കേരളത്തിലെ വനിതാ സ്ഥാനാര്‍ത്ഥികളില്‍ ജയിക്കുന്നവരെത്ര?

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 11 വനിതാ സ്ഥാനാര്‍ത്ഥികള്‍. 20 നിയോജകമണ്ഡലങ്ങളിലുമായി പ്രധാനപ്പെട്ട മൂന്നു മുന്നണികള്‍ മത്സരിപ്പിക്കുന്നവരുടെ എണ്ണം ഒന്‍പതു മാത്രം; അതായത് ആറിലൊന്നു പോലുമില്ല.
കേരളത്തിലെ
വനിതാ
സ്ഥാനാര്‍ത്ഥികളില്‍
ജയിക്കുന്നവരെത്ര?
Photo:Manu R Mavelil

കേരളത്തില്‍ ഏപ്രില്‍ 26-ന് ഒറ്റഘട്ടമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11 വനിതാ സ്ഥാനാര്‍ത്ഥികള്‍. 20 നിയോജകമണ്ഡലങ്ങളിലുമായി മൂന്നു മുന്നണികള്‍ മത്സരിപ്പിക്കുന്നവരുടെ എണ്ണം ഒന്‍പതു മാത്രം; അതായത് ആറിലൊന്നു പോലുമില്ല. തിരുവനന്തപുരത്തെ എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി എസ്. മിനി, കൊല്ലത്തെ എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. നിയമനിര്‍മ്മാണസഭകളില്‍ 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ നിയമമായ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണെങ്കിലും സംവരണം നടപ്പാക്കാത്ത തെരഞ്ഞെടുപ്പാണ്. സെന്‍സസും മണ്ഡല പുനര്‍നിര്‍ണ്ണയവും കഴിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പില്‍ നടപ്പാക്കും എന്നാണ് കേന്ദ്ര ഭരണകക്ഷി പറയുന്നത്. അതു നടന്നാലും ഇല്ലെങ്കിലും അഞ്ചുവര്‍ഷം കഴിഞ്ഞുള്ള കാര്യമാണ്. ഇപ്പോള്‍ മുന്നിലുള്ളത് രാജ്യമാകെ ജൂണ്‍ നാലിനു ഫലം പുറത്തുവരുന്ന അതിനിര്‍ണ്ണായക തെരഞ്ഞെടുപ്പ്. അതില്‍ കേരളം എത്ര സ്ത്രീകളെ പാര്‍ലമെന്റിലേക്കു നല്‍കും? ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ എത്ര സ്ത്രീകള്‍ക്കാണ് അവസരം? പ്രധാനമാണ് ഈ ചോദ്യങ്ങള്‍.

എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നത്. അതുകൊണ്ട് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി, ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ പറയുന്നത് തെരഞ്ഞെടുപ്പു രംഗത്തു നില്‍ക്കുന്ന ഓരോ സ്ത്രീക്കും നല്‍കേണ്ട തുല്യനീതിക്ക് എതിരാണ്. അതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഈ 11 പേരില്‍ പരമാവധി എത്രപേര്‍ ജയിച്ചുവരാനിടയുണ്ട് എന്ന് കേരളത്തിന് ഏകദേശ ബോധ്യമുണ്ടുതാനും. എങ്കിലും അതിനെ മറികടക്കുന്ന ജയപരാജയങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. ഓരോ വനിതാ സ്ഥാനാര്‍ത്ഥിയുടേയും രാഷ്ട്രീയവും സംഘടനാപരവുമായ സാന്നിധ്യം എത്രത്തോളം? മത്സരരംഗത്തുള്ള ഓരോ സ്ത്രീയും കേരളത്തിന്റെ, രാജ്യത്തിന്റെ സാമൂഹിക ജീവിതത്തില്‍ സ്വന്തം ജീവിതംകൊണ്ട് അടയാളപ്പെടുത്തിയത് എന്ത്?

കെ.കെ ഷൈലജ, കെ.ജെ ഷൈന്‍, ആനി രാജ
കെ.കെ ഷൈലജ, കെ.ജെ ഷൈന്‍, ആനി രാജ

വൈവിധ്യങ്ങളുടെ

മത്സരം

ഇവരാണ് ആ ഒന്‍പതു സ്ഥാനാര്‍ത്ഥികള്‍: കെ.കെ. ശൈലജ (വടകര-സി.പി.എം), കെ.ജെ. ഷൈന്‍ (എറണാകുളം-സിപിഎം); ആനി രാജ (വയനാട്-സി.പി.ഐ); രമ്യ ഹരിദാസ് (ആലത്തൂര്‍-കോണ്‍ഗ്രസ്); ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ-ബി.ജെ.പി), നിവേദിതാ സുബ്രഹ്മണ്യന്‍ (പൊന്നാനി-ബി.ജെ.പി), ടി.എന്‍. സരസു (ആലത്തൂര്‍-ബി.ജെ.പി), അശ്വിനി എം.എല്‍. (കാസര്‍കോട്-ബി.ജെ.പി); സംഗീത വിശ്വനാഥന്‍ (ഇടുക്കി-ബി.ഡി.ജെ.എസ്). പാര്‍ട്ടി അടിസ്ഥാനത്തില്‍ ഏറ്റവുമധികം സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പിക്കാണ്-നാല്. അവരുടെ ഘടകകക്ഷി ബി.ഡി.ജെ.എസ്സിന് ഒരാള്‍. അങ്ങനെ എന്‍.ഡി.എയ്ക്ക് ആകെ അഞ്ച്. സി.പി.എമ്മിന് രണ്ട്, സി.പി.ഐക്ക് ഒന്ന്; കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല. അങ്ങനെ എല്‍.ഡി.എഫിന് മൂന്ന്. കോണ്‍ഗ്രസ്സിന് ഒന്ന്; മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ് ജോസഫിനും ആര്‍.എസ്.പിക്കും സ്ത്രീകളില്ല; അങ്ങനെ യു.ഡി.എഫിന് ആകെ ഒന്ന്.

ഒരാള്‍ മാത്രമാണ് മത്സരരംഗത്തെ സിറ്റിംഗ് വനിതാ എം.പി-രമ്യാ ഹരിദാസ്. 2019-ല്‍ ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് മത്സരിച്ച് 10,474 വോട്ടിനു മാത്രം എല്‍.ഡി.എഫിന്റെ എ.എം. ആരിഫിനോടു തോറ്റുപോയ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍; 2014-ല്‍ കണ്ണൂരില്‍ കെ. സുധാകരനെ തോല്‍പ്പിച്ച് ലോക്സഭയിലെത്തുകയും 2019-ലെ യു.ഡി.എഫ് തരംഗത്തില്‍ തോല്‍ക്കുകയും ചെയ്ത സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എന്നിവര്‍ മത്സരരംഗത്തില്ല. രണ്ടുപേരും പ്രചാരണരംഗത്ത് സജീവം. പി.കെ. ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ അധ്യക്ഷയുമാണ് ഇപ്പോള്‍. ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍പ്പോലും മത്സരിക്കാത്ത സി.പി.ഐയുടെ തലയെടുപ്പുള്ള ദേശീയ നേതാവ് ആനി രാജ ആദ്യമായി മത്സരിക്കുന്നത് ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നതിന് ആ ശ്രദ്ധയില്‍ വലിയ പങ്കുമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും വിജയിക്കാതിരുന്ന സ്ത്രീ നേതാക്കളില്‍ ഇത്തവണയും മത്സരിക്കുന്നത് ഒരാള്‍ മാത്രം, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. 2019-ല്‍ ആറ്റിങ്ങലില്‍ മത്സരിച്ച ശോഭയ്ക്കു ലഭിച്ച 248,081 വോട്ടുകളുടെ ബലത്തിലാണ് ഇത്തവണത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ പ്രതീക്ഷ. 2014-ല്‍ അവിടെ ബി.ജെ.പിക്കു കിട്ടിയത് 90,528 വോട്ടുകള്‍ മാത്രമാണുതാനും. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന്‍ മത്സരിച്ചു. ആ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്കു മത്സരിച്ചു ജയിക്കാതിരുന്നവരില്‍ നിവേദിതാ സുബ്രഹ്മണ്യനും (ഗുരുവായൂര്‍) സംഗീത വിശ്വനാഥനും (ഇടുക്കി) ഇത്തവണയും മത്സരിക്കുന്നു. നിവേദിത മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും സംഗീത എസ്.എന്‍.ഡി.പി യോഗം വനിതാ വിഭാഗം വൈസ് പ്രസിഡന്റുമാണ്. ടി.എന്‍. സരസുവും എം.എല്‍. അശ്വിനിയും ആദ്യമായാണ് മത്സരിക്കുന്നത്. എസ്. മിനിയും ട്വിങ്കിള്‍ പ്രഭാകരനും രണ്ടാം മത്സരം. ''കുത്തകകള്‍ക്കുവേണ്ടി രാജ്യം മുടിക്കുന്ന ബി.ജെ.പിയെ പരാജയപ്പെടുത്തുക, ബഹുജന സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ബി.ജെ.പി സര്‍വ്വ മേഖലകളിലും അങ്ങേയറ്റം കോര്‍പ്പറേറ്റ് അനുകൂല, ജനാധിപത്യവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോവുകയാണ്. ബി.ജെ.പിയുടെ പത്തു വര്‍ഷത്തെ ഭരണം അതാണ് കാണിക്കുന്നത്. പക്ഷേ, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഇടതുപക്ഷത്തിനുപോലുമോ ബി.ജെ.പിയെ നയങ്ങളില്‍ എതിര്‍ക്കുന്ന സമീപനമില്ല. രാജ്യത്തു വളര്‍ന്നുവരുന്ന ഒരു സമരത്തേയും ബി.ജെ.പിക്കെതിരായി വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. ബി.ജെ.പിയുടെ നയങ്ങള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് സി.പി.എം. കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളെ നാല് കോഡുകളാക്കി മാറ്റുകയും തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയിരിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ഇന്ത്യാ മുന്നണി നയപരമായി ബി.ജെ.പിയെ പരാജയപ്പെടുത്തുന്ന ഒരു ശക്തിയല്ല. ബി.ജെ.പിയെ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുത്തണമെങ്കില്‍ ജനങ്ങളുടേതായ സമര രാഷ്ട്രീയം വളര്‍ന്നുവരണം. അതിനാണ് എസ്.യു.സി.ഐ ശ്രമിക്കുന്നത്'' -എസ്.യു.സി.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ട്വിങ്കിള്‍ പ്രഭാകരന്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് എസ്. മിനി.

അശ്വിനി എം.എല്‍, നിവേദിത സുബ്രമഹ്ണ്യന്‍, സംഗീത വിശ്വനാഥന്‍
അശ്വിനി എം.എല്‍, നിവേദിത സുബ്രമഹ്ണ്യന്‍, സംഗീത വിശ്വനാഥന്‍

2021-ല്‍ നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച ഒരു വനിതാ നേതാവ് മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് - കെ.കെ. ശൈലജ. മട്ടന്നൂരില്‍നിന്നാണ് അവര്‍ ജയിച്ചത്. 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മുനിസിപ്പാലിറ്റിയിലേയ്ക്ക് സി.പി.എം സ്ഥാനാര്‍ത്ഥിയായി ജയിച്ച കെ.ജെ. ഷൈന്‍ ഇപ്പോള്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്ര്‌പേഴ്‌സണ്‍ ആണ്. ഈ തെരഞ്ഞെടുപ്പിലെ ഒരേയൊരു കൗണ്‍സിലറാണ്; കോര്‍പ്പറേഷനു പുറത്ത് ആദ്യ മത്സരം. അദ്ധ്യാപക സംഘടന കെ.എസ്.ടി.എയുടെ നേതാവ്.

കേരളം ഇവരില്‍ വയ്ക്കുന്ന പ്രതീക്ഷയ്ക്ക് ആഴമെത്രയുണ്ടെന്നു ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. പക്ഷേ, പ്രചാരണരംഗത്ത് ഇവര്‍ അറിയിക്കുന്ന സാന്നിധ്യത്തിനു വിജയത്തോളം തന്നെയുണ്ട് പ്രാധാന്യം. എന്തുകൊണ്ടെന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം മാത്രമാണ് മറ്റാരെപ്പോലെയും ഇവര്‍ക്കും ഈ മത്സരം. സംഘടനാ ചുമതലകളായും വരുംകാല മത്സരങ്ങളായും കൂടുതല്‍ സജീവമായ രാഷ്ട്രീയ ജീവിതം കാത്തിരിക്കുന്നുണ്ട്.

പരിഗണനയുടെ

രാഷ്ട്രീയം

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും തുല്യനിലയിലായിരുന്നു; രണ്ടുപേര്‍ വീതം.

സി.പി.എം: പി.കെ. ശ്രീമതി (കണ്ണൂര്‍), വീണാ ജോര്‍ജ് (പത്തനംതിട്ട); കോണ്‍ഗ്രസ്: രമ്യാ ഹരിദാസ് (ആലത്തൂര്‍), ഷാനിമോള്‍ ഉസ്മാന്‍ (ആലപ്പുഴ). കോണ്‍ഗ്രസ് ഇത്തവണ ഷാനിമോളെ ഒഴിവാക്കി; പകരം സ്ത്രീകള്‍ക്ക് ആര്‍ക്കും സീറ്റ് നല്‍കിയുമില്ല. ആളുകള്‍ മാറിയെങ്കിലും സി.പി.എം എണ്ണം കുറച്ചില്ല. ബി.ജെ.പി രണ്ടില്‍നിന്നു നാലാക്കി ഉയര്‍ത്തി. ശോഭാ സുരേന്ദ്രനും പൊന്നാനിയില്‍ വി.റ്റി. രമയുമായിരുന്നു അവരുടെ സ്ഥാനാര്‍ത്ഥികള്‍.

യു.ഡി.എഫില്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റു പാര്‍ട്ടികളൊന്നും കുറേക്കാലമായി നിയമനിര്‍മ്മാണസഭകളിലേക്കു സ്ത്രീ പ്രാതിനിധ്യം നല്‍കിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനും (അഡ്വ. പി.കെ. നൂര്‍ബിനാ റഷീദ്, കോഴിക്കോട് സൗത്ത്), കേരള കോണ്‍ഗ്രസ് എമ്മിനും (സിന്ധുമോള്‍ ജേക്കബ്, പിറവം) മനംമാറ്റമുണ്ടായി. മാത്രമല്ല, വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ. രമയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കുകയും ചെയ്തു. നൂര്‍ബിനയും സിന്ധുമോളും ജയിച്ചില്ല; രമ ജയിച്ചു. മാത്രമല്ല, കോണ്‍ഗ്രസിന്റേയും ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കും ജയിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്ന് ഭാര്യ ഉമാ തോമസ് തൃക്കാക്കരയില്‍നിന്നു ജയിച്ചതോടെയാണ് നിയമസഭയില്‍ കോണ്‍ഗ്രസ്സിനു വനിതാ പ്രാതിനിധ്യമായത്. ഇവരാണ് മത്സരിച്ചത്: പി.കെ. ജയലക്ഷ്മി (മാനന്തവാടി), കെ.എ. ഷീബ (തരൂര്‍), പത്മജ വേണുഗോപാല്‍ (തൃശൂര്‍), ശോഭാ സുബിന്‍ (കൈപ്പമംഗലം), പി.ആര്‍. സോന (വൈക്കം), ഷാനിമോള്‍ ഉസ്മാന്‍ (ആലപ്പുഴ), അരിതാ ബാബു (കായംകുളം), രശ്മി ആര്‍. (കൊട്ടാരക്കര), ബിന്ദു കൃഷ്ണ (കൊല്ലം), വീണാ എസ്. നായര്‍ (വട്ടിയൂര്‍ക്കാവ്), അന്‍സജിതാ റസ്സല്‍ (പാറശ്ശാല). 11 പേര്‍. 2016-ലേക്കാള്‍ നാലു പേര്‍ കൂടുതല്‍. 2016-ല്‍ മത്സരിച്ചവര്‍: കാഞ്ഞങ്ങാട്ട് ധന്യ സുരേഷ്, മാനന്തവാടിയില്‍ പി.കെ. ജയലക്ഷ്മി, ഷൊര്‍ണൂരില്‍ സി. സംഗീത, ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, ആലപ്പുഴയില്‍ ലാലി വിന്‍സെന്റ്, റാന്നിയില്‍ മറിയാമ്മ ചെറിയാന്‍. ഒരാള്‍പോലും ജയിച്ചില്ല. പിന്നീട് അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചപ്പോഴാണ് കോണ്‍ഗ്രസ്സിനെന്നല്ല പ്രതിപക്ഷത്തിനുതന്നെ നിയസഭയില്‍ സ്ത്രീ പ്രതിനിധി ഉണ്ടായത്. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും തൃശൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍ ഇപ്പോള്‍ ബി.ജെ.പിയിലാണ്.

രമ്യാ ഹരിദാസ്, ശോഭാ സുരേന്ദ്രന്‍, ടി.എന്‍ സരസൂ
രമ്യാ ഹരിദാസ്, ശോഭാ സുരേന്ദ്രന്‍, ടി.എന്‍ സരസൂ

2021-ല്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പന്ത്രണ്ടു പേരായിരുന്നു സ്ത്രീകള്‍. കെ.കെ. ശൈലജ (മട്ടന്നൂര്‍), കാനത്തില്‍ ജമീല (കൊയിലാണ്ടി), പി. മിഥുന (വണ്ടൂര്‍), പി. ജിജി (വേങ്ങര), കെ. ശാന്തകുമാരി (കോങ്ങാട്), ആര്‍. ബിന്ദു (ഇരിങ്ങാലക്കുട), ഷെല്‍ന നിഷാദ് (ആലുവ), ദലീമ ജോജോ (അരൂര്‍), യു. പ്രതിഭ (കായംകുളം), വീണ ജോര്‍ജ് (ആറന്മുള), ജെ. മേഴ്സിക്കുട്ടിയമ്മ (കുണ്ടറ), ഒ.എസ്. അംബിക (ആറ്റിങ്ങല്‍). ഇവരില്‍ കെ.കെ. ശൈലജ, കാനത്തില്‍ ജമീല, ആര്‍. ബിന്ദു, ദലീമ ജോജോ, യു. പ്രതിഭ, വീണ ജോര്‍ജ് എന്നിവര്‍ ജയിച്ചു; ആറു പേര്‍. വീണ ജോര്‍ജും ആര്‍. ബിന്ദുവും മന്ത്രിസഭയിലെത്തി. 2016-ല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ കെ.കെ. ഷൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കു പുറമേ വീണാ ജോര്‍ജ്, യു. പ്രതിഭ, പി. അയിഷാ പോറ്റി എന്നിവരാണ് ജയിച്ചത്; അഞ്ചു പേര്‍. അന്നും മത്സരിച്ചത് 12 പേര്‍. രുഗ്മിണി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), കെ.കെ. ലതിക (കുറ്റ്യാടി) കെ.പി. സുമതി (മലപ്പുറം), സുബൈദ ഇസ്ഹാക്ക് (തൃത്താല), മേരി തോമസ് (വടക്കാഞ്ചേരി), ഷിജി ശിവജി (കുന്നത്തുനാട്), ടി.എന്‍. സീമ (വട്ടിയൂര്‍ക്കാവ്) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ത്ഥികള്‍. സി.പി.ഐക്ക് ഇ.എസ്. ബിജിമോള്‍, സി.കെ. ആശ, ഗീതാ ഗോപി എന്നിവരാണ് 2016-ല്‍ ജയിച്ചത്. പറവൂരില്‍ ശാരദാമോഹന്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല. ജയിച്ച മൂന്നു പേരില്‍ ആരെയും മന്ത്രിസഭയില്‍ എടുത്തുമില്ല. ഇത്തവണ ജെ. ചിഞ്ചുറാണി (ചടയമംഗലം), സി.കെ. ആശ (വൈക്കം) എന്നിവര്‍ മാത്രമാണ് മത്സരിച്ചത്. രണ്ടു പേരും ജയിച്ചു. ചിഞ്ചുറാണിയെ മന്ത്രിയാക്കി. കോവളം മണ്ഡലത്തില്‍നിന്നു 2011-ല്‍ ജയിച്ച ജമീലാ പ്രകാശം 2016-ലും ജെ.ഡി.എസ്സിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും ജയിച്ചില്ല. ബി.ജെ.പി പതിന്നാലും ഘടകകക്ഷികള്‍ മൂന്നുമായി പതിനേഴു സ്ത്രീകളെ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മത്സരിപ്പിച്ചു. ശോഭാ സുരേന്ദ്രനെക്കൂടാതെ ആനിയമ്മ രാജേന്ദ്രന്‍ (ഇരിക്കൂര്‍), അര്‍ച്ചന വണ്ടിച്ചാല്‍ (കണ്ണൂര്‍), സ്മിതാ ജയമോഹന്‍ (പേരാവൂര്‍), നവ്യാ ഹരിദാസ് (കോഴിക്കോട് സൗത്ത്), ഷീബ ഉണ്ണിക്കൃഷ്ണന്‍ (കൊണ്ടോട്ടി), സുചിത്ര മട്ടട (പെരിന്തല്‍മണ്ണ), ടി.പി. സിന്ധുമോള്‍ (പെരുമ്പാവൂര്‍), പത്മജ എസ്. മേനോന്‍ (എറണാകുളം), രേണു സുരേഷ് (കുന്നത്തുനാട്), പ്രമീളാ ദേവി (പാലാ), ബിറ്റി സുധീര്‍ (കരുനാഗപ്പള്ളി), രാജി പ്രസാദ് (കുന്നത്തൂര്‍), വനജ വിദ്യാധരന്‍ (കുണ്ടറ) എന്നിവരാണ് ബി.ജെ.പിയെ പ്രതിനിധീകരിച്ചത്. സംഗീത വിശ്വനാഥനെക്കൂടാതെ സി.കെ. ജാനു (ജെ.ആര്‍.എസ്, സുല്‍ത്താന്‍ ബത്തേരി), ബി. നസീമ (എ.ഐ.എ.ഡി.എം.കെ, മണ്ണാര്‍ക്കാട്) എന്നിവരാണ് എന്‍.ഡി.എയുടെ ബാനറില്‍ മത്സരിച്ചത്.

മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥി സ്ത്രീ തന്നെ ആയ ഒരേയൊരു നിയോജകമണ്ഡലവും 2021-ല്‍ ഉണ്ടായിരുന്നു, വൈക്കം. സി.കെ. ആശ (സി.പി.ഐ), പി.ആര്‍. സോന (കോണ്‍ഗ്രസ്), അജിതാ സാബു (ബി.ഡി.ജെ.എസ്). അജിതാ സാബു മുന്‍പ് കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

കെ.കെ ശൈലജ പ്രചരണ രംഗത്ത്‌
കെ.കെ ശൈലജ പ്രചരണ രംഗത്ത്‌

ആലപ്പുഴ ജില്ലയിലെ അരൂരിലും കായംകുളത്തും എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളായിരുന്നു. അരൂരില്‍ ദലീമ ജോജോ (സി.പി.എം), ഷാനിമോള്‍ ഉസ്മാന്‍ (കോണ്‍ഗ്രസ്). കായംകുളത്ത് യു. പ്രതിഭ (സി.പി.എം), അരിതാ ബാബു (കോണ്‍ഗ്രസ്). ഒന്നര വര്‍ഷം മുന്‍പ് 2019-ല്‍ അരൂര്‍ എം.എല്‍.എ എ.എം. ആരിഫ് ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ച് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉണ്ടായ ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെ സി.പി.എമ്മിലെ മനു സി. പുളിക്കലിനെ തോല്‍പ്പിച്ചിരുന്നു. 2021-ല്‍ സിറ്റിംഗ് എം.എല്‍.എയായ ഷാനിമോള്‍ ഉസ്മാനെതിരെ പ്രശസ്ത ഗായിക കൂടിയായ ദലീമ ജയിച്ചു. കായംകുളത്ത് യു. പ്രതിഭ വിജയം നിലനിര്‍ത്തി.

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഡല്‍ഹിയില്‍ നടന്നുകൊണ്ടിരുന്ന അതേ സമയത്ത് തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് പ്രമുഖ വനിതാ നേതാവ് തല മുണ്ഡനം ചെയ്തതു കണ്ട് കേരളം ഞെട്ടിയതും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. സീറ്റു നിഷേധിച്ചതിലായിരുന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായിരുന്ന ലതികാ സുഭാഷിന്റെ പ്രതിഷേധം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരാണ് ലതികയുടെ സ്വന്തം നാടും മണ്ഡലവും. അവിടെനിന്ന് ജില്ലാ കൗണ്‍സിലിലും ജില്ലാ പഞ്ചായത്തിലും അംഗമായി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കേരള കോണ്‍ഗ്രസ് എം. എല്‍.ഡി.എഫില്‍ പോയ സാഹചര്യത്തില്‍ ഒഴിവുവന്ന ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് ലതികാ സുഭാഷിനെ മത്സരിപ്പിക്കണം എന്ന ആവശ്യം നേതൃത്വം അംഗീകരിച്ചില്ല. മാത്രമല്ല, കേരള കോണ്‍ഗ്രസ് ജെയ്ക്ക് ആ സീറ്റ് അങ്ങോട്ട് ചോദിച്ച് നല്‍കുകയും ചെയ്തു. ലതികയ്ക്ക് ഒരിടത്തും സീറ്റ് കൊടുത്തില്ല. ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായെങ്കിലും വിജയം എല്‍.ഡി.എഫിനായിരുന്നു. പിന്നീട് അവര്‍ എന്‍.സി.പിയില്‍ ചേര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റായി. നിലവില്‍ സംസ്ഥാന വനം വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ.

ശേഭാ സുരേന്ദ്രന്‍ വോട്ടഭ്യര്‍ത്ഥിച്ച് രംഗത്ത്‌
ശേഭാ സുരേന്ദ്രന്‍ വോട്ടഭ്യര്‍ത്ഥിച്ച് രംഗത്ത്‌

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പടിയിറക്കങ്ങളിലൊന്നായി ലതികാ സുഭാഷിന്റേത്. കെ.എസ്.യുവിലും പിന്നീട് യൂത്ത് കോണ്‍ഗ്രസ്സിലും സംസ്ഥാന ഭാരവാഹിയായിരുന്ന ജയാ ഡാളി 2011-ല്‍ സി.പി.എമ്മിലേക്കു പോയപ്പോള്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ്സില്‍നിന്നുള്ള പെണ്‍നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. വേറൊരു പാര്‍ട്ടിയിലും ഈ പ്രവണത ഈ വിധമില്ല. അതുകൊണ്ട് അതൊന്നു പറഞ്ഞുപോകേണ്ടതുണ്ട്. അര്‍ഹതയ്ക്ക് അംഗീകാരം കിട്ടാത്തതും അവഹേളനവുമാണ് പലരേയും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ഷാഹിദാ കമാല്‍, നാലുവട്ടം എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ശോഭനാ ജോര്‍ജ്, കെ.പി.സി.സി, ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന കെ.സി. റോസക്കുട്ടി തുടങ്ങി നിരവധി പേര്‍.

''വനിതാ സംവരണ ബില്ലിനുവേണ്ടി ഞങ്ങളൊക്കെ ഒരുപാട് സമരം ചെയ്തതാണ്. പാര്‍ട്ടികള്‍ സ്വന്തം നിലയില്‍ സംവരണം നടപ്പാക്കി മാതൃക കാണിച്ചിരുന്നെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നു. കേരളത്തില്‍ എല്‍.ഡി.എഫ് മൂന്നു പേരെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ കോണ്‍ഗ്രസ്സിനു 2019-ലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍പോലും കഴിയുന്നില്ല. ഷാനിമോള്‍ ഉസ്മാന്റെ അവസരം തട്ടിക്കളഞ്ഞാണ് എ.ഐ.സി.സിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി വന്നിരിക്കുന്നത്'' -ലതികാ സുഭാഷ് ചൂണ്ടിക്കാട്ടുന്നു.

രമ്യാ ഹരിദാസ് പ്രചരണ രംഗത്ത്‌
രമ്യാ ഹരിദാസ് പ്രചരണ രംഗത്ത്‌

കണക്കുകളില്‍ മാറ്റമുണ്ട്

2019-ലെ തെരഞ്ഞെടുപ്പിനുശേഷം നിലവില്‍ വന്ന, ജൂണ്‍ 16 വരെ കാലാവധിയുള്ള 17-ാം ലോക്സഭയിലാണ് ലോക്സഭയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം സ്ത്രീ പ്രാതിനിധ്യം ഉണ്ടായത്: 79 പേര്‍; 14.6 ശതമാനം. 2014-ല്‍ ഇത് 11.6 ശതമാനവും എണ്ണം 63-ഉം ആയിരുന്നു. ആനുപാതികമായി പുരുഷ എം.പിമാരുടെ എണ്ണം കുറയുകയും ചെയ്തു. 2014-ല്‍ 88.4 ശതമാനമായിരുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം 85.4 ശതമാനമായി. പ്രധാന ദേശീയ പാര്‍ട്ടികളായ ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും വനിതാ എം.പിമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ബി.ജെ.പിയുടേത് 30-ല്‍നിന്ന് 41 ആയി ഉയര്‍ന്നു; പത്ത് ശതമാനമായിരുന്നത് 13 ശതമാനമായി. കോണ്‍ഗ്രസ്സില്‍ നാലില്‍നിന്ന് ആറു പേരും ഒന്‍പതില്‍നിന്നു 11 ശതമാനവുമായി.

ഒന്നാം ലോക്സഭയിലെ 22 പേരിലാണ് സ്ത്രീപ്രാതിനിധ്യം തുടങ്ങിയത്. ശതമാനക്കണക്കില്‍ നോക്കിയാല്‍ 4.4-ല്‍ തുടങ്ങി 14.6-ല്‍ എത്തി. ഒന്നാം ലോക്സഭയിലെ 22, രണ്ടാം ലോക്സഭയില്‍ 27-ഉം മൂന്നാം ലോക്സഭയില്‍ മുപ്പത്തിനാലുമായി. ശതമാനക്കണക്കില്‍ 4.4-ല്‍ നിന്ന് 5.4 ആയും 6.7 ആയും ഉയര്‍ന്നു. നാലാം ലോക്സഭ 31-ഉം 5.9 ശതമാനവുമായെങ്കിലും അഞ്ചാം ലോക്സഭയില്‍ ഇത് 22-ഉം 4.2-ഉം ആയി കുറഞ്ഞു. ആറാം ലോക്സഭയില്‍ വീണ്ടും കുറഞ്ഞ് 19 (3.4%) ആയി. ഈ ഏറ്റക്കുറച്ചില്‍ പിന്നീടും പ്രകടമായി. 28 (5.1%), 44 (8.1%), 28 (5.29%), 39 (7.2%), 40 (7.36%), 44 (8.07%), 49 (9.02%), 51 (9.51%), 59 (10.01%), 61 (10.50%) എന്നിങ്ങനെയാണ് ഏഴാം ലോക്സഭ മുതലുള്ള സ്ത്രീപ്രാതിനിധ്യം. ക്രമേണ വര്‍ദ്ധിച്ചുവന്നെങ്കിലും അതു സ്ഥിരമായി നിന്നില്ല. പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വിവേചനം തന്നെ പ്രധാന കാരണം.

കേരളത്തില്‍നിന്ന് ആദ്യമായി മത്സരിച്ച ആനി മസ്‌ക്രീനുശേഷം ലോക്സഭയിലേക്ക് കേരളത്തില്‍നിന്നു ജയിച്ചത് സി.പി.എം നേതാവ് സുശീലാ ഗോപാലനാണ്. 1967-ലെ നാലാം ലോക്സഭയിലേക്കായിരുന്നു അന്നത്തെ അമ്പലപ്പുഴ മണ്ഡലത്തില്‍നിന്ന് അവരുടെ ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍നിന്ന് (ഇപ്പോഴത്തെ മലപ്പുറം മണ്ഡലം) എ. നഫീസത്ത് ബീവിയും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മൂവാറ്റുപുഴയില്‍നിന്ന് ആനി തയ്യിലും ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല.

1971-ല്‍ അഞ്ചാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ലീലാ ദാമോദര മേനോന്‍, സുശീലാ ഗോപാലന്‍, ദാക്ഷായണി വേലായുധന്‍, ഭാര്‍ഗവി തങ്കപ്പന്‍ എന്നീ നാല് വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു; ജയിച്ചത് അടൂര്‍ മണ്ഡലത്തില്‍ ഭാര്‍ഗവി തങ്കപ്പന്‍ (സി.പി.ഐ) മാത്രം. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട്ട് മത്സരിച്ച എം. കമലം ജയിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ സുശീലാ ഗോപാലന്‍ ആലപ്പുഴയില്‍നിന്നു ജയിച്ചു. രണ്ടു സ്ത്രീകള്‍ മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇന്ദിരാഗാന്ധി വധത്തിനുശേഷം 1985-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏഴ് സ്ത്രീകള്‍ മത്സരിച്ചെങ്കിലും ആരും ജയിച്ചില്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ ആ തവണയും ഇവിടെ സ്ത്രീ വോട്ടര്‍മാരുടെ പോളിംഗ് കൂടുതലായിരുന്നു. 77.92 ശതമാനം. അടുത്ത തെരഞ്ഞെടുപ്പില്‍ എട്ടുപേരാണ് മത്സരിച്ചത്. മുകുന്ദപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാവിത്രി ലക്ഷ്മണന്‍ മാത്രം ജയിച്ചു. 1991-ല്‍ പത്താം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യമാകെ മത്സരിച്ച 326 സ്ത്രീകളില്‍ 37 പേര്‍ ജയിച്ചു. 53 ശതമാനം മാത്രമായിരുന്നു പോളിംഗിന്റെ ദേശീയ ശരാശരിയെങ്കിലും കേരളത്തിലെ സ്ത്രീ വോട്ടര്‍മാരില്‍ 73. 17 ശതമാനവും വോട്ടു ചെയ്തു. ചിറയന്‍കീഴില്‍നിന്ന് സുശീലാ ഗോപാലനും മുകുന്ദപുരത്തുനിന്ന് സാവിത്രി ലക്ഷ്മണനും ജയിച്ചു. കേരളത്തില്‍നിന്ന് ഒന്നിലധികം സ്ത്രീ സാമാജികര്‍ ആദ്യമായി ലോക്സഭയില്‍ എത്തിയ തെരഞ്ഞെടുപ്പ്. പക്ഷേ, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒരു സ്ത്രീയും ജയിച്ചില്ല. 11-ാം ലോക്സഭയില്‍ കേരളത്തില്‍നിന്നു സ്ത്രീ പ്രാതിനിധ്യം ഉണ്ടായില്ലെങ്കിലും 12-ാം ലോക്സഭയില്‍ വടകരയില്‍നിന്ന് സി.പി.എമ്മിന്റെ എ.കെ. പ്രേമജം വിജയിച്ചു. എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന് ആയുസ് 19 മാസം മാത്രമായിരുന്നതുകൊണ്ട് പ്രേമജത്തിന്റെ ആദ്യ ലോക്സഭാംഗത്വ കാലാവധിയും 19 മാസംകൊണ്ട് അവസാനിച്ചു. പക്ഷേ, ലോക്സഭ പിരിച്ചുവിട്ട് 13-ാം ലോക്സഭയിലേക്കു നടത്തിയ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് അവര്‍ തന്നെ വീണ്ടും വിജയിച്ചു. 13 സ്ത്രീകളാണ് കേരളത്തില്‍ അത്തവണ മത്സരിച്ചത്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രമാണ് സൃഷ്ടിച്ചത്. 14-ാം ലോക്സഭയിലേക്കു നടന്ന ആ തെരഞ്ഞെടുപ്പില്‍ ആദ്യമായി 543 അംഗ ലോക്സഭയില്‍ സ്ത്രീകളുടെ എണ്ണം 45. കേരളത്തില്‍ രണ്ടാംവട്ടം വനിതാ എം.പിമാര്‍ രണ്ടായി; സി.പി.എമ്മിന്റെ പി. സതീദേവി വടകരയില്‍നിന്നും സി.എസ്. സുജാത മാവേലിക്കരയില്‍നിന്നും വിജയിച്ചു. ചെറുതും വലുതുമായ പാര്‍ട്ടികളുടെ 15 സ്ത്രീ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 2009-ല്‍ പി. സതീദേവി മുല്ലപ്പള്ളി രാമചന്ദ്രനോട് തോറ്റു. കേരളത്തില്‍നിന്നു വേറെ സ്ത്രീകളാരും ജയിച്ചുമില്ല. കാസര്‍കോട് സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചെങ്കിലും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഷാനിമോള്‍ ഉസ്മാന്‍ വിസമ്മതിച്ചു ശ്രദ്ധ നേടിയത് ആ തെരഞ്ഞെടുപ്പിലാണ്. യു.ഡി.എഫിനു ജയസാധ്യത തീരെ കുറഞ്ഞ മണ്ഡലം എന്നായിരുന്നു വിലയിരുത്തല്‍. പകരം ആ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ച ഷാഹിദ കമാല്‍ ജയിച്ചില്ല. പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്ന അവര്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗമായി.

ആനി രാജ വോട്ടഭ്യര്‍ത്ഥിച്ച് ജനമധ്യത്തില്‍
ആനി രാജ വോട്ടഭ്യര്‍ത്ഥിച്ച് ജനമധ്യത്തില്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിപയുടേയും കൊവിഡിന്റേയും കാലത്ത് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ ആരോഗ്യ, സാമൂഹിക നീതി മന്ത്രിയായി മികവു തെളിയിച്ച കെ.കെ. ശൈലജ, ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും സംരക്ഷണത്തിനുവേണ്ടി ദേശീയ തലത്തില്‍ നടന്ന നിരവധി പ്രക്ഷോഭങ്ങളില്‍ സജീവ നേതൃത്വം വഹിക്കുന്ന ആനി രാജ, കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തെ പ്രതിനിധീകരിച്ച ഏക വനിതാ ലോക്സഭാംഗം രമ്യ ഹരിദാസ്; 2004-ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പു മുതല്‍ മത്സരിച്ച എട്ടു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട് കുത്തനെ വര്‍ദ്ധിപ്പിച്ച് സാന്നിധ്യമറിയിച്ച ശോഭാ സുരേന്ദ്രന്‍ എന്നിവരുള്‍പ്പെട്ട മിന്നുന്ന മത്സരമാണ് ഇത്തവണ കേരളത്തില്‍. ആദ്യമായി മത്സരിക്കുന്ന കെ.ജെ. ഷൈന്‍, ടി.എന്‍. സരസു, അശ്വിനി എം.എല്‍. എന്നിവരും ഗുരുവായൂര്‍ നിയമസഭാമണ്ഡലത്തിലെ മത്സരത്തിലൂടെ ശ്രദ്ധ നേടിയ നിവേദിതാ സുബ്രഹ്മണ്യന്‍, ഇടുക്കി നിയമസഭാമണ്ഡലത്തില്‍ റോഷി അഗസ്റ്റിനും ഫ്രാന്‍സിസ് ജോര്‍ജിനുമെതിരെ മികവോടെ പൊരുതിയ സംഗീത വിശ്വനാഥന്‍, രാഷ്ട്രീയ മത്സരത്തില്‍ പാര്‍ട്ടിയുടെ വലിപ്പത്തേക്കാള്‍ നിലപാടുകളുടെ കരുത്തിനു പ്രാധാന്യം നല്‍കുന്ന എസ്. മിനി, ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവര്‍ ഇലക്ഷന്‍ 2024-ലെ പെണ്ണടയാളങ്ങളാണ്. ഇനി കേരളം തീരുമാനിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com