പാര്‍ട്ടിയെതിരുത്തിയ വി.എസ്. 

എട്ട് പതിറ്റാണ്ടു നീണ്ട പൊതുജീവിതം  കളങ്കരഹിതമായിട്ടുള്ളത് വിസ്മയം പകരാം. വി.എസ് ആ വിസ്മയത്തിന്റെ അവകാശിയാണ്
പാര്‍ട്ടിയെതിരുത്തിയ വി.എസ്. 

ണ്‍പത്തിമൂന്നാണ്ടു നീണ്ട സമരഭരിത ജീവിതം നൂറ് വയസ്സ് കടക്കുമ്പോള്‍ പരിപൂര്‍ണ്ണ വിശ്രമത്തിലാണ് എന്നത് വി.എസ്. അച്യുതാനന്ദന്റെ ഇപ്പോഴത്തെ വിശേഷം. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുടെ തിരയടിക്കലായിരുന്നു ആ പൊതുജീവിതം; കഴിഞ്ഞ രണ്ടു വര്‍ഷമായി ശാന്തമായി ഒഴുകുന്നു. 2023 വി.എസിന്റെ ജന്മശതാബ്ദി വര്‍ഷം. ഒക്ടോബര്‍ 20-ന് നൂറാമത് ജന്മദിനം. 


പിന്നോക്കാവസ്ഥയുടെ നെല്ലിപ്പലകയില്‍നിന്നാണ് അച്യുതാനന്ദന്‍ തുടങ്ങിയത്. അതുവെച്ചുനോക്കുമ്പോള്‍, അദ്ദേഹത്തിന്റെ കയറ്റം വിസ്മയാവഹമാണ്. സ്വാതന്ത്ര്യസമരസേനാനി അമ്പലപ്പുഴയിലെ 'കുഞ്ചുപിള്ളസാറില്‍'നിന്ന് കോണ്‍ഗ്രസ് അംഗത്വം നേടിയതില്‍ തുടങ്ങി 2021 ജനുവരി 31-ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതുവരെയുള്ള 83 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിന് ഇടവേള ഇല്ലായിരുന്നു. ഈ കാലയളവില്‍ ഒരുപാട് സ്ഥാനമാനങ്ങള്‍ വന്നുചേര്‍ന്നു. ദീര്‍ഘകാലം പാര്‍ട്ടി നേതൃത്വവും അഞ്ചുവര്‍ഷം മുഖ്യമന്ത്രി സ്ഥാനവും വരെ. ഈ കര്‍മണ്യതയില്‍ നിരവധി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന് അവകാശപ്പെടാം. 


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനമാണ് 'പാര്‍ട്ടി കോണ്‍ഗ്രസ്.' ദേശീയ നേതൃത്വമായ നാഷണല്‍ കൗണ്‍സിലിനെ തെരഞ്ഞെടുക്കുക ഈ സമ്മേളനമാണ്. അതില്‍ പങ്കെടുക്കാത്ത ഒരു പ്രതിനിധി നാഷണല്‍ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെടുക, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വതയാണ്. ആ അപൂര്‍വ്വതയുടെ അവകാശിയാണ് വി.എസ്. അച്യുതാനന്ദന്‍. 1958-ല്‍, മുപ്പത്തിയഞ്ചാം വയസ്സില്‍ ആ അതുല്യ അംഗീകാരം വി.എസിനെ തേടിയെത്തി. അവിഭക്ത പാര്‍ട്ടിയില്‍ തുടങ്ങി, സി.പി.എമ്മില്‍ തുടര്‍ന്ന ആ നേതൃപദവി 2021 വരെ നീണ്ടു. 63 വര്‍ഷം കേരളത്തിലെ ഒരു കമ്യൂണിസ്റ്റുകാരനും നേടാന്‍ കഴിയാത്ത അംഗീകാരം. ഇ.എം.എസ് പോലും ഈ റെക്കോര്‍ഡ് മറികടന്നിട്ടില്ല. സി.പി.എമ്മിന്റെ പരമോന്നത ഘടകമാണ് പൊളിറ്റ്ബ്യൂറോ (പി.ബി). അതില്‍ വി.എസ് 23 വര്‍ഷം. ഇ.എം.എസ്, ബി.ടി.ആര്‍, ജ്യോതിബസു, സമര്‍മുഖര്‍ജി, നൃപന്‍ ചക്രവര്‍ത്തി തുടങ്ങി ഒന്‍പത് മഹാരഥന്മാരോടൊപ്പം തുടക്കം. 
സി.പി.എം 1964-ല്‍ രൂപീകൃതമായ ശേഷം നേരിട്ട ഏറ്റവും ഗുരുതര പ്രതിസന്ധിയായിരുന്നു 1985-ല്‍ ഉരുണ്ടുകൂടിയത്. നായനാരും എം.വി. രാഘവനും ചേര്‍ന്നു നയിച്ച 'ബദല്‍ രേഖാ വിപ്ലവം', 12 ജില്ലകളിലെ പാര്‍ട്ടി നേതൃത്വങ്ങളുടെ മഹാഭൂരിപക്ഷം പിന്തുണച്ച പാര്‍ട്ടിവിരുദ്ധ പടയൊരുക്കം. നായനാരെ ഉള്‍പ്പെടെ തിരുത്തിയും തിരിച്ചുപിടിച്ചും വി.എസ് അടിച്ചമര്‍ത്തുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അഞ്ചാം വര്‍ഷം വി.എസ്സിന്റെ അതുല്യ സംഘടനാവിജയം. ഇ.എം.എസിനൊപ്പം നിന്ന് വി.എസ് നയിച്ച പടയോട്ടത്തിന് ഒടുവില്‍ ഇ.എം.എസ് തന്നെ വിലയിരുത്തി: ''കേരളത്തിലെ പാര്‍ട്ടി വി.എസ്സിന്റെ കൈകളില്‍ ഭദ്രം.''
എന്നാല്‍ ആറ് വര്‍ഷത്തിനു ശേഷം, ഒപ്പം നിന്നവര്‍ സെക്രട്ടറിപദത്തില്‍നിന്ന് ചതിച്ചുമറിച്ചിട്ടു എന്നത് പാര്‍ട്ടിയുടെ ചരിത്രം. അതിന് സി.പി.എം നല്‍കേണ്ടിവന്നത് വിഭാഗീയത എന്ന ജീര്‍ണ്ണതയുടെ കനത്തവില. ഇനിയും വീട്ടിത്തീരാത്ത പിഴ. വാര്‍ദ്ധക്യകാലം വിശ്രമത്തിന്റേതാകുന്നതാണ് പതിവ്. വി.എസ്സിന് അത് അത്യദ്ധ്വാനത്തിന്റേതായിരുന്നു. ഒരുപക്ഷേ, അതീവ ജാഗ്രത ഉണ്ടായിട്ടും പക്ഷാഘാതപ്രഹരത്തിന് അതും കാരണമാകാം. 


വി.എസ് മുഖ്യമന്ത്രിയായത് എണ്‍പത്തിരണ്ടാം വയസ്സിലാണ്. അതിനുമുന്‍പത്തെ പത്ത് മുഖ്യമന്ത്രിമാര്‍ക്കും പ്രായം അതിനേക്കാള്‍ വളരെ കുറവായിരുന്നു. 87 വയസ്സ് മുതല്‍ 92 വരെ പ്രതിപക്ഷ നേതാവ്. 92 മുതല്‍ 97 വയസ്സുവരെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍. ഒരു സംസ്ഥാനത്തിന്റെ ഭരണഭാരം 82 വയസ്സില്‍ പേറിയ മനുഷ്യന്‍. നല്ല ഭരണാധികാരി എന്ന സല്‍പ്പേര് എല്ലാവരില്‍നിന്നും നേടിയതിനു പിന്നിലെ അദ്ധ്വാനം കനത്തതായി എന്നത് നിസ്സംശയം. വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സമ്മര്‍ദ്ദമേറിയ കാലയളവുകൂടിയായി അത്. ഭരണകാര്യങ്ങളിലും നടപടികളിലും പാര്‍ട്ടി വി.എസ്സിനോട് സൗഹാര്‍ദ്ദത്തിലായിരുന്നില്ല. മറിച്ചാണ് പാര്‍ട്ടിയുടെ പ്രതികരണം എന്നുമാകാം. പ്രശ്‌നം, ആ അഞ്ച് വര്‍ഷം വി.എസ്സിനു സ്വസ്ഥതയില്ലായിരുന്നു എന്നുതന്നെ. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, ഭൂമി സംരക്ഷണത്തില്‍ കര്‍ശന നടപടി തുടങ്ങിയവയൊക്കെ ചില്ലറ പുകിലല്ല ഉണ്ടാക്കിയത്. ലാവ്ലിന്‍ കേസും അനുബന്ധ പ്രശ്‌നങ്ങളും വി.എസ്സിനു നല്‍കിയത് ഉറക്കമില്ലാത്ത രാത്രികളാണ്. ആ പ്രശ്‌നത്തില്‍ത്തന്നെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കപ്പെട്ട അപമാനഭാരവും പേറേണ്ടിവന്നു. 


2016-ലെ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ല എന്നു നിശ്ചയിച്ചതാണ്. 1991-നു ശേഷം പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍നിന്നു മത്സരിക്കാന്‍ നിര്‍ബ്ബന്ധം പിടിച്ച ഒരേ ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. വഴങ്ങേണ്ടിവന്നു. 92-ാം വയസ്സില്‍ കാസര്‍കോട് മുതല്‍ പാറശാലവരെ നിര്‍ത്താതെ ഓടി പ്രചാരണത്തിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ല. അതല്ലായിരുന്നു വി.എസ്സിന്റെ വിഷമം; 'ഒതുക്കി' എന്ന പൊതുസമൂഹത്തിലെ പ്രചാരണമായിരുന്നു. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയിലും നിരന്തര യാത്രയും തെളിവുശേഖരണ സമ്മേളനങ്ങളും ചര്‍ച്ചകളുമായി നിരന്തര പ്രവര്‍ത്തനത്തിന്റെ ജോലിഭാരമായി. സെക്രട്ടറിയേറ്റില്‍ ഒരു മുറി അനുവദിക്കണമെന്ന ചെയര്‍മാന്റെ ആവശ്യം ആവര്‍ത്തിച്ചിട്ടും അനുവദിക്കാതിരുന്നത്, അപമാനിക്കപ്പെട്ടതിന്റെ മാനസികാവസ്ഥ, അതിന്റെ മാനസിക സമ്മര്‍ദ്ദം കുറച്ചൊന്നുമല്ലായിരുന്നു. കമ്മിഷന്റെ റിപ്പോര്‍ട്ടുകളോട് പരിഗണന കാണിക്കാതിരുന്നതും കടുത്ത അലോസരമായി. അങ്ങനെ ഈ കാലയളവ് അടിമുടി പിരിമുറുക്കത്തിന്റേതായിരുന്നു. 


1996-ല്‍ മാരാരിക്കുളത്ത് പരാജയപ്പെടുമ്പോള്‍ വി.എസ്സിന് പ്രായം 73. മനസ്സും ശരീരവും വല്ലാതെ ഉലഞ്ഞുപോയി. ചുണ്ടിനും കപ്പിനുമിടയില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു എന്നതിലായിരുന്നില്ല കഠിനമനോവേദന; മറിച്ച്, ആ തോല്‍വിക്കു പിന്നില്‍ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ നടത്തിയ ഗൂഢാലോചനയിലായിരുന്നു. കെ.ആര്‍. ഗൗരിയമ്മ പാര്‍ട്ടിക്കു പുറത്തായിരുന്നിട്ടും വി.എസ്സിനെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പു നല്‍കിയതാണ്: ''തന്നെ തോല്‍പ്പിക്കാന്‍ ചിലരൊക്കെ തൊട്ടടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.'' വി.എസ് അത് അത്ര കാര്യമായി എടുത്തില്ല. അത്രയും ഹീനകൃത്യം കമ്യൂണിസ്റ്റുകാര്‍ ചെയ്യുമോ എന്നായിരുന്നു വി.എസ്സിന്റെ വിചാരം. പക്ഷേ, അതാണ് സംഭവിച്ചതെന്നു തെളിയിക്കപ്പെട്ടപ്പോള്‍ ഉണ്ടായ മാനസിക പിരിമുറുക്കം ചെറുതായിരുന്നില്ല. 
വി.എസ് മുന്‍കൈ എടുത്താണ് പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയാക്കിയത്. അന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിലെ ടി.കെ. രാമകൃഷ്ണന്‍ ഉള്‍പ്പെടെ പലരും വിയോജിച്ചതാണ്; ''നല്ലൊരു മന്ത്രിയെ നഷ്ടപ്പെടും'' എന്നായിരുന്നു ടി.കെയുടെ വിയോജനം പൊതിഞ്ഞ വാക്കുകള്‍. (അന്ന് പിണറായി മന്ത്രിയായിരുന്നു). ''നമുക്ക് നല്ലൊരു സെക്രട്ടറിയും വേണ്ടേ...?'' എന്നായിരുന്നു വി.എസ്സിന്റെ മറുചോദ്യം. 
'വിജയനോട്' വി.എസ്സിന് വാത്സല്യമായിരുന്നു. ബദല്‍രേഖഘട്ടത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പിണറായി നിയോഗിക്കപ്പെട്ടു. സി.എം.പിയെ കണ്ണൂരില്‍ അമര്‍ച്ച ചെയ്തതില്‍ വി.എസ്സിനു വലിയ മതിപ്പായി. സംസ്ഥാന സെക്രട്ടറിയായ ശേഷം, ആദ്യമായി പിണറായി ആലപ്പുഴയില്‍ പരിപാടിയിട്ടു. രാവിലെ വി.എസ് ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസില്‍ വിളിച്ചു. ഓഫീസ് സ്റ്റാഫ് ഉദയകുമാറാണ് സംസാരിച്ചത്. ''വിജയന്‍ എത്തിയൊ... ഊണിനു നല്ല കരിമീനൊക്കെ ഉണ്ടാകണം. ഉഷാറായിക്കോട്ടെ...'' പിണറായി വിജയന്‍ വി.എസ്സിനെക്കാള്‍ 21 വയസ്സ് ഇളയതാണ്. അതായത് വി.എസ് പുന്നപ്ര-വയലാര്‍ സമരസംഘാടകനായി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഘട്ടത്തിലാണ് പിണറായി വിജയന്റെ ജനനം.
ഉറ്റ സഹോദരസമമായ ആ ബന്ധം പിണറായി സെക്രട്ടറിയായി ഏതാണ്ട് മൂന്ന് വര്‍ഷമായപ്പോഴേയ്ക്കും ഉലയാന്‍ തുടങ്ങി. അകലം കൂടിക്കൂടി വന്നതേയുള്ളൂ. പാര്‍ട്ടിയുടെ മലപ്പുറം സമ്മേളനത്തില്‍ ഏറ്റുമുട്ടലില്‍ എത്തി. പരസ്യ വാക്‌പോരിന്റെ പേരില്‍ ഇരുവരും പൊളിറ്റ് ബ്യൂറോയില്‍നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടു. പിന്നീട് ഇരുവരും തിരിച്ചെത്തി. ലാവ്ലിന്‍ കൊടുമ്പിരികൊള്ളവെ, വി.എസ് പി.ബിയില്‍നിന്ന് പുറത്താക്കപ്പെട്ടു. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ടുതന്നെ വലിയ ദേശീയ വാര്‍ത്തയായി. അപമാനം ദേശവ്യാപകം. 
വി.എസിന്റെ പൊതുജീവിതത്തില്‍ ഏറ്റവും മനസ്സുകലങ്ങിയത് 2015-ല്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോരേണ്ടിവന്ന സംഭവത്തിലാണ്. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവാണ് വി.എസ്. 92-ല്‍ എത്തിയ വയോധികന്‍. ആ മനുഷ്യനെ ഇരുപതും ഇരുപത്തഞ്ചും വയസ്സുമാത്രമുള്ള പിള്ളേരെ വിട്ട് പറയരുതാത്തതെല്ലാം പറഞ്ഞ 'ചര്‍ച്ച' വളരെ സഹിച്ചുകേട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം മുതല്‍ പങ്കെടുത്ത വി.എസ് ജനറല്‍ സെക്രട്ടറി കാരാട്ടിനെ ഓര്‍മ്മിപ്പിച്ചു: ''ഇങ്ങനെയൊക്കെയാണോ ചര്‍ച്ച...'' രണ്ടു തവണ കാരാട്ട് അനങ്ങിയില്ല. 


ആ രാത്രിയും തുടര്‍ന്ന പകലും രാത്രിയും വി.എസ് വലിയ പിരിമുറുക്കത്തിലായിരുന്നു. മനസ്സ് പ്രക്ഷുബ്ധമായിരുന്നു. അത് പ്രകടമായിരുന്നു. ഹൃദയപേശികള്‍ക്കു ക്ഷതമുണ്ടാക്കാവുന്ന മാനസിക സമ്മര്‍ദ്ദം. ഒപ്പം ഉണ്ടായിരുന്നവരില്‍ ആകാംക്ഷ; ആശങ്ക. വളരെ വൈകിയാണ് ഉറങ്ങാന്‍ കഴിഞ്ഞത്; പിറ്റേന്നു രാത്രി ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അദ്ദേഹം ശാന്തനായിരുന്നു. പതിവുപോലെ അദ്ദേഹത്തിന്റെ പ്രവൃത്തിദിനം ആരംഭിച്ചു. 
എട്ട് പതിറ്റാണ്ടു നീണ്ട പൊതുജീവിതം  കളങ്കരഹിതമായിട്ടുള്ളത് വിസ്മയം പകരാം. വി.എസ് ആ വിസ്മയത്തിന്റെ അവകാശിയാണ്. ഒരു തവണ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ആരോപണം ഉയര്‍ന്നു. ആ ആക്ഷേപത്തിനു മാധ്യമങ്ങള്‍ നല്‍കിയ പേരാണ് ഭൂമിദാനം, വി.എസ് മുഖ്യമന്ത്രിയായിരിക്കെ തന്റെ ഒരു ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചുകൊടുത്തു എന്നായിരുന്നു കേസ്. 2011-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ആ കേസ് നിരുപാധികം റദ്ദാക്കി. ആ ഉത്തരവില്‍ ജസ്റ്റിസ് എസ്.എസ്. സതീഷ് ചന്ദ്രന്റെ നിരീക്ഷണം ഇപ്രകാരം: ഒരു കുരിശു പണിതിട്ട്, അതില്‍ തറക്കാന്‍ ആളെ അന്വേഷിച്ചു നടക്കുന്നതുപോലത്തെ കേസ്. ആ ആക്ഷേപവും കേസും അതോടെ മാഞ്ഞുപോയി. 
ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ വി.എസ്സിന്റെ മകള്‍ ഡോ. ആശ അവരെ ഒരു ആവശ്യത്തിനു കാണാന്‍ പോയി. നിയമസഭ ചേര്‍ന്നുകൊണ്ടിരുന്ന ഘട്ടം. പുതിയ നിയമസഭാ മന്ദിരത്തില്‍ മന്ത്രിയുടെ മുറിയിലേക്കു നടക്കവെ, ഒപ്പം ഉണ്ടായിരുന്നവര്‍ കേള്‍ക്കെ, ആത്മഗതം പോലെ പറഞ്ഞു: ''ഞാന്‍ ആദ്യമായാണ് ഇവിടെ എത്തുന്നതും കാണുന്നതും.. അച്ഛന്‍ അഞ്ച് കൊല്ലം ക്ലിഫ്ഹൗസിലായിരുന്നല്ലോ താമസം... ഒരു ദിവസം പോലും ഞാന്‍ അവിടെ അന്തി ഉറങ്ങിയിട്ടില്ല.''


ആശയുടെ മനപ്പൂര്‍വ്വമല്ലാതെയുള്ള ഈ വാക്കുകള്‍ ധ്വനിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്; വി.എസ്സിന്റെ രാഷ്ട്രീയ ജീവിതവും കുടുംബവും തമ്മില്‍ അസാധാരണമായ അകലമായിരുന്നു. വി.എസ്സിന്റെ മകന്‍ ഡോ. അരുണ്‍കുമാറിന്റെ ഔദ്യോഗിക രംഗത്തെ ക്രമക്കേട് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപം ഉന്നയിച്ചു. വി.എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണിത്. വി.എസ് ചെയ്തത്, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്‍പ്പെട്ട സംയുക്ത നിയമസഭാസമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു; ദിവസങ്ങള്‍ പോലും വൈകിയില്ല തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജിലന്‍സിനെക്കൊണ്ടുകൂടി അന്വേഷിക്കാന്‍ ഉത്തരവിട്ടു. വിജിലന്‍സ് അഞ്ച് വര്‍ഷം അന്വേഷിച്ചു. അരുണ്‍കുമാറിനെ കുറെ ബുദ്ധിമുട്ടിച്ചു; മാനസികമായി സമ്മര്‍ദ്ദത്തിലാക്കി. അതുമാത്രമേ സംഭവിച്ചുള്ളൂ. ക്രമക്കേട് ഒന്നും കണ്ടെത്തിയില്ല. ഏഴാം വര്‍ഷം വിജിലന്‍സ് കേസ് എഴുതിത്തള്ളി അന്വേഷണം അവസാനിപ്പിച്ചു. 


വി.എസ് തന്റെ പൊതുജീവിതകാലത്ത് ഒന്നും പിടിച്ചെടുക്കുകയൊ വെട്ടിപ്പിടിക്കുകയൊ ചെയ്തിട്ടില്ല. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായത്, പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ്. വി.എസ്സിനു ശേഷം സംസ്ഥാന സെക്രട്ടറിയായവര്‍ പൊളിറ്റ്ബ്യൂറോയില്‍ എത്തിയത് തൊട്ടുചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലോ കേന്ദ്രകമ്മിറ്റി യോഗത്തിലോ ആണ്. വി.എസ് പാര്‍ട്ടി സെക്രട്ടറിയാകുന്നത് 1980-ലാണ്. പി.ബിയില്‍ എത്തുന്നത് അഞ്ച് വര്‍ഷത്തിനുശേഷം 1985 ഡിസംബറില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ്. 
1991-ലെ തെരഞ്ഞെടുപ്പിനു ശേഷം നായനാര്‍ പ്രതിപക്ഷ നേതാവായത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമായിരുന്നു. ആ വര്‍ഷം കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലെ അടിയൊഴുക്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് വി.എസ് തെറിച്ചു. ഈ നീക്കത്തിന്റെ പിന്നിലെ സൂത്രധാരകര്‍ 'വിജയത്തില്‍' അതിരുവിട്ടു സന്തോഷിച്ചു. സംസ്ഥാന സെക്രട്ടറിയായത് നായനാരായിരുന്നു. സ്വാഭാവികമായും പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിയിരുന്നു. എം.എല്‍.എ ആയിരുന്ന വി.എസ്സിനെ പ്രതിപക്ഷനേതാവാക്കാതിരിക്കാന്‍ നീക്കം നടക്കുന്നതറിഞ്ഞ് വി.എസ്സിന്റെ പ്രതികരണം ഇതായിരുന്നു: ''ആയിക്കോട്ടെ, പാര്‍ട്ടിനയം സംരക്ഷിക്കാന്‍ പി.ബി അംഗത്വം ധാരാളം.'' വി.എസ്സിനെ നിയമസഭാ പ്രവര്‍ത്തനത്തിന് ഇറക്കാന്‍ മുന്‍കയ്യെടുത്ത ജ്യോതിബാസു സംസ്ഥാനകമ്മിറ്റിക്കെത്തിയാണ് ബദല്‍നീക്കം തടഞ്ഞത്. 

1996-ല്‍ മാരാരിക്കുളത്ത് വി.എസ് പരാജയപ്പെട്ടു. പുലര്‍ച്ചേ ആറുമണിക്കായിരുന്നു കേരളം നടുങ്ങിയ ആ പ്രഖ്യാപനം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍, ഏഷ്യാനെറ്റിന്റേയും ദൂരദര്‍ശന്റേയും പ്രതിനിധികള്‍ കാത്തിരുന്നു. ''എല്ലാം പാര്‍ട്ടി പരിശോധിക്കുമെന്ന്'' ഒറ്റവാചക പ്രതികരണം മാത്രമേ ഉണ്ടായുള്ളൂ. കാലുവാരല്‍ വി.എസ് മണത്തിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല. ടെലിഫോണ്‍ നിരന്തരം ശബ്ദിച്ചു. എല്ലാത്തിനോടും വി.എസ് തന്നെ സംസാരിച്ചു. പലരും പാര്‍ട്ടി നേതാക്കളായിരുന്നു. എം. ചന്ദ്രനെപ്പോലെയുള്ള നേതാക്കളുടെ അഭിപ്രായം ഇതായിരുന്നു: ''തോറ്റത് കണക്കാക്കേണ്ട. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.എസ് എന്നതാണ് പാര്‍ട്ടി തീരുമാനം അതു നടപ്പാക്കണം'' എന്നുവെച്ചാല്‍ മുഖ്യമന്ത്രിയാകണം. വി.എസ് സമ്മതിച്ചില്ല. ''ജനവിധി അതെങ്ങനെ സംഘടിപ്പിച്ചതാണെങ്കിലും, ജനവിധി തന്നെയാണ്. അതുകൊണ്ട് ഞാനില്ല'' - അദ്ദേഹം ദൃഢസ്വരത്തില്‍ പ്രതികരിച്ചു. വലിയൊരു തിരിച്ചടി നേരിട്ട ഭാവഭേദമെല്ലാം പെട്ടെന്നു മാഞ്ഞു. കുളിച്ചൊരുങ്ങി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്കു പുറപ്പെടുകയും ചെയ്തു. 


സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാരെ ഇറക്കിയത് വി.എസ് തന്നെയാണ്. മറുപക്ഷം സുശീലാ ഗോപാലനേയും. സെക്രട്ടറിയായിരുന്നെങ്കിലും നായനാര്‍ തര്‍ക്കപരിഹാരത്തിനു മുതിര്‍ന്നില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തിറങ്ങി. നായനാര്‍ക്കും വി.എസ്സിനും കമ്മിറ്റിയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രണ്ട് വോട്ടിന് സുശീലാ ഗോപാലന്‍ സംസ്ഥാനകമ്മിറ്റിയില്‍ തോറ്റു. വി.എസ് എന്തിന് ഈ നീക്കം നടത്തി എന്നു ചോദിക്കാം; പ്രതികാരവാഞ്ഛയല്ലേ...? വി.എസ് അച്യുതാനന്ദനും ഒരു മനുഷ്യനല്ലേ, പച്ച മനുഷ്യന്‍. 
1991-നു ശേഷം, പാര്‍ട്ടി സംഘടനാരംഗത്ത് വി.എസ് വലിയ വെല്ലുവിളി നേരിടുകയായിരുന്നു. അങ്ങനെയിരിക്കെയാണ്, പാലക്കാട് സംസ്ഥാന സമ്മേളനം ചേര്‍ന്നത്, 1998-ല്‍. ആ സമ്മേളനത്തിലാണ് ലോറന്‍സും രവീന്ദ്രനാഥുമൊക്കെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ തോറ്റത്. മാധ്യമങ്ങള്‍ എഴുതി: വി.എസ്സിന്റെ സമ്പൂര്‍ണ്ണ മേധാവിത്വം- പക്ഷേ, വി.എസ് സെക്രട്ടറിയാകാന്‍ തയ്യാറായില്ല; പകരം, ചടയന്‍ ഗോവിന്ദനെയാണ് വി.എസ് നിര്‍ദ്ദേശിച്ചത്. 


2006-ല്‍ വി.എസ്സിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. ''എന്നെ വേണ്ടെങ്കില്‍ വേണ്ട;'' എന്നുമാത്രമായിരുന്നു വി.എസ് പ്രതികരിച്ചത്. തീരുമാനം പുറത്തായപ്പോള്‍ വലിയ ഒച്ചപ്പാടും പ്രതിഷേധവും ഉയര്‍ന്നു. പത്രക്കാര്‍ പടകൂടി. വി.എസ് പ്രതികരിച്ചില്ലെന്നു മാത്രമല്ല, അവരെ കാണാനും കൂട്ടാക്കിയില്ല. പിറ്റേന്ന് സീറ്റുവിഭജനചര്‍ച്ച എ.കെ.ജി സെന്ററില്‍. രാവിലെ ഒരുങ്ങി എ.കെ.ജി സെന്ററില്‍ എത്തുകയും ചെയ്തു. അവസാനം 'മത്സരിക്കണം' എന്ന അപേക്ഷയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.എസ്സിനെ ചെന്നു കാണുകയായിരുന്നു. 
അവസാനം, ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനവും പിടിച്ചേല്പിക്കുകയായിരുന്നു. അതിന്റെ സാഹചര്യം ഇതായിരുന്നു:

2016-ലെ എല്‍.ഡി.എഫ് പ്രചാരണതാരമായിരുന്നു വി.എസ്. നാട്ടിലാകെ ധാരണ വി.എസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു; കുറെക്കാലത്തേക്ക് എങ്കിലും: പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നു പ്രഖ്യാപിക്കാന്‍, തീരുമാനിക്കാന്‍ പോലും ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞപ്പോള്‍ വി.എസ് ചിത്രത്തില്‍ ഉണ്ടായില്ല. പ്രതികരണം തേടിയ മാധ്യമസംഘത്തോട് നിശ്ശബ്ദനായി മാത്രം പ്രതികരിച്ച് വി.എസ് കടന്നുപോയി.വി.എസിനോട് നീതികേടു കാട്ടി എന്ന പൊതുവികാരം ഉയര്‍ന്നു. അത് ഏറെ പ്രകടമായി. അതിനു പരിഹാരം അനിവാര്യമായി. വി.എസ്സിനു സുപ്രധാനമായൊരു പദവി നല്‍കണം. അങ്ങനെ പൊതുവികാരം തണുപ്പിക്കാം. അങ്ങനൊരു ചിന്ത ചെന്നെത്തിയത് ഭരണപരിഷ്‌കാര കമ്മിഷന്‍ എന്ന സൃഷ്ടിയിലേക്കാണ്. മന്ത്രിപദവിയില്‍ ചെയര്‍മാനായി വി.എസ്. വി.എസ്സിനു പദവി, അത്രയേ ഉദ്ദേശിച്ചുള്ളൂ എന്ന് പില്‍ക്കാലം തെളിയിച്ചു. ചെയര്‍മാന്‍ പദവി ഏറ്റ വി.എസ് 92-ാം വയസ്സിലെ അവശതകള്‍ക്കിടയില്‍ കേരളമാകെ സഞ്ചരിച്ചും നാനാജനസമൂഹങ്ങളുമായി സംവദിച്ചും മറ്റുവിധ ചര്‍ച്ചകള്‍ നടത്തിയും 13 ഭരണപരിഷ്‌കരണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. ഒന്നുപോലും നടപ്പാക്കലിനു പരിഗണിച്ചില്ല എന്നത് മറ്റെന്താണ് സാക്ഷ്യപ്പെടുത്തുന്നത്?
പിണറായി വിജയന്‍ ഒഴികെ, പാര്‍ട്ടിയുടെ സമകാലിക നേതാക്കള്‍ക്കു സങ്കല്പിക്കാന്‍ കഴിയാത്ത ത്യാഗം സഹിച്ച തലമുറയുടെ ജീവനുള്ള അവസാന കണ്ണിയാണ് വി.എസ്. അച്യുതാനന്ദന്‍. ഈ പാര്‍ട്ടിക്കും അതിന്റെ വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ക്കും അടിത്തറപാകിയ തലമുറയിലെ ജീവനോടെയുള്ള ഒരേ ഒരാള്‍. അതുകൊണ്ടാകണം, 'കൈരളി'യുമായുള്ള അഭിമുഖത്തില്‍ പിണറായി വിജയന്‍ വി.എസ്സിനെ 'പാര്‍ട്ടിയുടെ വലിയ ധനം' എന്നു പ്രകീര്‍ത്തിച്ചത്. കമ്യൂണിസ്റ്റുകാര്‍ തല വെളിയില്‍ കാണിച്ചാല്‍ തല പോകുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതാണ് ഇന്നത്തെ വി.എസ്. മുപ്പത്തൊന്‍പത് - നാല്‍പ്പതുകളില്‍ പാര്‍ട്ടിയും തൊഴിലാളി പ്രസ്ഥാനങ്ങളും സംഘടിപ്പിക്കാന്‍ അച്യുതാനന്ദന്‍ അനുഭവിച്ച പട്ടിണിയും മര്‍ദ്ദനവും മറ്റുവിധ യാതനകളും വിവരണാതീതമാണ്. റിസോര്‍ട്ടുകളില്‍ അന്തിയുറങ്ങുന്ന 'യുവ വിപ്ലവനേതാക്കള്‍ക്ക്' ആ പാരമ്പര്യം ഉള്‍ക്കൊള്ളാനാകാത്തത് സ്വാഭാവികം. 


2019 ഒക്ടോബര്‍ 24-ന് രാത്രിയില്‍ വി.എസ്സിന് ആ ദുര്യോഗം സംഭവിച്ചു; ചെറിയ പക്ഷാഘാതം. 10 ദിവസം ശ്രീചിത്രയില്‍ ചികിത്സ. വലതുകാലിനും കൈയ്ക്കും തളര്‍ച്ച. യൗവ്വനസമാനമായ മുഴക്കമുള്ള ശബ്ദം നേര്‍ത്തതായി. 
വി.എസ് നൂറ് കടക്കുന്നു. അദ്ദേഹം പൂര്‍ണ്ണ വിശ്രമത്തിലാണ്. ആ സമരജ്വാല മനസ്സില്‍ കെടാവിളക്കായി ഉണ്ടാകും. ആ പൊതുജീവിത ചരിത്രം കുറെ പേര്‍ക്കെങ്കിലും നന്മയുടെ വഴി കാട്ടുമെന്ന് പ്രത്യാശിക്കാം. 

ഈ ലേഖനം കൂടി വായിക്കാം:

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com