'എന്തായാലും ഇക്കാര്യത്തില്‍ ഇന്ത്യ പരാജയമായിരുന്നു'

''ഈ പാതിരാവില്‍ ലോകം ഉറങ്ങുമ്പോള്‍, നാം പഴമയില്‍നിന്ന് പുതുമയിലേക്ക്, ഒരു യുഗം അവസാനിക്കുമ്പോള്‍, നീണ്ടനാള്‍ അടിച്ചമര്‍ത്തപ്പെട്ട ദേശത്തിന്റെ ആത്മാവ് ഉച്ചാരണം കണ്ടെത്തുന്നു...''
'എന്തായാലും ഇക്കാര്യത്തില്‍ ഇന്ത്യ പരാജയമായിരുന്നു'

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മരണമണി മുഴങ്ങിയ 1947 ആഗസ്റ്റ് 14 രാത്രി പന്ത്രണ്ടുമണിക്ക്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭാതപിറവി ആഘോഷിക്കാന്‍ ഇന്ത്യന്‍ ജനത ഉണര്‍ന്നിരുന്ന ചരിത്രമുഹൂര്‍ത്തം.

അന്ന് ഞാനുള്‍പ്പെടെയുള്ള ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്മന്‍സ് കോളേജിലെ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു. ഞങ്ങള്‍ ഗാന്ധിത്തൊപ്പി അണിഞ്ഞ് ഓടിനടന്ന് പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ടിരുന്നു. ഉച്ചത്തില്‍ വാര്‍ഡന്‍ അച്ചനെ ഭയപ്പെടാതെ 'ബോലോ ഭാരത് മാതാ കീ ജെയ്' എന്നു ഞാന്‍ താമസിച്ച സെന്റ് തോമസ്സുകാര്‍ ഉറക്കെ വിളിച്ചത് ഞാന്‍ മറന്നിട്ടില്ല. ആ പാതിരാവില്‍ ജവഹര്‍ലാല്‍ നെഹ്റു ചെയ്ത 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പ്രസിദ്ധ പ്രസംഗം ഞങ്ങള്‍ ആരും കേട്ടില്ല. ഹോസ്റ്റലില്‍ റേഡിയോ ഇല്ലായിരുന്നു. ആ പ്രസംഗം ഞാന്‍ പിന്നീടു പല തവണ വായിച്ചു രോമാഞ്ചം കൊണ്ടിട്ടുണ്ട്. അതിലെ ചില ഉദ്ധരണികള്‍ അയവിറക്കുക ഇന്ന് ഏറെ പ്രസക്തമാണ്. 

''ഈ പാതിരാവില്‍ ലോകം ഉറങ്ങുമ്പോള്‍, നാം പഴമയില്‍നിന്ന് പുതുമയിലേക്ക്, ഒരു യുഗം അവസാനിക്കുമ്പോള്‍, നീണ്ടനാള്‍ അടിച്ചമര്‍ത്തപ്പെട്ട ദേശത്തിന്റെ ആത്മാവ് ഉച്ചാരണം കണ്ടെത്തുന്നു... ഇന്ത്യയെ സേവിക്കുക എന്നത് അവശതയനുഭവിക്കുന്ന ആയിരങ്ങളെ സേവിക്കുന്നതാണ്... നാമിന്നു കൊണ്ടാടുന്ന നേട്ടം നമ്മെ കാത്തിരിക്കുന്ന മഹത്തായ വിജയങ്ങളിലേക്കും നേട്ടങ്ങളിലേയ്ക്കുമുള്ള ഒരു ചുവടുവയ്പ് മാത്രമാണ്. അവസരത്തിന്റെ തുടക്കം''. ''ദാരിദ്ര്യവും അജ്ഞതയും രോഗവും അവസരസമത്വമില്ലായ്മയും അവസാനിപ്പിക്കുകയാണ്.'' ഇനിയുള്ള കടമയെന്ന് അദ്ദേഹം രാഷ്ട്രത്തെ ഓര്‍മ്മിപ്പിച്ചു. ഈ പ്രതിജ്ഞയിലേയ്ക്കുള്ള തിരിഞ്ഞു നോട്ടമാണ് ഈ ചെറിയ ലേഖനം.

ഈ പുതുയുഗപിറവിയുടെ ചരിത്രസന്ദര്‍ഭത്തില്‍ ഇന്ത്യ ജനാധിപത്യത്തിലേയ്ക്ക് കാല്‍കുത്തിയിട്ടില്ല. അന്ന് കൊച്ചിയും തിരുവിതാംകൂറും നാട്ടുരാജാക്കന്മാരുടെ കീഴിലും മലബാര്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗവുമായിരുന്നു. 34 കോടി വരുന്ന അന്നത്തെ ഇന്ത്യന്‍ സമൂഹത്തിനു ജനാധിപത്യത്തെക്കുറിച്ചു ധാരണകള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. പ്രത്യുത ഫ്യൂഡലിസത്തിന്റെ അനുഭവം ആഴത്തില്‍ അറിഞ്ഞിരുന്നുതാനും. എബ്രാഹം ലിങ്കന്റെ വിശ്വപ്രസിദ്ധ ജനാധിപത്യം ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണകൂടമെന്ന നിര്‍വ്വചനം കേവലം സ്വപ്നം മാത്രം. ഈ പ്രകൃതത്തിലാണ് ജനാധിപത്യത്തിന്റെ മര്‍മ്മം കണ്ട നെഹ്റുവിന്റെ പ്രസംഗമെന്ന് ഓര്‍ക്കുമ്പോള്‍ അദ്ദേഹം എത്ര വലിയ ദൗത്യമാണ് നമ്മുടെ മുന്‍പില്‍ വെച്ചതെന്നു കാണാം. നെഹ്റു ലോകസഭയില്‍ വരുന്നതും ഇരിക്കുന്നതും പ്രസംഗിക്കുന്നതും സഭ പിരിയുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ അടുത്തു ചെന്നു കുശലം പറയുന്നതും മറുപടി പറയുമ്പോള്‍ കാട്ടുന്ന ബഹുമാനവും നേരില്‍ കണ്ടിട്ടുള്ള എനിക്ക് സോഷ്യലിസ്റ്റു മാതൃക സൃഷ്ടിക്കുന്നതിലും നയരൂപീകരണത്തിലും ജനാധിപത്യ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതിലും ആ മനുഷ്യന്‍ എത്ര കണ്ടു പ്രവൃത്തിച്ചുവെന്നു ഓര്‍ത്തെടുക്കാന്‍ പ്രയാസമില്ല. ഒരുപക്ഷേ, അനായാസം ഒരു ഏകാധിപതിയാകാന്‍ കഴിയുമായിരുന്ന അദ്ദേഹം ബോധപൂര്‍വ്വം ഇന്ത്യന്‍ ജനതയ്ക്ക് പൊതു ലക്ഷ്യങ്ങള്‍ നിര്‍മ്മിച്ചു. നിലോക്കരിയില്‍ ഗ്രാമീണ വികസനം തുടങ്ങിയ എസ്.കെ.ഡേയെ നെഹ്റു നേരില്‍ കണ്ടു വിളിച്ചു സാമൂഹ്യവികസന മന്ത്രിയാക്കിയത് ആ സാഹചര്യത്തില്‍ ഒരു വലിയ ചുവടുവയ്പായിരുന്നു. ഇപ്പോള്‍ 75 കൊല്ലങ്ങള്‍ കഴിഞ്ഞു. 19 ലോകസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. ഒരു അടിയന്തരാവസ്ഥയെ മറികടന്നു. വളരെയധികം സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ജനപ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. ജനാധിപത്യം സാക്ഷാല്‍ക്കരിക്കാന്‍ ഇന്ത്യയ്ക്ക് എത്ര കണ്ടു സാധിച്ചു? പാരതന്ത്ര്യത്തില്‍നിന്ന് ഇന്ത്യന്‍ ജനത എത്രകണ്ടു മോചിതരായി?

എണ്ണമറ്റ ഇന്ത്യാക്കാര്‍ ഇന്നും പട്ടിണിയിലാണ്. 2021-ല്‍ ലോകരാജ്യങ്ങളില്‍ വിശപ്പിന്റെ സൂചികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. ഇത് അഭിമാനിക്കാവുന്ന സ്ഥാനമല്ല. പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിക്കാത്ത ജനാധിപത്യം ജനങ്ങളുടെ പേരില്‍ ചൂഷണം നടത്തുന്ന സമ്പ്രദായമാണ്. 2011-ല്‍ ലോകമെങ്ങും മുഴങ്ങിക്കേട്ട 'വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍' പ്രതിഷേധക്കാരുടെ മുദ്രാവാക്യം ''ഒരു ശതമാനം ആളുകളുടെ, ഒരു ശതമാനക്കാര്‍ക്കുവേണ്ടി ഒരു ശതമാനക്കാര്‍ നടത്തുന്ന സര്‍ക്കാര്‍'' എന്നതായിരുന്നു. 2001-ല്‍ ഇക്കണോമിക്‌സില്‍ നൊബേല്‍ സമ്മാനം നേടിയ ജോസഫ് സ്റ്റിഗ്ലിറ്റിക്‌സ് ചിട്ടപ്പെടുത്തിയ ഈ മുദ്രാവാക്യം ലോകത്തിലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ജനാധിപത്യ ലോകത്തിലെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ലോകത്തിന്റെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠ ഉള്ളവര്‍ ആഴത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയവുമാണ്.

ഈ പശ്ചാത്തലത്തിലാണ് ജനാധിപത്യത്തിന്റെ നാഡിമിടിപ്പു തൊട്ടറിഞ്ഞ നെഹ്റു സ്വാതന്ത്ര്യ മുഹൂര്‍ത്തത്തില്‍ ചെയ്ത പ്രതിജ്ഞയില്‍ ഏറ്റവും നിര്‍ണ്ണായകമായത്. അവസര സമത്വത്തിലെ അതുല്യത കുറച്ചുകൊണ്ടുവരിക എന്നതായിരുന്നുവെന്ന് നാം ഓര്‍ക്കുക. 75 വര്‍ഷങ്ങള്‍ക്കു ശേഷം നെഹ്റു മുന്നില്‍ കണ്ട ലക്ഷ്യങ്ങള്‍ പുനഃപരിശോധന ചെയ്യാനാണ് ഈ ലേഖനം ഉദ്ദേശിക്കുന്നത്. ഈ ബൃഹത്തായ വിഷയത്തിലെ രണ്ടു പ്രധാന ഘടകങ്ങളാണ് ഞാന്‍ ഈ ലേഖനത്തില്‍ പരിശോധിക്കുക: ഒന്ന്, ലിംഗനീതി; രണ്ട്, സാമ്പത്തിക അസമത്വം. ഇന്ത്യ ഇന്നു ലോക സാമ്പത്തിക ശക്തികളില്‍ അഞ്ചാമതാണ്. 2030-ല്‍ മൂന്നാം സ്ഥാനം നേടുമെന്നാണ് പ്രവചനം. സാമ്പത്തിക നിരക്കിന്റെ വര്‍ദ്ധനയില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. സാങ്കേതികവിദ്യ, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മാത്രമല്ല, സിനിമ, സാഹിത്യം, സംഗീതം, കമ്പോള സങ്കീര്‍ണ്ണതയെക്കുറിച്ചുള്ള പരിജ്ഞാനം തുടങ്ങിയ എല്ലാ ആധുനികരംഗത്തും ഇന്ത്യ മുന്‍പിലാണെന്ന് അംഗീകരിക്കുന്നിടത്തു നിന്നാണ് എന്റെ വിലയിരുത്തല്‍ തുടങ്ങുക.

എം.എ. ഉമ്മന്‍
എം.എ. ഉമ്മന്‍

ലിംഗസമത്വം 

സ്വാതന്ത്ര്യത്തിന്റെ ആദ്യരാവില്‍ ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഭാരതമാതാവിന് ഉറക്കെ 'ജയ്' വിളിച്ചത് ദേശസ്‌നേഹത്തിന്റെ ഉദാത്ത ഭാവമായിരുന്നു. ഇന്ത്യയ്ക്ക് ഏതെങ്കിലും ദിവ്യത്വം നല്‍കാനുള്ള മൗഢ്യം ആ ജയ് വിളികളില്‍ നിഴലിച്ചിരുന്നില്ല. എന്നാല്‍, അക്കാലത്ത് ഭാരതസ്ത്രീകള്‍ അനുഭവിച്ച പാരതന്ത്ര്യങ്ങളുടെ ആഴം അളക്കാനുള്ള വിവരമോ; വിവേകമോ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അന്നത്തെ ഭരണകൂടത്തിനും തീര്‍ച്ച. എന്നാല്‍, 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മാതൃമരണ നിരക്ക് ഇന്ത്യയിലെ 640 ജില്ലകളില്‍ 456-ലും 140-ല്‍ (ഒരു ലക്ഷം ജനനത്തിന്) അധികമാണ്. അസ്സാമില്‍ അത് 215 ആണ്. അതേസമയം കേരളത്തില്‍ 30 മാത്രം. തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ശരാശരി 59 ആണ്. രണ്ടു കാര്യങ്ങള്‍ ഇതില്‍നിന്നു വ്യക്തം ഒന്ന്, ഇന്ത്യയില്‍ ആരോഗ്യക്രമീകരണങ്ങളുടെ കാര്യത്തില്‍ ഭീമമായ അന്തരം നിലനില്‍ക്കുന്നു. രണ്ട്, ഒഴിവാക്കാനാകുന്ന അനേകം മരണം മൂലം ആയിരങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും നഷ്ടപ്പെട്ടു. ഈ ദുഃസ്ഥിതി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് സത്യം.

പുരുഷനും സ്ത്രീക്കും തുല്യമായി അവസരങ്ങളും വിഭവങ്ങളും ഒരുക്കുന്ന സാമൂഹിക ക്രമീകരണങ്ങളാണ് ഒരു നാടിന്റെ സംസ്‌കാര പുരോഗതിയുടെ അടിസ്ഥാന അളവുകോല്‍. അന്തര്‍ദ്ദേശീയ താരതമ്യമാണ് ഇവിടെ പ്രസക്തം. വേള്‍ഡ് ഇക്കണോമിക് ഫോറം 2006 മുതല്‍ പ്രസിദ്ധീകരിക്കുന്ന ഗ്ലോബല്‍ ജെന്റര്‍ ഗ്യാപ് റിപ്പോര്‍ട്ടാണ് ഞാന്‍ ഇതിനായി ഉപയോഗിക്കുന്നത്. അവര്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തില്‍ മാറ്റം വരുത്താത്തതുകൊണ്ട് സൂക്ഷ്മമായി നിഗമനങ്ങള്‍ താരതമ്യം ചെയ്യാം. സ്ത്രീപുരുഷ നേട്ടങ്ങളുടെ അന്തരം നാല് ഉപസൂചികകള്‍ ഉപയോഗിച്ചാണ് അളക്കുക. അതിലേയ്ക്ക് 14 ഘടകങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. മൊത്തം സൂചിക നാല് ഉപഘടകങ്ങളുടെ കൂട്ടാണ് (1) സാമ്പത്തിക പങ്കാളിത്തം (2) വിദ്യാഭ്യാസ നേട്ടം (3) ആരോഗ്യവും അതിജീവനവും (4) രാഷ്ട്രീയ ശാക്തീകരണം. 2006-ല്‍ ഇന്ത്യയുടെ മൊത്തം സൂചികയുടെ റാങ്ക് 98 ആയിരുന്നപ്പോള്‍ ശ്രീലങ്കയുടേത് 13 ആയിരുന്നു. ബംഗ്ലാദേശിന്റെ റാങ്ക് 91. 2022-ല്‍ ഇന്ത്യ 135-ഉം സ്ഥാനത്തേയ്ക്ക് പിന്‍തള്ളപ്പെട്ടു. ശ്രീലങ്കയും വളരെ പിന്നോട്ടു പോയി. എന്നാല്‍, ബംഗ്ലാദേശിന്റെ സ്ഥാനം 71 ആയി ഉയര്‍ന്നു. പാകിസ്താന്റെ സ്ഥാനം 143-ഉം അഫ്ഗാനിസ്ഥാന്റേത് 146-ഉം ആണെന്നു പറഞ്ഞു മേനി നടിക്കുക ലജ്ജാകരമാണ്. പ്രധാന ഉപഘടകങ്ങള്‍ പ്രത്യേകം എടുത്തു പരിശോധിച്ചാല്‍ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാണെന്നു കാണാം. ഉദാഹരണത്തിനു സാമ്പത്തിക പങ്കാളിത്തവും അവസരവും അളക്കുന്നത് തൊഴില്‍ സേനയിലെ പങ്കാളിത്തം, വേതന വ്യത്യാസം, സാമൂഹിക ശ്രേണിയിലെ സ്ഥാനക്കയറ്റം എന്നീ കാര്യങ്ങളിലെ അന്തരം അനുസരിച്ചാണ്. ഇതിന്‍ പ്രകാരം 2006-ല്‍ ഇന്ത്യയുടെ റാങ്ക് 110 ആയിരുന്നു. 15 കൊല്ലം കഴിഞ്ഞ് 2021-ല്‍ അത് 151 ആയി താഴ്ന്നു. അതിലും പിന്നാക്കം പോകുന്നതാണ് ആരോഗ്യകാര്യത്തിലെ അന്തരം. 2006-ല്‍ 103-ാമതു സ്ഥാനത്തുനിന്ന് 2021-ല്‍ 155-ാം സ്ഥാനമായി. ഇത് ഏതാണ്ട് എല്ലാ രാജ്യങ്ങളിലേക്കാളും കുറഞ്ഞ വേഗത്തിലാണ് ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ വളര്‍ന്നതെന്നു സൂചിപ്പിക്കുന്നു. ജീവശാസ്ത്രപരമായി നോക്കിയാല്‍ സ്ത്രീകള്‍ക്കാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുതല്‍. എന്നാല്‍, ഇന്ത്യയില്‍ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരം പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ക്കുള്ള അനുപാതം കേരളത്തില്‍ മാത്രമാണ് ആയിരത്തിലധികം. ഓര്‍ക്കുക, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം ഉയരുകയാണ്. 1990-ല്‍ ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരമുള്ള സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ മൊത്തം പീനല്‍കോഡ് അതിക്രമങ്ങളുടെ 4.3 ശതമാനം ആയിരുന്നത് 2019-ല്‍ 12.57 ശതമാനമായി വര്‍ദ്ധിച്ചുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. 73/74 ഭരണഘടന ഭേദഗതികള്‍ പ്രകാരം പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ സീറ്റുകളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്ന 20 സംസ്ഥാനങ്ങളും ബാക്കിയുള്ളവയില്‍ മൂന്നിലൊന്നും സംവരണവുമുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ ഇതിനൊക്കെ എന്തു പ്രസക്തിയെന്നു പറയുവാന്‍ തോന്നും. നിയമങ്ങളും അവ നടപ്പാക്കലും തമ്മില്‍ അകലം അതിഭീമമാണ്.

അവസരസമത്വം എങ്ങോട്ട്? 

ലിംഗം, ജാതി, വര്‍ഗ്ഗം തുടങ്ങിയ കാര്യങ്ങളില്‍ നിലനില്‍ക്കുന്ന വന്‍ സ്ത്രീപുരുഷ അന്തരം ഗൗരവതരമായ ഇടപെടലുകളില്ലെങ്കില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും. ഭരണഘടന ഉറപ്പു നല്‍കുന്ന ജോലിയിലെ സംവരണം ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്കു വളരെ പ്രയോജന പ്രദമായിരുന്നുവെങ്കിലും അത് അവസരസമത്വത്തിന്റെ അരിക് തൊടുന്നതിനുപോലും സഹായകരമായിരുന്നില്ല. ചരിത്രപരമായി നോക്കുമ്പോള്‍ ഇക്കൂട്ടരും ഇതര സാമൂഹിക വിഭാഗങ്ങളും തമ്മിലുള്ള അന്തരത്തിന്റെ ഗതിവേഗം മാറ്റുക അത്ര എളുപ്പമല്ല. 'കൃഷിഭൂമി, കൃഷിചെയ്യുന്നവന്' എന്ന മുദ്രാവാക്യത്തിലാണ് സ്വാതന്ത്ര്യസമരം തുടങ്ങിയതെങ്കിലും ഇന്ത്യയിലെ നീണ്ട ഭൂപരിഷ്‌കരണങ്ങള്‍ പരമ്പാരാഗത കാര്‍ഷിക തൊഴിലാളികള്‍ക്ക് വലുതായി പ്രയോജനപ്പെട്ടില്ല. കേരളത്തില്‍പോലും ഭൂമി കൈവശത്തിനു പരിധി നിശ്ചയിച്ചു മിച്ചഭൂമി വിതരണം ചെയ്യാനുള്ള പരിപാടി വിജയിച്ചില്ല. നിയമം സാധാരണക്കാരുടെ പക്ഷത്തായിരുന്നില്ല. ഭൂമി കൈവശാവകാശ വ്യവസ്ഥ ജാതിവ്യവസ്ഥയുമായി കെട്ടുപിണഞ്ഞതായിരുന്നു. തോമസ് പിക്കറ്റിയുടെ 2022-ലെ, എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഇക്വാളിറ്റി എന്ന പുസ്തകത്തില്‍ ''ഇന്ത്യയും അതിന്റെ ജാതിവ്യവസ്ഥയും നിതാന്തമായ അസമത്വത്തില്‍ നിലനില്‍ക്കുന്നുവെന്നു'' രേഖപ്പെടുത്തിയത് ഞാന്‍ ഓര്‍ത്തുപോകുകയാണ്.

പിക്കറ്റിയും ലൂക്കാസ് ചാന്‍സലും അസമത്വത്തിന്റെ ലോകത്തിലെ ഏറ്റവും ആധികാരികതയുള്ള പണ്ഡിതരാണ്. അവര്‍ 2019 നവംബറില്‍ 'റവ്യൂ ഓഫ് ഇന്‍കം ആന്റ് വെല്‍ത്ത്' എന്ന പ്രസിദ്ധീകരണത്തില്‍ ബ്രിട്ടീഷ് രാജില്‍നിന്നും ശതകോടിശ്വരന്മാരുടെ രാജിലേയ്ക്കുള്ള ഇന്ത്യയുടെ പ്രയാണം ചിത്രീകരിക്കുന്ന കണക്കുകളില്‍നിന്നു ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുക പ്രസക്തമാണ്. 1930-കളുടെ അവസാന പാദത്തില്‍ ഒരു ശതമാനം ആദായമുള്ള മേല്‍ത്തട്ടുകാര്‍ മൊത്തം വരുമാനത്തിന്റെ 21 ശതമാനം കൈവശപ്പെടുത്തിയെങ്കിലും 1980-കളുടെ തുടക്കത്തില്‍ അത് ആറ് ശതമാനമായി കുറഞ്ഞു. കര്‍ശനമായി നടപ്പാക്കിയ നികുതി സമ്പ്രദായവും ധനകാര്യ നയങ്ങളുമായിരുന്നു അതിനു കാരണം. എന്നാല്‍, ഇന്ന് ആ ഒരു ശതമാനക്കാര്‍ക്ക് 22 ശതമാനത്തില്‍ അധികം വരുമാനമുണ്ട്. ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനത്തിനു 14 ശതമാനത്തില്‍ കുറവാണ് വരുമാനം. ഈ സ്ഥിതി ഏതാണ്ട് അനിവാര്യമായിരുന്നു. ലൂക്കാസും പിക്കറ്റിയും പറയുന്ന ഒരു കണക്ക് നോക്കുക. 1980-2015 കാലയളവില്‍ ഏറ്റവും താഴെത്തട്ടില്‍ വരുന്ന 50 ശതമാനക്കാരുടെ വരുമാനം 90 ശതമാനം ഉയര്‍ന്നപ്പോള്‍, മുകള്‍ത്തട്ടിലെ 10 ശതമാനക്കാരുടെ വരുമാനം 435 ശതമാനം വര്‍ദ്ധിച്ചു. ഇക്കാര്യങ്ങള്‍ ഏറെക്കുറെ അടിവരയിടുന്നതാണ് ഓക്‌സ് ഫാമിന്റെ കണക്കുകളും. 2020-ല്‍ ഇന്ത്യയിലെ ശതകോടിശ്വരന്മാരുടെ കണക്ക് 102 ആയിരുന്നത് 2021-ല്‍ 142 ആയി ഉയര്‍ന്നുവെന്നു മാത്രമല്ല, 50 ശതമാനം വരുന്ന താഴെത്തട്ടുകാരുടെ ദേശീയസ്വത്തിലെ വിഹിതം ആറ് ശതമാനമായി കുറയുകയും ചെയ്തു. 2020-2021 വര്‍ഷങ്ങള്‍ കൊവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യമായിരുന്നുവെന്നോര്‍ക്കുമ്പോള്‍ സ്ഥിതിഗതികള്‍ വളരെ ഗുരുതരമെന്ന് വ്യക്തമാണ്.

1980-നേക്കാള്‍ 1991-നുശേഷമുള്ള ഉദാരീകരണ കാലഘട്ടത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ചില വര്‍ഷങ്ങളില്‍ ചൈനയെപ്പോലും വെല്ലുന്നതായിരുന്നു. എന്നാല്‍, ഇന്ത്യ അത് പൊതുക്ഷേമത്തിനും വികസനത്തിനുമുള്ള അവസരമാക്കിയില്ല. വിദ്യാഭ്യാസം, പ്രത്യേകിച്ച് അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങി സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യം വിപുലമാക്കുന്നതിനും സാമൂഹിക അവസരങ്ങള്‍ വേണ്ടവിധം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ട പൊതു ചെലവുകളും മുതല്‍മുടക്കുകളും ഉണ്ടായിട്ടില്ല. സോഷ്യലിസ്റ്റു മാതൃകയിലുള്ള സമൂഹം സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇന്ത്യ ഇന്ന് ഒരു ദുര്‍ബ്ബല സാമൂഹിക ജനാധിപത്യം പോലുമാകാന്‍ കൂട്ടാക്കുന്നില്ല. (കേരളത്തിലെ വികസനവിധാക്കള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് സോഷ്യല്‍ ഡെമോക്രസി).

ഇന്ത്യന്‍ ജനാധിപത്യം ആര്‍ക്കുവേണ്ടി? 

ഇന്ത്യന്‍ ജനാധിപത്യം അതിവേഗം ഒരു വരേണ്യവര്‍ഗ്ഗ ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. പണക്കാരും അവരടങ്ങുന്ന മേല്‍ജാതിക്കാരുമാണ് സമ്പദ്ഘടനയുടേയും രാഷ്ട്രീയത്തിന്റേയും ഉത്തോലകം കയ്യാളുക. അടുത്തകാലത്ത് ശങ്കര്‍ അയ്യര്‍ (2020) എഴുതിയ ഒരു പുസ്തകത്തിന്റെ തലക്കെട്ട് 'ഗെയിറ്റിട്ട റിപ്പബ്ലിക്' എന്നാണ്. പ്രത്യേക സൗകര്യങ്ങളുള്ള സമ്പന്ന വിഭാഗങ്ങള്‍ക്ക് നല്ല കുടിവെള്ളം, മുടക്കമില്ലാത്ത വൈദ്യുതി, മെച്ചപ്പെട്ട ആരോഗ്യസുരക്ഷ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ക്രമസമാധാനം തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ആവശ്യപ്പെടേണ്ട കാര്യമില്ല. അവര്‍ക്കു നല്ല കുപ്പിവെള്ളം, ജലസംഭരണി, ജലശുദ്ധീകരണ ക്രമീകരണങ്ങള്‍, ഇന്‍വെര്‍ട്ടര്‍, സ്വകാര്യ ആരോഗ്യ സൗകര്യങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ ലഭ്യത, സ്വകാര്യ ക്രമസമാധാന ഏര്‍പ്പാടുകള്‍ ഒക്കെ സ്വായത്തമാക്കി ഗെയിറ്റടച്ച് ജീവിക്കാം. ഇത് അല്ല ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഭരണം. ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഒരുപാടു മരണങ്ങള്‍ തീര്‍ത്തും ഒഴിവാക്കാവുന്നതാണ്, ശുദ്ധജലവും മെച്ചപ്പെട്ട ശുചീകരണ ക്രമീകരണങ്ങള്‍ കൊണ്ടുമാത്രം ആണ്ടുതോറും നടക്കുന്ന ലക്ഷക്കണക്കിനു മരണങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. പക്ഷേ, അക്കാര്യം വെറും സാധാരണക്കാരുടെ ആവശ്യം മാത്രമാകുമ്പോള്‍ രാഷ്ട്രത്തിന്റെ അജന്‍ഡയില്‍ അവഗണിക്കപ്പെടുന്നു.

പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെടാനുള്ള സംഘടിതശക്തി സാധാരണ പൗരന്മാര്‍ക്കില്ല. അവരെ പൊതുവെ ഒരുവക ശല്യങ്ങളായിട്ടാണ് എണ്ണപ്പെടുക. പാര്‍ട്ടികള്‍ക്ക് ഫണ്ടു സംഭാവന നല്‍കുന്ന വന്‍കിടക്കാരാണ് തീരുമാനങ്ങള്‍ എടുക്കുക. ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുന്നതുപോലും അവരുടെ താല്പര്യമനുസരിച്ചാണ്. പേരു പരസ്യമാക്കാതെ കള്ളപ്പണം വെള്ളപ്പണം വെളുപ്പിക്കാനുള്ള ഇലക്ട്രറല്‍ ബോണ്ടുകള്‍  ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെങ്കിലും എതിര്‍ക്കുന്നവര്‍ വിഡ്ഢികള്‍ ആകും. പേരു വെളിപ്പെടുത്താതെ പാര്‍ട്ടികള്‍ക്ക് പണം നല്‍കുമ്പോള്‍ കൈക്കൂലികള്‍ നീതിമത്ക്കരിക്കപ്പെടുന്നു. സുതാര്യത എന്ന ജനാധിപത്യ മൂല്യം അനായാസം മറികടക്കപ്പെടുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ജനങ്ങളോടു ഉത്തരവാദിത്വമില്ല. പണമുണ്ടെങ്കില്‍ ഏത് തെരഞ്ഞെടുപ്പും നേടാം. ജനവിധി മാറ്റി രാഷ്ട്രീയ കുതിരക്കച്ചവടം സാധ്യമാകുമ്പോള്‍ ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നയിക്കുന്ന ഭരണകൂടം എങ്ങനെ സ്ഥാപിക്കാനാകും?

അതുപോലെതന്നെ പ്രസക്തമാണ് ഇന്ത്യയിലെ തീരാവ്യാധിപോലെ തുടരുന്ന ദാരിദ്ര്യം. ചൊവ്വാ ദൗത്യവും ചന്ദ്രയാന്‍ ദൗത്യവും വിജയിപ്പിക്കാന്‍ കെല്പുണ്ടെങ്കിലും ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കൃതരുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? വിട്ടുമാറാതെ നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരമില്ല. ഭരണചക്രം തിരിക്കുന്നവരുടെ മുന്‍ഗണന അതല്ലെന്നു വ്യക്തം. സാമ്പത്തിക വളര്‍ച്ച ഉണ്ടായാല്‍ ഉച്ചനീചത്വങ്ങള്‍ മാറുമെന്നും പട്ടിണി ഇല്ലാതാകുമെന്ന ഉദാരവല്‍ക്കരണ സിദ്ധാന്തത്തില്‍ ഇപ്പോഴത്തെ ഭരണകൂടം അടിയുറച്ചു വിശ്വസിക്കുന്നുവെന്ന് 2021-ലെ ഇക്കണോമിക് സര്‍വ്വേ അദ്ധ്യായം നാലില്‍ അടിവരയിട്ടു അംഗീകരിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ലക്ഷ്യമേത് മാര്‍ഗ്ഗമേത് എന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെടുന്നു ഈ ചരിത്രവേളയില്‍ സമ്പദ്വര്‍ദ്ധന എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി?

വാസ്തവം പറഞ്ഞാല്‍ ദാരിദ്ര്യ നിര്‍മ്മാണ പദ്ധതികള്‍ക്ക് ഇവിടെ ക്ഷാമം ഒന്നുമില്ല. ഒരു കാലത്ത് പ്ലാനിംഗ് കമ്മിഷനും മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞരും ദാരിദ്ര്യരേഖ നിര്‍ണ്ണയിക്കാന്‍ ഒരുപാടു പണവും ബൗദ്ധിക ഊര്‍ജ്ജവും ചെലവാക്കിയത് ആരും മറന്നിട്ടില്ല. പക്ഷേ, കൊടും പട്ടിണിപോലും വേണ്ടവണ്ണം കുറഞ്ഞിട്ടില്ല. ഏതായാലും ഉദ്യോഗസ്ഥ വര്‍ഗ്ഗത്തിന്റെ കറവപ്പശുവായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ തുടരുന്നുണ്ട്. അതാണ് പബ്ലിക്ക് റിലേഷന്‍സുകാര്‍ ചെണ്ടകൊട്ടി പാടുന്ന മുഖ്യ ഇനം.

ഇന്ത്യന്‍ ജനാധിപത്യമല്ല ഈ ലേഖനത്തിന്റെ പ്രമേയമെങ്കിലും ഈ പ്രകൃതത്തില്‍ തദ്ദേശീയ ജനാധിപത്യം പ്രസക്തമാണ്. താഴെത്തട്ടിലെ നീതിയാണ് 73/74 ഭരണഘടനാ ഭേദഗതികളുടെ സ്ഥായിയായ ലക്ഷ്യം. സാമ്പത്തിക വികസനവും സാമൂഹിക നീതിയും പ്രാദേശികാസൂത്രണവും നടപ്പാക്കുക എന്നതായിരുന്നു ഈ ഭേദഗതികളുടെ മുഖ്യ ദൗത്യം. എങ്ങും ഈ ലക്ഷ്യം എത്തിയിട്ടില്ല. താരതമ്യേന മുന്‍പന്തിയിലാണ് കേരളമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും അഴിമതിയും ഉന്നതതല രാഷ്ട്രീയ നിയന്ത്രണങ്ങളും തദ്ദേശീയ ജനാധിപത്യമൂല്യം ഇടിച്ചുകളയുന്നുവെന്നതാണ് വസ്തുത.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടു 75 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അവസരസമത്വം, പ്രത്യേകിച്ചു ചൂഷണത്തിലും പാരതന്ത്ര്യത്തിലും കഴിഞ്ഞവര്‍ക്ക് ഉറപ്പാക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ലക്ഷ്യവും അളവുകോലുമെന്ന് ഉറക്കെ ലോകത്തോടും ഇന്ത്യക്കാരോടും പറഞ്ഞ നെഹ്റു തീര്‍ച്ചയായും ക്രാന്തദര്‍ശിയായ മനുഷ്യസ്‌നേഹിയായിരുന്നു. ഈ ചരിത്ര സന്ദര്‍ഭത്തില്‍ നാം ഈ മാനദണ്ഡം വെച്ചു ഭൂതകാലവും തീര്‍ച്ചയായും ഭാവിയും അളക്കേണ്ടിയിരിക്കുന്നു. എന്തായാലും ഇക്കാര്യത്തില്‍ ഇന്ത്യ പരാജയമായിരുന്നുവെന്നു പറയാന്‍ എനിക്കു മടിയില്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com