'ആത്മചിത്രം'- സംപ്രീത എഴുതിയ കവിത

യാത്രയില്‍ജനാലക്കരികില്‍ വച്ച്വെയിലിന്‍ ഇളനാമ്പുകള്‍വലതുകവിളില്‍ തൊട്ടുപോയ്
'ആത്മചിത്രം'- സംപ്രീത എഴുതിയ കവിത
Published on
Updated on

യാത്രയില്‍
ജനാലക്കരികില്‍ വച്ച്
വെയിലിന്‍ ഇളനാമ്പുകള്‍
വലതുകവിളില്‍ തൊട്ടുപോയ്
പാതിവെളിച്ചം
പാതിനിഴല്‍
ആഹാ! എത്ര സുന്ദരം
പണ്ടത്തെപ്പെണ്ണിനെപ്പോലെ
ഒരു പകര്‍പ്പിനു ചേര്‍ന്നപോലെ.
ആരും പകര്‍ത്താനില്ലാത്ത ഞാന്‍
ഒറ്റയ്ക്കു ചിരിച്ചു.
അഥവാ ആര്‍ക്കും പകര്‍ത്താനില്ലാതെ
ഞാന്‍ ഒറ്റയ്ക്കു ചിരിച്ചു
ആരെങ്കിലും കാണാന്‍ ഇടയുള്ള ചിരി
സാധാരണമായിരിക്കുമ്പോള്‍
നോക്കുന്നതിനേക്കാള്‍
നോക്കാന്‍ തോന്നുന്നത്
കണ്ടുവോ എന്നു നോക്കുമ്പോള്‍
ആരുമില്ല
വെയില്‍കുത്തും കവിള്‍തലോടി
വശം മാറിയിരുന്നു.
ചിരിക്കാത്ത
വെളിച്ചം കുത്താത്ത ഒരുവള്‍
കൊടുംവെയിലായി വന്ന്
ഉള്ളില്‍ പൊള്ളിയതിന്റെ തളര്‍ച്ച
ഉറക്കമായ് എന്നെ വന്നുമൂടി.
ഞാന്‍ കാണാന്‍ മോഹിച്ച
ചിത്രത്തില്‍ ഞാനില്ല.
ഞാന്‍ ചിത്രത്തിലേ ഇല്ല
ഇനി ഉണ്ടെങ്കില്‍
അതൊരു
പഴയ
എണ്ണച്ചായച്ചിത്രമായിട്ടാകാം
മാതൃകയുടെ നിഴലൊഴുകിയ
തവിടുകൊടുത്തു വാങ്ങിയ
ഒരുവളെക്കണക്ക്.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com