാക്കി. അടുത്ത നാടുകളിലേയും വിദൂരങ്ങളിലേയും നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ക്ലബ്ബുകളും കോളേജുകളും അഭിനന്ദന ചടങ്ങുകള്‍ സംഘടിപ്പിച്ചു; മെമെന്റോകള്‍ സമ്മാനിച്ചു. ചില പത്രങ്ങളും മാസികകളും എന്നെപ്പറ്റി കുറിപ്പുകള്‍ എഴുതി. നാട്ടില്‍ ഞാന്‍ വലിയതോതില്‍ അറിയപ്പെട്ടു. ഇപ്പോഴും കലാപ്രതിഭയെന്ന മട്ടില്‍ പലരുമെന്നെ തിരിച്ചറിയാറുമുണ്ട്. പരാജയങ്ങളെപ്പോലെ ആകസ്മിക വിജയങ്ങളും ദുരന്തങ്ങളെപ്പോലെ അപ്രതീക്ഷിത നേട്ടങ്ങളും മാറിമറിഞ്ഞു വന്നിട്ടുള്ള ഒരു ജീവിതമാണ് എന്റേത്. ഏതെങ്കിലും ഒരു മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതില്‍ തുടരാന്‍ എനിക്കു കഴിയാറില്ല. ചിത്രകാരനായാണ് ഞാന്‍ സ്‌കൂളിലും കോളേജിലും അറിയപ്പെട്ടത്. ക്രിക്കറ്റ് കളിച്ചും മലയാളം മീഡിയത്തില്‍നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള മാറ്റത്തോട് പൊരുത്തപ്പെടാനാവാതേയും പ്രീഡിഗ്രി ഒഴപ്പിത്തോറ്റു. പിന്നെ സമാന്തരമായി ആര്‍ട്സ് ഗ്രൂപ്പെടുത്ത് പഠിച്ചു ജയിച്ചു. അനന്തരം ബിരുദവും ബിരുദാന്തരബിരുദവും സാമ്പത്തികശാസ്ത്രത്തില്‍ നേടി. അവിടംകൊണ്ടും നിര്‍ത്താതെ അതേ വിഷയത്തില്‍ത്തന്നെ എംഫിലും ചെയ്തു ഗവേഷണ മേഖലയില്‍ ദീര്‍ഘകാലം വ്യാപരിച്ചു (ഇതു മാത്രം എന്തിനായിരുന്നെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല). ഇടക്കാലത്ത് ആക്ടിവിസത്തോട് അടുപ്പമുണ്ടായി. പിന്നെ കവിതയിലേക്കു കൂപ്പുകുത്തി. ബാലസാഹിത്യത്തില്‍ കൈവെച്ചു. ലേഖനങ്ങളുടേയും ജീവചരിത്രരചനയുടേയും ഓര്‍മ്മക്കുറിപ്പുകളുടേയും വഴിയേ സഞ്ചരിച്ചു. കൈവിട്ടുപോയ ചിത്രകലയെ ഇടയ്‌ക്കൊക്കെ കൂട്ടത്തില്‍ കൂട്ടി. ''വരച്ചാണ് തുടങ്ങിയത്, പഠിച്ചത് സാമ്പത്തികശാസ്ത്രം, ആയത് കവി'' എന്നെഴുതി ജീവിതത്തെ ചുരുക്കിയെടുത്ത് സോഷ്യല്‍ മീഡിയയുടെ ചുവരിലൊട്ടിച്ചു സമാധാനിച്ചു.

എന്റെ മുറിയില്‍/പലക പാകിയ കട്ടില്‍ പണിതിടണം/അമ്മയുടെ മുറിയിലും അച്ഛന്റെ മുറിയിലും/ കയറ്റുകട്ടിലുകള്‍ മതി/എന്റെ കട്ടിലില്‍ ഞാന്‍ കിടക്കുമായിരിക്കും/അമ്മയുടേയും അച്ഛന്റേയും കട്ടിലുകളില്‍ അവരിനി കിടക്കില്ലല്ലോ എന്ന് 'ഒറ്റക്കട്ട' എന്ന കവിതയില്‍ വീടിനെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ

അച്ഛന്‍, അമ്മ, ചേച്ചി എന്നിവരടങ്ങുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയും കഠിനാധ്വാനികളായിരുന്നു. പുറമെ പരുക്കനായിരുന്ന അച്ഛന് എഴുത്തും വായനയും അറിയില്ലായിരുന്നു. അമ്മ പഴേ നാലാം ക്ലാസ്സുകാരിയും. അമ്മ പലതരം കഥകള്‍ പറഞ്ഞുതരികയും പാട്ടുകള്‍ പാടിത്തരികയും ചെയ്യുമായിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും പുസ്തകങ്ങള്‍ വായിക്കാന്‍ അമ്മ സമയം കണ്ടെത്തി. വായനയോട് താല്‍പ്പര്യമുള്ള സാഹിത്യാഭിരുചിയുള്ള ഒരാളായിരുന്നു ചേച്ചി. എനിക്കും ചേച്ചിക്കുമിടയില്‍ മൂന്ന് സഹോദരങ്ങള്‍ കൂടി പിറന്നെങ്കിലും അവരാരും ഭൂമിയില്‍ അധിക ദിവസം ഉണ്ടായില്ല. മൂവരേയും കഥാപാത്രങ്ങളാക്കി കുട്ടികള്‍ക്കായി ഒരു കഥയെഴുതി അവരെ ഞാന്‍ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. അവരുടെ മൂന്നുപേരുടേയും അംശങ്ങള്‍ എന്നിലുള്ളതായും തോന്നിയിട്ടുണ്ട്. ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴായിരുന്നു ചേച്ചിയുടെ വിവാഹം. ഞങ്ങള്‍ നാലുപേരും കൂടി പത്തില്‍താഴെ വര്‍ഷങ്ങളേ ഒരുമിച്ചു കഴിഞ്ഞിട്ടുള്ളൂ. ചേച്ചി എം.ആര്‍. രാധാമണി ഇപ്പോള്‍ അറിയപ്പെടുന്ന കവിയാണ്.

1990 വരെ അച്ഛനും 2001 വരെ അമ്മയും കൂടെയുണ്ടായിരുന്നു. ജീവിതയാത്രയില്‍ ഓരോരുത്തര്‍ കൈകള്‍ വിടുവിച്ച് പിന്‍വലിഞ്ഞ് മാഞ്ഞുപോകുമ്പോള്‍ മുന്നില്‍ പുതിയവര്‍ തെളിഞ്ഞുവരുന്നു; കൈപിടിച്ച് ഒപ്പം കൂടുന്നു. കാരാപ്പുഴയിലെ ഞാന്‍ ജനിച്ചുവളര്‍ന്ന വീട് ഇപ്പോഴവിടില്ല. അതെന്റെ കൂടെ ഇറങ്ങിപ്പോന്നു. ഞാനുള്ളിടത്തോളം കാലം ഞാന്‍ പോകുന്നിടത്തൊക്കെ അത് കൂടെ വരുമായിരിക്കും. വീടിന്റേയും പറമ്പിന്റേയും മുക്കും മൂലയും പതിറ്റാണ്ടുകള്‍ക്കുശേഷവും എന്റെയുള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. ഒരു കംപ്യൂട്ടര്‍ ഗെയിമിലെന്നപോലെ അതിലൂടൊക്കെ സഞ്ചരിച്ച് ഞാന്‍ കവിതയും കഥയും കെട്ടുന്നു. പോയകാലം എഴുതിയുണ്ടാക്കി അതില്‍ ജീവിക്കുന്നു. 

ആദ്യകവിത?

തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് കവിതയിലേക്കു ഗൗരവമായി കടക്കുന്നത്. അതിനുമുന്‍പ് കോളേജ് കാലത്ത് കവിതപോലെ ചിലതൊക്കെ എഴുതിയിരുന്നു. കുറിച്ചി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന 'ദളിത് വിമന്‍സ് സൊസൈറ്റി'ക്ക് ഒരു വിദ്യാര്‍ത്ഥി വിഭാഗമുണ്ടായിരുന്നു. ലൗലി സ്റ്റീഫനും ടി.എം. യേശുദാസന്‍ സാറും ഒക്കെയായിരുന്നു അതിന്റെ അമരത്ത്. ഞാനതിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഞങ്ങള്‍ സാഹിത്യ-നാടക ക്യാമ്പുകളൊക്കെ നടത്തുമായിരുന്നു. യേശുദാസന്‍ സാര്‍ വ്യത്യസ്തമായ വിഷയങ്ങളില്‍ ക്ലാസ്സെടുക്കുകയും നൂതനമായ ആശയങ്ങളുടെ ലോകത്തേക്ക് ഞങ്ങളെ ഒപ്പം കൂട്ടുകയും ചെയ്തിരുന്നു. ബുദ്ധിജീവികളായ നിരവധി അദ്ധ്യാപകരും എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സ്ഥിരമായി ക്ലാസ്സുകള്‍ എടുത്തിരുന്ന അവിടം എനിക്കൊരു സമാന്തര 'സര്‍വ്വകലാശാല' പോലെയായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ രേഖയെ പരിചയപ്പെടുന്നതും. ലോകത്തേയും സമൂഹത്തേയും അറിവിനേയും അധികാരത്തേയും കുറിച്ചുള്ള എന്റെ ധാരണകള്‍ക്കു വലിയ മാറ്റമുണ്ടായ കാലം. എന്റെ എം.എ, എം.ഫില്‍ പഠനകാലമായിരുന്നു അതിന്റെ സുവര്‍ണ്ണകാലം. പരമ്പരാഗത അറിവുകള്‍ക്കു പുറത്തുനിന്നും ലഭിച്ച Black Literature, Dalit Literature, Dalit Discourse തുടങ്ങിയവയെക്കുറിച്ചുള്ള എന്റെ മുന്‍ധാരണകളിലുണ്ടായ ഘടനാപരമായ മാറ്റം കൂടുതല്‍ ഏറ്റുവാങ്ങിയത് എന്നിലെ കവി ആയിരുന്നിരിക്കണം. ഡിയാക്ടീവായി കിടന്നിരുന്ന ഒരു ഫോള്‍ഡ് ആക്ടീവാകുകയായിരുന്നു. ഇക്കാലത്താണ്(1998ല്‍) 'മുഴുമിപ്പിക്കാത്ത മുപ്പതുകളില്‍' എന്ന പേരില്‍ കലാകൗമുദിയില്‍ എന്റെ ആദ്യകവിത അച്ചടിച്ചുവന്നു. കവിതയെഴുത്തില്‍ അതെനിക്കൊരു മികച്ച തുടക്കമായിരുന്നു. ഭൂമിയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയായ അമേരിക്കയുടെ ഫ്‌ലോറന്‍സ് ഗ്രിഫിത് ജോയ്‌നറുടെ ആകസ്മിക മരണം ഉള്ളിലുയര്‍ത്തിയ അലകളായിരുന്നു കവിതയായി മാറിയത്. നൂറുമീറ്റര്‍ ഓട്ടത്തില്‍ 1988-ല്‍ ഫ്‌ലോറന്‍സ് സൃഷ്ടിച്ച ലോകറെക്കോഡായ 10.49 സെക്കന്‍ഡ് മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷവും ആരാലും തകര്‍ക്കപ്പെടാതെ തുടരുകയാണ്. 
 
രേണുകുമാറിന്റെ കവിതയിലെ സ്ത്രീകളെക്കുറിച്ചു പറയാമോ? കവിതയില്‍ കവിയുടെ നിലയ്ക്ക് തുല്യമായ ഒരു ജെന്‍ഡര്‍ പദവി രേണുകുമാറിന്റെ കവിതകളിലെ സ്ത്രീകള്‍ക്ക് ഉള്ളതായി തോന്നിയിട്ടുണ്ട്. കവിതയിലെ നായികമാര്‍ നിര്‍ഭയരുമാണ്

എന്റെ കവിതകളില്‍ പലതരം സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. എനിക്ക് ഏതെങ്കിലും തരത്തില്‍ പരിചയമുള്ള സ്ത്രീകളാണ് പലരും. അമ്മയായും പെങ്ങളായും മകളായും കാമുകിയായും കൂട്ടുകാരിയായും അവര്‍ കടന്നുവരുന്നു. പരിചയമുള്ളവരെ അതേപടി പകര്‍ത്താതെ, ഞാന്‍ അവരില്‍നിന്നു പലതും എടുത്തുമാറ്റുകയും അവരിലേക്ക് പലതും കൊണ്ടുവരാറുമുണ്ട്. അവരെ തമ്മില്‍ പരസ്പരം കലര്‍ത്താറുമുണ്ട്. ചിലപ്പോള്‍ അവരുടെ ജെന്‍ഡര്‍ പോലും മാറ്റിമറിക്കാറുണ്ട്. പരിചയത്തിലുള്ള പെണ്ണിനെ കവിതയിലെ ആണും തിരിച്ചും ആക്കാറുണ്ട്.

എന്റെ ഒട്ടേറെ കവിതകളില്‍ പലയളവിലും നിലകളിലും അമ്മ സാന്നിധ്യമുണ്ട്. അമ്മയുടെ രൂപവും പ്രവൃത്തിയും കാഴ്ചയും കാഴ്ചപ്പാടുമുണ്ട്. ചില കവിതകളിലെ അമ്മ ഏറെക്കുറെ എന്റെ അമ്മതന്നെയാണ്. ചിലതില്‍ അമ്മ തീരെയുണ്ടാവാറില്ല. മുഴുവനും ഭാവനയാവും. മറ്റമ്മമാര്‍ എന്റെ അമ്മയിലേക്കും മറ്റമ്മമാരിലേക്ക് എന്റമ്മയും പടരാറുണ്ട്. കുട്ടിക്കാലത്തെ അമ്മയാണ് കവിതയില്‍ കൂടുതലും സജീവമായിട്ടുള്ളത്. ജീവിതത്തിലെ ഏതൊരു പ്രതിസന്ധി ഘട്ടത്തേയും ആര്‍ജ്ജവത്തോടെ നേരിടുന്ന ഭയമില്ലാത്ത ഒരാളായിരുന്നു അമ്മ. 'മിണ്ടാപ്രാണി', 'മറന്നിട്ടില്ല', 'വെട്ടുകാരന്‍', 'കേള്‍സ്' തുടങ്ങിയ കവിതകള്‍ പൂര്‍ണ്ണമായും അമ്മയെക്കുറിച്ചാണെങ്കിലും ജീവിതത്തിലെ അമ്മയുടെ സവിശേഷതകളെ ഞാന്‍ പരിമിതമായേ കവിതയിലേക്ക് കൊണ്ടുവന്നിട്ടുള്ളൂ.

'വെഷക്കായ' എന്ന കവിതയിലെ അപ്പനും അമ്മയും മുഴുവനായും ഭാവനാസൃഷ്ടിയാണ്. അമ്മയും അച്ഛനും മറ്റു പണികള്‍ ഇല്ലാത്ത കാലത്ത് കായലില്‍ പുല്ലുചെത്താന്‍ പോയിരുന്നുവെന്നു കേട്ടിട്ടുള്ളതു മാത്രമാണ് യാഥാര്‍ത്ഥ്യം. ഈ കവിതയുടേയും 'ലൊക്കേഷന്‍' എന്റെ കുട്ടിക്കാല ജീവിതപരിസരമാണ്. പിന്നെ അക്കാലത്തെ കാമുകി-കാമുകന്മാര്‍ക്ക് ഒഴിവാക്കാനാവത്ത ഒന്നായിരുന്നു ഒതളങ്ങ. അതാണ് കവിതയില്‍ 'വെഷക്കായായി' മാറുന്നത്.

അമ്മയില്‍ മാത്രമല്ല, എന്റെ കവിതയിലെ എല്ലാ സ്ത്രീപ്രതിനിധാനങ്ങളിലും ഈ കുഴമറിച്ചില്‍ വന്നുഭവിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഒരു സ്ത്രീ വരുമായിരുന്നു. വെളുത്ത ചട്ടയും മുണ്ടുമണിഞ്ഞ, എപ്പോഴും മുറുക്കിത്തുപ്പുന്ന ഒരു സ്ത്രീ. പുരുഷന്മാര്‍ ചെയ്യാന്‍ മടിക്കുന്ന കഠിനമായ ജോലിപോലും അവര്‍ നിമിഷംകൊണ്ടു ചെയ്യുമായിരുന്നു. ആകയാല്‍ അമ്മിണിയെന്നു പേരുള്ള അവരെ ആളുകള്‍ ആണമ്മിണിയെന്ന് അടക്കം വിളിച്ചു. 'വരത്ത' എന്ന കവിത ഈ സ്ത്രീയെക്കുറിച്ചുള്ളതാണ്. അവരുടെ ശക്തിയും ശരീരഭാഷയും വര്‍ണ്ണിക്കാന്‍ 'ആണമ്മിണി' എന്ന പേരിലും ഒരു ചെറുകവിത പിന്നീട് എഴുതിയിട്ടുണ്ട്.

ഞാന്‍ സാഹിത്യത്തില്‍ കണ്ടുമുട്ടിയിട്ടുള്ളതരം സ്ത്രീകളെയല്ല ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിരുന്നത്. ഞാന്‍ കണ്ട, കേട്ട, നേരിട്ട, സ്‌നേഹിച്ച, അനുഭവിച്ച സ്ത്രീകളെ കവിതയിലേക്കു പകര്‍ത്തുകയാണ് ഞാന്‍ ചെയ്തത്. അതാണല്ലോ അതിന്റെ സ്വാഭാവികത. അലുക്കുകളുള്ള വര്‍ണ്ണക്കുപ്പായമിട്ട് എന്റെ കവിതയിലെ പെണ്‍കുട്ടി മഞ്ഞുപൊഴിയുന്ന താഴ്വരയിലൂടെ വീട്ടിലേക്കോടാതെ, പെറ്റിക്കോട്ടിട്ട് പാടവരമ്പിലൂടെ ചിറയിലേക്കോടിക്കയറി വീട്ടിലേക്കോടുന്നു. കാമുകി/കൂട്ടുകാരി നിലകളില്‍ എന്റെ ജീവിതത്തില്‍ ഏറിയും കുറഞ്ഞും അടയാളപ്പെട്ട പെണ്‍കുട്ടികള്‍/പെണ്ണുങ്ങള്‍ പലവിധേന എന്റെ കവിതകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ജീവിതത്തിലേക്കെന്നപോലെ കവിതയിലേക്കും ഇവര്‍ എത്തിച്ചേരുകയായിരുന്നു. കവിതയില്‍ ഞാനവരെ എങ്ങനെ അടയാളപ്പെടുത്തി, ജീവിതത്തില്‍ അവരോട് ഞാനെങ്ങനെ പെരുമാറി എന്നത് പലനിലകളില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. വളരെ സ്വാഭാവികവും സത്യസന്ധവുമായ ഒരു രീതിയാണ്/ജീവിതമാണ് രണ്ടിടത്തും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഒടുക്കം അവശേഷിക്കാവുന്ന ഇവരുടെ വിലയിരുത്തലിലും അഭിപ്രായത്തിലും എന്റെ കവിത/ജീവിതം എന്താകുമെന്ന് എനിക്ക് ആശങ്കയുണ്ട്. ആ ആശങ്ക കൂടുതല്‍ ജാഗ്രതയോടെ എഴുതാനും ജീവിക്കാനും എന്നെ പ്രേരിപ്പിക്കുന്നു.

രേണുകുമാറിന് എന്താണ് കവിത. എങ്ങനെയാണ് ഒരു കവിത രൂപപ്പെടുന്നത്. കവിതയിലൂടെ സാമൂഹിക നവോത്ഥാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ചോദ്യത്തിന്റെ അവസാനഭാഗത്തുനിന്നു തുടങ്ങാമെന്നു തോന്നുന്നു. കവിത അഥവാ അതിലടങ്ങിയ കലയും കലയുടെ രാഷ്ട്രീയവും മനുഷ്യമനസ്സുകളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പൊയ്കയില്‍ അപ്പച്ചന്റെ കവിതകള്‍ അദ്ദേഹത്തിന്റെ ഇതര പ്രവര്‍ത്തനങ്ങളെപ്പോലെ കേരളീയ നവോത്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളുടെ സ്വാധീനം മുഖ്യധാരയില്‍ തെളിഞ്ഞുവരാന്‍ ഉത്തരാധുനിക കാലം വരെ കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. അയ്യന്‍കാളിയുടെ 'വില്ലുവണ്ടിയും' 'മുട്ടിപ്പുല്ലും' 'പഞ്ചമി'യുമൊക്കെ വാക്കുകള്‍ക്കപ്പുറം ഉത്തരാധുനിക കവിതയുടെ/ഭാവുകത്വത്തെ ആഴത്തിലും പരപ്പിലും സാധീനിക്കുന്ന നവോത്ഥാനകാല തുടര്‍ച്ചയുടെ തെളിച്ചവും വെളിച്ചവും കൂടിയാണ്. കവിതയെനിക്കു പലതാണ്. ജീവിതമാണ്, രാഷ്ട്രീയമാണ്, പ്രതിരോധമാണ്, എതിരിടലാണ്, പിടിച്ചുനില്‍ക്കലാണ്, വെട്ടിത്തിരുത്തലാണ്, വീണ്ടെടുക്കലാണ്, ഓര്‍ത്തെടുക്കലാണ്. വാക്കണിയലും വാക്കഴിക്കലുമാണ്. ഓര്‍മ്മയുടെ കൊക്കുകൊണ്ട് ഭാഷയില്‍ നടത്തുന്ന കൊത്തലുകളാണ്. ആര്‍ജ്ജിച്ച അറിവുകളുടെ വെളിച്ചത്തില്‍ അനുഭവത്തിന്റെ ചുവടുകൊണ്ടുള്ള ഭാഷയിലെ അളക്കലുകളാണ്. അനുഭവത്തില്‍ മുക്കിയാണ് എഴുത്തേറെയും നടത്തുന്നത്. ജീവിത-അനുഭവ പരിസരങ്ങളാണ് മിക്കവാറും കവിതകളുടെ വിളനിലം. കവിതയെക്കുറിച്ചുള്ള വേറിട്ട സങ്കല്പവും അതിലേക്കു നയിച്ച അനുഭവവും അറിവും സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കവുമൊക്കെ പ്രധാനമാണ്. കവിത രൂപപ്പെടുന്ന വഴി ഏറെക്കുറെ ഇതിന്റെ തുടര്‍ച്ചയാണെങ്കിലും ഓരോ കവിതയുടെ പിറവിക്കും പിന്നില്‍ ഓരോരോ കാരണങ്ങളുണ്ട്. തിരയടങ്ങാത്ത കടലാണ് പ്രണയം. അതിന്റെ തീരത്തിരുന്നോ അതിന്റെ തിരകളില്‍ മുങ്ങിപ്പൊങ്ങിയോ ആഴങ്ങളിലാണ്ടു മുങ്ങിയോ ആണ് എഴുത്തേറെയും. പെണ്ണിനോടും പെണ്ണിന്റെ ഉടലിനോടും ഉടല്‍വിശേഷങ്ങളോടും നിഗൂഢതകളോടും തോന്നുന്ന, ഒന്നിനോടും ഉപമിക്കാനാവാത്ത തോന്നലുകള്‍ കവിതയിലേക്കുള്ള വഴിയിലെ ഊര്‍ജ്ജമാണ്. കലാകാരനും കവിയുമായിരിക്കുന്നത് അതുകൊണ്ടാവാമെന്ന് ഒരു കൂട്ടുകാരി പറയാറുണ്ട്. പലകാലങ്ങളില്‍, പല അനുഭവങ്ങളിലും വായനകളിലും കാഴ്ചകളിലും നോട്ടങ്ങളിലും വിചാരങ്ങളിലും നിന്നു പൊട്ടിയ ഉറവകള്‍ പിന്നീടെന്നില്‍ കവിതകളായി രൂപപ്പെടുന്നു. ഒരു കവിതപോലും എഴുതാന്‍ വേണ്ടി എഴുതിയിട്ടില്ല ഞാന്‍. അടുത്തകാലത്ത് നടത്തിയ ഒഡീഷായാത്രയില്‍ ധൗളഗിരിയില്‍ പോയിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് അവിടെ അരങ്ങേറിയ കലിംഗയുദ്ധത്തക്കുറിച്ചുള്ള അറിവിനും അതുവെച്ച് ഞാന്‍ മെനഞ്ഞെടുത്ത മായികദൃശ്യങ്ങള്‍ക്കും എന്റെ സ്‌കൂള്‍കാലത്തോളം പഴക്കമുണ്ട്. 'ധൗളഗിരി'യെന്ന കവിതയുടെ ആദ്യരൂപം പ്രസ്തുത ആമ്പിയന്‍സില്‍ വെച്ച് മൊബൈലില്‍ എഴുതാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല.

ജാതി അനുഭവങ്ങള്‍ പല കവിതയിലും കടന്നുവരുന്നുണ്ട്. മുടിവെട്ടാന്‍ പോകുന്ന കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മ എടുത്തെഴുതിയ 'വെട്ടുകാരന്‍' എന്ന കവിത ഒരു ഉദാഹരണം. ജാതി അനുഭവങ്ങള്‍ മലയാള കവിതയില്‍ കടന്നുവരുന്നത് എങ്ങനെ വിലയിരുത്തുന്നു. പ്രത്യേകിച്ച് ഇക്കാലത്തും ദളിത് കവിത മുഖ്യധാര കവിതയല്ലെന്നും കുറവുകള്‍ ഉണ്ടെന്നുമുള്ള വാദം കേള്‍ക്കാറുണ്ട്?

ജാതി അനുഭവങ്ങളും അപമാനങ്ങളും അതുണ്ടാക്കുന്ന മുറിവുകളും ഒരുകാലത്തും ഉണങ്ങുകയില്ല. വര്‍ഷത്തിലെ ഒരു ദിവസമല്ല, മിക്കവാറും ദിവസങ്ങളും അവയുടെ ഓര്‍മ്മദിവസങ്ങളാണ്. 'വെട്ടുകാരന്‍' എന്ന സൂചിത കവിത കീഴാളര്‍പോലും പേറുന്ന ജാതിചിന്തയെയാണ് വെളിപ്പെടുത്തുന്നത്. എല്ലാത്തരം അനുഭവങ്ങള്‍ക്കും സാഹിത്യത്തില്‍ സ്ഥാനമുണ്ട് അഥവാ ഉണ്ടാകണം. ഒരുകാലത്ത് സാമൂഹ്യമായ അയിത്തമാണ് നിലനിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ജാതീയ അനുഭവങ്ങളുടെ വെളിച്ചത്തിലുണ്ടായ കലകളോടും നിലപാടുകളോടും രാഷ്ട്രീയത്തോടുമാണ് 'അയിത്തം.'

സ്വന്തം ഭാവനയുടേയും ബോധ്യങ്ങളുടേയും തടവില്‍ കിടന്നുകൊണ്ട് ഓരോന്നിനേയും മനസ്സിലാക്കുകയും താന്‍ മനസ്സിലാക്കിയതാണ് അതിന്റെ പരമമായത് എന്നു കരുതുന്നവരോട് ഇനിയുമെന്ത് പറയാനാണ്? ദളിതര്‍ കുറവുകളുള്ളവരാണെന്നുള്ള പൊതുബോധം പ്രബലമായിരിക്കുന്നിടത്തോളം കാലം ദളിത് കവിതയും കുറവുകളുള്ളതായല്ലേ പരിഗണിക്കാന്‍ കഴിയൂ. ദളിത് കവിതയ്ക്ക് കുറവുകളുണ്ട്; അത് ഇതരകവിതകളില്‍ കണ്ടുവരുന്ന വിവിധങ്ങളായ ഹിംസകളുടെ കുറവാണ്. 'നവോത്ഥാനം' കുറച്ചൊക്കെ സ്വന്തം നിലയിലും ആകാവുന്നതേയുള്ളൂ. ജാതിനോക്കി കല്യാണം കഴിക്കുന്നവരാണ് സാഹിത്യത്തെ 'ജാതിചിന്താ' ബാഹ്യമായി നിലനിര്‍ത്തി സംരക്ഷിക്കണമെന്ന് ഉദ്‌ഘോഷിക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട സ്ത്രീവിമോചന പ്രവര്‍ത്തകയും അദ്ധ്യാപികയുമായ ഡോ. രേഖാരാജിനൊപ്പമുള്ള സഹജീവിതത്തെക്കുറിച്ചും കവിതയില്‍, എഴുത്തില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പറയാമോ? 

എഴുത്ത് ഏറെക്കുറെ വ്യക്തിപരമായ ഒരു കാര്യമാണല്ലോ. അഭിപ്രായങ്ങള്‍ പറയുമെങ്കിലും വ്യക്തിപരമായ കാര്യങ്ങളില്‍ അന്യോന്യം അധികം ഇടപെടാത്തവരാണ് ഞങ്ങള്‍. പരസ്പരം ബഹുമാനിക്കുന്നവരും കഴിയുന്നിടത്തോളം ജനാധിപത്യപരമായി ജീവിക്കുന്നവരുമാണ്. ഇതില്‍ രേഖയുടെ അഭിപ്രായം കൂടി തേടേണ്ടതുണ്ട്. നല്ലരീതിയില്‍ കവിത വായിക്കുന്നയാളാണ് രേഖ. വായനയില്‍ ഞാന്‍ പിന്നിലാണെന്നു തോന്നുന്നു. ധാരാളം വായിക്കുകയും നിലവാരമുള്ള കാവ്യധാരണ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന ഒരാളുടെകൂടെ ജീവിക്കുകയും ചെയ്യുന്നതിനാല്‍ രേഖയായിരുന്നു എന്റെ കട്ട് ഓഫ് മാര്‍ക്ക്. എഴുത്തില്‍ അതില്‍ താഴെപ്പോകാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു; പ്രത്യേകിച്ചും ആദ്യകാലങ്ങളില്‍. അച്ചടിച്ചശേഷമാണ് എന്റെ ഭൂരിഭാഗം കവിതകളും രേഖപോലും കണ്ടിട്ടുണ്ടാവുക. രേഖ ഒരു കാലത്തും എന്റെ കവിതകളുടെ ആരാധികയായിരുന്നില്ല. ആയിരുന്നെങ്കില്‍ ഒരുപക്ഷേ, കവിതയില്‍ ഞാനിവിടെ എത്തുമായിരുന്നില്ല.

തൊണ്ണൂറുകളുടെ കവിതയില്‍നിന്നു വേറിട്ട ഒരു കവിതയാണ് രേണുകുമാറിന്റേതടക്കമുള്ള ദളിത് കാവ്യാധാരയുടേത്. ആറ്റൂര്‍ സ്‌കൂള്‍ ഓഫ് പോയട്രി അഥവാ 'പുതുമൊഴിവഴികള്‍' ധാരയില്‍നിന്ന് അത് പ്രമേയങ്ങള്‍കൊണ്ടും ആഖ്യാനംകൊണ്ടും മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ദളിത് അനുഭവപരിസരം തന്നെയാകാം അതിനു കാരണം

തീര്‍ച്ചയായും ദളിത് അനുഭവപരിസരം തന്നെയാണ് അതിനു കാരണം. എല്ലാ കവിതകളും ഓരോരോ പരിസരങ്ങളുടെ സൃഷ്ടിയാണ്. പരിസരങ്ങളുടെ പ്രാധാന്യവും മൂല്യവും സാമൂഹ്യമായ വേര്‍തിരിവുകളാല്‍ വ്യത്യസ്തമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളതിനാല്‍ അവിടെനിന്നുള്ള ജീവിതത്തിനും കവിതയ്ക്കും അതു ബാധകമായിവരുന്നു. സാമൂഹ്യവും സാംസ്‌കാരികവുമായി പ്രിവിലേജുള്ള ഒരു പരിസരത്തുനിന്ന് ഉണ്ടാകുന്ന കവിതയ്ക്ക് അതു ബാധകമാകാതെ തരമില്ലല്ലോ. വ്യത്യസ്ത പരിസരങ്ങളിലും ബോധ്യങ്ങളില്‍നിന്നും രൂപംകൊള്ളുന്ന കവിത സഞ്ചരിക്കാന്‍ വ്യത്യസ്ത വഴികള്‍ തേടുന്നത് സ്വാഭാവികം. 'കുഞ്ഞു'ജീവിതത്തെ പൊലിപ്പിച്ചെടുക്കുന്നവര്‍ക്കും 'വലിയ'ജീവിതത്തെ കാച്ചിക്കുറുക്കുന്നവര്‍ക്കും ഒരുമിച്ചുള്ള സഞ്ചാരം അസാധ്യമാണെന്നു തോന്നുന്നു. ജീവിതത്തിനു പല പരിസരങ്ങള്‍ ഉള്ളതുപോല്‍ കവിതയ്ക്കുമുണ്ടാകട്ടെ പല പരിസരങ്ങള്‍. അടയാളപ്പെടാതെ കിടന്ന പരിസരങ്ങള്‍ അടയാളപ്പെട്ടു തുടങ്ങുമ്പോള്‍ അവിടങ്ങളില്‍നിന്നുള്ള കവിതകളും തലയുയര്‍ത്തുമല്ലോ. പ്രിവിലേജുള്ളവര്‍ അതിത്തിരി ഒതുക്കിപ്പിടിച്ചാല്‍ കുറച്ചുപേര്‍ക്കുകൂടി ഇടം ലഭിക്കുമായിരുന്നു. ഇതിലും വലിയ രാഷ്ട്രീയമൊന്നും ഇല്ലെന്ന് തോന്നുന്നു.

ഇവനെപ്പോഴും/പടിയില്‍തന്നെ നില്‍പ്പാണ്/വേരിറങ്ങിയ മട്ടില്‍/ഒത്തിരിപ്പേര്‍ കയറിപ്പറ്റിയിട്ടും (കടലാസുകിളി), അതുപോലെ തുടങ്ങിയവര്‍ എന്ന കവിതയില്‍ പട്ടികകളില്‍ പേരില്ലാതെ പ്രതിനിധീകരിക്കപ്പെടുന്നവരെക്കുറിച്ചും എഴുതുന്നു. ഏറ്റവും ഒടുവിലേക്ക് മാറ്റിനിറുത്തപ്പെടുന്ന ഒരാള്‍, പ്രിവിലേജുകള്‍ക്കു മുന്നില്‍ ഒഴിവാക്കപ്പെടുന്നവര്‍ രേണുകുമാറിന്റെ കവിതകളില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്

പ്രതിനിധാനപരമായ പ്രത്യേകതകള്‍ക്ക് എഴുത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നു കരുതുന്ന ഒരാളാണ് ഞാന്‍. എന്റെ കവിതകളിലും അതുണ്ട്. അതിനൊരു രാഷ്ട്രീയവുമുണ്ട്. വിവിധ കാലങ്ങളില്‍ വിവിധ നിലകളില്‍ സമൂഹം അരികുവല്‍ക്കരിച്ച മനുഷ്യരുടെ പ്രതിനിധിയാണ് ഞാന്‍. അവരോടൊപ്പം നില്‍ക്കുക, അവരുടെ പ്രതിനിധാനമായി എഴുത്തില്‍ ഇടപെടുക എന്നതാണ് എന്റെ രാഷ്ട്രീയം. ചരിത്രവും വര്‍ത്തമാനവും പ്രാന്തവല്‍ക്കരിച്ച മനുഷ്യരുടെ അടയാളങ്ങളെ, അനുഭവങ്ങളെ അതിന്റെ സാമൂഹികരാഷ്ട്രീയ ഉള്ളടക്കത്തോടെ കവിതയില്‍ കൊണ്ടുവരാനായിരുന്നു ഞാന്‍ കൂടുതലും ശ്രമിച്ചത്. 'കടലാസുകിളി'യും 'തുടങ്ങിയവരു'മൊക്കെ ഇത്തരം പ്രതിനിധാനങ്ങളുടെ ജീവിതപ്പാച്ചിലും സാമൂഹിക, നിലയും അഭിലാഷങ്ങളും സങ്കീര്‍ണ്ണതകളും പ്രശ്‌നവല്‍ക്കരിക്കുന്ന കവിതകളാണ്. 'പുകയാത്തൊരടുപ്പിന്‍ ചൂടില്‍പ്പരം ചൂടേത്' എന്ന ജീവിതയാഥാര്‍ത്ഥ്യത്തെ നേരിടാന്‍ സ്വജീവിതത്തെ ചവിട്ടുപടിയില്‍ത്തന്നെ തളച്ചിടേണ്ടിവരുന്ന കൗമാരക്കാരന്റെ അഭിമുഖീകരണങ്ങളാണ് കടലാസുകിളി. അവനെപ്പോലെതന്നെ അവനുള്‍പ്പെടുന്ന സമൂഹവും ഇതരര്‍ക്ക് ഒരു ചവിട്ടുപടിയാണ്. മനുഷ്യനിര്‍മ്മിതമായ മാനുഷികവിരുദ്ധ വ്യവസ്ഥകളാണ് അവിടെ തറഞ്ഞുനില്‍ക്കാന്‍ അവനെ ഇടയാക്കുന്നത്. 'തുടങ്ങിയവര്‍' ചരിത്രത്തില്‍ അടയാളപ്പെടാതെ പോകുന്നവരുടെ സവിശേഷ സാഹചര്യങ്ങളെ കുറേക്കൂടി വിസ്തൃതമായി അവതരിപ്പിക്കുന്ന കവിതയാണ്. പേരും മേല്‍വിലാസവുമില്ലാതെ ചിതറിപ്പോയവരാണെങ്കിലും 'ഭൂമിയിലെ എറ്റവും വലിയ രാജ്യം' അവരുടേതാണെന്ന സത്യത്തെ അത് മുന്‍പോട്ടു വെക്കുന്നു; ഒപ്പം ഭിന്നലൈംഗികതയുടെ രാഷ്ട്രീയത്തേയും ലോകത്തേയും. മേല്‍സൂചിപ്പിച്ച വിധമുള്ള പ്രതിനിധാനത്തിന്റെ രാഷ്ട്രീയം എന്റെ ഒട്ടുമിക്ക കവിതകളിലുമുണ്ടെന്നാണ് തോന്നുന്നത്.

അലിഞ്ഞപോകില്ല/ചില പാടുകളൊരു പെരുമഴയിലും/പിഴുതെടുക്കില്ല/ ചില ചുവടുകളൊരു വെള്ളപ്പാച്ചിലിലും/കെടുത്തുകയില്ല/ചില നാളങ്ങളെ ഒരു കാറ്റിന്‍ കരുത്തും/പേറുകയില്ല ചില വാക്കുകളെ/ഒരു ഭാഷയുടെ ലിപിയും. രേണുകുമാറിന്റെ കവിതയുടെ രാഷ്ട്രീയഭൂപടം ഈ കവിതയിലൂടെ വായിച്ചെടുക്കാമെന്നു തോന്നുന്നു. 

'അനന്യ'മെന്ന കവിതയാണിത്. എന്റെ കവിതയുടെ രാഷ്ട്രീയ ഭൂപടം വലിയോരളവിലുള്ള കവിതയാണിത്. സി.കെ. ജാനുവിന്റെ ഇടപെടലുകള്‍ കേരള സമൂഹത്തില്‍ സൃഷ്ടിച്ച അലകള്‍ എന്റെയുള്ളില്‍വന്നു തട്ടിയതിന്റെ മുഴക്കമാണ് ഈ കവിത. അത് ആധുനിക കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ ഉയിര്‍പ്പുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.

'വാരിവാരിപ്പിടിക്കും' മലയാളം വാരികയുടെ ഓണപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. അക്കാലത്തുതന്നെ ആ കവിത ശ്രദ്ധിക്കപ്പെട്ടു. കവിതയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നന്നായി പ്രചരിക്കപ്പെട്ടു
 
'വാരിവാരിപ്പിടിക്കും' എന്ന കവിത ഒരമ്മയേയും അപ്പനേയും കുറിച്ചുള്ളതാണ്. അതില്‍ എന്റെ അച്ഛനും അമ്മയും തരിപോലുമില്ല. അതു മൊത്തം ഭാവനയാണ്. അപ്പന്റേയും അമ്മയുടേയും പ്രണയകാലത്തെ, അവരൊന്നിച്ചാല്‍ മാത്രം ജനിക്കാനിടയുള്ള ഒരു ജീവന്‍ ഏറ്റുപറയുന്ന കവിതയാണിത്. നാട്ടില്‍ ചാച്ചപ്പി എന്നുപേരുള്ള ഒരു ഗായകന്‍ ഉണ്ടായിരുന്നു. അയാളുടെ പാട്ട് യേശുദാസിനെ വെല്ലുന്നതാണെന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുള്ളതൊഴിച്ചാല്‍, ഞാന്‍ വളര്‍ന്ന ജീവിതപരിസരം മാത്രമേ ഈ കവിതയില്‍ യാഥാര്‍ത്ഥ്യമായി വരുന്നുള്ളൂ. പൂര്‍ണ്ണമായും ഭാവനയില്‍ രൂപപ്പെട്ട ഈ കവിതയിലെ അമ്മ വന്നുവന്ന് ഇപ്പോഴെന്റെ യഥാര്‍ത്ഥ അമ്മയായി മാറിയിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നു സഹോദരങ്ങള്‍ പിറവിയിലേ മരിച്ചുപോയതിനുശേഷമാണ് ഞാന്‍ ജനിക്കുന്നത്. ഈ അറിവ് ഇരട്ടപിറന്ന കൂടെപ്പിറപ്പിനെപ്പോലെ എന്നോടൊപ്പം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സങ്കടമാണ്. ഈ കവിതയുടെ ആഴത്തിലെവിടെയോ ആ സങ്കടവുമുണ്ട്. പാടശേഖരങ്ങളും തോട്ടിന്‍കരകളും കടവുകളും ഉള്‍പ്പെടുന്ന കാരാപ്പുഴയിലെ ജലജീവിതമാണ് ഈ കവിതയില്‍ എഴുതിയത്.

മീനുകളുമായി എന്താണിത്ര ആത്മബന്ധം? മീനുകളെക്കുറിച്ച് അനേകം കവിതകള്‍ എഴുതിയിട്ടുണ്ട്. കൊതിയനും ഒരു മീന്‍കവിത തന്നെയാണ്

മീനുകളുമായുള്ള അടുപ്പം കുട്ടിക്കാലം മുതലേയുള്ളതാണ്. വീടിനു മുന്നില്‍ കണ്ടമായിരുന്നു. കണ്ടത്തിനപ്പുറം തോടും. കളിച്ചുനടക്കുന്നിടത്തൊക്കെ കണ്ടങ്ങളും തോടുകളും പുറകേ വരുമായിരുന്നു. അതിലെല്ലാം നിറച്ചും മീനുകളുമുണ്ടായിരുന്നു. കളിയായും കാര്യമായും ഞങ്ങള്‍ ചൂണ്ടയിട്ട് മീന്‍പിടിക്കുമായിരുന്നു. കണ്ടം മോട്ടറുവെച്ചു പറ്റിക്കുമ്പോഴായിരുന്നു ഞങ്ങളുടെ ചാകര. ആഹാരമെന്ന നിലയ്ക്കും മീന്‍ എനിക്കേറെ പ്രിയപ്പെട്ടതാണ്. മീനില്ലാതെ ചോറുണ്ടാല്‍ വയറുനിറയും മനസ്സുനിറയില്ല. ആകയാല്‍ എന്റെ കവിതകളിലും കഥകളിലും ചിത്രങ്ങളിലും ജലത്തിലെന്നപോലെ മീനുകള്‍ വന്നും പോയുമിരിക്കുന്നു. എന്റെ കവിതകളിലെ മീനുകള്‍ മീനുകള്‍ മാത്രമല്ല.

ഇന്നത്തേതുപോലെ ഒരുകാലമുണ്ടായിരുന്നില്ലെങ്കില്‍ ഞാനില്ലെന്നും മണ്ണോടുമണ്ണായ നിരവധി മനുഷ്യരുടെ തോളില്‍ ചവിട്ടിയാണ് ഞാന്‍ ഈ അവാര്‍ഡിലേക്ക് എത്തിച്ചേരുന്നതെന്നും സാഹിത്യ അക്കാദമി അവാര്‍ഡ് സംബന്ധിച്ച് പ്രതികരിച്ചിരുന്നല്ലോ?

സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ആഹ്ലാദമുണ്ടാക്കിയെന്നത് നേരാണ്. ഇത്തരം കാര്യങ്ങളില്‍ അധികം ശ്രദ്ധ പതിപ്പിക്കാത്ത ആളാകയാല്‍ അതെന്നെ അത്ഭുതപ്പെടുത്തുകകൂടി ചെയ്തു. ഷുക്കൂര്‍ പെടയങ്ങോട് എന്ന കവി 'കൊതിയന്‍' ഇറങ്ങിയനാള്‍ മുതല്‍ അതിന് അക്കാദമി അവാര്‍ഡ് കിട്ടുമെന്നു പറയുമായിരുന്നു. പ്രമുഖരായ പലരും എന്റെ കവിതകള്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടെന്നു പറഞ്ഞുകേട്ടപ്പോഴും സന്തോഷം തോന്നി. ഈ അവാര്‍ഡ് എനിക്കും എന്റെ കവിതകള്‍ക്കും അതു മുന്നോട്ടുവെച്ച രാഷ്ട്രീയത്തിനും ലഭിച്ച അംഗീകാരമായിത്തന്നെ കാണുന്നു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒരു വാക്യം പറയാമോ? 

''ആരുമില്ലാത്തവര്‍ക്ക് അയല്‍ക്കാരനായി ദൈവമുണ്ട്.'' (കടപ്പാട്: മജീദ് മജീദിയുടെ 'ബറാന്‍' എന്ന സിനിമ.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com