പട്ടം പഞ്ചാബിലേക്ക്, ശങ്കര്‍ മുഖ്യമന്ത്രിക്കസേരയിലേക്കും: ഏഴ് പാര്‍ട്ടികള്‍ ഒന്നിച്ചപ്പോള്‍ ഒറ്റപ്പെട്ട് പോയ കോണ്‍ഗ്രസ്

കേരളത്തിന്റെ രാഷ്ട്രീയചരിത്രം
ആര്‍. ശങ്കര്‍, പട്ടം താണുപിള്ള, പി.ടി. ചാക്കോ എന്നിവര്‍
ആര്‍. ശങ്കര്‍, പട്ടം താണുപിള്ള, പി.ടി. ചാക്കോ എന്നിവര്‍

നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടക്കുന്നതില്‍ പൊതുവേ ഇടതുപക്ഷം താല്പര്യപ്പെടാറില്ല. 1991-ല്‍ രണ്ടും ഒന്നിച്ചാക്കാന്‍ താല്പര്യപ്പെട്ടതും വേറെ കാര്യം. നിയമസഭയില്‍ ഇടതുപക്ഷത്തിനു വോട്ട് ചെയ്യുന്നവരില്‍ ചെറിയൊരു ഭാഗമെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തുണയ്ക്കുന്ന അനുഭവം മുന്‍പുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മോഹവും പ്രതീക്ഷയും വളരെ വലുതാവുക സ്വാഭാവികം. പക്ഷേ, സംസ്ഥാനത്തെ 19 സീറ്റില്‍ ഒന്നുമാത്രം കഷ്ടിച്ചു ജയിച്ച അനുഭവം കോണ്‍ഗ്രസ്സിനുണ്ട്-1967-ല്‍. 2004-ല്‍ ഒന്നും കിട്ടിയില്ലെന്നതുപോലുള്ള പില്‍ക്കാലാനുഭവങ്ങളുണ്ട്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിളങ്ങിനില്‍ക്കുന്ന കാലത്താണ് കേരളത്തില്‍ ആദ്യത്തെ ഏറ്റവും വലിയ ഒറ്റപ്പെടലുണ്ടായത്. വിമോചനസമരാനന്തര കാലത്തെ കലുഷമായ അന്തരീക്ഷത്തെ മുറിച്ചുകടന്നു വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ ഇടതുപക്ഷത്തിനു സാധിച്ചതാണ് കോണ്‍ഗ്രസ്സിനെ താല്‍ക്കാലികമായെങ്കിലും അമ്പേ തകര്‍ത്തെറിഞ്ഞത്.

ആര്‍. ശങ്കര്‍, പട്ടം താണുപിള്ള, പി.ടി. ചാക്കോ എന്നിവര്‍
വിമോചനസമരത്തിനു ശേഷം അമരാവതി സമരം ഇടതുപക്ഷത്തിന് അനുഗ്രഹമായതെങ്ങനെ?
കോണ്‍ഗ്രസ്-പി.എസ്.പി മുന്നണിയില്‍ തുടക്കത്തിലേ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. പട്ടത്തെ മുഖ്യമന്ത്രിയാക്കേണ്ടിവന്നതില്‍ കോണ്‍ഗ്രസ്സില്‍ അമര്‍ഷം ശക്തമായിരുന്നു. തനിക്കു മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആര്‍. ശങ്കര്‍ പരസ്യവിലാപം തന്നെ നടത്തുകയുണ്ടായി.

അതിരൂക്ഷമായ അഭിപ്രായവ്യത്യാസം, പ്രത്യയശാസ്ത്ര ഭിന്നതയെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ്. പി.ടി. ചാക്കോ സംഭവമുള്‍പ്പെടെയുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ ക്രൈസ്തവ ഗ്രൂപ്പ്-മധ്യതിരുവിതാംകൂര്‍ ഗ്രൂപ്പ് മാതൃപേടകം വിട്ട് കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപവല്‍ക്കരിച്ചശേഷമുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ രണ്ട് വലിയ പാര്‍ട്ടിയും പിളര്‍ന്നശേഷം ആരാണ് വലുതെന്നറിയാന്‍ മാത്രമുള്ള ഒരു തെരഞ്ഞെടുപ്പ് അതിനുമുന്‍പ് നടക്കുകയുണ്ടായി. മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പ് സി.പി.ഐയില്‍നിന്നു പിളര്‍ന്നുപോയ സി.പി.ഐ.എം വിഭാഗമാണ് അക്കൂട്ടത്തില്‍ വലുതെന്നും കേരളാ കോണ്‍ഗ്രസ് അവഗണിക്കാനാവാത്ത വന്‍ശക്തിതന്നെയാണെന്നും ആ തെരഞ്ഞെടുപ്പ് തെളിയിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലെന്നു വ്യാഖ്യാനിച്ച് നിയമസഭ പിരിച്ചുവിട്ടുവെങ്കിലും പിളര്‍ന്നു പുതുതായുണ്ടായ രണ്ട് പാര്‍ട്ടിക്കും തെരഞ്ഞെടുപ്പിലെ നേട്ടം പില്‍ക്കാലത്തേക്കുള്ള തുറുപ്പുചീട്ടായി. ആ തെരഞ്ഞെടുപ്പില്‍ (1965) സി. പി.ഐ.എമ്മിന് 44 സീറ്റും സി.പി.ഐക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന് 35, കേരളാ കോണ്‍ഗ്രസ്സിന് 23, ലീഗിന് ആറ്, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 13 എന്നിങ്ങനെയായിരുന്നു സീറ്റ്. ഭൂരിപക്ഷത്തിന് 67 സീറ്റ് വേണം. സി.പി.ഐ.എം നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമായിരുന്നെങ്കിലും സാഹചര്യം അനുകൂലമല്ലായിരുന്നു. സി.പി.ഐ.എമ്മിന്റെ 44 അംഗങ്ങളില്‍ 29 പേരും ജയിലിലാണ്. ചൈനാചാരന്മാരെന്നാരോപിച്ച് രാജ്യരക്ഷാനിയമപ്രകാരം ജയിലിലടച്ചതാണ്. ജയിലില്‍ കഴിഞ്ഞുകൊണ്ടാണ് അവര്‍ മത്സരിച്ചു ജയിച്ചത്. അവര്‍ക്കു തല്‍ക്കാലം മോചനം സാധ്യമല്ലെന്നതായിരുന്നു നില. ആര്‍ക്കും ഭൂരിപക്ഷമില്ലെന്നു വിലയിരുത്തി സഭ രൂപീകരിക്കാതെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. പിന്നീട് ദീര്‍ഘകാലത്തെ രാഷ്ട്രപതിഭരണം. സി.പി.ഐ.എം ലീഗുമായും കേരളാ കോണ്‍ഗ്രസ്സുമായും സീറ്റുധാരണയുണ്ടാക്കിയാണ് മത്സരിച്ചതെന്നതാണ് നേട്ടമായത്. സി.പി.ഐയോട് ആ ധാരണയില്‍ പങ്കുപറ്റാന്‍ ഇ.എം.എസ് അഭ്യര്‍ത്ഥിച്ചുവെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ലീഗും കേരളാ കോണ്‍ഗ്രസ്സും വര്‍ഗ്ഗീയമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു അത്. അന്നത്തെ നിലപാട് പാര്‍ട്ടിക്കു വലിയ ദോഷം ചെയ്തുവെന്ന വിലയിരുത്തലാണ് പിന്നീടുണ്ടായത്. ഫലത്തില്‍ ഭരണം തട്ടിക്കളയുകയായിരുന്നു അന്ന്.

കോണ്‍ഗ്രസ്-പി.എസ്.പി മുന്നണിയില്‍ തുടക്കത്തിലേ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. പട്ടത്തെ മുഖ്യമന്ത്രിയാക്കേണ്ടിവന്നതില്‍ കോണ്‍ഗ്രസ്സില്‍ അമര്‍ഷം ശക്തമായിരുന്നു. തനിക്കു മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആര്‍. ശങ്കര്‍ പരസ്യവിലാപം തന്നെ നടത്തുകയുണ്ടായി. മുസ്ലിം ലീഗിനു മന്ത്രിസ്ഥാനം നല്‍കിയില്ലെന്നു മാത്രമല്ല, സ്പീക്കറാകാന്‍ നിയമസഭാകക്ഷിയില്‍നിന്നു രാജിവെക്കാനുള്ള നിബന്ധനയും വെച്ചു. തല്‍ക്കാലം ആ നിബന്ധന അംഗീകരിച്ച് ലീഗ് ഏതാനും മാസത്തിനകം സ്പീക്കര്‍സ്ഥാനം ഒഴിവായി മുന്നണി വിടുകയായിരുന്നുവല്ലോ. 1962-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ജയിച്ചത് സി.പി.ഐ പിന്തുണയുള്ള സ്വതന്ത്രന്‍ പി.എസ്. നടരാജപിള്ളയാണ്. മുന്‍പ് പി.എസ്.പിക്കാരനായ നടരാജപിള്ള മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ അനന്തരവനുമാണ്. കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ച് നടരാജപിള്ള വിജയിച്ചത് മുന്നണിയില്‍ വലിയ പ്രശ്നമായി. ഈ തര്‍ക്കങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കെയാണ് പോംവഴിയെന്ന നിലയില്‍ പട്ടത്തെ ഗവര്‍ണറായി പഞ്ചാബിലേക്കയയ്ക്കുന്നത്. പകരം ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി.

ആര്‍. ശങ്കര്‍, പട്ടം താണുപിള്ള, പി.ടി. ചാക്കോ എന്നിവര്‍
കെ.കേളപ്പനും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന കമ്യൂണിസ്റ്റുകാരും ഒന്നായതെങ്ങനെ? മുഖ്യശത്രുകള്‍ മുഖ്യമിത്രങ്ങളായതിന്റെ ചരിത്രം
പി.ടി.ചാക്കോ പൊതുസമ്മേളനത്തില്‍
പി.ടി.ചാക്കോ പൊതുസമ്മേളനത്തില്‍

സപ്തകക്ഷിഭരണവും കോണ്‍ഗ്രസിന്റെ ഒറ്റപ്പെടലും

പി.ടി. ചാക്കോവിനെ മാനസികമായി തകര്‍ത്തത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗമാണെന്നതില്‍ ആ പാര്‍ട്ടിയിലെ മധ്യതിരുവിതാംകൂര്‍ ഗ്രൂപ്പിനു വലിയ അമര്‍ഷമുണ്ടായിരുന്നു. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആര്‍. ശങ്കറിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേക്കാണ് ഇതെത്തിയത്. സര്‍ക്കാരിനെതിരെ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗം പി.കെ. കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വലിയ വ്യത്യാസത്തില്‍ പാസ്സായി. ഇതേത്തുടര്‍ന്നാണ് ദീര്‍ഘകാലത്തെ ഗവര്‍ണര്‍ ഭരണത്തിലേക്കു സംസ്ഥാനം എടുത്തെറിയപ്പെട്ടത്.

ഇത്തരത്തില്‍ ഇരുഭാഗത്തും ഒന്നിനു പുറകെ ഒന്നായി കുഴപ്പങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിക്കൊണ്ടിരിക്കെയാണ് നാലാം നിയമസഭാ തെരഞ്ഞെടുപ്പും നാലാം ലോക്സഭാ തെരഞ്ഞെടുപ്പും വന്നത്. സി.പി.ഐ.എം നേതൃത്വത്തില്‍ രൂപപ്പെട്ടിരുന്ന സി.പി.ഐ.എം-മുസ്ലിം ലീഗ്, എസ്.എസ്.പി എന്നിവരടങ്ങിയ സഖ്യനീക്കത്തിലേക്ക് സി.പി.ഐയും ആര്‍.എസ്.പിയും മാത്രമല്ല, മത്തായി മാഞ്ഞൂരാന്റെ കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും എന്‍. ശ്രീകണ്ഠന്‍ നായരുടെ റവലൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഫാദര്‍ വടക്കനും ബി. വെല്ലിങ്ടണും നയിക്കുന്ന കേരളാ തൊഴിലാളി പാര്‍ട്ടിയും ഐക്യപ്പെടാനെത്തി. 1965-ലെ കടുംപിടുത്തം ഉപേക്ഷിച്ച സി.പി.ഐയും അതില്‍ ചേര്‍ന്നു. എന്നാല്‍, കേരളാ കോണ്‍ഗ്രസ് ആ സഖ്യത്തിന്റെ ഭാഗമായില്ല. സി.പി.ഐ.എം നേതൃത്വത്തില്‍ ഇങ്ങനെ സപ്തകക്ഷി മുന്നണിയുണ്ടായതോടെ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണമായി ഒറ്റപ്പെടുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒന്‍പത് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ 1965-ല്‍ 23 ഇടത്ത് വിജയിച്ച കേരളാ കോണ്‍ഗ്രസ് കേവലം അഞ്ച് സീറ്റില്‍ ഒതുങ്ങി. സി.പി.ഐ.എം-52, സി.പി.ഐ-19, സോഷ്യലിസ്റ്റ്-19, മുസ്ലിം ലീഗ്-14, മുന്നണിയിലെ മറ്റ് കക്ഷികള്‍ക്കെല്ലാംകൂടി 13 എന്നിങ്ങനെ സപ്തകക്ഷി മുന്നണിക്ക് 133-ല്‍ 117 സീറ്റ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുംകൂടി 19-ല്‍ 12 സീറ്റ്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് മൂന്ന്, മുസ്ലിം ലീഗിന് രണ്ട്, ആര്‍.എസ്.പിക്ക് ഒന്ന്. കോണ്‍ഗ്രസ്സിന് മുകുന്ദപുരം സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അവിടെ സി.പി.ഐയിലെ സി.ജി. ജനാര്‍ദനനെ പനമ്പിള്ളി ഗോവിന്ദമേനോന്‍ തോല്‍പ്പിച്ചത് 53338 വോട്ടിനാണ്. ഇന്ദിരാഗാന്ധിയുടെ കാബിനറ്റില്‍ അദ്ദേഹം അംഗമായി. കേരളത്തില്‍നിന്നുള്ള ആദ്യത്തെ കേന്ദ്ര കാബിനറ്റ് മന്ത്രി. പനമ്പിള്ളിയുടെ മരണത്തെത്തുടര്‍ന്ന് ആ മണ്ഡലത്തില്‍ 1970-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ എ.സി. ജോര്‍ജ് നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു.

സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെയാണ് എ.കെ.ജി കാസര്‍കോട്ടുനിന്നു ജയിച്ചത്. ഭൂരിപക്ഷം-118510. സാധുവായ വോട്ടിന്റെ മൂന്നിലൊന്നിലധികമായിരുന്നു അത്. തലശ്ശേരിയില്‍ പാട്യം ഗോപാലന്‍ കോണ്‍ഗ്രസ്സിലെ ടി.എം. അബ്ദുള്ളയെ 84312 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വടകരയില്‍ സോഷ്യലിസ്റ്റ് നേതാവ് അരങ്ങില്‍ ശ്രീധരന്‍ കോണ്‍ഗ്രസ്സിലെ കെ. പ്രഭാകരനെ 100503 വോട്ടിനാണ് തോല്‍പ്പിച്ചത്. കോഴിക്കോട്ട് മുസ്ലിം ലീഗിലെ ഇബ്രാഹിം സുലൈമാന്‍ സേട്ട് 81873 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചേരിയില്‍ ലീഗിലെ തന്നെ മുഹമ്മദ് ഇസ്മയില്‍ 107494 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പൊന്നാനിയില്‍ സി.പി.ഐ.എമ്മിലെ സി.കെ. ചക്രപാണി കോണ്‍ഗ്രസ്സിലെ വെള്ള ഈച്ചരനെ 62780 വോട്ടിനു പരാജയപ്പെടുത്തി. പാലക്കാട്ട് സി.പി.ഐ.എമ്മിലെ ഇ.കെ. നായനാര്‍ 67318 വോട്ടിനും തൃശൂരില്‍ സി.പി.ഐ.യിലെ സി. ജനാര്‍ദനന്‍ 20867 വോട്ടിനും വിജയിച്ചു. എറണാകുളത്ത് കോണ്‍ഗ്രസ്സിലെ സിറ്റിങ്ങ് എം.പി. എ.എം. തോമസ്സിനെ 16686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.ഐ.എമ്മിലെ വി. വിശ്വനാഥമേനോന്‍ പരാജയപ്പെടുത്തിയത്. മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്സിലെ പ്രൊഫ. കെ.എം. ചാണ്ടിയെ സി.പി. ഐ.എമ്മിലെ പി.പി. എസ്തോസ് 42154 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പീരുമേട് മണ്ഡലത്തില്‍ സി.പി.ഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ 42466 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോട്ടയത്ത് സിറ്റിങ്ങ് എം.പി. മാത്യു മണിയങ്ങാടനെ സി.പി.ഐ. എമ്മിലെ കെ.എം. അബ്രഹാം 4858 വോട്ടിനു പരാജയപ്പെടുത്തി. അമ്പലപ്പുഴയില്‍ സി.പി.ഐ. എമ്മിലെ സുശീലാഗോപാലന്‍ കോണ്‍ഗ്രസ്സിലെ പി.എസ്. കാര്‍ത്തികേയനെ 50277 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com