'ഞങ്ങളെല്ലാവരും മനോരമയുടെ അമ്മമാരാണ്, വരൂ ഞങ്ങളെ ബലാത്സംഗം ചെയ്യൂ'

പ്രത്യേക സായുധ സേന നിയമം അഫ്സ്പ പരിപൂര്‍ണ്ണമായി പിന്‍വലിക്കുകയല്ല കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പകരം നിയമപരിധി കുറച്ചു
'ഞങ്ങളെല്ലാവരും മനോരമയുടെ അമ്മമാരാണ്, വരൂ ഞങ്ങളെ ബലാത്സംഗം ചെയ്യൂ'

പ്രത്യേക സായുധ സേന നിയമം അഫ്സ്പ പരിപൂര്‍ണ്ണമായി പിന്‍വലിക്കുകയല്ല കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പകരം നിയമപരിധി കുറച്ചു. എന്നാല്‍, എന്തുകൊണ്ട് ഈ നിയമം ഫലപ്രദമല്ലെന്ന് ചിന്തിക്കാനും ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനുമുള്ള അവസരം നഷ്ടമായി. നിയമം പൂര്‍ണമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് കാരണം. കലാപ മേഖലയായി നിശ്ചയിച്ച സ്ഥലത്തിന്റെ പരിധിയാണ് കുറയുക. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്സ്പയുടെ പരിധി കുറയ്ക്കുന്നത്. നിയമം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചാണു നടപടി. 2021 ഡിസംബറില്‍ നാഗാലാന്റില്‍ സായുധ വിഘടനവാദികളെന്നു സംശയിച്ച് ഏതാനും ഗ്രാമീണരെ കരസേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് സമിതിയെ നിയോഗിച്ചത്. 

നാഗാക്കുന്നില്‍ ഏഴ്, അസമില്‍ 23 

നാഗാലാന്റില്‍ ഏഴു ജില്ലകളില്‍ ഒഴിവാക്കി. അസമില്‍ 23 ജില്ലകളില്‍ പൂര്‍ണ്ണമായും ഒരു ജില്ലയില്‍ ഭാഗികമായും ഒഴിവാക്കി. മണിപ്പൂരില്‍ ആറു ജില്ലകളില്‍ ഒഴിവാക്കി. ജമ്മു കശ്മീരിലും അരുണാചല്‍ പ്രദേശിലെ ചില ജില്ലകളിലും മാത്രമാണ് അഫ്സ്പ നിലവിലുള്ളത്. അരുണാചലില്‍ തിരപ്, ചാങ്ലാങ്, ലോങ് ഡിങ് ജില്ലകളില്‍ സെപ്റ്റംബര്‍ 30 വരെ അഫ്സ്പയുണ്ടാകും. നാമസായി, മഹാദേവ് പൂര്‍ എന്നിവിടങ്ങളിലും നിയമം പിന്‍വലിച്ചിട്ടില്ല. 

അബദ്ധമല്ല, കൊലപാതകം

2021 ഡിസംബര്‍ 4-ന് വൈകുന്നേരം, ടിരുരില്‍നിന്ന് മോണ്‍ ജില്ലയിലെ ഒട്ടിങ്ങ് ഗ്രാമത്തിലേക്ക് കല്‍ക്കരി ഖനിത്തൊഴിലാളികളുമായി പോവുകയായിരുന്ന പിക്കപ്പ് വാനിനുനേരെയാണ് സൈന്യം വെടിയുതിര്‍ക്കുകയും വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്.  തൊഴിലാളികളുടെ സംഘത്തെ സൈന്യം കലാപകാരികളായി തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ സൈനികര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും പിന്നീട് മരിച്ചു. രാത്രിയായിട്ടും തൊഴിലാളികള്‍ വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് യുവാക്കളുടെ സംഘം അവരെ അന്വേഷിച്ചിറങ്ങി. ഇവര്‍ സൈന്യത്തെ തടഞ്ഞുവെച്ചു, തുടര്‍ന്ന് പ്രതിഷേധക്കാര്‍ സൈനികവാഹനങ്ങള്‍ക്ക് തീയിട്ടു. സൈന്യത്തിന്റെ വെടിവെപ്പില്‍ ഏഴ് പേര്‍ കൂടി മരിച്ചു. മോണ്‍ ജില്ലാ ആസ്ഥാനത്തുള്ള അസം റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് പ്രദേശവാസികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് അക്രമം വ്യാപിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൂടി മരിച്ചു. സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം പിന്‍വലിക്കാനുള്ള പഴയ ആവശ്യം ആവര്‍ത്തിച്ചായിരുന്നു ഗ്രാമീണരുടെ പ്രതിഷേധം. ഈ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അത് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല.  

ദശാബ്ദങ്ങളുടെ ആവശ്യം

ജനായത്ത ഭരണത്തോളം പഴക്കമുണ്ട് ഈ നിയമത്തിന്. തര്‍ക്കവും കലാപവുമുള്ള സ്ഥലങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്സ്പ. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ബാക്കി പത്രം. ക്വിറ്റ് ഇന്ത്യ സമരകാലത്ത്  സ്വാതന്ത്ര്യപ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ഈ നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. ഓര്‍ഡിനന്‍സ് വഴിയാണ് ഇതു കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിനു ശേഷവും ആഭ്യന്തരകലഹം രൂക്ഷമായ സംസ്ഥാനങ്ങളില്‍ (അസം, മണിപ്പുര്‍) നിയമം തുടരാന്‍ നെഹ്‌റു സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായി.  ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചതോടെ 1958 മേയ് 22-ന് നിയമം നിലവില്‍ വന്നു. അസം മലനിരകളിലും നാഗാകുന്നുകളിലും അഫ്സ്പ നിലവില്‍ വന്നു. 

അടിയന്തരാവസ്ഥക്കാലത്തും

വടക്കു കിഴക്കിലെ ഏഴു സംസ്ഥാനങ്ങളും (അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര, മണിപ്പൂര്‍, നാഗാലന്‍ഡ്) അഫ്സ്പയുടെ നിയന്ത്രണത്തില്‍. കഴിഞ്ഞ 60 വര്‍ഷം വടക്കു-കിഴക്കന്‍ ഇന്ത്യ ജീവിച്ചത് ഈ നിയമത്തിന് കീഴിലാണ്. അടിയന്തരാവസ്ഥക്കാലത്ത്  ജമ്മു കശ്മീരിലും പഞ്ചാബിലും നിയമം വന്നു. 2008-ല്‍ പഞ്ചാബില്‍നിന്ന് പിന്‍വലിച്ചു. 2015-ല്‍ ത്രിപുരയില്‍നിന്നും 2018-ല്‍ മേഘാലയയില്‍നിന്നും നിയമം പിന്‍വലിച്ചു.
 
പ്രത്യേക അധികാരം ഇങ്ങനെ

അധികാര ദുര്‍വിനിയോഗമാണ് ഈ നിയമത്തിനെതിരേ വ്യാപക വിമര്‍ശനത്തിന് കാരണമായത്. ഉദാഹരണത്തിന്, നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ സേനയ്ക്ക് അധികാരമുണ്ട്. നിയമവിരുദ്ധരെന്നു മുദ്രകുത്തി ആരെയും അറസ്റ്റ് ചെയ്യുന്നതാണ് പിന്നെ കണ്ടത്. വാറന്റ് ഇല്ലാതെ ആരെയും അറസ്റ്റു ചെയ്യാം, വാഹനങ്ങളോ വീടുകളോ പരിശോധിക്കാം, അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു നിരോധിക്കാം തുടങ്ങിയ അധികാരങ്ങളും അഫ്സ്പ സേനയ്ക്കു നല്‍കുന്നു. പ്രത്യേക അധികാര പ്രകാരം കസ്റ്റഡിയില്‍ എടുക്കുന്ന ആളുകളെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനു മുന്‍പാകെ, അറസ്റ്റിലേക്കു നയിച്ച കാരണങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സഹിതം ഹാജരാക്കണം എന്നും അഫ്സ്പ വ്യവസ്ഥകളില്‍ പറയുന്നു. 

മണിപ്പൂരിന്റെ സമര നായികയാണ് ഇറോം ശർമിള. എഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നീണ്ട നിരാഹാരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ 90 വോട്ടു മാത്രം നേടി പരാജയപ്പെട്ട അവർ പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. പൗരാവകാശ പ്രവർത്തകനായ ഡെസ്മണ്ട് കുടിഞ്ഞോയ്ക്കും മക്കൾക്കുമൊപ്പം കഴിയുകയാണ് അവരിപ്പോൾ
മണിപ്പൂരിന്റെ സമര നായികയാണ് ഇറോം ശർമിള. എഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നീണ്ട നിരാഹാരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ 90 വോട്ടു മാത്രം നേടി പരാജയപ്പെട്ട അവർ പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. പൗരാവകാശ പ്രവർത്തകനായ ഡെസ്മണ്ട് കുടിഞ്ഞോയ്ക്കും മക്കൾക്കുമൊപ്പം കഴിയുകയാണ് അവരിപ്പോൾ

16 വര്‍ഷം, ഇറോം ശര്‍മ്മിള

പ്രത്യേക സൈനിക നിയമം വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് അഫ്സ്പയ്‌ക്കെതിരെ ഒട്ടേറെ മനുഷ്യാവകാശ സംഘടനകളും കാലങ്ങളായി രംഗത്തുണ്ട്. 2000 മുതല്‍ 2016 വരെ, 16 വര്‍ഷം നീണ്ട നിരാഹാര സമരം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇറോം ശര്‍മിളയാണ് ഇതില്‍ പ്രധാനി. മണിപ്പൂരില്‍ ബസ് കാത്തുനിന്ന പത്തു നാട്ടുകാര്‍ സേനയുടെ വെടിയേറ്റു മരിച്ചതോടെയാണ് ശര്‍മിള പ്രത്യക്ഷസമരത്തിനിറങ്ങുന്നത്. ലോകത്തെതന്നെ ഏറ്റവും ദീര്‍ഘമായ നിരാഹാര സമരമായി ഇറോം ശര്‍മിളയുടെ പോരാട്ടം വിലയിരുത്തപ്പെടുന്നു. 500 ആഴ്ചകളാണ് ശര്‍മിളയുടെ സമരം നീണ്ടത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയതിനു ശേഷം മൂക്കില്‍ ട്യൂബിട്ട്, നിര്‍ബ്ബന്ധപൂര്‍വമാണ് അവര്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്. ഒടുവില്‍ അഫ്സ്പ പിന്‍വലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെന്ന ആമുഖത്തോടെ 2016-ല്‍ ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു. 2017-ല്‍ നടന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശര്‍മിള മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഇബോബി സിങ്ങിനെതിരെ മത്സരിച്ച ശര്‍മിളയ്ക്കു ലഭിച്ചതാകട്ടെ, 90 വോട്ടുകള്‍ മാത്രമാണ്. ഇതോടെ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

അമ്മമാരുടെ പ്രതിഷേധം

ജൂലായ് 2004 മണിപ്പൂരിലെ ഇംഫാലില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു യൂണിറ്റായ ആസ്സാം റൈഫിളിന്റെ ആസ്ഥാന കേന്ദ്രമായ കണ്‍ഗ്ലാ ഫോര്‍ട്ടില്‍ അന്ന് 12 സ്ത്രീകള്‍ അണിനിരന്നു. സൈനികര്‍ നോക്കി നില്‍ക്കെ, അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിക്കാന്‍ തുടങ്ങി. പൂര്‍ണ്ണ നഗ്‌നരായി, ഇന്ത്യന്‍ സൈന്യമേ, ഞങ്ങളെ ബലാത്സംഗം ചെയ്യൂ, ഞങ്ങളുടെ മാംസമെടുക്കൂ എന്ന മുദ്രാവാക്യവും, കൊടികളും ഏന്തി അവര്‍ സമരം ചെയ്തു. മുപ്പത്തിരണ്ടുകാരി മനോരമയെ ക്രൂരമായി റേപ്പ് ചെയ്തു കൊലപ്പെടുത്തിയതിനെതിരെയുള്ള രോഷമായിരുന്നു അവര്‍ക്ക്. സൈനിക ആസ്ഥാനത്തിനു മുന്നില്‍ വെച്ച് ആദ്യം വസ്ത്രം വലിച്ചുകീറിയത് സരോജിനി എന്ന സ്ത്രീയായിരുന്നു. ന്ഗാന്‍ബി എന്ന സ്ത്രീ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു ഞങ്ങളെല്ലാവരും മനോരമയുടെ അമ്മമാരാണ്. വരൂ ഞങ്ങളെ ബലാത്സംഗം ചെയ്യൂ. ഇതോടെ പ്രതിഷേധത്തില്‍ മറ്റുള്ള സ്ത്രീകളും അണിനിരന്നു. ഇന്ത്യന്‍ ആര്‍മി റേപ്പ് അസ് എന്ന ബാനറിന് പിറകെ നഗ്‌നരായി കൊണ്ട് സ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ നഗരം ഞെട്ടി. സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ എന്തുചെയ്യണമെന്നറിയാതെ അസ്വസ്തരായി. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭീകരതയുടെ ചിത്രമായി ഇത് ഇപ്പോഴും പ്രചരിക്കുന്നു.

2004 ജൂലൈയിൽ മണിപ്പൂരിൽ അസം റൈഫിൾസിന്റെ ആസ്ഥാനത്തിന് മുന്നിൽ ന​ഗ്നരായി പ്രതിഷേധിക്കുന്ന അമ്മമാർ. തങ്കജം മനോരമ എന്ന 32കാരിയെ അസം റൈഫിൾസിലെ സൈനികർ ബലാത്സം​ഗം ചെയ്ത് കൊല‍പ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധമുണ്ടായത്
2004 ജൂലൈയിൽ മണിപ്പൂരിൽ അസം റൈഫിൾസിന്റെ ആസ്ഥാനത്തിന് മുന്നിൽ ന​ഗ്നരായി പ്രതിഷേധിക്കുന്ന അമ്മമാർ. തങ്കജം മനോരമ എന്ന 32കാരിയെ അസം റൈഫിൾസിലെ സൈനികർ ബലാത്സം​ഗം ചെയ്ത് കൊല‍പ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധമുണ്ടായത്

കമ്മിഷനുകള്‍ പലത്

2004-ല്‍ അഫ്സ്പ നിയമം പിന്‍വലിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ അഞ്ചംഗസമിതി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജീവന്‍ റെഡ്ഡി അധ്യക്ഷന്‍. 2005-ല്‍ നിയമം പിന്‍വലിക്കണമെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കി. വീരപ്പ മെയ്ലി അധ്യക്ഷനായി രണ്ടാം പരിഷ്‌കരണ കമ്മിഷന്‍. ഇതേ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് ഈ കമ്മിഷനും റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും ഈ നിയമം പിന്‍വലിക്കുന്നതിന് അനുകൂലമായിരുന്നു. പിന്‍വലിച്ചില്ലെങ്കിലും ഭേദഗതിയെങ്കിലും വരുത്തണമെന്നായിരുന്നു പി. ചിദംബരത്തിന്റെ അഭിപ്രായം.

അമിത് ഷാ
അമിത് ഷാ

കോടതി ഇടപെടലുകള്‍

അഫ്സ്പയുടെ പേരില്‍ സൈന്യം വ്യാജ ഏറ്റുമുട്ടലുകളും മനുഷ്യാവകാശങ്ങളും നടത്തുന്നതായുള്ള ആരോപണങ്ങള്‍ സുപ്രീംകോടതിയിലും എത്തിയിരുന്നു. മണിപ്പൂരില്‍, 2000-2012 കാലയളവില്‍ മാത്രം 1,528 കൊലപാതകങ്ങള്‍ നടന്നതായി സുപ്രീംകോടതിയില്‍ ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ ചുണ്ടിക്കാണിച്ചിരുന്നു. അതില്‍ ഏറെയും കസ്റ്റഡിയിലിരിക്കെ, ക്രൂരമായ മര്‍ദ്ദനങ്ങളേറ്റായിരുന്നെന്നും എക്സ്ട്രാ ജുഡീഷ്യല്‍ എക്സിക്യൂഷന്‍ വിക്ടിം ഫാമിലീസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2013-ല്‍ മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെം ലിങ്‌ദോ, കര്‍ണാടക മുന്‍ ഡി.ജി.പി അജയ് കുമാര്‍ സിംഗ് എന്നിവരും സമിതിയിലെ അംഗങ്ങളായിരുന്നു. 2016-ല്‍, അഫ്സ്പ ബാധകമായ പ്രശ്‌നബാധിത പ്രദേശങ്ങള്‍ ആണെങ്കില്‍ക്കൂടി സൈന്യം അമിതമായ പ്രതികാര നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിനും സായുധ സേനകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഒരു വ്യക്തിക്കെതിരെ വിചാരണയോ നിയമനടപടിയോ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ആറാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. സംശയത്തിന്റെ പേരില്‍ ഒരാളെ വെടിവച്ച് കൊന്നാല്‍പ്പോലും വിചാരണയില്‍നിന്ന് രക്ഷപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. മണിപ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ സി.ബി.ഐ അന്വഷണത്തിനും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് മദന്‍ ലോകുര്‍, ജസ്റ്റിസ് യു.യു. ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു നടപടി.

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com