കോവിഡ് നാലാം തരംഗം ചൈനയില്‍ രൂക്ഷമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം 13,000 കടന്നു; ഷാങ്ഹായില്‍ ലോക്ഡൗണ്‍, കൂട്ടപ്പരിശോധന

പുതിയ രോഗികളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷാങ്ഹായില്‍ ലോക്ഡൗണ്‍ തുടരുകയാണ്
ഷാങ്ഹായിൽ ആരോ​ഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നു/ എഎഫ്പി ചിത്രം
ഷാങ്ഹായിൽ ആരോ​ഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നു/ എഎഫ്പി ചിത്രം


ബീജിങ്: ചൈനയില്‍ കോവിഡ് നാലാം തരംഗം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ 13,000 കടന്നു. രാജ്യത്ത് 13,146 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിക്കു ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്. ഒമൈക്രോണ്‍ വകഭേദമായ ബിഎ 1.1 ആണ് വ്യാപകമായി പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശനിയാഴ്ച 12,000 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. പുതിയ രോഗികളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷാങ്ഹായില്‍ ലോക്ഡൗണ്‍ തുടരുകയാണ്. ഷാങ്ഹായില്‍ കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയ 8000 പേരില്‍ 7788 പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നതായി അധികൃതര്‍ സൂചിപ്പിച്ചു. 

മേഖലയില്‍ രോഗവ്യാപനം അതിരൂക്ഷമായത് കണക്കിലെടുത്ത്, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ഉപപ്രധാനമന്ത്രി സണ്‍ ചുന്‍ലാനെ ഷാങ്ഹായിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ഷാങ്ഹായ് പ്രവിശ്യയില്‍ ഇന്ന് കൂട്ടപ്പരിശോധന നടത്തും. 26 ദശലക്ഷം ജനങ്ങളിലാണ് പരിശോധന നടത്തുക. രോഗപ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി സൈന്യത്തെയും, ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെയും ഷാങ്ഹായിലേക്ക് അയച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com