ചരിത്രം തന്നെ വിസ്മരിച്ച് ത്രിപുരയിലെ സി.പി.എം

2018-ലാണ് രണ്ടര ദശാബ്ദത്തെ ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തുന്നത്
ചരിത്രം തന്നെ വിസ്മരിച്ച് ത്രിപുരയിലെ സി.പി.എം

രിത്രത്തിലെ മറ്റൊരു രാഷ്ട്രീയ വഴിത്തിരിവിലാണ് ത്രിപുര. 2018-ലാണ് രണ്ടര ദശാബ്ദത്തെ ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുകഴിഞ്ഞു. രണ്ട് പതിറ്റാണ്ടായി ത്രിപുരയിലെ സി.പി.എമ്മിന്റെ മുഖ്യശത്രുക്കളിലൊന്നായിരുന്നു കോണ്‍ഗ്രസ്. സഹകരണമാണോ സഖ്യമാണോ എന്ന നിര്‍വ്വചനത്തിനു കൂടുതല്‍ വ്യക്തത കൈവരേണ്ടതുണ്ടെങ്കിലും രാഷ്ട്രീയ നിലനില്‍പ്പിനും അതിജീവനത്തിനും ഈ കൂട്ടുകെട്ട് അനിവാര്യമെന്ന് ദുര്‍ബ്ബലദശ നേരിടുന്ന രണ്ടു പാര്‍ട്ടികളും കരുതുന്നു. ഇതോടെ, ഒരിക്കല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിനു പുറമേ ത്രിപുരയിലും കോണ്‍ഗ്രസ് ബാന്ധവം സി.പി.എം ഉറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്-സി.പി.എം ബന്ധത്തിന് ബംഗാളിലെ അനുഭവമുണ്ടാകുമോ? ബി.ജെ.പിയെന്ന പൊതുശത്രുവിനെ മെരുക്കാന്‍ ഈ ബാന്ധവത്തിന് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഏതായാലും എട്ട് പതിറ്റാണ്ടുകാലത്തോളം കോണ്‍ഗ്രസ്സിനോടുള്ള സി.പി.എമ്മിന്റെ സമീപനത്തിലെ ഈ മാറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍വന്ന മാറ്റത്തിന്റെ രേഖാചിത്രം കൂടിയാണ്.

ബന്ധുക്കള്‍ ശത്രുക്കള്‍

കഴിഞ്ഞ എട്ടു ദശാബ്ദക്കാലയളവില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ രൂപാന്തരം രസകരമാണ്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായിരുന്നു ഇടതുപക്ഷം. പ്രഥമ പ്രധാനമന്ത്രിയായി നെഹ്റു സഭയിലിരുന്നപ്പോള്‍ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് എ.കെ.ജിയായിരുന്നു. സോഷ്യലിസ്റ്റ് അനുകൂല നിലപാട് നെഹ്റു സ്വീകരിച്ചെങ്കിലും പ്രത്യക്ഷത്തില്‍ ശത്രുപാളയത്തില്‍ തന്നെയായിരുന്നു സി.പി.ഐ. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലെയുള്ളവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന സര്‍ക്കാരിന്റെ പല നടപടികളേയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. നെഹ്റുവിന്റെ നിലപാടുകളിലെ വര്‍ഗ്ഗാഭിമുഖ്യം ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് സി.പി.ഐയെ രാഷ്ട്രീയമായി നേരിട്ടത്. ഭരണഘടനയുടെ 356-ാം വകുപ്പ് ആദ്യമായും പിന്നീട് നിരന്തരമായും രാഷ്ട്രീയ പ്രതിയോഗികള്‍ക്കു നേരേ പ്രയോഗിക്കുന്നതിന്റെ തുടക്കം കൂടിയായിരുന്നു അത്. എങ്കിലും കേരളത്തിനു പുറമേയുള്ള സംസ്ഥാനങ്ങളിലെ ജനസ്വാധീനവും അക്കാദമിക ബുദ്ധിജീവികള്‍ക്കിടയിലെ സ്വാധീനവും ഇടതുപക്ഷത്തിനേറി വന്നു. ഇതോടെ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്ര എതിരാളിയായി ഇടതുപക്ഷം മാറി. 

പി സുന്ദരയ്യ
പി സുന്ദരയ്യ

കല്‍ക്കട്ട തീസിസിനു ശേഷം കോണ്‍ഗ്രസ്സിനോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. വലതുപക്ഷത്തില്‍ പുരോഗമനസ്വഭാവം ഒരു വിഭാഗം കണ്ടെത്തി. ചൈനയോടുള്ള നിലപാടാണ് പിളര്‍പ്പിന്റെ പ്രധാന കാരണമെങ്കിലും കോണ്‍ഗ്രസ്സിനോടുള്ള സമീപനവും ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളില്‍പ്പെടുന്നു. അന്ന് ചൈനയെ അനുകൂലിച്ച കമ്യൂണിസ്റ്റ് നേതാക്കളെയെല്ലാം സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇ.എം.എസും ജ്യോതിബസുവും പി. സുന്ദരയ്യയും ബി.ടി. രണദിവെയുമടക്കമുള്ളവര്‍ അറസ്റ്റിലായി. ബംഗാള്‍ ഘടകത്തിലെ 101 അംഗ സംസ്ഥാന പാര്‍ട്ടി കൗണ്‍സിലില്‍ 30 അംഗങ്ങള്‍ അറസ്റ്റിലായി. അതേസമയം ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ്സിനോട് ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചു. അതേസമയം ഭൂരിപക്ഷം വരുന്ന വിഭാഗമാകട്ടെ, കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവാക്കി മുന്നോട്ടുപോയി. പിന്നീട്, ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോഴും സി.പി.എം നേതാക്കള്‍ അറസ്റ്റിലായി. സി.പി.ഐ ഒഴികെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. കേരളത്തിലും ബംഗാളിലും നേതാക്കളെ മാത്രമല്ല, അനുഭാവികളും വരെ അറസ്റ്റിലായി. ആന്ധ്രയിലാണ് ഏറ്റവുമധികം കമ്യൂണിസ്റ്റ് നേതാക്കള്‍ അറസ്റ്റിലായത്. 

കോണ്‍ഗ്രസ്സിനെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പേരിലും പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങളുണ്ടായി. സി.പി.എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവുമായി ചേരാനുള്ള നീക്കത്തെയാണ് സുന്ദരയ്യ എതിര്‍ത്തത്. സുന്ദരയ്യക്കു ശേഷം ജനറല്‍ സെക്രട്ടറിയായ ഇ.എം.എസ് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് വ്യക്തമാക്കിയത് ഇക്കാലത്താണ്. 1977-ല്‍ കോണ്‍ഗ്രസ് തോറ്റു. ആദ്യ കോണ്‍ഗ്രസ്സിതര മന്ത്രിസഭയില്‍ വാജ്പേയിയും അദ്വാനിയും മന്ത്രിമാരായി. അതോടെ ജനസംഘത്തിന്റെ മുന്‍നിര പ്രവര്‍ത്തകരെ മന്ത്രിമാരാക്കിയെന്ന പേരുദോഷം കൂടി ചരിത്രത്തില്‍ സി.പി.എമ്മിനു കിട്ടി. 

ഇഎംഎസ്
ഇഎംഎസ്

കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ട സമയത്ത് ആ പാര്‍ട്ടിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിലും സി.പി.എം പങ്കുവഹിച്ചിട്ടുണ്ട്. ഹര്‍കിഷന്‍സിങ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കാലത്ത് പ്രാദേശിക-സോഷ്യലിസ്റ്റ് പാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതില്‍ പങ്കുവഹിച്ചിരുന്നു. ഇതിനു പകരമായിരുന്നു ജ്യോതിബസുവിന് ഐക്യപ്രതിപക്ഷം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിപദം. പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയായ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശത്തെ അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് പിന്തുണച്ചു. എന്നാല്‍, സുര്‍ജിതിന്റെ നിലപാട് കേന്ദ്രകമ്മിറ്റി തള്ളി. ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ അന്നും കേന്ദ്രകമ്മിറ്റി എതിര്‍ത്തു. കേന്ദ്രകമ്മിറ്റിയുടെ ഈ തീരുമാനത്തെയാണ് ജ്യോതിബസു 'ചരിത്രപരമായ മണ്ടത്തരം' എന്നു വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില പ്രകടമായ മാറ്റങ്ങളുണ്ടായതും ഇക്കാലത്താണ്. ഹിന്ദു വര്‍ഗ്ഗീയത ഉയര്‍ത്തിപ്പിടിച്ച രഥയാത്രയോടെ ബി.ജെ.പി മുഖ്യ നിര്‍ണ്ണായക ശക്തിയായി മുന്നോട്ടുവന്നു. കോണ്‍ഗ്രസ് ദുര്‍ബ്ബലമായിത്തുടങ്ങി. മുഖ്യശത്രു ആരെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ഇടതുപക്ഷം നല്‍കിയില്ല. 2004-ല്‍ യു.പി.എ സര്‍ക്കാരിനെ സി.പി.എം പിന്തുണച്ചു. സി.പി.എമ്മിന് 43 സീറ്റും സി.പി.ഐക്ക് 10 സീറ്റുമാണ് അന്നുണ്ടായിരുന്നത്. നിര്‍ണ്ണയാധികാരത്തിലേക്കുള്ള പാര്‍ട്ടിയുടെ രംഗപ്രവേശമായിരുന്നു ആ കാലയളവ്. നേരിട്ട് അധികാരം കയ്യാളിയില്ലെങ്കിലും യു.പി.എയുടെ നയങ്ങളില്‍ പ്രധാന സ്വാധീനശക്തിയായി ഇടതുപക്ഷം മാറി. അന്നും ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു കോണ്‍ഗ്രസ് തന്നെയായിരുന്നു. 

2008-ല്‍ ആണവകരാറിന്റെ പേരില്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. എന്നാല്‍ ആ വെല്ലുവിളി അതിജീവിച്ച കോണ്‍ഗ്രസ് 2009-ല്‍ വീണ്ടും അധികാരത്തിലെത്തി. ഒന്നാം സര്‍ക്കാരിന്റെ കാലത്ത് കിട്ടിയ പ്രാമുഖ്യം രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലയളവില്‍ ഇടതുപക്ഷത്തിനു ലഭിച്ചില്ല. നവലിബറല്‍ നയങ്ങള്‍ പിന്തുടരുകയല്ലാതെ ഭരിക്കുന്ന സ്ഥലങ്ങളില്‍ മാര്‍ഗ്ഗമില്ലെന്നു കരുതി അത് പിന്തുടര്‍ന്നതോടെ പാര്‍ട്ടി വന്‍തിരിച്ചടി നേരിട്ടു. 33 വര്‍ഷത്തിനു ശേഷം ബംഗാളില്‍ അധികാരം നഷ്ടമായി. ജനകീയ അടിത്തറ പാടേ നഷ്ടമായ പാര്‍ട്ടിക്ക് അണികളും ഓഫീസുകളും സംവിധാനങ്ങളും പോലുമില്ലാതായി. അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ്സുകാരാല്‍ സി.പി.എമ്മുകാര്‍ ആക്രമിക്കപ്പെട്ടു. സ്വയരക്ഷയ്ക്കായി അവര്‍ പലരും ബി.ജെ.പിയില്‍ അഭയം തേടി. മുഖ്യശത്രുവായ കോണ്‍ഗ്രസ്സിനൊപ്പം മത്സരിക്കുകയും ചെയ്തു. 

ഹർകിഷൻ സിങ് സുർജിത്
ഹർകിഷൻ സിങ് സുർജിത്

കോണ്‍ഗ്രസ്സുമായുള്ള സഖ്യം തെറ്റായിരുന്നെന്ന് കേന്ദ്രകമ്മിറ്റിയും പിബിയും വിലയിരുത്തി. കോണ്‍ഗ്രസ്സിന് അടിത്തറ നഷ്ടമായെന്നും മതനിരപേക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ സമീപനം ശരിയായ ദിശയിലല്ലെന്നും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നുമായിരുന്നു പിബി വിലയിരുത്തല്‍. എങ്കിലും പിന്നീട് പല തവണയായി ഈ കൂട്ടുകെട്ട് സാധ്യമായി. ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിലെ പാര്‍ട്ടിഘടകം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലുണ്ടാക്കുന്ന കോണ്‍ഗ്രസ് ബന്ധം കേരളത്തിലെ പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുമെന്നായിരുന്നു കേരള ഘടകം ഉന്നയിച്ചിരുന്നത്. കോണ്‍ഗ്രസ് ദുര്‍ബ്ബലമായെന്നും പ്രാദേശിക കക്ഷികള്‍ പോലും അവരെ ഒപ്പം കൂട്ടാതെ മാറ്റിനിര്‍ത്തുകയാണെന്നും പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ത്രിപുര സഖ്യത്തെ ന്യായീകരിക്കുന്നു. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റാണെന്നും അതത് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ ആരാണോ നല്ല സഖ്യകക്ഷി, അവരുമായി കൈകോര്‍ക്കാമെന്നാണ് ന്യായീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നതില്‍ ആദ്യ ഘട്ടത്തില്‍ എതിര്‍ത്തെങ്കിലും പിന്നീട് സംസ്ഥാന ഘടകം അനുനയത്തിനു തയ്യാറാകുകയായിരുന്നു. എന്നാല്‍, ആ ബന്ധം പ്രയോജനം ചെയ്തില്ലെന്ന് പാര്‍ട്ടി വിലയിരുത്തി. സംസ്ഥാന ഘടകം നല്‍കിയ മുന്നറിയിപ്പ് ശരിയായിരുന്നു എന്ന മട്ടിലായിരുന്നു പിന്നീട് കാര്യങ്ങള്‍.

രാഹുല്‍ഗാന്ധി നേതൃത്വം നല്‍കിയ ഭാരത് ജോഡോ യാത്രയ്ക്കെതിരെ ഏറ്റവുമധികം എതിര്‍പ്പുയര്‍ത്തിയത് സി.പി.എമ്മായിരുന്നു. അതേസമയം പാര്‍ട്ടി ദേശീയനേതൃത്വവും കേന്ദ്രകമ്മിറ്റിയും പ്രതീക്ഷയോടെ നോക്കുന്ന ഒരു ഇടപെടലായാണ് യാത്രയെ കണ്ടത്. സി.പി.എം അധികാരത്തില്‍ അവശേഷിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ സി.പി.എമ്മിന്റെ ദേശീയ കാഴ്ചപ്പാട് ഇപ്പോഴും കോണ്‍ഗ്രസ് വിരുദ്ധതയ്ക്കു ചുറ്റുമാണ്. ബംഗാളിലാകട്ടെ, സീറ്റൊന്നും കിട്ടിയില്ലെങ്കിലും സഖ്യം തുടരുന്നു. തിരിച്ചുവരവിന് ഒരു സാധ്യതയുണ്ടെന്ന തോന്നലാവാം ത്രിപുരയില്‍ സഖ്യത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്. ഏതായാലും ചിരവൈരിയില്‍നിന്ന് ആപത്തുകാലത്തെ സുഹൃത്ത് എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സിനോടുള്ള സി.പി.എമ്മിന്റെ സമീപനം മാറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക മാറ്റം തന്നെയാണ്. 

ജ്യോതി ബസു
ജ്യോതി ബസു

ത്രിപുരയില്‍ തിരിച്ചുവരുമോ

1949-ല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന ത്രിപുര 1962-ല്‍ കേന്ദ്രഭരണപ്രദേശമായിരുന്നു. കോണ്‍ഗ്രസ്സിനു കീഴില്‍ സചീന്ദ്രലാല്‍ സിന്‍ഹയുടെ കീഴിലാണ് ആദ്യ സര്‍ക്കാര്‍ നിലവില്‍ വന്നത്. അതിനുശേഷം വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാണ് ത്രിപുരയില്‍ പാര്‍ട്ടികള്‍ അധികാരത്തിലേറിയിരുന്നത്. 1967-ല്‍ 30 സീറ്റുകളില്‍ 27ഉം കോണ്‍ഗ്രസ്സിനു കിട്ടി. 1972 ജനുവരിയില്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം 1978-നും 2018-നുമിടയില്‍ ഒരു തവണ മാത്രമാണ് ഇടതുപക്ഷത്തിന് അധികാരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. 1988-1993 കാലയളവിലാണ് അത്. അന്ന് സര്‍ക്കാരുണ്ടാക്കിയത് കോണ്‍ഗ്രസ്- ത്രിപുര ഉപജാതി ജുബാ സമിതി. 2018-ല്‍ പോലും ബി.ജെ.പിയെ മുഖ്യശത്രുവായി കാണാന്‍ സി.പി.എം തയ്യാറായില്ല. പ്രചരണത്തിലെമ്പാടും കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാനാണ് ശ്രമിച്ചത്. 2018-ല്‍ ബി.ജെ.പിക്ക് 36 സീറ്റും ഇടതുപക്ഷത്തിന് 16 സീറ്റുമാണ് കിട്ടിയത്. കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നേടാനായില്ല. ബി.ജെ.പി സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് എട്ട് സീറ്റുകള്‍ കിട്ടി. 

ഇത്തവണ മാണിക് സാഹ സര്‍ക്കാരിനെ നേരിടാന്‍ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടേക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്, ആര്‍.എസ്.പി, സി.പി.ഐ(എംഎല്‍) എന്നീ പാര്‍ട്ടികളാണ് സഖ്യത്തില്‍. ഇതുകൂടാതെ തിപ്ര തലവന്‍ പ്രദ്യോതിന്റെ പിന്തുണയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറയുന്നു. തിപ്ര മോത (ദി ഇന്‍ഡിജീനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ്) എന്ന ഗോത്രവര്‍ഗ്ഗ പാര്‍ട്ടി ത്രിപുരയിലെ രാജകുടുംബാംഗവുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മ നേതൃത്വം നല്‍കുന്നതാണ്. ത്രിപുര രാജപരമ്പരയിലെ ഇപ്പോഴത്തെ അവകാശിയാണ് ഗോത്രവര്‍ഗ്ഗക്കാരനായ പ്രദ്യോത്. ജനശിക്ഷാ ആന്ദോളന്‍ പോലെ വിദ്യാഭ്യാസ രംഗത്ത് ജനകീയ വിപ്ലവം നടത്തിയ പാര്‍ട്ടിയാണ് ത്രിപുരയിലെ സി.പി.എം. അന്ന് രാജകുടുംബത്തിനെതിരേയായിരുന്നു പാര്‍ട്ടിയുടെ പോരാട്ടം. ചരിത്രം തന്നെ വിസ്മരിച്ചുകൊണ്ട് പ്രദ്യോ തിനെ കൂടെ നിര്‍ത്തണമെന്നാണ് ഇപ്പോള്‍ സീതാറാം യെച്ചൂരി ആവശ്യപ്പെടുന്നത്.

പ്രദ്യോത് കിഷോർ മാണിക്യ
പ്രദ്യോത് കിഷോർ മാണിക്യ

ത്രിപുരയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ തിപ്രയ്ക്ക് വലിയ ജനസ്വാധീനമുണ്ട്. പ്രദ്യോതിന്റെ അമ്മാവന്‍ ജിഷ്ണു ദേവവര്‍മ ബി.ജെ.പി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു. പ്രദ്യോതിന്റെ പിതാവ് കിര്‍ത ബിക്രം കിഷോര്‍ മാണിക്യയായിരുന്നു അവസാനത്തെ രാജാവ്. അദ്ദേഹവും ഭാര്യ ബിബു കുമാരി ദേവിയും ലോക്സഭയില്‍ കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ മത്സരിച്ചവരാണ്. 1988-ല്‍ നിയമസഭയിലേക്ക് ജയിച്ച ബിഭു ദേവി കോണ്‍ഗ്രസ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയുമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതാവായ മണിക് സര്‍ക്കാരിനെ തോല്‍പ്പിച്ചാണ് ബിഭു ദേവി ആ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഗോത്രവര്‍ഗ്ഗ മേഖലകള്‍ കൂട്ടിച്ചേര്‍ത്ത് ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന പുതിയ സംസ്ഥാനം രൂപീകരിക്കണം എന്നാണ് പ്രദ്യോതിന്റെ ആവശ്യം. രൂപീകൃതമായി താമസിയാതെ സംസ്ഥാനത്തെ നിര്‍ണ്ണായക ശക്തിയായി മാറിയ പാര്‍ട്ടിയാണ് തിപ്ര. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ 28 ട്രൈബല്‍ കൗണ്‍സില്‍ സീറ്റുകളില്‍ 20 എണ്ണവും തിപ്രയാണ് നേടിയത്. ഇത്തവണ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി 'തിപ്ര' മാറും എന്നാണ് ഏവരും കരുതുന്നത്. ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന ഐ.പി.എഫ്.ടിയില്‍നിന്ന് നേതാക്കള്‍ ഇപ്പോള്‍ വിട്ടുപോകുന്നത് എതിര്‍ പാര്‍ട്ടിയായ തിപ്രയിലേക്കാണ്. സമീപഭാവിയില്‍ തിപ്രയെ ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും കഴിയുമെങ്കിലും പിന്നീട് അത് പ്രശ്നങ്ങളേ സൃഷ്ടിക്കൂ. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഈ പാര്‍ട്ടികള്‍ക്ക് അംഗീകരിക്കാനുമാകില്ല. ത്രിപുരയുടെ മൂന്നില്‍ രണ്ട് ഭൂപ്രദേശങ്ങളും ട്രൈബല്‍ കൗണ്‍സിലിന്റെ പരിധിയിലാണെന്നത് എല്ലാ പാര്‍ട്ടികളേയും ആശങ്കയിലാക്കുന്നു.

മാണിക് സാഹ
മാണിക് സാഹ

ബിജെപിയുടെ തന്ത്രം

ഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി നയിക്കുന്ന ഭരണപക്ഷത്ത് നിന്നും കൊഴിഞ്ഞുപോയത് എട്ട് എം.എല്‍.എമാരാണ്. ഇതില്‍ ബി.ജെ.പിയില്‍നിന്ന് രാജിവച്ച മൂന്നുപേര്‍ കോണ്‍ഗ്രസ്സിലാണ് ചേര്‍ന്നത്. ഒരാള്‍ തിപ്ര മോതയിലും. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ദി ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യിലെ മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ചേര്‍ന്നതും തിപ്രയില്‍. 2018-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 36, ഐ.പി.എഫ്.ടി എട്ട്, സി.പി.എം  16 എന്നിങ്ങനെയായിരുന്നു സീറ്റ്നില. എന്നാല്‍, ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 1.37 ശതമാനമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് നിര്‍ണ്ണായകമാണ്. തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ഇക്കഴിഞ്ഞ മേയില്‍ ബിപ്ലവ് കുമാര്‍ ദേബയെ മാറ്റി മുന്‍ കോണ്‍ഗ്രസ്സുകാരന്‍ കൂടിയായ മാണിക് സാഹയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കുന്നത്. ഗുജറാത്തിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ പരീക്ഷണം ത്രിപുരയിലും ആവര്‍ത്തിക്കുകയായിരുന്നു ബി.ജെ.പി. ഇതുവഴി ഭരണവിരുദ്ധവികാരം പരമാവധി കുറയ്ക്കാനാകുമെന്ന് കരുതുന്നു. 

ബിപ്ലവിന്റെ ഭരണത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും അണികളുമടക്കം അതൃപ്തരായിരുന്നു. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ആക്രമണങ്ങള്‍ കൂടിയത് പാര്‍ട്ടിയുടെ പ്രതിച്ഛായയെപ്പോലും ബാധിച്ചിരുന്നു. ഗോത്രവര്‍ഗ്ഗ മേഖലയില്‍ തിപ്രയെ നേരിടാവുന്ന അവസ്ഥയിലല്ല ബി.ജെ.പി. 40 ജനറല്‍ സീറ്റില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള 25 സീറ്റില്‍ കൂടി തിപ്ര മത്സരിച്ചാല്‍ അതും തിരിച്ചടിയാവും. ഗോത്രവിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഈ സീറ്റുകളിലും ഉണ്ട്. ഐ.പി.എഫ്.ടിയാകട്ടെ, പിളര്‍പ്പും കൊഴിഞ്ഞുപോക്കുമെല്ലാമായി മോശം അവസ്ഥയിലുമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com