ആ യാത്ര പറച്ചിലിനു ശേഷം സുര തിരിച്ചെത്തിയില്ല...

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍നിന്ന് നാലഞ്ച് കിലോമീറ്റര്‍ അകലെ കുന്നിക്കൂട്ടത്ത് എത്തിയാല്‍ മുന്‍പെ പറഞ്ഞ വിശേഷണങ്ങളുള്ള ഒരാളെ കാണാമായിരുന്നു
ആ യാത്ര പറച്ചിലിനു ശേഷം സുര തിരിച്ചെത്തിയില്ല...

മ്യൂണിസം വികാരമായും നിലപാടായും ആദര്‍ശക്കുപ്പായമായും കൊണ്ടുനടക്കുന്നവര്‍ക്ക് സൈദ്ധാന്തിക വിശേഷണങ്ങള്‍ പലതുണ്ട്. എന്നാലത് ജീവിതമായി പേറി നടക്കുന്നവരുടെ ഉള്ളില്‍ അസ്തിത്വദു:ഖത്തോളം കനപ്പെട്ട നെരിപ്പോടുകള്‍ എരിയുന്നുണ്ട്. പൊടിപ്പും തൊങ്ങലുമില്ലാത്ത ഒരു കഥയോളം സത്യസന്ധരാണ് അവര്‍. സാമൂഹ്യജീവിതത്തിന്റെ ശരാശരി സമ്പ്രദായങ്ങളില്‍ ഒരിക്കലും അവരുണ്ടായിരുന്നില്ല. അതുകൊണ്ടാണല്ലോ മനുഷ്യന്റെ ചരിത്രം അറിയപ്പെടാത്ത പുറംപോക്കുകളുടേയും കഥയാകുന്നത്.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍നിന്ന് നാലഞ്ച് കിലോമീറ്റര്‍ അകലെ കുന്നിക്കൂട്ടത്ത് എത്തിയാല്‍ മുന്‍പെ പറഞ്ഞ വിശേഷണങ്ങളുള്ള ഒരാളെ കാണാമായിരുന്നു. അയാള്‍ സി.പി.എം നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരുപോലെ സുപരിചിതനാണ്. പേര് കുന്നിക്കൂട്ടത്തില്‍ സുര. സുരയുടെ ഓരോ ശ്വാസത്തിലും ചെങ്കൊടിയുടെ തുടിപ്പും ഉണര്‍വ്വും ഉണ്ടായിരുന്നു. അയാളുടെ ചുവപ്പിനോടുള്ള പ്രതിബദ്ധത അതിവൈകാരികമായ തോന്നലുകളായിരുന്നില്ല. ഇതാണ് മറ്റു സഖാക്കളില്‍നിന്ന് സുരയെ അസാധാരണക്കാരനാക്കിയത്. പാര്‍ട്ടിയുടെ ഒരു ഘടകങ്ങളിലും അവനുണ്ടായിരുന്നില്ല. എങ്കിലും മണ്ണില്‍ സൂര്യശോഭപോലെ ജ്വലിക്കുന്ന സ്വപ്നങ്ങള്‍ അവനു കൂട്ടായി.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റിന്റെ പരിപാടികള്‍, സമ്മേളനങ്ങള്‍ അവ എന്തായാലും എവിടെയായാലും അവിടെ എത്തുകയാണ് സുരയുടെ ലക്ഷ്യം. സുരയുടെ പാര്‍ട്ടി സമ്മേളന യാത്രകള്‍ക്കുപോലും പ്രത്യേകതയുണ്ട്. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത കണിശമായ കൃത്യനിഷ്ഠയുണ്ടതിന്. കടും ചുവപ്പ് ഷര്‍ട്ടാണ് വേഷം. ഉള്ളിലുള്ള കൊടുംതീയിനോളം തുടിപ്പുണ്ടതിന്. വളണ്ടിയര്‍ മാര്‍ച്ച് ഉണ്ടെങ്കില്‍ ഒരു കാക്കി പാന്റ്‌സും ഷൂസും തൊപ്പിയും കയ്യില്‍ കരുതും. ദിവസങ്ങള്‍ നീളുന്ന സമ്മേളനമായാല്‍ ആരെങ്കിലും സമ്മാനിച്ച ബാഗില്‍ ആവശ്യമായതെല്ലാം എടുത്താണ് പോകുക. 2018 ഏപ്രിലില്‍ ഹൈദരബാദില്‍ നടന്ന സി.പി.എമ്മിന്റെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനായാണ് സുര കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ഹൈദരാബാദിലേക്ക് പോയത്. പോകുന്നതിനിടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ട നാട്ടുകാരനോട് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് ആവേശത്തോടെ സുര പറഞ്ഞു. ഹൈദരബാദില്‍ പോകാന്‍ നൂറ് രൂപ വേണമെന്ന് ആവശ്യപ്പെട്ടു. മടിയില്ലാതെ അതു വാങ്ങി. ലക്ഷ്യത്തിലെത്താന്‍ ആ പണം തികയുമോ ഇല്ലയോ എന്ന നിസ്സാരമായ ആകുലതകള്‍ക്കപ്പുറം സമ്മേളന സ്ഥലത്തെത്താനുള്ള ആവേശമാണ് അയാളില്‍ കണ്ടതെന്നും നാട്ടുകാരന്‍ ഓര്‍ത്തെടുക്കുന്നു. ആ യാത്രപറച്ചിലിനു ശേഷം സുര തിരിച്ചെത്തിയില്ല.

മലയാളം അല്ലാതെ മറ്റൊരു ഭാഷയും സുരയ്ക്ക് അറിയില്ല. സ്വന്തം പേര് എഴുതാനും വായിക്കാനും കഷ്ടിച്ച് അറിയും. സംസാരിക്കാന്‍ പരിമിതിയുള്ളതിനാല്‍ അയാള്‍ പറയുന്നത് അടുപ്പമുള്ളവര്‍ക്കു മാത്രമേ മനസ്സിലാവൂ.

നന്നേ ചെറുപ്പത്തില്‍ത്തന്നെ സുരയുടെ ബോധമണ്ഡലത്തില്‍ ചെങ്കൊടി പാറിത്തുടങ്ങി. അതിന്റെ കാരണമെന്താണെന്ന് ചോദിച്ചാല്‍ ആര്‍ക്കും പ്രത്യേകിച്ച് ഒരു ഉത്തരമില്ലെന്നതാണ് സത്യം. എത്ര നേരം ഇന്‍ക്വിലാബ് വിളിച്ചാലും അയാള്‍ തളര്‍ന്നില്ല. അത് അയാള്‍ക്ക് ഒരിക്കലും മടുത്തില്ല. ഒരിക്കലും മുടക്കിയതുമില്ല. അങ്ങനെ അചഞ്ചലമായ പാര്‍ട്ടിക്കൂറ് സുരയ്‌ക്കൊപ്പം വളര്‍ന്നു. അയാളുടെ അതിരുകളില്ലാത്ത പാര്‍ട്ടി സ്‌നേഹത്തെ നാട്ടുകാരും പരിപോഷിപ്പിച്ചു. അതോടെ നാടായ നാട്ടിലെല്ലാം സമ്മേളനത്തിനും പാര്‍ട്ടി പരിപാടികള്‍ക്കും സുര പോയിത്തുടങ്ങി. യാത്രയ്ക്കുള്ള പണം കണ്ടെത്താന്‍ പാര്‍ട്ടി അനുഭാവികളെ കാണാന്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ധനസമ്പാദനത്തിലും തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു സുര. ആവശ്യമായ പണം സ്വരൂപിച്ചു കഴിഞ്ഞാല്‍ പിന്നെ ആരോടും വാങ്ങില്ല. അതുകൊണ്ടുതന്നെ സുരയ്ക്ക് പണം നല്‍കുന്ന കാര്യത്തില്‍ ആര്‍ക്കും അതൃപ്തിയുണ്ടായില്ല. സമീപപ്രദേശങ്ങളിലാണ് സമ്മേളനമെങ്കില്‍ കിലോമീറ്ററുകള്‍ നടന്നാണ് അവിടയെത്തുക.

സുര
സുര

സമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചുണ്ടെങ്കില്‍ അതേ വേഷത്തിലാകും സുര എത്തുക. ഒരിക്കലും വളണ്ടിയര്‍ മാര്‍ച്ചില്‍ സുര പങ്കാളിയായില്ല. അതിനൊത്ത താളത്തില്‍ ചുവട് വയ്ക്കാന്‍ ശാരീരിക അവശതകള്‍ ഒരുകാലത്തും സുരയെ അനുവദിച്ചില്ല. എങ്കിലും വളണ്ടിയര്‍ മാര്‍ച്ചിനു സമീപത്തുകൂടി ഒരു സമാന്തരരേഖയിലെ ഒറ്റയാനായി സുര നീങ്ങി.

രാത്രിയില്‍ കിലോമീറ്ററുകള്‍ നടന്നു വീട്ടിലേയ്ക്ക് മടങ്ങാന്‍ സുരയ്ക്ക് ഭയമാണ്. എങ്കിലും സുരയ്ക്ക് വീട്ടിലെത്തിയേ മതിയാകൂ. ബസ് സര്‍വ്വീസ് വിരളമാണ്. ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ അതിനും സുര ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. ഇ.എം.എസ്സിനേയും വി.എസ്സിനേയും പിണറായിയേയുമൊക്കെ കൂട്ടിയാണ് സഞ്ചാരം. തന്റെ വലതുകൈ മൈക്കാക്കി അനൗണ്‍സ്മെന്റ് തുടങ്ങും. ''ചഖാക്കളെ ഇന്നു കൂട്ടാലിടയില്‍ നടക്കുന്ന വമ്പിച്ച പൊതുയോഗത്തില്‍ ചി.പി.എമ്മിന്റെ ഞേതാക്കളായ ഇ.എം.എച്ച്, വി.എച്ച്, പിണറായി, മെഗബൂബ്, കുന്നിക്കൂടത്തില്‍ ചുര തുടങ്ങിയ പ്രമുഖ ഞേതാക്കള്‍ ചംചാരിക്കും'' എന്ന് ഉച്ചത്തില്‍ വീടെത്തുംവരെ വഴിനീളെ അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്യും. നേതാക്കന്മാര്‍ക്കൊപ്പം തന്റെ പേര് ഉറക്കെ പറയുന്നതാണ് സുരയുടെ മറ്റൊരാവേശം.

വിശന്നാല്‍ സഖാക്കളുടെ വീടുകളില്‍ കയറി ഭക്ഷണം കഴിക്കും. കയറിയ ഇടം 'പാര്‍ട്ടി വീട'ല്ലെന്നു തോന്നിയാല്‍ അപ്പോള്‍ത്തന്നെ തിരിച്ചിറങ്ങും. അതിനിടെ ആരെങ്കിലും എതിര്‍ പാര്‍ട്ടികളെ പ്രകീര്‍ത്തിച്ചു സംസാരിച്ചാല്‍ സുര വിശപ്പുമറക്കും. ഭക്ഷണം മതിയാക്കി പോരുകയും ചെയ്യും. ചില വിരുതരായ സഖാക്കള്‍ തങ്ങള്‍ പാര്‍ട്ടി മാറിയെന്നു പറഞ്ഞ് സുരയെ ചൊടിപ്പിക്കും. തങ്ങളോടൊപ്പം വന്നാല്‍ നൂറിന്റേയും അന്‍പതിന്റേയും നോട്ടുകള്‍ കാണിച്ച് പ്രലോഭിപ്പിക്കും. സുരയ്ക്ക് അപ്പോഴും ഒട്ടും സംശയം ഉണ്ടാകില്ല. എനിക്കാ പണം വേണ്ടെന്നു പറഞ്ഞ് അവരുടെ നെഞ്ചിലിട്ടിടിക്കും.

ദൂരെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു പോയാല്‍ ചിലപ്പോഴെല്ലാം ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാണ് സുര വീട്ടിലെത്തുക. എന്നാല്‍, 2018-ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും സുര തിരിച്ചെത്തിയില്ല. മാസങ്ങള്‍ക്കുശേഷം സുരയെ കാണാനില്ലെന്നു കാണിച്ച് പാര്‍ട്ടിക്കാരും ബന്ധുക്കളും ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. പരാതിക്കാരും പൊലീസും അന്വേഷണത്തിന് ആദ്യം കാണിച്ച താല്പര്യം തുടര്‍ന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു ജനകീയസമിതി ഉണ്ടാക്കിയെങ്കിലും അവരുടെ അന്വേഷണവും പാതിവഴിയില്‍ നിലച്ചു. പൊലീസ് സംഘം ഹൈദരാബാദിലും വിജയവാഡയിലും തുടങ്ങി പ്രധാന സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും സുരയെ കണ്ടെത്താനായില്ലെന്ന് അറിയിക്കുകയും ചെയ്തു. സുരയെ കാണാനില്ലെന്ന വിവരം ബാലുശ്ശേരിയിലെ പാര്‍ട്ടി നേതൃത്വം തങ്ങളെ അറിയിച്ചില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിശദീകരണം. അതിനിടെ സുര ഒരു മൊബൈല്‍ ഷോപ്പില്‍ നില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചു. ഇക്കാര്യം ജനകീയ സമിതി പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടരന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇത്തവണ 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ആതിഥ്യമരുളിയത് കണ്ണൂരാണ്. കണ്ണൂരിനെ ചുവപ്പന്‍ ജില്ലയെന്നു വിളിക്കാറുണ്ട്. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്നു വിശേഷിപ്പിക്കാറുമുണ്ട്. അപ്രതിരോധ പ്രസ്ഥാനമായി സി.പി.എം മാറിയതിനു പിന്നില്‍ സമരത്തിന്റേയും സംഘാടനത്തിന്റേയും മികവാര്‍ന്ന ഒരുപാട് ജീവിതങ്ങളുണ്ട്. മരിച്ചെന്നു കരുതി പച്ചോലയില്‍ കെട്ടിവലിക്കപ്പെട്ട നേതാവാണ് കരിവള്ളൂര്‍ സമരനായകന്‍ എ.വി. കുഞ്ഞമ്പു. മരണത്തില്‍നിന്ന് എഴുന്നേറ്റ് വന്നു ജനങ്ങള്‍ക്കുവേണ്ടി പോരാട്ടം നയിച്ച കമ്യൂണിസ്റ്റ്. ചരിത്രത്തില്‍ അഭിമാനോജ്ജ്വലമായി തിളങ്ങുന്ന ഒട്ടേറെ ജീവിതങ്ങള്‍... സമാപന സമ്മേളനഗ്രൗണ്ടില്‍ സുരയെ കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സഖാക്കള്‍. പ്രതീക്ഷ തെല്ലും കൈവിടാതെ കാത്തിരിക്കുകയാണ് ഒരു നാട്.

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com