'ഒരു ആശയ സംഹിത തന്നെ ഭരിക്കുന്നു എന്നതാണ് പ്രശ്നം; ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷ വാദമല്ല'

ഡെമോക്രസി എന്നു പറയുന്നത് തന്നെ ഒരു മത്സരമാണ് . അതില്ലാതാകുമ്പോള്‍ ജനാധിപത്യം ഭീഷണിയിലാകും
'ഒരു ആശയ സംഹിത തന്നെ ഭരിക്കുന്നു എന്നതാണ് പ്രശ്നം; ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷ വാദമല്ല'

(അന്തര്‍ദ്ദേശീയ വിഷയങ്ങളും കേരള രാഷ്ട്രീയവും ദേശീയ, അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും ഗ്രന്ഥങ്ങളിലും എഴുതിയിട്ടുള്ള പണ്ഡിതനാണ് കാനഡയിലെ ഡല്‍ഹൗസി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ നിസ്സിം മണ്ണത്തുകാരന്‍. സ്വദേശം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ഗവേഷണ പഠനത്തിനു ശേഷം കാനഡയിലാണ് ജീവിതം. COMMUNISM, SUBALTERN STUDIES AND POSTCOLONIAL THEORY: THE LEFT IN SOUTH INDIA: The Left in India (New York:  Routledge, 2022) എന്നതാണ് 2022-ല്‍ പുറത്തുവന്ന പുസ്തകം. 'ദി ഹിന്ദു' ദിനപത്രത്തിലെ വാരാന്ത്യ കോളത്തിലൂടെയാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ കൂടുതലും നിസ്സിമിനെ വായിച്ചിട്ടുണ്ടാകുക. ഈ വര്‍ഷം ജനുവരിയില്‍ കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ നേരിട്ടു നടത്തിയ അഭിമുഖമാണ് ഇത്.)

1945ല്‍, രണ്ടാം ലോകയുദ്ധ ശേഷം ഇരു ധ്രുവ ലോക രാഷ്ട്രീയം രൂപപ്പെട്ടു  പിന്നീട് 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അമേരിക്കന്‍ ആധിപത്യമുള്ള ലോകം ഏക ധ്രുവമായി  പരിണമിച്ചു. ആ ഏകധ്രുവ ലോകം അവസാനിക്കുകയാണോ?

ഏകധ്രുവ ലോകം അവസാനിക്കുകയാണ്. കാരണം, സാമ്പത്തികമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഒരു ബഹുധ്രുവ ലോകം ഉണ്ടായിവന്നിരിക്കുന്നു; അതിനു കാരണം ചൈനയുടെ ഉയര്‍ച്ചയാണ്. പിന്നെ, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റം ചൈനയുടെ വളര്‍ച്ച തന്നെയാണ്. അത് ഇനി തുടരും. കുറച്ചുകൂടെ വിശാലമായ ബഹുധ്രുവ ലോകമായേക്കാം ഇനി. ജി.ഡി.പിയില്‍ അമേരിക്കയുടെ ഷെയര്‍ കുറഞ്ഞുവരും. എ.ഡി 1000 മുതല്‍ ദീര്‍ഘകാലം ചൈനയായിരുന്നു ലോകത്തില്‍തന്നെ മുന്നില്‍. ഔറംഗസേബിന്റെ കാലത്തായിരുന്നു ഇന്ത്യ ജി.ഡി.പിയില്‍ ലോകത്ത് മുന്നിലെത്തിയിരുന്നത്. പഴയ ചൈന തിരികെ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, അമേരിക്കയുടെ സ്വാധീനം ഇല്ലാതാകുകയില്ല, അത് നിലനില്‍ക്കും. അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്മാറാനുള്ള കാരണം അതുതന്നെയാണ്. അമേരിക്കയുടെ യുദ്ധങ്ങള്‍ പഴയതുപോലെ തുടരാന്‍ കഴിയുകയില്ല. കാരണം, അതിന്റെ ഭീമമായ ചെലവുതന്നെ. പസഫിക്കില്‍ ചൈനയെ തടയുവാനായി അമേരിക്ക ഇന്ത്യയെ കൂടെച്ചേര്‍ക്കുന്നു. ചൈന ഒരു സൂപ്പര്‍പവര്‍ ആകുവാനുള്ള സാധ്യതയുണ്ട്. അമേരിക്ക സാമ്പത്തികമായി ക്ഷയിച്ചാലും അതിന്റെ സാംസ്‌കാരിക ശക്തി നിലനില്‍ക്കും. കാരണം അമേരിക്കയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പിന്നെ സോഫ്റ്റ്പവര്‍, എല്ലാം അമേരിക്കയുടെ ശക്തി തന്നെയാണ്. ഹോളിവുഡ് ചിത്രങ്ങള്‍ അമേരിക്കയെ ഇതിനു സഹായിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാകും. സൈനികമായും സാമ്പത്തികമായും അമേരിക്ക കുറച്ചുകൂടെ ദുര്‍ബ്ബലപ്പെടും.

അമേരിക്ക ദുര്‍ബ്ബലമാകുന്നത് മുന്‍കൂട്ടി കണ്ടതുകൊണ്ടാണോ റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഉണ്ടായത്. ഇത് ഒരു യുദ്ധമാണോ അതോ ഒരു അധിനിവേശമാണോ?

റഷ്യ പറയുന്നത് ഉക്രൈനില്‍ റഷ്യയുടെ ഒരു പ്രതിരോധ നടപടി മാത്രമാണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇത് റഷ്യയ്ക്ക് ഒരു മഹാശക്തി രാഷ്ട്രപദവിയിലേക്കെത്തുവാനുള്ള ഒരു വന്‍ പദ്ധതിയാണ്. അതായത് മഹത്തായ റഷ്യന്‍ സാമ്രാജ്യം എന്ന പദവി. അത് എല്ലാത്തരത്തിലുമുള്ള സര്‍വ്വാധിപത്യ രാഷ്ട്രവ്യവസ്ഥയായി വരികയാണ്. അമേരിക്കയുടെ, നാറ്റോയുടെ താല്പര്യങ്ങളെല്ലാം ഇവിടെയുണ്ട് എന്നുള്ളത് സത്യം തന്നെ. പക്ഷേ, ഇതുകൊണ്ടല്ല ഈ ഉക്രൈന്‍ പ്രശ്നം ഉണ്ടായിട്ടുള്ളത്. സാറിസ്റ്റ്‌സാമ്രാജ്യത്തിന്റെ പുനഃസൃഷ്ടിയാണ് പുടിന്റെ യഥാര്‍ത്ഥ ലക്ഷ്യം. റഷ്യയില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതുതന്നെ അതിനാണ്. ക്ലാസ്സിക് അതോറിറ്റേറിയന്‍ തന്നെയാണ് ഇത്. അടുത്ത പതിനഞ്ചു വര്‍ഷം കൂടി പുടിന് റഷ്യ ഭരിക്കാന്‍ വേണ്ടിത്തന്നെയാണ് അത്. ഒരു ഏക പാര്‍ട്ടി സ്വേച്ഛാധിപത്യ രാഷ്ട്രമാണ് ഇന്ന് റഷ്യ. ഇതില്‍ ശക്തമായ റഷ്യന്‍ ദേശീയതയുമുണ്ട്. 1991-ല്‍ ഉക്രൈന്‍ ഉണ്ടായി വന്നതുതന്നെ ഒരു സ്വയം നിര്‍ണ്ണയ അവകാശത്തോടുകൂടി തന്നെയാണ്.  ഉക്രൈന് അതിനുള്ള അവകാശവുമുണ്ട്. റഷ്യ പക്ഷേ, അത് അംഗീകരിക്കുന്നില്ല. റഷ്യയെ പിന്തുണയ്ക്കുമ്പോള്‍ ലോകത്തെല്ലാമുള്ള ദേശങ്ങളുടെ സ്വയം നിര്‍ണ്ണയ അവകാശം കൂടിയാണ് ഇല്ലാതാകുന്നത്. പിന്നെ ഇത് ഉക്രൈന്റെ പരമാധികാരത്തെ ലംഘിക്കല്‍ കൂടിയാണ്. കാരണം, ഉക്രൈന്‍ മൂന്നു പതിറ്റാണ്ടോളം ലോകത്ത് ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു. അതുകൊണ്ടുതന്നെ ഉക്രൈന്റെ നേരെ നടക്കുന്നത് വ്യക്തമായും ഒരു റഷ്യന്‍ അധിനിവേശം തന്നെയാണ്. പക്ഷേ, ഇവിടെ ഉണ്ടായ ഒരു ഡൈകോട്ടമി എന്തെന്നുവച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ റഷ്യയെ പിന്തുണയ്ക്കുന്നു എന്നതാണ്. റഷ്യന്‍ സാമ്രാജ്യ വികസനത്തിന് റഷ്യയ്ക്ക് ഒരു അപരനെ കണ്ടെത്തണം - അതാണ് ഉക്രൈന്‍. അടിസ്ഥാനപരമായി  ജനാധിപത്യ രാഷ്ട്രീയം ഇല്ലാത്തതിന്റെ ഒരു പ്രശ്നം തന്നെയാണ് ഇത്.

ബെയ്ജിങിലെ ഷോപ്പിങ് മാളിന് മുന്നിൽ മാസ്ക് ധരിച്ചവർ. കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ചൈനയിൽ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു
ബെയ്ജിങിലെ ഷോപ്പിങ് മാളിന് മുന്നിൽ മാസ്ക് ധരിച്ചവർ. കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ചൈനയിൽ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു

ആഗോളതലത്തില്‍ ജനാധിപത്യം  ക്ഷയിക്കുകയാണോ? അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ ഒരു പ്രവണത എന്താണ്?

ജനാധിപത്യം ആഗോളതലത്തില്‍ ക്ഷയിക്കുകയാണ് എന്നത് ഒരു വസ്തുത തന്നെ. അനുഭവത്തില്‍ തന്നെ ബോധ്യപ്പെട്ടിട്ടുള്ള ഒരു പ്രതിഭാസമാണ് അത്. പല രാജ്യങ്ങളിലും വ്യവസ്ഥാപിത ജനാധിപത്യങ്ങള്‍ക്കെതിരെപ്പോലും മുന്നേറ്റങ്ങള്‍ നടക്കുന്നു. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളാണ് ഇതിനു പിന്നില്‍. അമേരിക്ക തന്നെയാണ് അതില്‍ ഏറ്റവും വലിയ ഉദാഹരണം. ബ്രസീല്‍ മറ്റൊരു ഉദാഹരണമാണ്. ഇന്ത്യയുടെ കാര്യം അറിയാമല്ലോ. ട്രംപിന്റെ സമയത്ത് അമേരിക്കന്‍ ജനാധിപത്യം ഭീകരമായ ഭീഷണിയാണ് നേരിട്ടത്. തരണം ചെയ്തത് ഒരു ചെറിയ മാര്‍ജിനിലൂടെയാണ്. അതായത് വലതുപക്ഷ രാഷ്ട്രീയം അമേരിക്കയില്‍ തുല്യ രാഷ്ട്രീയ ശക്തിയാണ്. പോപ്പുലര്‍ സപ്പോര്‍ട്ട് വരുമ്പോള്‍ ജനാധിപത്യത്തെ നമുക്ക് എന്തുവേണമെങ്കിലും ചെയ്യാം. ഭരണഘടന തന്നെ മാറ്റാം - ഇഷ്ടമുള്ള ഭരണഘടന എഴുതാം. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനു മുന്‍പ് എന്റെ ഓസ്‌ട്രേലിയന്‍ സുഹൃത്തിനോട് ഞാന്‍ ഈ കാര്യം പറയുകയുണ്ടായി.

അമേരിക്കയില്‍ വയലന്‍സിനു സാധ്യതയുണ്ട് എന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ എന്റെ ഈ സുഹൃത്ത് ഞാന്‍ പറഞ്ഞതിനെ പരിഹസിച്ചു. എന്നിട്ടു പറഞ്ഞു: ''നിങ്ങള്‍ക്ക് വെസ്റ്റേണ്‍ ഡെമോക്രസിയെക്കുറിച്ച് എന്തറിയാം? ഇവിടെ അമേരിക്കയില്‍ എന്ത് വയലന്‍സ് നടക്കും? ആഫ്രിക്കന്‍ രാജ്യങ്ങളിലെപ്പോലെ വയലന്‍സ് നടക്കുമോ? ''ഞാന്‍ പറഞ്ഞു: അത്രയ്ക്കും പോപ്പുലര്‍ സപ്പോര്‍ട്ട് വന്നുകൊണ്ടിരിക്കുകയാണ് ഇതിന്.'' അതുപോലെ തന്നെയല്ലേ സംഭവിച്ചത് ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍  പറ്റുമോ? കാപ്പിറ്റോളില്‍ ഒരു അട്ടിമറി ആയിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്.
അമേരിക്കയില്‍  ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് താന്‍ മത്സരിച്ച ഒരു ഇലക്ഷനില്‍ തോറ്റപ്പോള്‍ ആ ഇലക്ഷന്‍ ഫ്രോഡ് ആയിരുന്നു എന്നു പറയുന്നത്. ഒരു പ്രസിഡന്റ് തന്നെ ഇലക്ഷന്‍ റിസള്‍ട്ടിനെ തള്ളിപ്പറയുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ബ്രസീലില്‍ പ്രസിഡന്റ് പരാജയപ്പെട്ടപ്പോള്‍ ഇതേ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു (2023 ജനുവരി ആദ്യവാരം ബ്രസീലില്‍ നടന്ന സംഘര്‍ഷങ്ങള്‍ ഓര്‍ക്കുക). ഇലക്ഷന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അപ്പോഴാണ് ജനാധിപത്യം ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. പക്ഷേ, അമേരിക്ക ഈ ഭീഷണിയില്‍നിന്നും കരകയറിയത് എന്തുകൊണ്ടെന്നാല്‍ ബാക്കി സ്ഥാപനങ്ങളെല്ലാം   ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായതുകൊണ്ടാണ്.

ഈ സ്ഥാപനങ്ങള്‍ പോയാല്‍ ജനാധിപത്യം പോയി. അമേരിക്കയില്‍ സംഭവിച്ചത് ഒരു വ്യക്തി, ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നോക്കി.  കൂടെയുള്ളവര്‍ പക്ഷേ, അതിനു തയ്യാറായില്ല. വേറെ രാജ്യങ്ങളില്‍ ഒരുപക്ഷേ, ഇത് സാധിക്കണമെന്നില്ല. കാരണം പ്രസിഡന്റ് പദവി ഒഴിയുന്നതിനു മുന്‍പ് ഇത്തരം അട്ടിമറിക്കു ശ്രമിച്ചാല്‍ മറ്റു സ്ഥാപനങ്ങള്‍ അതിനൊപ്പം നില്‍ക്കുകയാണ് ചെയ്യാറുള്ളത്. പിന്നെ അമേരിക്കയില്‍നിന്നും ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. അവിടുത്തെ സൈനികമേധാവിമാര്‍  ട്രംപ് എങ്ങാനും ഭരണഘടനാവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ നോ പറയാന്‍വേണ്ടി ഇവര്‍ തയ്യാറെടുത്തിരുന്നു. അതായത് സ്വന്തം മിലിട്ടറി പ്രസിഡന്റിന് അനുമതി (assent) കൊടുക്കുന്നില്ല എന്ന ഒരു അപൂര്‍വ്വ സന്ദര്‍ഭം! കാരണം, ട്രംപിന്റെ പല മുന്‍ നടപടികളും ഭ്രാന്തന്‍ രീതിയിലായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇന്ത്യയിലോ അതോ വേറെ ഒരു രാജ്യത്തോ സാധ്യമായേക്കില്ല.

അമേരിക്കയില്‍ ഒരു നീണ്ട ജനാധിപത്യ പാരമ്പര്യം ഉള്ളതു കൊണ്ടാണത് സാധ്യമായത്. അമേരിക്കയിലെ മീഡിയ ട്രംപിനെ വിമര്‍ശിക്കാനുള്ള ഒരിടം അവിടെ ബാക്കിവെച്ചിരുന്നു. 90 ശതമാനം മീഡിയ ട്രംപിനൊപ്പമായിരുന്നെങ്കില്‍,  ഇത് സാധിക്കില്ലായിരുന്നു (അതായത് തെറ്റിനെ ശരിയെന്നു പറയിക്കുമായിരുന്നു). അമേരിക്കയിലെ ജുഡീഷ്യറി ഭൂരിപക്ഷവും റിപ്പബ്ലിക്കന്‍ നോമിനികള്‍ ഉള്ളതായിരുന്നു. എന്നിട്ടുപോലും അവര്‍ തെരഞ്ഞെടുപ്പ് വിധിയെ വെല്ലുവിളിച്ചത് ഏറ്റെടുത്തില്ല.  ട്രംപ്  ഫയല്‍ ചെയ്ത കേസുകള്‍ പോലും അവര്‍ വലിച്ചറിഞ്ഞു. അവരുടെ പ്രസിഡന്റ് പറഞ്ഞത് അവിടുത്തെ കോടതി കേട്ടില്ല. അതായത് അവിടെ ഫോര്‍മല്‍ ഡെമോക്രസി നിലനില്‍ക്കുന്നുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ ജനാധിപത്യത്തിന്റെ  തോതാണ് നമ്മള്‍ നോക്കുന്നത്. അതിനര്‍ത്ഥം  അമേരിക്ക ഗ്രേറ്റാണ് എന്നൊന്നുമല്ല. ഇതുകൊണ്ടാണ് ഡെമോക്രസിയുടെ റാങ്കിങ്ങ് വേണ്ടിവരുന്നത്.

ലോകത്തെ പലപല സ്ഥാപിതമായ ജനാധിപത്യങ്ങളും ക്ഷയിച്ചു വന്നിരിക്കുന്നു. തുര്‍ക്കി, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. പാശ്ചാത്യ നാടുകളില്‍ പല ഡെമോക്രസികളിലും പ്രസ്തുത ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. അടുത്ത കാലത്ത് കാനഡയില്‍ വലിയ പ്രൊട്ടസ്റ്റ് നടന്നിരുന്നു.  ഇതെല്ലം ആദ്യമായിട്ട് സംഭവിക്കുന്നതാണ്. സര്‍ക്കാരിന്റെ വാക്സിന്‍ പോളിസി സ്വീകരിക്കാന്‍ ഒരു വിഭാഗം ആളുകള്‍ തയ്യാറാകുന്നില്ല. ഇതെല്ലാ തീവ്ര വലതുപക്ഷ മാസ്സ് മൂവ്മെന്റുകളായിരുന്നു. വാക്സിനുകള്‍ ശാസ്ത്രീയമല്ല എന്നായിരുന്നു അവരുടെ ഒരു വാദം. ജനങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍  പിന്തുണയ്ക്കുകയാണെങ്കില്‍ നമുക്കെന്തുവേണമെങ്കിലും ചെയ്യാം. ഇതാണ് പോപ്പുലിസം. യൂറോപ്പിലെല്ലാം ഇത്തരം മൂവ്മെന്റുകള്‍ ധാരാളമുണ്ട്. അവരെല്ലാം ടാര്‍ഗറ്റ് ചെയ്യുന്നത് കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും ന്യൂനപക്ഷങ്ങളേയുമാണ്. അങ്ങനെ വരുമ്പോള്‍ ജനാധിപത്യം പ്രായോഗികമായി   ക്ഷയിച്ചുപോകും. ആശയതലത്തില്‍ ജനാധിപത്യം ഏറ്റവും ഉയര്‍ന്ന രൂപത്തില്‍ തന്നെയായിരിക്കും. കാരണം ജെന്‍ഡര്‍, അവകാശങ്ങള്‍  എന്നിവയില്‍ മുന്നേറ്റം നടന്നുകൊണ്ടിരിക്കുന്നു.

2020ൽ പൗരത്വ നിയമത്തിനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധം
2020ൽ പൗരത്വ നിയമത്തിനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണ്?

ഒരു ഏക കക്ഷി ഭരണം വരുമ്പോള്‍ ഏതു സ്ഥലത്തായാലും ഒരു പ്രശ്നം വരും. ഒരു പാര്‍ട്ടി തന്നെ ഭരിക്കുക എന്നാല്‍ ഒരു ആശയസംഹിതതന്നെ ഭരിക്കുന്നു എന്നതാണ് പ്രശ്നം. ഡെമോക്രസി എന്നു പറയുന്നത് തന്നെ ഒരു മത്സരമാണ് . അതില്ലാതാകുമ്പോള്‍ ജനാധിപത്യം ഭീഷണിയിലാകും. 2024-ലിലും ഇതുതന്നെയായിരിക്കും അവസ്ഥ. കാരണം, പ്രതിപക്ഷം വളരെ ദുര്‍ബ്ബലമാണ്. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇവിടെ ഒരു പ്രശ്നമാണ്. കൂടുതല്‍ കാലം ഒരേ കക്ഷിയുടെ അധികാരം നിലനില്‍ക്കുമ്പോള്‍ ഇവിടെയെല്ലാം സ്വാധീനം ചെലുത്തും. അതുകൊണ്ടാണ് ചെക്സ് ആന്‍ഡ് ബാലന്‍സ് വേണമെന്ന് പറയുന്നത്. അതില്ലെങ്കില്‍ വലിയ പ്രശ്നമുണ്ടാകും. അതാണ് ഞാന്‍ മുന്‍പ് പറഞ്ഞ അമേരിക്കയിലെ വിഷയം. ഡെമോക്രസി എന്നു പറയുന്നത് ഭൂരിപക്ഷം വോട്ടാണ് എന്നതാണ് നമ്മളുടെ ധാരണ. എന്നാലത് തെറ്റാണ്. ജനാധിപത്യം എന്ന് പറയുന്നത്  ഭൂരിപക്ഷവാദമല്ല. ഭൂരിപക്ഷ വോട്ട് എന്നു പറയുന്നത് ഭരണകൂടത്തെ തിരഞ്ഞെടുക്കുന്ന രീതികളില്‍ ഒന്നുമാത്രമാണ്. അതിന്റെ അര്‍ത്ഥം ബാക്കിയുള്ളവരുടെ ശബ്ദം ഇല്ലായെന്നല്ല. അതിനു പരിഹാരം വേറെ മാര്‍ഗ്ഗങ്ങളാണ്. സിവില്‍ സൊസൈറ്റിയില്‍ ഇതിനെ സംബന്ധിച്ചുള്ള ധാരാളം സംവാദങ്ങള്‍ നടക്കുന്നുണ്ട്. അതായത് ന്യൂനപക്ഷത്തെ, തോറ്റുപോയവരെ എങ്ങനെ പ്രതിനിധീകരിക്കും? അതിനുള്ള സംവിധാനങ്ങളുണ്ട്. അതില്‍ ഒന്നാണ് ആനുപാതിക പ്രാതിനിധ്യം. ഇതിപ്പോള്‍ വരില്ല. അതിനായി ജനകീയ സംവാദങ്ങള്‍ നടക്കണം.

വോട്ട് ചെയ്തു ജയിക്കാത്തവര്‍ക്ക് ഒരു സ്ഥാനവുമില്ലാത്ത അവസ്ഥ. ജയിക്കുന്നവര്‍ക്ക് എന്തും ചെയ്യാവുന്ന അവസ്ഥ. അതിനെ ഡെമോക്രസി എന്നും പറയുന്നു. പണ്ടൊക്കെ സ്വേച്ഛാധിപത്യം എന്നു പറഞ്ഞാല്‍ തെരഞ്ഞെടുപ്പ് തന്നെയില്ലാത്ത വ്യവസ്ഥയാണ്. അത് വ്യക്തവുമായിരുന്നു. പക്ഷേ, ഇന്നതു മാറി. ഭരണകൂടത്തോടുള്ള, അതിനെ പിന്തുണയ്ക്കുന്നവരുടെ ഒരേ ഒരു ന്യായം എന്നുള്ളത് ''അവര്‍ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചവരല്ലേ'' എന്നതാണ്. ഏത് അതോറിറ്റീരിയന്‍ സര്‍ക്കാരിന്റേയും സ്വഭാവം ഇതുതന്നെയാണ്;  ഇവിടെ ഇലക്ഷന്‍ ഫ്രോഡിനെ സംബന്ധിച്ച ആരോപണങ്ങളുണ്ടായി. പക്ഷേ, അതിനു തെളിവില്ല. ലോകത്ത് പല ഭാഗത്തും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ഉപേക്ഷിക്കാനുള്ള കാരണം അത് റിഗ്ഗിങ്ങ് നടക്കുവാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ്. വികസിത രാജ്യങ്ങളെല്ലാം ബാലറ്റ് പേപ്പര്‍ സ്വീകരിക്കാന്‍ കാരണം ഇതുതന്നെ. അതും ഒരു വസ്തുതയാണ്.

റഷ്യ പുതുതായി നിർമിച്ച ഐസ് ബ്രേക്കർ കപ്പൽ
റഷ്യ പുതുതായി നിർമിച്ച ഐസ് ബ്രേക്കർ കപ്പൽ

ഇന്ത്യ - ചൈന ബന്ധങ്ങള്‍ സംഘര്‍ഷഭരിതമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യ ഏഷ്യയിലെ ഒരു രാഷ്ട്രീയ ശക്തി ആകാന്‍ ഉള്ള സാധ്യതകള്‍?

എന്റെ ഒരു കാഴ്ചപ്പാടില്‍ ഇന്ത്യ ഒരു റീജിയണല്‍ പവര്‍ എന്നല്ല നാം ആസ്പൈര്‍ ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് ലോകത്ത് ഏറ്റവും അധികം പവര്‍ ഉണ്ടാവുക എന്ന് പറയുന്നത് ഇന്ത്യ ഒരു ഡെമോക്രാറ്റിക് പവര്‍ ആകുക എന്നുള്ളതാണ്. നമ്മള്‍, ഇവിടുത്തെ പോളിസി മേക്കേഴ്‌സ് അതല്ല പിന്തുടരുന്നത്. സാധാരണ പഴയ രീതിയിലുള്ള പവര്‍ - മിലിറ്ററി പവര്‍, ഇക്കണോമിക് പവര്‍ എന്നുള്ള രീതിയില്‍ ആകുവാനാണ് ശ്രമിക്കുന്നത്. റീജിയണല്‍ പവര്‍ എന്നാല്‍, ചൈന ലോകത്തെ വലിയ ഒരു പവര്‍ ആയിക്കൊണ്ടിരിക്കുന്നു. ഇന്ത്യയ്ക്ക് പാകിസ്താനുമായോ ബംഗ്ലാദേശുമായോ ഒരു കോംപറ്റീഷനും യഥാര്‍ത്ഥത്തില്‍ ഇല്ല. ഞാന്‍ തന്നെ ഈ വിഷയം മുന്‍പ് എഴുതിയിട്ടുള്ളതാണ്. നിങ്ങള്‍ക്ക് അത് വായിക്കാന്‍ ലഭിക്കും. 'India's Perilous obsession with Pakistan', (The Hindu ഏപ്രില്‍ 2019) ഈ ഒബ്സെഷന്‍, ഒരു ബൈനറി  സൃഷ്ടിച്ചിരിക്കുകയാണ്. അത് നമ്മെ ചുരുക്കുകയാണ് യഥാര്‍ത്ഥത്തില്‍. നമുക്ക് പാകിസ്താനുമായി കോംപീറ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ചൈനയുമായിട്ടാണ് മത്സരിക്കേണ്ടത്. പാകിസ്താനുമായി കോംപീറ്റ് ചെയ്ത് ബെറ്റര്‍ ആണെന്ന് പറയുന്നതില്‍ കാര്യമില്ല.  പക്ഷേ, ഒരു 'പാകിസ്താന്‍ ഒബ്സെഷന്‍' ഇവിടെ നിലനില്‍ക്കുന്നു. ഇവിടുത്തെ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണത്. മതാടിസ്ഥാനത്തിലുള്ള വിഭജനം ഇവിടെ രാഷ്ട്ര സ്വാതന്ത്ര്യത്തോടെ നടന്നതുകൊണ്ടാണത്. നമ്മള്‍ ചൈനയെപ്പറ്റി ഒന്നും പറയുന്നേയില്ലല്ലോ. ചൈനയെ വെല്ലുവിളിക്കുന്നില്ലല്ലോ.

ഇന്ത്യ ആസ്പൈര്‍ ചെയ്യേണ്ടത് ലോകത്തെ ഏറ്റവും വലിയ ഡെമോക്രാറ്റിക് പവര്‍ എന്നതിലാണ്. ഇന്ത്യ ഒരു വികസിത സാമ്പത്തിക വ്യവസ്ഥയൊക്കെ ആകണമെങ്കില്‍ കുറഞ്ഞത്  മുപ്പത് വര്‍ഷമെങ്കിലും വേണ്ടിവന്നേക്കും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം, ജനസംഖ്യ എന്ന് പറയുന്നത് ഒരു ചെറിയ നേട്ടമല്ല. അതിനെ എങ്ങനെ ബില്‍ഡ് അപ്പ് ചെയ്യേണ്ടത് എന്നാണ് നമ്മള്‍ നോക്കേണ്ടത്. പാകിസ്താന്റെ ഇക്കോണമി, പോപ്പുലേഷന്‍, ജി.ഡി.പി ഒന്നും ഇന്ത്യയ്ക്ക് മത്സരിക്കുവാനേ ഇല്ലാത്തതാണ്. അത്രത്തോളം ചെറുതാണ് അത്. കോംപീറ്റ് ചെയ്യേണ്ടത് തുല്യര്‍ തമ്മിലാണ്. ഇന്ത്യ പോലെ വൈവിധ്യങ്ങള്‍ ഉള്ളൊരു രാഷ്ട്രത്തില്‍ ഈ ജനാധിപത്യം ഇത്രത്തോളം എത്തിച്ചെടുത്തത് നിസ്സാര കാര്യമല്ല. അതിന്റെ ഒരു വ്യാപ്തി നമ്മള്‍ മനസ്സിലാക്കിയിട്ടില്ല. ബംഗ്ലാദേശ് ഇപ്പോള്‍ ഇന്ത്യയെ പെര്‍ ക്യാപിറ്റ ജി.ഡി.പിയിലും മറ്റ് ചില സൂചികകളിലും മാനവിക പുരോഗതിയിലും ബംഗ്ലാദേശ് മുന്നിലെത്തിക്കഴിഞ്ഞു. അവര്‍ ഒരു അതോറിറ്റേറിയന്‍ സര്‍ക്കാര്‍ ആണെന്നതും സത്യമാണ്. അങ്ങനെ വച്ച് നോക്കിയാല്‍ അമര്‍ത്യാസെന്‍ പറഞ്ഞതുപോലെ 'Democracy As Freedom' ആണ്. ഫ്രീഡം എന്നു പറഞ്ഞാല്‍ ഇക്കണോമിക് ഫ്രീഡം മാത്രമല്ല, കള്‍ച്ചറല്‍, പൊളിറ്റിക്കല്‍ എല്ലാം അതില്‍ ഉള്‍പ്പെടണം. ചൈന ഒരു വന്‍ശക്തി തന്നെ, എങ്കിലും അവര്‍ ജനാധിപത്യത്തില്‍ അല്ല എന്നുള്ളത് ഒരു വലിയ പ്രശ്‌നമാണ്. അത് ലോക രാഷ്ട്രങ്ങളിലും പ്രതിഫലിക്കും.

ഇപ്പോള്‍ നോണ്‍ ഡെമോക്രാറ്റിക് സ്റ്റേറ്റ് ലോകത്തെ നയിക്കുമ്പോള്‍ അതിന്റെ ഒരു സ്വാധീനം മറ്റു രാഷ്ട്രങ്ങളില്‍ ഉണ്ടാകും. വണ്‍ പാര്‍ട്ടി, വണ്‍ സ്റ്റേറ്റ്, വണ്‍ ലീഡര്‍ എന്നായി മാറി. നേരത്തെ വണ്‍ പാര്‍ട്ടി എന്നായിരുന്നു. ഇപ്പോള്‍ ഒരു വ്യക്തിയിലേക്കു ചുരുങ്ങിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ നാം ഡെമോക്രസിക്കു വേണ്ടിയാണ് പോരാടേണ്ടത്. പക്ഷേ, ഇവിടെ ലെഫ്റ്റ് പാര്‍ട്ടികള്‍  റീകണ്‍സിഡര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. ചൈനയെ വിമര്‍ശിക്കാതിരിക്കുമ്പോള്‍ എങ്ങനെ വേറൊരിടത്ത് ജനാധിപത്യം കൊണ്ടുവരണം എന്ന് പറയുവാന്‍ കഴിയും? 

കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് രാഷ്ട്രീയത്തെക്കുറിച്ച്?

ഇക്കണോമിക്സില്‍ പാത്ത് ഡിപെന്‍ഡന്‍സി എന്ന ഒരു സങ്കല്പം ഉണ്ട്. അത് നിങ്ങള്‍ കേട്ടിരിക്കുമല്ലോ? അഥവാ, നമ്മള്‍ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ സെറ്റപ്പ് ചെയ്തു. അത് നല്ലതോ ചീത്തയോ എന്നത് പ്രശ്‌നമാക്കാതെ ഫോര്‍മേഷന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അത് ഒരിക്കല്‍ എസ്റ്റാബ്ലിഷ് ചെയ്താല്‍ മാറ്റുവാന്‍ വലിയ ബുദ്ധിമുട്ടാണ്. ബ്യൂറോക്രസി ആണെങ്കിലും സ്റ്റേറ്റ് ആണെങ്കിലും. ഇത് ഇങ്ങനെ തുടരും. ഇതില്‍നിന്നും മുകളില്‍ നമുക്ക് വേറെ എന്തെല്ലാം   ചെയ്യാന്‍ പറ്റുമെന്നുള്ളതാണ് ഇവിടെ കാര്യം. കാരണം, കേരളം ഇന്ത്യയില്‍ ഒരു അഡ്വാന്‍സ്ഡ് പൊളിറ്റിക്കല്‍ സ്റ്റേറ്റാണ്. ഇവിടെ പോലും ഡെമോക്രസി അപചയം നേരിടുന്നുണ്ട്. പൊളിറ്റിക്സ് എന്നാല്‍ വെറും പാര്‍ട്ടി പൊളിറ്റിക്സ് ആയി മാറിക്കഴിഞ്ഞു.

പൊളിറ്റിക്സ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി പൊളിറ്റിക്സ് അല്ല. പൊളിറ്റിക്സ് എന്നാല്‍ മനുഷ്യാവകാശങ്ങളുടേയും സ്വാതന്ത്ര്യത്തിന്റേയും വികാസം ആണ്. പല മേഖലകളില്‍ അത് വരുന്നു. മൈക്രോ പൊളിറ്റിക്സ്, ഫാമിലി പൊളിറ്റിക്സ് തുടങ്ങിയവയുണ്ട്. പാര്‍ട്ടി പൊളിറ്റിക്സിനു  മുകളില്‍ എത്താന്‍ പറ്റുമോ എന്നുള്ളതാണ് നാം ചിന്തിക്കേണ്ടത്. ഉദാഹരണത്തിന്, ഒരു രാഷ്ട്രീയ കൊലപാതകം നടന്നു. അത് പാര്‍ട്ടി ലൈന്‍ എടുത്ത് പ്രതിരോധിക്കരുത്. കാരണം, അതിനു മുകളില്‍ ഒരു പൊളിറ്റിക്കല്‍ മൊറാലിറ്റിയുണ്ട്. കൊല ആര് നടത്തിയാലും തെറ്റാണ്. ഇവിടെ മതേതര പാര്‍ട്ടികള്‍ മോറല്‍ റൈറ്റ് നിലനിര്‍ത്തുകയാണ് വേണ്ടത്.

കേരള രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം, ഇലക്ട്രറല്‍ പൊളിറ്റിക്സായി ചുരുങ്ങി. കേരളത്തില്‍ പോലും ഇങ്ങനെയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പിന്നെ എന്താകും അവസ്ഥ? യു.ഡി.എഫ്-എല്‍.ഡി.എഫ് സംവിധാനം ഇങ്ങനെ പോകും. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ ബി.ജെ.പി വരും. പക്ഷേ, സമീപഭാവിയില്‍ അതുണ്ടാകില്ല. കാരണം വോട്ട് ഷെയര്‍ കുറവാണ്. പൊളിറ്റിക്കലി നോക്കുമ്പോഴാണ് ഇങ്ങനെ. കള്‍ച്ചറലി ബി.ജെ.പി-ആര്‍.എസ്.എസ് കേരളത്തില്‍ സജീവമാണ്. സാമ്പത്തികമായും സാംസ്‌കാരികമായും ഉള്ള സ്വാധീനവും വളരെ പ്രധാനപ്പെട്ടതാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ സെക്യുലറിസം തിരിച്ചുവരുമെന്നൊന്നും പറയാന്‍ കഴിയില്ല. സെക്യുലറിസം-കമ്മ്യുണലിസം എന്നത് പാര്‍ട്ടി പൊളിറ്റിക്സ് അല്ല. അത് സാമൂഹ്യ-സാംസ്‌കാരിക മൂല്യങ്ങള്‍ കൂടിയാണ്. അതെല്ലാം ആഴത്തില്‍ കിടക്കുന്ന സംഭവങ്ങളാണ്.

ബി.ജെ.പി തോറ്റതുകൊണ്ട് വര്‍ഗ്ഗീയ രാഷ്ട്രീയം ഇല്ലാതായി എന്നും പറയുവാന്‍ കഴിയില്ല. കാരണം ജനങ്ങള്‍ ഇതുതന്നെയല്ലേ! ഇതേ ജനങ്ങളുടെ സംസ്‌കാരം, ആശയങ്ങള്‍ എന്നിവ മനസ്സില്‍ നില്‍ക്കും. ഇതൊന്നും പെട്ടെന്ന് ഇല്ലാതാകില്ല. ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടി രാഷ്ട്രീയം വച്ചുകൊണ്ട് വര്‍ഗ്ഗീയതയെ ഇല്ലാതാക്കുവാനാകില്ല. ആഴത്തിലുള്ള ജനാധിപത്യ സിവില്‍ സമൂഹപ്രസ്ഥാനങ്ങളും പാര്‍ട്ടി പൊളിറ്റിക്സും  ഉണ്ടായിവരണം. പാര്‍ട്ടിലൈനിനു മുകളില്‍ നിലപാടുകള്‍ എടുക്കണം. യു.ഡി.എഫിനേയും എല്‍.ഡിഎഫിനേയും ആ രീതിയില്‍ കൊണ്ടുവരാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

ചോറ്റാനിക്കര‍ കിടങ്ങയത്ത് കെ റെയിൽ സ്ഥാപിച്ച സർവേ കല്ലുകൾ പ്രതിഷേധക്കാർ കുളത്തിലെറിയുന്നു
ചോറ്റാനിക്കര‍ കിടങ്ങയത്ത് കെ റെയിൽ സ്ഥാപിച്ച സർവേ കല്ലുകൾ പ്രതിഷേധക്കാർ കുളത്തിലെറിയുന്നു

കേരളത്തില്‍ സാധ്യമാകുന്ന - വേണ്ടിയുള്ള വികസന പദ്ധതികള്‍, എന്താണ് കാഴ്ചപ്പാടുകള്‍?

പഴയ രീതിയിലുള്ള രാഷ്ട്രീയമൊന്നും കേരളത്തില്‍ ഇനി നടക്കില്ല. കാരണം, കേരളം സാമ്പത്തിക ബന്ധനരീതികളില്‍, ഗള്‍ഫുമായും ലോക രാജ്യങ്ങളുമായും വളരെയേറെ ബന്ധങ്ങള്‍ സ്ഥാപിതമായിരിക്കുന്നു. ഏറ്റവുമധികം ഇമിഗ്രന്റ് പോപ്പുലേഷനുള്ള സമൂഹം, ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളും ഏറ്റവുമധികം ഉള്ളതും കേരളത്തിലാണ്. ലക്ഷക്കണക്കിന് മലയാളികള്‍ പാശ്ചാത്യ രാജ്യങ്ങളിലും ഗള്‍ഫിലും ജോലി ചെയ്യുന്നു, അതേ അനുപാതത്തില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കേരളത്തില്‍ തൊഴില്‍ ചെയ്യുന്നു. ഇത് ഇന്ത്യയില്‍ എന്നല്ല, ലോകത്തുതന്നെ ഇതൊരു അപൂര്‍വ്വ പ്രതിഭാസമാണ്. ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല. ഇതേക്കുറിച്ച് പഠിക്കണം. ജനങ്ങള്‍ പുറത്തേയ്ക്ക് പോകുന്നതു കണ്ടിട്ടുണ്ട്. പോളണ്ട്, ക്യൂബ, ഫിലിപ്പീന്‍സ് തുടങ്ങിയ നാട്ടില്‍നിന്നും വെസ്റ്റേണ്‍ യൂറോപ്പിലേക്കും മറ്റും പോകാറുണ്ട്.

പക്ഷേ, ഇത് അങ്ങനെയല്ല. പോകുന്നതത്രയും വേറൊരു നാട്ടില്‍നിന്നും തിരിച്ചെത്തുന്നു. ഇത് കഴിഞ്ഞ ഇരുപത് വര്‍ഷത്തെ മാറ്റമാണ്. ആ മാറ്റത്തില്‍ത്തന്നെ കേരള രാഷ്ട്രീയം മാറേണ്ടതുണ്ട്, അത് മലയാളികളെ മാത്രം കേന്ദ്രീകരിച്ച് നടത്തുവാന്‍ പാടില്ല. കാരണം പത്ത് ശതമാനം ജനസംഖ്യയില്‍ മാറ്റം സംഭവിച്ചിരിക്കുന്നു. അവര്‍ ഈ സമൂഹത്തിന്റെ ഭാഗമാണ്. ഈ പ്രതിഭാസം വികസനത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ തൊഴില്‍ സൃഷ്ടിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇതു സംഭവിക്കുന്നത്. മാനവിക സൂചിക വികസനത്തില്‍ (HDI) നാം മുന്നിലേക്ക് വന്നപ്പോള്‍ മെറ്റീരിയല്‍ പ്രൊഡക്ഷനില്‍ നാം പിന്നോട്ടു പോയി. ഇവിടുത്തെ ഈ കക്ഷി - രാഷ്ട്രീയവല്‍കൃത സംവിധാനവും ഇതിനു കാരണമാണ്.

മലയാളികളുടെ സാദ്ധ്യതകള്‍പോലും ഉപയോഗിക്കുന്ന പ്രൊഡക്ഷന്‍ നടക്കുന്നില്ല, ഉദാഹരണത്തിന് ഐ.ടി. ഹ്യൂമന്‍ ക്യാപിറ്റല്‍ ഉപയോഗിച്ചുകൊണ്ടുള്ള മറ്റു നിര്‍മ്മിതികള്‍ കേരളത്തിന്റെ പ്രകൃതിക്കനുയോജ്യമായവ വേണം. വലിയ ഇന്‍ഡസ്ട്രികള്‍ അല്ല ഉദ്ദേശിച്ചത്. അങ്ങനെ കേരളത്തിന് യോജിച്ചവ ഇവിടെയുണ്ടായിരുന്നു എങ്കില്‍ നിരവധി പേരെ ഇവിടെ പിടിച്ചുനിര്‍ത്താമായിരുന്നു. അതുകൊണ്ടു കൂടിയാണ് കേരളസര്‍ക്കാര്‍ വലിയ വലിയ പദ്ധതികള്‍, അദാനിയുടേത് ഉള്‍പ്പെടെ, സ്വീകരിക്കാന്‍ തയ്യാറായത്. മുന്‍കാലങ്ങളില്‍ അത് പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല.  ഇപ്പോള്‍ എതിര്‍പ്പുണ്ടാകാന്‍ കാരണം അതിന്റെ ഒരു അതോറിറ്റേറിയന്‍ രീതികൊണ്ടാണ്. വികസനം എന്നു പറഞ്ഞാല്‍ അത് എല്ലാവര്‍ക്കും കൂടിയാകണം. മത്സ്യത്തൊഴിലാളികളുടെ ജീവന്‍ പണയം വച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാന്‍ പാടില്ല. അവര്‍ക്കും ജീവിതം വേണം.

ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ ഏകപക്ഷീയമായി നടപ്പിലാക്കുന്നത് എന്തും ജനാധിപത്യത്തിന്റെ ശോഷണത്തെ സൂചിപ്പിക്കുന്നു. കെ റെയിലിന്റെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം, ഇതിന്റെ ചെലവ് കേരളത്തിന് താങ്ങാവുന്നതല്ല എന്നത് പല പഠനങ്ങളും സൂചിപ്പിക്കുന്നു. പിന്നെ എന്തിനാണ് ഇത്രേം വലിയ പദ്ധതി? വലിയ  തൊഴില്‍ സാധ്യതകള്‍ ഭാവി സമൂഹത്തിന് ഉണ്ടാവുന്ന വലിയ പ്രൊജക്റ്റുകളായിരുന്നു എങ്കില്‍ ആളുകള്‍ സ്വീകരിച്ചേനെ. കാസര്‍കോട് വരെ 3-4 മണിക്കൂര്‍കൊണ്ട് എത്താമെന്ന് വാദിക്കുന്നു. അങ്ങനെ എത്തിയതുകൊണ്ട് എന്താണ് കാര്യം? അതൊരു തെറ്റായ വികസനവാദമാണ്. കേരളം പോലെ ഒരു സമൂഹത്തിന് അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. സിംഗപ്പൂര്‍ ആണെന്ന് വിചാരിക്കുക, ഇത് ന്യായമാണ്. കാരണം ഇക്കണോമിക് പ്രൊഡക്ഷന്റെ, (ഇന്‍ഡസ്ട്രിയല്‍) ഒരു വലിയ കേന്ദ്രമാണ് സിംഗപ്പൂര്‍. ഇവിടെ അങ്ങനെ വരുന്നില്ല. ഹൈ സ്പീഡ് റെയില്‍ പ്രൊജക്റ്റുകള്‍ നെതര്‍ലാന്‍ഡ്‌സിലും കാലിഫോര്‍ണിയയിലും പദ്ധതിച്ചെലവ്‌കൊണ്ട് വന്‍ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. ഇത്ര കുറഞ്ഞ സമയംകൊണ്ട് വടക്കുനിന്ന് തെക്കുവരെ പോകണമെങ്കില്‍ എന്തിനു വേണ്ടി എന്നൊരു ചോദ്യമുണ്ട്.  കേരളത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സുകള്‍ക്ക് ഉപയുക്തമായവ ഏതെന്ന് നോക്കിവേണം പദ്ധതി നടപ്പിലാക്കാന്‍. ടൂറിസം, ജ്ഞാനാധിഷ്ഠിത സമൂഹം, ആരോഗ്യപരിപാലനം, ജൈവസാങ്കേതികവിദ്യ തുടങ്ങിയവയുണ്ട്. സുസ്ഥിരമായ ഒന്നാകണം അതുപോലും, ഇക്കോ  ടൂറിസം എന്ന സങ്കല്പം നിലവില്‍ വന്നിട്ടുണ്ട്. കേരളത്തിന് സാധ്യതകള്‍ ഇവിടെയൊക്കെയാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com