'ഈയൊരു കാലം നമ്മളെ വല്ലാതെ ഡിസ്റ്റര്‍ബ് ചെയ്യുന്നുണ്ട്; വര്‍ക്കുകളില്‍ അതിന്റെ പ്രതിഫലനം സ്വാഭാവികമാണ്'

ഞാന്‍ ഒരു സമയത്ത് സിനിമ കുറച്ച് സീരിയസായി റെഗുലറായിട്ട് കണ്ടിരുന്നു. ഒരു സമയത്ത് ചലച്ചിത്രത്തിലേക്ക് ഇറങ്ങണമെന്ന് തന്നെയുണ്ടായിരുന്നു. സിനിമ എന്റെ വര്‍ക്കിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്
'ഈയൊരു കാലം നമ്മളെ വല്ലാതെ ഡിസ്റ്റര്‍ബ് ചെയ്യുന്നുണ്ട്; വര്‍ക്കുകളില്‍ അതിന്റെ പ്രതിഫലനം സ്വാഭാവികമാണ്'

റെജിയുടെ ആര്‍ട്ട് പ്രാക്ടീസിന്റെ ബാല്യ കൗമാര ദശകള്‍ ഒന്ന് വിലയിരുത്താമോ?

തമാശയെന്ന് പറഞ്ഞാല്‍, എന്നെ തൃപ്പൂണിത്തുറയില്‍പോലും പഠിപ്പിക്കാന്‍ വിടാന്‍ എന്റെ രക്ഷിതാക്കള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. അതിനു പറഞ്ഞ കാരണമെന്താന്നു വച്ചാല്‍, എനിക്ക് ബസില്‍ കയറിപ്പോവാന്‍ പറ്റില്ല, എന്നാല്‍ തിരുവനന്തപുരത്ത് പോവാന്ന് പറഞ്ഞപ്പോള്‍, നിനക്ക് ഹോസ്റ്റലില്‍ താമസിക്കാന്‍ പറ്റില്ല ഇങ്ങനെയൊക്കയാണ്. പ്രീഡിഗ്രി രണ്ട് തവണ തോറ്റ കാരണമൊന്നുകൊണ്ടുമാത്രം അവസാനം കല പഠിപ്പിക്കാമെന്ന് കരുതി ഇടപ്പള്ളിയില്‍ വിട്ടതാണ്. പക്ഷേ, അപ്പോഴും അവര്‍ക്കതത്ര ദഹിച്ചിരുന്നില്ല. ഇടപ്പള്ളിയില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ അച്ഛനുണ്ടായ സന്തോഷം, ഫീസ് കൊടുക്കണ്ട എന്നുള്ളതാണ്; വണ്ടിക്കാശ് മതി, അന്ന് കണ്‍സഷനാണ്. കാലത്ത് എട്ടരയ്ക്ക് പോണം, നമുക്ക് ചായക്കടയായിരുന്നു. കാലത്ത് കടയിലെ പണിയൊക്കെ കഴിഞ്ഞിട്ടു വേണം പോകാന്‍. നാലര അഞ്ച് മണിയാവുമ്പോള്‍ എഴുന്നേറ്റ് തേങ്ങ ചിരണ്ടലും ഉരുളക്കിഴങ്ങിന്റെ തൊലികളയലുമെല്ലാം കഴിഞ്ഞിട്ടാണ് പോക്ക്. എട്ടരയാവുമ്പോള്‍ പാഞ്ഞാലേ പത്ത് മണിയാവുമ്പോള്‍ അവിടെ എത്തുകയുള്ളൂ. അന്ന് അരൂര്‍മുക്കത്തിറങ്ങി ഇടക്കൊച്ചി വരെ നടന്ന് ഇടക്കൊച്ചിയില്‍നിന്ന് വേറെ വണ്ടി കേറി വേണം പോവാനായിട്ട്. തിരിച്ചു വരുമ്പോള്‍ പ്രശ്‌നമാണ്, ക്ലാസ്സ് തീരുമ്പോള്‍ തന്നെ ഓടി വരണം. നേരെ കടയിലേക്ക്. റേഷന്‍കടയില്‍ പോവുന്നു, സാധനം മേടിക്കുന്നു, വിറക് മേടിക്കുന്നു, പാത്രം കഴുകുന്നു, ഇതൊക്കെ കഴിയുമ്പോഴേക്കും ആകെ തളരും, ഒന്‍പതര പത്ത് മണിയാവുമ്പോഴേക്കും നമ്മള്‍ വീണ്‌പോവും. അന്ന് ടീച്ചര്‍മാര്‍, പ്രത്യേകിച്ച് പ്രഭാകരന്‍, എപ്പോഴും പത്ത് ഡ്രോയിങ് കൊണ്ട് വരാന്‍ പറയും. എനിക്കാണെങ്കില്‍ പത്ത് ഡ്രോയിങ്ങ് പോയിട്ട് ഒരു ഡ്രോയിങ്ങ് പോലും ഉണ്ടാക്കാനുള്ള സമയമില്ല. ക്ലാസ്സിലുള്ള വര മാത്രമേ എന്നെക്കൊണ്ട് നടക്കുകയുള്ളൂ. ക്ലാസ്സിലേക്ക് പോവുന്നതിനു മുന്‍പായിട്ട് തൊഴുത്തില്‍ പശുവുണ്ടാവും, പശുവിനെയാണ് മിക്കവാറും വരച്ചുകൊണ്ട് ചെല്ലുന്നത്. ഒരു പ്രാവശ്യം എന്നോട് ചോദിച്ചു: 'നീയെന്താ തൊഴുത്തിലാണോ കെടക്കണത്?' അവസാനം പശു മൂത്രമൊഴിക്കണതും, ചാണകമിടുന്നതുമൊക്കെ വരയ്ക്കാന്‍ തുടങ്ങി. അപ്പോ എന്നോട് പറഞ്ഞു: 'ടൈം നീ ഉണ്ടാക്കണം, അത് നീ എങ്ങനെ മാനേജ് ചെയ്യും എന്നതുപോലിരിക്കും. കുറച്ച് ലേറ്റായി പോയി നോക്ക്. അഡ്ജസ്റ്റ് ആയിക്കോളും.' അങ്ങനെ ഒരു മണിക്കൂര്‍ ലേറ്റായി, രണ്ട് മണിക്കൂര്‍ ലേറ്റാക്കി, അപ്പോഴേക്കും ഇവിടെ ആകെ പ്രശ്‌നമാണ്, റേഷന്‍ കട അടച്ച് പോവും. മണ്ണെണ്ണയെല്ലാം അന്ന് റേഷന്‍ കടയില്‍നിന്ന് ബ്ലാക്കിനാണല്ലോ സംഘടിപ്പിക്കുന്നത്. അന്ന് പിന്നെ ഫോണില്ലാത്തതിന്റെ ഗുണമെന്ന് പറഞ്ഞാല്‍ വീട്ടുകാര്‍ക്ക് നമ്മളോട് നേരിട്ട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റില്ല. അടുത്ത വീട്ടില്‍ വിളിച്ച് പറയും, ഞാനിന്ന് എട്ട് മണിയാവുമ്പഴേ വരുവൊള്ളൂ, അപ്പോ ഇങ്ങോട്ട് തിരിച്ച് പറയാന്‍ പറ്റില്ല. ആദ്യം അച്ഛനൊക്കെ മുറുമുറുപ്പ് ഉണ്ടായിരുന്നു. പിന്നെ എട്ട് മണിയെന്നത് പത്തായി, പന്ത്രണ്ടായി, ഒരു മണിയായി, രണ്ട് മണിയായി, അതുവരെയും സ്‌കെച്ച് ഒക്കെ ചെയ്തിട്ട് രാത്രിയില്‍ കേറിപ്പോവാന്‍ തുടങ്ങി. അവസാനം അവര്‍ക്ക് പേടിയാവാന്‍ തുടങ്ങി, അമ്മ പറഞ്ഞു പുറത്ത് താമസിച്ചോളാന്‍. അത് മനപ്പൂര്‍വ്വം ചെയ്ത പരിപാടിയായിരുന്നു. അതിനുശേഷം ഡെയ്‌ലി സ്‌കെച്ച് ചെയ്യാന്‍ തുടങ്ങി. വര്‍ക്കിനകത്ത് കോണ്‍സന്‍ട്രേറ്റ് ചെയ്യാന്‍ കുറേ സമയം കിട്ടി. അക്കാലത്തെ വര്‍ക്കുകളുമായാണ് ബറോഡയില്‍ ചെല്ലുന്നത്.

എം.എസ്. യൂണിവേഴ്‌സിറ്റി കാലത്ത് ആദ്യമൊക്കെ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഔട്ട്‌ഡോര്‍ സ്റ്റഡീസിലും ലൈഫ് സ്റ്റഡീസിലുമൊക്കെ മാത്രമായി എന്റെ വര്‍ക്കുകള്‍ ഒതുങ്ങി, കുറേ പോര്‍ട്രെയിറ്റുകള്‍ ആ സമയത്ത് ചെയ്തു. പിന്നീട് നറേറ്റീവ് ലൈനിലുള്ള ലാംഗ്വേജിലേക്കൊക്കെ വരുന്നത് തന്നെ ഒരുതരം ഡിപ്പെന്‍ഡന്‍സിയില്‍ നിന്നാണ്. ആ സമയത്താണ് Merchant of four seasons ഞാന്‍ ചെയ്യുന്നത്, അതില്‍ വരുന്ന സ്ട്രീറ്റ് പെഡ് ലേഴ്‌സിനെയൊക്കെ ഞാന്‍ സ്ഥിരമായി സ്റ്റഡി ഡ്രോയിങ്ങുകള്‍ ചെയ്യുന്നതാണ്, ഈ സമയം തന്നെയാണ് ഫാസ്ബിന്ദറുടെ 'മര്‍ച്ചന്റ് ഓഫ് ഫോര്‍ സീസണ്‍' എന്ന സിനിമ കാണുന്നത്. അപ്പോള്‍ അതെങ്ങനെ പെയിന്റിങ്ങാക്കാം, വിഷ്വലി അതെങ്ങനെ കൊണ്ടുവരാം എന്ന ചിന്തയുണ്ടായി. അങ്ങനെ സിനിമ എന്നെ കുറേ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, വിഷ്വല്‍ പ്ലേസ്‌മെന്റിലൊക്കെ.

ഞാന്‍ ഒരു സമയത്ത് സിനിമ കുറച്ച് സീരിയസായി റെഗുലറായിട്ട് കണ്ടിരുന്നു. ഒരു സമയത്ത് ചലച്ചിത്രത്തിലേക്ക് ഇറങ്ങണമെന്ന് തന്നെയുണ്ടായിരുന്നു. സിനിമ എന്റെ വര്‍ക്കിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സിനിമയില്‍നിന്നും എന്റെ ഒരു ലാംഗ്വേജായി ഞാനെടുത്തിരിക്കുന്ന കക്ഷി ചാപ്ലിനാണ്, അതുപോലെതന്നെയാണ് സഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറും. ഇവര്‍ക്കിടയില്‍ എന്തോ ഒരു കണക്ഷന്‍ എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ലൗവ് പെയിന്റിങ്ങ് സീരീസൊക്കെ ചെയ്യുമ്പോള്‍ മനസ്സില്‍ അത്തരം കണക്ഷനാണ് വര്‍ക്ക് ചെയ്തിരുന്നത്. സിംപിളായിട്ടുള്ള ഒരു ട്രാമ്പിന്റെ ലൗ സ്‌റ്റോറിക്ക് നമ്മുടെ മനസ്സില്‍ പ്രണയമുണ്ടാക്കാന്‍ പറ്റുമെന്നുള്ളത്, വല്ലാത്ത ഒരു കഴിവാണ്, ബഷീറിലും  ആ ഒരു കഴിവ് കാണാന്‍ പറ്റും. ദാരിദ്ര്യത്തിന്റെ സമയത്തുള്ള പ്രേമവും ക്ലാസ്സും കാസ്റ്റുമൊക്കെ നിരായുധമാകുന്ന പ്രണയം. ആ രീതിയിലാണ് ഞാന്‍ ലൗവ് പെയിന്റിങ്ങ് സീരീസ് തുടങ്ങുന്നത്.

പിന്നെയുള്ള സ്വാധീനം എന്നു പറഞ്ഞാല്‍ പ്രീ റിനൈസന്‍സ് കാലത്തെ കുറേ ആര്‍ട്ടിസ്റ്റുകളാണ് ജിയോട്ടോ, പിയേറ ഡെല്ലാ ഫ്രാന്‍സിസ്‌ക്കാ തുടങ്ങിയവര്‍. അതേസമയം തന്നെ ലേറ്റര്‍ പിരീഡിലെ ബെന്‍ഷാനൊക്കെ എന്നെ ഇന്‍സ്പയര്‍ ചെയ്തു. ഒരുപക്ഷേ, ആ സമയത്ത് ഞാനും വര്‍ക്കിങ്ങ് ക്ലാസ്സ് സ്റ്റഡീസൊക്കെ ചെയ്തിരുന്നതുകൊണ്ടാകാം ബെന്‍ ഷാന്റെ Miner's wives ഒക്കെ എന്നെ സ്വാധീനിച്ചു. അതില്‍നിന്നും ചില അംശങ്ങളൊക്കെ ഞാന്‍ എടുത്തിട്ടുണ്ട്, പ്രത്യേകിച്ച് ബ്രിക്‌സ് വരയ്ക്കുന്നതൊക്കെ. ആ സമയത്തുള്ള ബറോഡ ആര്‍ക്കിടെക്ടുമായിട്ടും അതിന് വളരെയധികം സമാനത തോന്നിയിരുന്നു, അത്തരം ബ്രിക്‌സൊക്കെ അന്ന് അവിടെയും ഉണ്ടായിരുന്നു. അങ്ങനെയുള്ള ചില കടമെടുക്കലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും എനിക്കു തോന്നിയത് പിയേറ ഡെല്ലാ ഫ്രാന്‍സിസ്‌ക്കാ, ജിയോട്ടോ, പിന്നെ ഭൂപന്‍ ഖക്കര്‍, സുധീര്‍ പട്വര്‍ദ്ധന്‍ ഇവരൊക്കെയാണ് സ്വാധീനം. അക്കാലത്തെ എന്റെ വര്‍ക്കുകള്‍ നോക്കിയാലറിയാം, സബ്ജക്ട് വൈസ് നോക്കിയാല്‍, cycleshop fellow പോലുള്ള അക്കാല വര്‍ക്കുകളില്‍ അവരുടെ ലാംഗ്വേജിനെ അങ്ങനെത്തനെ എടുക്കുന്നില്ലെങ്കിലും  കൈകാര്യം ചെയ്ത സബ്ജക്ട് ഏരിയ ഇതൊക്കെത്തന്നെയായിരുന്നു.

കെപി റെജി
കെപി റെജി

ഭൂപന്‍ ഖക്കര്‍ നമുക്ക് തന്ന ധൈര്യം എന്നു പറഞ്ഞാല്‍, ഒരു വാച്ച് റിപ്പെയര്‍ ആകട്ടെ, ചായക്കടക്കാരനാകട്ടെ, ആരെ വരച്ചാലും പെയിന്റിങ്ങ് ആക്കാം എന്നുള്ള ധൈര്യമാണ്. അതുപോലെതന്നെ സുധീര്‍ പട്വര്‍ദ്ധന്റെ കളറൊക്കെ, ആ സമയത്ത് ഞാന്‍ ആ കളറാണ് ശ്രദ്ധിച്ചിരുന്നത്. ഒരു നോര്‍മല്‍, നാച്ചുറല്‍, ഡള്‍ ആയ നഗരത്തിന്റെ കളര്‍, എനിക്ക് ആ സമയത്ത് അങ്ങനെയാണ് തോന്നിയിരിക്കുന്നത്. ഇപ്പോ അക്കാര്യങ്ങളെ വേറെ വഴിക്കാണ് നമ്മള്‍ കാണുന്നതെങ്കിലും ആ സമയത്ത് സുധീര്‍ പട്വര്‍ദ്ധന്‍ ഉപയോഗിക്കുന്ന കളര്‍ സംബന്ധിച്ച് എനിക്ക് ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. സാധാരണ ഉപയോഗിച്ചുപോരുന്ന െ്രെബറ്റ് യെല്ലോയുടേയും ചുവപ്പിന്റേയുമൊക്കെ സ്ഥാനത്ത് കാറ്റും വെയിലും മഴയുമൊക്കെ കൊണ്ടിരിക്കുന്ന മനുഷ്യന്റെ വസ്ത്രത്തിലും ഭിത്തിയിലും ശരീരത്തിലുമൊക്കെ പഴമയുടെ നിറം കൊണ്ടുവരുമായിരുന്നു. പട്വര്‍ദ്ധന്റെ വര്‍ക്കുകളില്‍ വര്‍ക്കിങ്ങ് ക്ലാസ്സ് ഇമേജുകളും എന്നെ ഇംപ്രസ് ചെയ്തു; അക്കാലം അത്തരം ജീവിതപരിസരങ്ങളായിരുന്നു എന്റെയും വിഷയം. 

അക്കാലത്തെ വര്‍ക്കുകളുടെ നറേറ്റീവ് ലാംഗ്വേജില്‍ ഹ്യൂമന്‍ ഫിഗറുകള്‍ വളരെ പ്രധാനമായിരുന്നല്ലോ?

ഫിഗര്‍ എന്നു പറഞ്ഞാല്‍, അതെനിക്ക് എന്നോടു തന്നെയുള്ള ഒരു ചലഞ്ചായിരുന്നു. എനിക്ക് വലിയ ക്രാഫ്റ്റ് ഇല്ലാത്തതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും വരച്ചെടുക്കുക എന്നായിരുന്നു രീതി. ഒരു ക്യാരക്ടര്‍ മനസ്സില്‍ വന്നാല്‍ ഇങ്ങനെയൊരു ഫിഗറാണ് ഇതിനാവശ്യം എന്ന് ആലോചിച്ച് തീരുമാനിക്കും, അത് വരച്ചെടുക്കാന്‍ അദ്ധ്വാനിക്കും. Merchant of four seasons-ലെ ഹ്യൂമന്‍ ഫിഗറുകള്‍ക്കൊന്നും ഐഡന്റിറ്റി എന്ന സാധനമില്ലായിരുന്നു, ആരും ആകാം, കണസെപ്ച്ച്വലി നമുക്കതിനെ മനുഷ്യന്റെ തന്നെ അവസ്ഥയായി വായിക്കാം. പിന്നെയാണ് ഫിഗറുകള്‍ക്ക് ഐഡന്റിറ്റി ഉണ്ടാക്കിത്തന്നെ എടുക്കണമെന്ന തോന്നലുണ്ടാകുന്നത്, അതായിരുന്നു സ്ട്രഗിള്‍. ഞാന്‍ അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയാവുന്നിടത്തോളം മാച്ചും തുടച്ചും വരച്ചുമാണ് പലതും ഉണ്ടാക്കിയിരിക്കുന്നത്, അത് പെയിന്റിങ്ങ് നോക്കിയാല്‍ തന്നെ അറിയാം. അല്ലാതെ എനിക്ക് ക്രാഫ്റ്റ് എന്ന സാധനമില്ല,  അതെനിക്കറിയാം. ഇതിന് ഇങ്ങനത്തെ ലാംഗ്വേജും ഫിഗറുമാണ് ആവശ്യം എന്ന് തീരുമാനിച്ച് അതിനുവേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ട്. നല്ല ക്രാഫ്റ്റുള്ളവരാണെങ്കില്‍ രണ്ടു ദിവസംകൊണ്ട് ചെയ്യാവുന്ന പണി ഞാന്‍ മാസങ്ങള്‍ എടുത്തിട്ടായിരിക്കും പണിതിരിക്കുന്നത്. പക്ഷേ, ഞാന്‍ അത് ബില്‍ഡപ്പ് ചെയ്‌തെടുത്തു.  

സിനിമകളില്‍ 'എറിക്ക് റോമര്‍' ഒക്കെ എന്നെ കാര്യമായിട്ട് സഹായിച്ചിട്ടുണ്ട്; വളരെ കാഷ്വലായ കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കുക, അതിനെ ഒരു സിനിമ ആക്കുക എന്നത് ചില്ലറ പണിയല്ല. എന്റെ പെയിന്റിങ്ങിലും അത്തരം കാഷ്വല്‍ കാര്യങ്ങളാണ്, സൈക്കിള്‍ പമ്പില്‍ പോയി കാറ്റടിക്കുന്ന ആളേയോ അല്ലെങ്കില്‍ കത്തി മൂര്‍ച്ചവപ്പിക്കുന്ന വ്യക്തിയേയോ അല്ലെങ്കില്‍ വെജിറ്റബിള്‍ വില്‍ക്കുന്നയാളേയോ ഒക്കെയായിരുന്നു ഞാന്‍ വരച്ചുകൊണ്ടിരുന്നത്. അതിനെ എങ്ങനെ പെയിന്റിങ്ങാക്കി മാറ്റാം എന്നതായിരുന്നു എന്റെ ശ്രമം. പിന്നെ വിഷ്വലി നോക്കുകയാണെങ്കില്‍ നിയതമായ ലോജിക്കുകള്‍ വച്ചിട്ടൊന്നുമല്ല അക്കാലം വര്‍ക്ക് ചെയ്തിട്ടുള്ളത്. പലപ്പോഴും വീടിന്റെ പ്രൊപ്പോഷന്‍സ് ഒന്നും കറക്ട് ആയിരിക്കില്ല, ഭിത്തി ചിലപ്പോള്‍ വീടൊക്കെ പൊളിച്ചിട്ട് മുകളിലേക്കു പോവാന്‍ സാധ്യതയുണ്ട്. പ്രീ റിനൈന്‍സന്‍സ് ചില വര്‍ക്കുകള്‍ കാണുമ്പോഴാണ് അല്ലെങ്കില്‍ ഇല്യുമിനേറ്റഡ് മാനുസ്‌ക്രിപ്റ്റിലും അല്ലെങ്കില്‍ ചില റഷ്യന്‍ പെയിന്റിങ്ങുകളിലൊക്കെയും ഇത്തരം ഡിസ്‌റ്റോര്‍ഷന്‍സ് കാണാന്‍ കഴിയും. നമുക്കറിയാം, ഇതൊന്നും പ്രൊപ്പോഷനേറ്റ് അല്ല എന്ന്; പക്ഷേ, പെയിന്റിങ്ങ് എന്ന നിലയില്‍ ഇത് വളരെ പെര്‍ഫെക്ടാണ്, അതിന്റെ പ്ലേസിങ്ങ്, അതില്‍ ലോജിക്ക് വര്‍ക്ക് ചെയ്യില്ല, ഇറാഷണലായ പെര്‍ഫെക്ഷനാണത്.

തികച്ചും റിയലിസ്റ്റിക്കായ ജീവിതപരിസരങ്ങളെ ലോജിക്കലി ഇറാഷണലായിട്ട്, സാമാന്യേനയുള്ള അതിന്റെ പ്രൊപ്പോഷനുകളെ അപനിര്‍മ്മിച്ചുമുള്ള രചനാരീതി പിന്നീടും തുടര്‍ന്നിട്ടുണ്ട്?

ഉറപ്പായിട്ടും. അത് ഞാന്‍ എന്‍ജോയ് ചെയ്തുകൊണ്ടിരുന്ന ഒരു ഏരിയയും കൂടിയാണ്. മാര്‍ക്വേസിന്റെ 'മൈ മക്കോണ്ടോ' എന്ന ഡോക്യുമെന്ററിയില്‍ ബനാന പ്ലാന്റേഷനിലെ സമരത്തെപ്പറ്റി പറയുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. ഒരിക്കലും ഫാക്ട് ആയിരിക്കില്ല ഒരു ക്രിയേറ്റീവ് വര്‍ക്കിലൂടെ അവതരിപ്പിക്കപ്പെടുന്നത്, മക്കോണ്ടോയിലെ മരണങ്ങളെപ്പറ്റി ആ ഇന്റര്‍വ്യൂവില്‍  ചിലര്‍ പറയുന്നുണ്ട് 500 പേര്‍ മരിച്ചു, ചിലര്‍ പറയുന്നുണ്ട് ആയിരം പേര്‍ മരിച്ചു, ചിലര്‍ പറയുന്നുണ്ട് 50 പേര്‍ മരിച്ചു എന്ന്, അവസാനം മാര്‍ക്വേസിനോട് ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് ആകപ്പാടെ അഞ്ച് പേരേ മരിച്ചുള്ളൂ എന്ന്. അഞ്ച് പേര്‍ മരിച്ചു എന്ന് പറഞ്ഞാല്‍ നോവലിന് ഒരു ഗുമ്മുണ്ടാവില്ല, അതാണ് അയ്യായിരം പേരാക്കിയതെന്ന്. സത്യം പറഞ്ഞാല്‍ അതും ഒക്കെ നമ്മളെ ഇന്‍സ്‌പൈര്‍ ചെയ്തിട്ടുണ്ട്. മാര്‍ക്വേസിന്റെ നോവലുകളും മറ്റ് ചില ലാറ്റിന്‍ അമേരിക്കന്‍ നോവലുകളും ആ കൂട്ടത്തിലുണ്ട്. അതിനകത്ത് വേറൊരു തരം വിഷ്വലുകളുണ്ട്, ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളില്‍ അമ്മ മകനെക്കുറിച്ച് ആലോചിക്കുമ്പോള്‍ മകന്റെ ബ്ലഡ് കിച്ചണിലേക്ക് ഒഴുകിവരുന്നത്, അതൊക്കെ ഭയങ്കര ഇമേജാണ്. ഞാന്‍ മാര്‍ക്വേസിന്റെ ലവ് ഇന്‍ ദ ടൈം ഓഫ് കോളറയിലെ ചില ഇമേജുകളും ഹെര്‍സോഗിന്റെ 'വോയ്‌സെക്ക്'ലെ ചില ഇമേജുകള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനെയെല്ലാം 2ഡി വിഷ്വലായി എങ്ങനെ കൊണ്ടുവരാം എന്നുള്ള ചലഞ്ച് കൂടിയുണ്ട്, ഒരു മൂവിങ്ങ് ഇമേജില്‍നിന്ന് നമുക്ക് കിട്ടുന്ന വിഷ്വലുകളാണ് അവ.

തോത്തി നാമ
തോത്തി നാമ

നേരത്തെ ഇറാനിയന്‍ പടങ്ങളോട് ഏറെ താല്പര്യമുണ്ടായിരുന്നു. അതിനകത്തുള്ള വേറെ ചില പോസിബിലിറ്റീസ് ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒന്നു രണ്ട് വര്‍ക്കുകള്‍ ചെയ്തു. അതിനു ശേഷമാണ്, അതിനകത്ത് കുട്ടികളെ വച്ചിട്ടുള്ള ചില്‍ഡ്രന്‍ ആസ് പ്രോട്ടഗോണിസ്റ്റ് എന്ന രീതിയിലുള്ള ചില ശ്രമങ്ങളിലേക്ക് എത്തിച്ചേരുന്നത്. വയലന്‍സ് പോലുള്ള കാര്യങ്ങളൊക്കെ കുട്ടികളില്‍നിന്ന് വരുമ്പോള്‍ അതിനു ഡബിളാണ് ഇംപാക്ട്. അങ്ങനത്തെ ചില കാര്യങ്ങള്‍ വച്ചിട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സബ്ജക്ടായി തീരുന്ന പൊതു/സ്വകാര്യ ഇടങ്ങളില്‍ കുട്ടികളുടെ ക്യാരക്ടറിനെ എപ്പോഴും ക്വസ്റ്റ്യന്‍ ചെയ്യുന്ന തരത്തിലേക്ക് കൊണ്ടുവരാന്‍ പറ്റും, അത് വളരെ ഷാര്‍പ്പായിട്ടുള്ളതാണ്. ഒരു കുട്ടി എപ്പോഴും നമ്മളെ നോക്കുന്നതുപോലെ ചിലത്.

റെജിയുടെ വര്‍ക്കുകളുടെ നറേറ്റീവ് ടോണിന് ലിറ്ററേച്ചര്‍ എന്നതിനെക്കാളുപരി ഒരു ചലച്ചിത്ര നറേറ്റീവിനോടാണ് സാധര്‍മ്മ്യം തോന്നിയിട്ടുള്ളത്?

ഞാനെപ്പോഴും വര്‍ക്കിനെ, അത് ചെയ്യുന്ന സമയത്ത് കാണുന്നത് ഒരു ഫോട്ടോ സ്റ്റില്‍ കാണുന്നപോലെയാണ്. റൊളാങ് ബാര്‍ത്തിന്റെ 'ക്യാമറാ ലൂസിഡ'യിലെ  പോലെ, പ്രത്യേകിച്ച്  ഒരു വിവരവും നമുക്ക് കിട്ടാത്ത ഒരു ഫോട്ടോഗ്രാഫില്‍നിന്ന് ഒരു നറേഷന്‍ ഉണ്ടാക്കുക എന്ന പ്രോസസ്സ് ഉണ്ട്. അതിനുവേണ്ടി ആ ഫോട്ടോഗ്രാഫ് നമ്മളെ ഇന്‍വൈറ്റ് ചെയ്യും. ബാര്‍ത്തിന്റെ ആ പുസ്തകത്തില്‍ ഫോട്ടോഗ്രാഫുകളെ പഠിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുന്ന ചില ഡീറ്റെയിലുകളുണ്ട്, 'ആ കുട്ടിയുടെ കയ്യിലെ ബാന്‍ഡേജ് നിങ്ങള്‍ ശ്രദ്ധിച്ചോ?' എന്നിങ്ങനെ ചിലത്, അതിലൂടെ ശരിക്കും ഒരു നിശ്ചലചിത്രത്തില്‍നിന്നും ഒരു നറേഷന്‍ ബില്‍ഡ് ചെയ്യപ്പെടുകയാണ്. അത്തരം സങ്കേതങ്ങളെ ഞാനും അനുവര്‍ത്തിക്കാറുണ്ട്, ഇപ്പോഴും. നമ്മള്‍ അധികം വിസ്തരിക്കേണ്ട, ചെറിയ വിഷ്വല്‍ ഇമേജുകളിലൂടെ പെയിന്റിങ്ങ് ആ നറേറ്റീവിനെ നിര്‍മ്മിച്ചെടുക്കും. ഈ ഡിറ്റെയിലുകളുടെ പ്ലേസ്‌മെന്റ് സബ്ജക്ടീവ് പോലുമായിരിക്കില്ല. ഞാന്‍ ചെയ്ത 'Tothi Nama' എന്ന ഒരു വര്‍ക്കുണ്ട്, അത് ചെയ്യുമ്പോള്‍  രണ്ട് ബില്‍ഡിങ്ങുകള്‍ക്ക് ഇടയില്‍ ഒരു തടാകം മാത്രമായിരുന്നു എന്റെ വിഷ്വല്‍ ഇമേജ്. പിന്നെ അതിനകത്തേക്ക് മറ്റ് കാര്യങ്ങള്‍ ചേര്‍ക്കുകയായിരുന്നു. ഒരു സ്‌റ്റോറി ബില്‍ഡപ്പ് ചെയ്യുന്ന പോലുള്ള പ്രോസസ്സാണത്. ഒരിക്കലും അതിലുള്ള കപ്പിളിനെ വരച്ചിട്ട് ലൗ സ്‌റ്റോറി പറയുക എന്നുള്ളതായിരുന്നില്ല എന്റെ ഉദ്ദേശ്യം. ഞാന്‍ സ്റ്റുഡിയോയിലേക്കു പോവുമ്പോള്‍ എന്നും കാണുന്ന വിഷ്വലാണത്, വിഷ്വലായിട്ടാണ് ഇതെല്ലാം വരുന്നത്. അത് ആര്‍ക്ക് ഏത് ലെവലില്‍ വേണമെങ്കിലും നറേറ്റ് ചെയ്യാമെന്നുള്ളതാണ്. ഞാന്‍ ചില സാധനങ്ങള്‍ മാത്രമേ കൊടുക്കുന്നുള്ളൂ. ഒരു റിവേഴ്‌സ് പ്രോസസ്സാണ് സംഭവിക്കുന്നത്, ഒരു നറേറ്റീവില്‍നിന്ന് വിഷ്വലുണ്ടാകുകയല്ല, നറേഷന്‍ പിന്നീടേ വരുന്നുള്ളൂ. വിഷ്വലാണ് ഞാന്‍ കൊടുക്കുന്നത്. 'Last floor' എന്ന വര്‍ക്കില്‍, എന്റെ പഴയ സ്റ്റുഡിയോയില്‍നിന്ന് പുറത്തുകാണാവുന്ന ഒരു വീടിന്റെ ടെറസ്സില്‍, അവിടെ ആര്‍മിക്കാരോ മറ്റോ ആയിരുന്നു താമസിച്ചിരുന്നത്, അയാളുടെ വസ്ത്രം ഉണക്കാന്‍ ഇട്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അതു മാത്രമേ എനിക്ക് വരയ്ക്കാന്‍ താല്പര്യമുള്ളൂ,  ആ ഫ്‌ലോറും സ്‌കൈയും. പിന്നീടുള്ളതൊക്കെ വന്നുചേര്‍ന്നതാണ്, ആ വര്‍ക്ക് തന്നെ നമ്മളോട് കമ്യൂണിക്കേറ്റ് ചെയ്യുന്നതാണ്, അതിന്റെ നറേഷന്‍... അതല്ലാതെ സബ്ജക്ടീവ് ആയിട്ട് വര്‍ക്ക് ചെയ്തിരിക്കുന്നത്, 'To move the mountain' എന്ന സീരിസൊക്കെയാണ്.

ആദ്യകാലത്തെ 'Red carpet, Vegetable God, The Island' പോലുള്ള വര്‍ക്കുകള്‍ക്കു ശേഷമാണ് 'Love painting' സീരിസ് വരുന്നത്?

'Love painting' വാസ്തവത്തില്‍ സീരിസല്ലാ, ഈ ക്രിക്കറ്റേഴ്‌സൊക്കെ പറയില്ലേ 'ആം നോട്ട് ഫോക്കസിംഗ് ഓണ്‍ ദ് സീരിസ്, മൈ ഫോക്കസ് ഈസ് ഓണ്‍ ദിസ് മാച്ച്' എന്നപോലെ, ഞാന്‍ ഒരു പെയിന്റിങ്ങില്‍ മാത്രമാണ് ഫോക്കസ് ചെയ്തത്, അത് സീരിസാകുന്നത് പിന്നീടാണ്, അതിന് വര്‍ഷങ്ങളെടുത്തു. അതിനിടയ്ക്ക് വേറെ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിനിടയ്ക്കാണ് നേരത്തെ പറഞ്ഞ 'Red carpet' പോലുള്ള വര്‍ക്കുകളൊക്കെ വന്നുപോവുന്നത്. അതല്ലാതെ സീരിസായി പ്ലാന്‍ ചെയ്തത് ഈ ഷോയില്‍ ഉള്‍പ്പെടുന്ന 'Police in the garden' ഉള്‍പ്പെടെയുള്ള മൂന്ന് വര്‍ക്കുകളാണ്.

'To move the mountain' പോലും ആദ്യം രണ്ട് വര്‍ക്കുകള്‍ക്കുള്ള ഐഡിയയുമായി തുടങ്ങിയതാണ്. അതിനു മുന്‍പായിട്ട് 'Exodus' എന്ന പേരില്‍ രണ്ട് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട വസ്തുക്കളുമായി, പലായനം ചെയ്യുന്ന ഹ്യൂമന്‍ ഫിഗറുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടയില്‍ സംഭവിക്കുന്ന മാറ്റമാണ് ഹ്യുമാനിറ്റേറിയന്‍ ഇഷ്യൂ പറയാന്‍ വേണ്ടി ഫിഗറുകളുടെ ആവശ്യമില്ല എന്ന ചിന്ത. അങ്ങനെ മനുഷ്യപലായനത്തെ ഫിഗറേറ്റീവല്ലാതെ പറയുന്ന രീതിയാണ് 'To move the mountain.' അതില്‍ വണ്ടികളും സാധനങ്ങളും മാത്രമേയുള്ളൂ, ഒറ്റ ഹ്യൂമന്‍ ഫിഗറും ഇല്ല. അതേപോലെ 'Good earth' എന്ന സീരിസിനകത്തും മൂവ് ചെയ്യുന്നത് ലിവിങ്ങ് സ്‌പേസുകളും അതിനകത്ത് മനുഷ്യരുടെ സ്വപ്നങ്ങളായുള്ള ചില ചെടികളും മാത്രമാണ്. അത് ഞാന്‍ എന്നെ ചലഞ്ച് ചെയ്യുന്നതാണ്, ഫിഗറില്ലാതെ, ഹ്യൂമന്‍ പ്രസന്‍സ് കൊണ്ടുവരിക എന്നുള്ളത്. 

ആ വര്‍ക്കുകളുടെ വിഷയപശ്ചാത്തലം നോക്കിയാല്‍, വലിയ വികസനങ്ങളുടെ പേരില്‍ കുടിയൊഴിയേണ്ടിവരുന്ന മനുഷ്യരാണ് പ്രതിപാദ്യം, അത് മിക്കപ്പോഴും മണ്ണും പ്രകൃതിയുമൊക്കെയായി ജൈവികബന്ധം പുലര്‍ത്തുന്ന മനുഷ്യരുമാണ്; അവരുടെ അറിവും അഭിലാഷങ്ങളുമൊക്കെയാണ് ഈ പലായനങ്ങളിലൂടെ നിര്‍വീര്യമാകുന്നത്; അവരുടെ കൃഷി രീതികള്‍, സംസ്‌കാരം, കല, ജ്ഞാനം ഇവയൊക്കെയും അന്യാധീനമാകുകയാണ്. ആ ദുരന്തത്തെ അടയാളപ്പെടുത്തുന്ന വര്‍ക്കുകളുടെ കൂട്ടത്തിലാണ് രാം കിങ്കര്‍ ബെയ്ജിന്റെ 'സന്താള്‍ ഫാമിലി' എന്ന ശില്പവും കടന്നുവരുന്നത്. ബെയ്ജിന്റെ സന്താള്‍ ഫാമിലി പോലൊരു ശില്പം ഇന്ത്യന്‍ കലാചരിത്രത്തില്‍ മറ്റൊന്നില്ല, ഒരു സമൂഹത്തെ മുഴുവനും ഏറ്റെടുക്കാന്‍ കരുത്തുള്ള ഒരു വര്‍ക്ക് നമ്മുടെ ഹിസ്റ്ററിയില്‍ ഇല്ല. പൊതിഞ്ഞുകെട്ടി പലായനം ചെയ്യുന്ന ആ ഇമേജ് യഥാര്‍ത്ഥത്തില്‍ ഒരു കമ്യൂണിറ്റി തന്നെയാണ്, അതുകൊണ്ട് തന്നെയാണ് ഞാന്‍ ആ ഇമേജിനെ കവര്‍ ചെയ്തത്, അതൊരു കുടുംബമാകാം, കമ്യൂണിറ്റി ആകാം, ഒരു െ്രെടബല്‍ സമൂഹം മൊത്തത്തിലാകാം.

ലവ് പെയിന്റിങ്
ലവ് പെയിന്റിങ്

ഒരു വര്‍ക്കിനെ സമീപിക്കുമ്പോള്‍ ഞാന്‍ സ്വയം ഇമ്പോസ് ചെയ്യുന്ന ചില ചലഞ്ചുകളുണ്ട് നമുക്ക് സപ്പോര്‍ട്ടിങ്ങായ പല ഘടകങ്ങളേയും മനപ്പൂര്‍വ്വം ഒഴിവാക്കുക എന്നതാണത്. ഇപ്പോള്‍ തന്നെ 'Love Painting'-ല്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്നത് അങ്ങോട്ടും ഇങ്ങോട്ടും നോക്കുക എന്ന പരിപാടിയാണ്; അത് 'കണ്ണും കണ്ണും നോക്കിയിരുന്നാല്‍' അല്ലെങ്കില്‍ 'മേരെ സാംനെ വാലേ ഘിട്ക്കി മേം'  എന്നൊക്കെയുള്ള പോപ്പുലര്‍ പാട്ടുകളുടെ ലൈനിലാണ്. പക്ഷേ, ആ സംഗതി എനിക്ക് കിട്ടുന്നത് ജിയോട്ടെയുടെ െ്രെകസ്റ്റും ജൂദാസും മുഖാമുഖം കണ്ണില്‍ കണ്ണില്‍ നോക്കുന്നൊരു പെയിന്റിങ്ങില്‍നിന്നാണ്. എനിക്കെല്ലാം അറിയാം എന്ന മട്ടില്‍ നോക്കുന്ന ഒരു നോട്ടമുണ്ട്, ആ നോട്ടം ഗംഭീര നോട്ടമാണ്. അതാണ് ഇവിടെ ലവ്വിലേക്കും കൊണ്ടുവന്നത്, എനിക്കെല്ലാം അറിയാം  അല്ലെങ്കില്‍ നമുക്ക് എല്ലാം അറിയാം എന്ന നോട്ടം. അത് പിന്നീട് പരസ്പരമുള്ള നോട്ടമില്ലാതെ, അതൊഴിവാക്കി ലവ്വിനെ എങ്ങനെ പ്രതിപാദിക്കാം എന്ന ചിന്തയിലേക്കെത്തി, അങ്ങനെയും കുറച്ച് പെയിന്റിങ്ങ് ഞാന്‍ ചെയ്തിട്ടുണ്ട്. പരസ്പര നോട്ടമൊന്നുമില്ല, ഒരാള്‍ അയാളുടെ ആക്ടിവിറ്റി ചെയ്യുന്നത് വേറൊരാള്‍ നോക്കുന്നു എന്ന മട്ടില്‍, അവിടെയും പക്ഷേ, പ്രേമം നമുക്ക് കാണാന്‍ പറ്റും, ലസ്റ്റും ഡിസൈറും അറിയാന്‍ പറ്റും. അത് ഞാനെടുക്കുന്ന ചലഞ്ചാണ്.

പിന്നെ ഈ സബ്ജക്ട് എന്ന് പറയുന്നത്, ആര്‍ട്ട് ഹിസ്റ്ററി എടുത്തുനോക്കിയാല്‍ നമുക്ക് കാണാം, അതില്‍ സമൂലമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. വളരെ ലിമിറ്റഡായ ചില സബ്ജക്ടുകളിലാണ് എല്ലാ ആര്‍ട്ടിസ്റ്റുകളും വര്‍ക്ക് ചെയ്തുപോരുന്നത്. പ്രധാനമായും  യുദ്ധം, ഭക്ഷണം, പ്രണയം ഇവയെ ഒക്കെ വിഷയമാക്കും. കലാചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാവുന്നത് കലയുടെ മീഡിയങ്ങളിലും രചനാരീതികളിലുമാണ് മാറ്റങ്ങളും പരീക്ഷണങ്ങളും ഉണ്ടായിട്ടുള്ളതെന്നതാണ്.

'The taste seller'ല്‍ കാലഹരണപ്പെട്ട ഒന്നിന്റെ പ്രതീകമെന്നോണം വരുന്ന ആ ക്യാരക്ടറെ പ്ലേസ് ചെയ്തിട്ടുള്ളത് ഒരു കൂറ്റന്‍ ബില്‍ഡിംഗ് സ്ട്രക്ചറിന്റെ പശ്ചാത്തലത്തിലാണ്?

അത് ഒരു ജസ്റ്റാപോസിഷന്‍ എന്ന നിലയില്‍ ഞാന്‍ വെച്ചതാണ്, ബറോഡയില്‍ വച്ചാണ്, കാര്‍ട്ടില്‍ കൊണ്ടുനടന്ന് ഉപ്പ് വില്‍ക്കുന്ന ഒരു കക്ഷിയെ ഞാന്‍ കണ്ടത്. അയാള്‍ ബാര്‍ട്ടര്‍ സിസ്റ്റത്തിലാണ് കച്ചവടം ചെയ്യുന്നത്, നമ്മള്‍ പ്ലാസ്റ്റിക് കൊടുത്താല്‍ അതേ തൂക്കത്തില്‍ അയാള്‍ ഉപ്പ് തരും, ആദ്യമായിട്ടാണ് അങ്ങനെ ഒന്ന് കാണുന്നത്, 'മര്‍ച്ചന്റ് ഓഫ് ഫോര്‍ സീസണ്‍' സിനിമയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്, അപ്പോള്‍ അതുമായി ഈ കാഴ്ച എങ്ങനെയോ കണക്ട് ചെയ്യുകയാണ്. സാമാന്യം വേഗത്തില്‍ അര്‍ബനൈസ് ചെയ്തുകൊണ്ടിരിക്കുന്ന സിറ്റിയാണെന്ന് ബറോഡ, അതിനകത്തേക്ക് കാലഹരണപ്പെട്ട വ്യാപാരത്തിന്റെ പ്രതീകമെന്നോണം ഈ സാള്‍ട്ട് സെല്ലര്‍ പ്ലേസ് ചെയ്യപ്പെടുകയായിരുന്നു.

പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എനിക്കതിനകത്തുള്ള  ഉപ്പ്, വെള്ള, വെളുപ്പ്, പിന്നെ കുറേ കളറും. ഇതാണ് എന്നെ ചലഞ്ച് ചെയ്യുന്നത്. നട്ടുച്ചയാണ്, കത്തുന്ന സൂര്യന്റെ ചൂടില്‍ ഏത് കറുത്ത റോഡും വെളുപ്പാണ്. ആ ദൃശ്യത്തെ അങ്ങനെത്തന്നെ പകര്‍ത്തുക എന്നതാണ് എന്റെ ത്വര, ബാര്‍ട്ടര്‍ സെല്ലര്‍ അതിനു കാരണമായി വന്നിട്ടുള്ള ഒരു കക്ഷി മാത്രമാണ്. ഒബ്‌സര്‍വ്വ് ചെയ്യുന്നത് ഇങ്ങനെയുള്ള കാര്യങ്ങളായതനിലാകാം നമ്മുടെ പെയിന്റിങ്ങിനകത്ത് ആ സമയത്ത് ഇങ്ങനത്തെ ക്യാരക്‌ടേഴ്‌സേ വരുകയുള്ളായിരുന്നു.

കുടുംബം, വീട്, മറ്റ് ആവാസ വ്യവസ്ഥകള്‍, ആര്‍ക്കിടെക്ച്ചര്‍ തുടങ്ങിയ സംഗതികള്‍ എക്കാലവും റെജിയുടേ വര്‍ക്കുകളിലെ സജീവ സാന്നിധ്യങ്ങളാണ്, ഒന്ന് വിശദീകരിക്കാമോ?

വീടുകള്‍, പ്രൊട്ടക്ട് ചെയ്തിരിക്കുന്ന ഒരു സ്‌പേസ് ആണല്ലോ?  തികച്ചും സ്വകാര്യമായ അത്തരം ഒരു സ്‌പേയ്‌സിനെ ഔട്ടര്‍ സ്‌പേസുമായിട്ട് മിക്‌സ് ചെയ്യുക എന്ന രീതിയാണ് എന്റേത്. യഥാര്‍ത്ഥത്തില്‍ എല്ലാം സ്വകാര്യതകളാണ്; പ്രേമമാണെങ്കിലും  മറ്റ് പ്രവൃത്തികളാണെങ്കിലും എല്ലാം സ്വകാര്യതകളുമായി ബന്ധപ്പെട്ടാണ്. 'The unexpected guest' പോലുള്ള വര്‍ക്കുകളില്‍ പെയിന്റിങ്ങിലേക്ക് വരുമ്പോള്‍ ഈ സ്‌പേസുകളൊന്നും സ്വകാര്യങ്ങളല്ലാ െ്രെപവറ്റ് സ്‌പേസിനെ നമ്മള്‍ ഡിസ്മാന്റില്‍ ചെയ്യുകയാണ്. ഇറ്റ് ഈസ് െ്രെപവറ്റ്, ബട്ട് നോട്ട് പേഴ്‌സണല്‍ എന്നു പറയാം. ആ സ്‌പേസിനെ ഓപ്പണ്‍ ഇന്‍സൈഡ് എന്നും പറയാം, അങ്ങനെയാണ് ആ സ്ട്രക്ചറിങ്ങ് സംഭവിക്കുന്നത്. അതിനകത്ത് നടക്കുന്നത് നമ്മുടെ പേഴ്‌സണലാണെങ്കില്‍ക്കൂടി െ്രെപവറ്റായ ഇഷ്യൂ അല്ല, അത് പബ്ലിക്ക് ഇഷ്യൂ കൂടിയാണ്. എപ്പോഴും ഔട്ട്‌സൈഡും ഇന്‍സൈഡും മിക്‌സ് ചെയ്ത സ്‌പേസായാണ് എന്റെ പെയിന്റിങ്ങില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്നെ നമുക്ക് ചുറ്റും നാം കാണുന്ന ജീവിതങ്ങളും അങ്ങനെയൊക്കെ തന്നെയാണ്; ഫുട്പാത്തുകളും പാര്‍ക്കുകള്‍ പോലുള്ള പൊതു ഇടങ്ങളും മനുഷ്യര്‍ അവരുടെ സ്വകാര്യ ഇടങ്ങളാക്കി മാറ്റേണ്ടിവരുന്ന ഗതികേടുകള്‍, അതും കാണുന്നുണ്ട്. മറ്റ് ചില സന്ദര്‍ഭങ്ങളില്‍ മുറികളെ ഞാന്‍ മനസ്സായിട്ടാണ് കണ്ടിട്ടുള്ളത്, ഓരോ മുറിയും ഓരോ മനസ്സുകളെ പ്രതീകവല്‍ക്കരിക്കും പോലെ. രണ്ട് മുറിയില്‍ രണ്ടു പേര്‍ ഇരിക്കുന്ന പെയിന്റിങ്ങുകളില്‍ ഓരോ മുറിയും ഓരോ മൈന്റായിട്ട് ഉപയോഗിച്ചിട്ടുണ്ട്. അതേസമയത്ത് തന്നെ അത് ഔട്ട്‌സൈഡിലേക്ക് സ്‌പ്രെഡ് ചെയ്തിട്ടുമുണ്ട്.

റെഡ് കാർപ്പെറ്റ്
റെഡ് കാർപ്പെറ്റ്

വീടുകളുടെ റൂഫിനു മുകളില്‍ കല്ലുകളു, വീട്ടുപകരണങ്ങളും മറ്റും നിരക്കുന്ന ഇമേജുകള്‍ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചു വരുന്നത് കാണാം?

ഒരു നിര്‍മ്മിതിയുടെ ഓരോ ഇഞ്ചും ഉപയോഗപ്പെടുത്തി അതിനുള്ളില്‍ പുലരുന്ന ജീവിതങ്ങളുടെ അടയാളമാണത്. ഇന്ത്യയിലെവിടെയും ഒരു ട്രെയിന്‍ യാത്രയില്‍ ഇത്തരം ദൃശ്യങ്ങള്‍ നാം കാണുന്നതാണ്.

കുടുംബമാകട്ടെ, സമൂഹമാകട്ടെ, പ്രണയവും രതിയുമെന്നത്‌പോലെ വയലന്‍സും ഉള്ളടങ്ങുന്നതാണല്ലോ?

തീര്‍ച്ചയായും, അതും ഉള്ള കാര്യം തന്നെയാണല്ലോ. വയലന്‍സ് എന്റെ വര്‍ക്കുകളില്‍ കുറേ ഏരിയകളില്‍ വരുന്നുണ്ട്. Bad catch, Wait wait for the next move, Dinner, with a pinch of salt തുടങ്ങിയ വര്‍ക്കുകളില്‍ കടന്നുവരുന്ന നിത്യജീവിതവുമായി ബന്ധപ്പെട്ട നിര്‍ദ്ദോഷ ഹിംസകള്‍ പലപ്പോഴും സര്‍വ്വൈവലിന്റെ ഭാഗമാണ്. ഉദാഹരണത്തിന് Dinner with a pinch of salt എന്ന വര്‍ക്കില്‍ വരുന്ന പെണ്‍കുട്ടി, പത്ത് പന്ത്രണ്ട് വയസ്സുള്ള ആ കുട്ടിയുടെ മുഖത്തിന് പ്രായത്തില്‍ കവിഞ്ഞ പക്വത മനപ്പൂര്‍വ്വം, അനുവാചകനില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതിനെ ഉദ്ദേശിച്ച് തന്നെ നല്‍കിയതാണ്. പ്രേക്ഷകന്റെ നോക്കുമായി ആ കുട്ടിയുടെ നോക്കിടയുമ്പോള്‍ 'എനിക്കറിയാം, എന്താണ് നിങ്ങള്‍ക്കാവശ്യം,' എന്ന ഭാവം ആ മുഖത്തുണ്ട്. ബാംഗ്ലൂരിലെ ഒരു തെരുവില്‍ എന്നെ സമീപിച്ച ലൈംഗികത്തൊഴിലെടുക്കുന്ന ഒരു ബാലികയുടെ ദൃശ്യമാണ് അതിന് പ്രേരണ. 

സമീപകാല വര്‍ക്കുകളിലേക്ക് വരുമ്പോള്‍, വിഷയത്തിലും പരിചരണത്തിലും ഉരുത്തിരിയുന്ന മാറ്റങ്ങളെ എങ്ങനെ വിലയിരുത്താം?

നമ്മള്‍ കാണുന്നത് മാത്രമല്ലല്ലോ, കേള്‍ക്കുന്നതും വായിക്കുന്നതുമായതൊക്കെയും സ്വാധീനിക്കുന്നുണ്ട്. പലതും നമ്മളെ തൊടാറേയില്ല; പക്ഷേ, ചിലത് നമ്മളെ തൊടും, ആര്‍ട്ടിസ്‌റ്റെന്ന നിലയ്ക്ക് അങ്ങനെ ചിലതൊക്കെ വര്‍ക്കിലേക്ക് മാറ്റാന്‍ സ്വാഭാവികമായും പ്രേരിപ്പിക്കും. ചില സംഗതികള്‍ നമ്മളെ വിടാതെ പിന്തുടരും, ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും, എപ്പോഴും തോണ്ടിക്കൊണ്ടിരുന്നാല്‍ ഒടുക്കം പ്രതികരിക്കും എന്നു പറഞ്ഞപോലെ അത് സംഭവിക്കുന്നതാകാം. പിന്നെ കൊറോണാ കാലവും വര്‍ക്കുകളെ ബാധിച്ചിട്ടുണ്ട്, നമ്മള്‍ വീടിനകത്തിരിക്കാന്‍ നിര്‍ബ്ബന്ധിതരായപ്പോള്‍, പുറമെനിന്ന് അറിഞ്ഞതും കേട്ടതുമൊന്നും സുഖകരങ്ങളായ വര്‍ത്തമാനങ്ങളല്ലല്ലോ, അത് എല്ലാവരെയും പോലെ എന്നെയും വല്ലാതെ ഡിസ്റ്റര്‍ബ്ബ് ചെയ്തു. എന്നെ സംബന്ധിച്ച് അത് എന്റെ വിഷ്വല്‍ ലാംഗ്വേജിനെ ബാധിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് സമയത്തെക്കുറിച്ചുള്ള ബോധം വല്ലാതെ വര്‍ദ്ധിക്കും. മരണത്തിന്റെ സാമീപ്യമാകാം അതിനു കാരണം. എന്തായാലും അതെന്റെ വര്‍ക്കിംഗ് പ്രോസസ്സിനെ ബാധിച്ചു. സാധാരണഗതിയില്‍ ഒരു ഐഡിയ ഉണ്ടായാല്‍ അതിനെ മാസങ്ങളോളം മാരിനേറ്റ് ചെയ്ത് പിന്നീട് വര്‍ക്കാക്കുന്ന രീതിയായിരുന്നു എന്റേത്. പക്ഷേ, ഈ ഘട്ടത്തില്‍ പലതും ചെയ്യണ്ടതാണെന്നു തോന്നി, വരുന്നത് വരേണ്ടത് തന്നെയെന്ന് തോന്നി അങ്ങനെ സംഭവിക്കുകയായിരുന്നു. എന്റെ ശീലം വെച്ച് ആശയങ്ങളൊക്കെ മനസ്സിലിട്ട് തട്ടികളിച്ച്, മനസ്സില്‍ പലവുരു വിഷ്വലൈസ് ചെയ്ത ശേഷമാണ് ഞാന്‍ വര്‍ക്കുകളിലേക്ക് കടക്കുക. ഈ ഒരു സീരിസ്സില്‍ പക്ഷേ, അതങ്ങനെയല്ല സംഭവിച്ചത്. അതുകൊണ്ട് തന്നെയാകം പണ്ട് ഞാന്‍ പ്ലാന്‍ ചെയ്തിരുന്ന, അന്ന് സംഭവിക്കാത്ത വിധത്തിലുള്ള ചില എക്‌സ്പ്രഷനിസ്റ്റ് സ്വഭാവമുള്ള വര്‍ക്കുകളൊക്കെ ഈ ഷോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍തന്നെ Police in the forest പോലുള്ള വര്‍ക്കുകളൊക്കെ നമുക്ക് ചുറ്റുമുള്ള മോറല്‍ പൊലീസിങ്ങിനോടും ഭക്ഷണത്തെ ചൊല്ലിയുള്ള കടന്നാക്രമണങ്ങളോടുമൊക്കെയുള്ള  പ്രതികരണങ്ങളാണ്.

ദ ലാസ്റ്റ് ഫ്ലോർ
ദ ലാസ്റ്റ് ഫ്ലോർ

നമ്മുടെ സ്വകാര്യതകളിലേക്കുള്ള അധികാരത്തിന്റെ നോട്ടം പണ്ടുമുള്ളതായിരിക്കാം പക്ഷേ, അതൊരിക്കലും ഇത്രയും വിസിബിളായിരുന്നില്ല, ഇന്നിപ്പോള്‍ അത് നമ്മളെ അതില്‍നിന്നും മാറാന്‍ സമ്മതിക്കാത്തവിധം വരിഞ്ഞുചുറ്റുന്ന യാഥാര്‍ത്ഥ്യമാണ്. ഈയൊരു കാലം നമ്മളെ വല്ലാതെ ഡിസ്റ്റര്‍ബ് ചെയ്യുന്നുണ്ട്; വര്‍ക്കുകളില്‍ അതിന്റെ പ്രതിഫലനം സ്വാഭാവികമാണ്. ഈ വിഷയങ്ങളെല്ലാം നമുക്ക് ചുറ്റുമുള്ളതാണ്, അത് പല രീതികളില്‍ എല്ലാവരും അറിയുന്നതുമാണ്. ഒരു പെയിന്റര്‍ എന്ന നിലയില്‍ ഈ വസ്തുതകളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുമ്പോഴും എന്റെ അന്വേഷണം, എങ്ങനെ മറ്റൊരു തരത്തില്‍ ഇതിനെ ആവിഷ്‌കരിക്കാം എന്നതാണ്, എത്രമാത്രം വ്യതിരിക്തതയോടെ അത് വരയ്ക്കാം എന്നതാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെയൊക്കെ ഞാന്‍ അഭിമുഖീകരിക്കുന്നത് കാന്‍വാസിലാണ്.

Police in the forest എന്ന വര്‍ക്കാണ് ഞാന്‍ ആദ്യം ചെയ്യുന്നത്. ഡിസ്‌പ്ലെസ്‌മെന്റുമായി ബന്ധപ്പെട്ടു തന്നെയാണ് ആ വര്‍ക്കും വരുന്നത്. ഒരു മലയും പൊലീസുമൊക്കെ വരുന്ന ആ വര്‍ക്ക് ഞാന്‍ ഒരു ക്യാമ്പില്‍ ചെയ്തതാണ്; പക്ഷേ, അത് പോരാ എന്ന് പിന്നീട് എനിക്ക് തോന്നി, വേണ്ടത്ര ഡിസ്റ്റര്‍ബന്‍സ് ആ ഇമേജുകളിലില്ല എന്ന് എനിക്ക് തോന്നി. നേരത്തെ Making of Mahatma എന്ന വര്‍ക്കില്‍, he is looking at us എന്ന നിലയില്‍ പൊലീസ് എന്ന ഇമേജ് വരുന്നുണ്ട്, അതിലും ഒരു ബഷീര്‍ സ്വാധീനമുണ്ട്.  എന്നെ സംബന്ധിച്ച് ആ പൊലീസ് ഇമേജ് മതിയാവുന്നില്ല, ആ സമയത്ത് fundamental studies എന്ന പേരില്‍ മറ്റൊരു സ്റ്റില്‍ ലൈഫ് വര്‍ക്ക് ഞാന്‍ ചെയ്യുന്നുണ്ട്, അത് ഇന്റിമേറ്റ് ഇമേജുകളാണ്, ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ ഇന്റിമേറ്റായ ചില ഒബ്‌ജെക്ടുകള്‍, ഒരു സ്റ്റൗവ്വുണ്ട് പൂച്ചെടികള്‍ ഉണ്ട് പുസ്തകങ്ങളുണ്ട് അതൊരു സീരിസ് ഓഫ് വര്‍ക്കാണ്, അതില്‍ പലതും നിരോധിക്കപ്പെട്ട പുസ്തകങ്ങളാണ്, നശിപ്പിക്കപ്പെട്ട ചില പെയിന്റിങ്ങുകളുടെ പശ്ചാത്തലവും അതിനുണ്ട്. വളരെയധികം അധ്വാനം ചെയ്താണ് Police in the forest, Police in the garden പോലുള്ള വര്‍ക്കുകള്‍ ഞാന്‍ ചെയ്‌തെടുക്കുന്നത് അതിനു ശേഷമാണ് ഞാന്‍ തന്നെ അതിനെ vandilaise ചെയ്യുന്നത്, നശീകരണത്തെ തന്നെ ഒരു ലാംഗ്വേജാക്കി കൊണ്ടുവരിക എന്ന ഉദ്ദേശ്യമായിരുന്നു അത്. വര്‍ഷങ്ങളെടുത്ത് കരുപിടിപ്പിച്ച ജീവിതങ്ങളെ ഒരു പ്രഹരം കൊണ്ട് ഇല്ലാതാക്കുന്ന സമൂഹത്തില്‍ ആറ് മാസത്തെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കുന്ന ഒരു വര്‍ക്കിനെ കത്തിവെച്ച് നശിപ്പിച്ചത് മനപ്പൂര്‍വ്വമാണ്. ആ ആള്‍ക്കൂട്ട ഹിംസയെ നമ്മള്‍ വര്‍ക്കിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു, ആദ്യം കൈ ഒന്ന് വിറച്ചു, പക്ഷേ ചെയ്യുകയായിരുന്നു. കാഴ്ചക്കാരനില്‍ അത് അലോസരം ജനിപ്പിക്കുകയും എന്താ അങ്ങനെ? എന്ന ചോദ്യം ഉണ്ടാവുകയും ചെയ്യുന്നിടത്ത് ലാംഗ്വേജിനെ കുറിച്ചുള്ള ഡയലോഗ് സംഭവിക്കുന്നുണ്ട്, അത് വളരെ ആരോഗ്യകരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com