'ദമ്പതികള്‍ ഒരുമിച്ച് ഉറങ്ങരുത്, ചുംബിക്കരുത്'; കോവിഡ് പിടിമുറുക്കിയ ഷാങ്ഹായില്‍ വിചിത്ര ഉത്തരവുകള്‍- വീഡിയോ 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ചൈനയിലെ പ്രമുഖ നഗരമായ ഷാങ്ഹായില്‍ കടുത്ത നിയന്ത്രണങ്ങള്‍
മെഗാഫോണിലൂടെ കോവിഡ് മുന്നറിയിപ്പുകള്‍ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യം
മെഗാഫോണിലൂടെ കോവിഡ് മുന്നറിയിപ്പുകള്‍ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യം

ബീജിംഗ്: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ചൈനയിലെ പ്രമുഖ നഗരമായ ഷാങ്ഹായില്‍ കടുത്ത നിയന്ത്രണങ്ങള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദമ്പതികള്‍ പ്രത്യേക മുറികളില്‍ ഉറങ്ങണം, പരസ്പരം ചുംബിക്കരുത്, ആലിംഗനം ചെയ്യരുത് എന്നിങ്ങനെയുള്ള അധികൃതരുടെ വിചിത്ര ഉത്തരവുകളില്‍ നഗരവാസികള്‍ വീര്‍പ്പുമുട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചൈനയില്‍ രോഗം കൂടുതലായി പടര്‍ന്നുപിടിച്ചത് ഷാങ്ഹായ് നഗരത്തിലാണ്. കഴിഞ്ഞ ഏതാനു ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയില്‍ രോഗികളുടെ എണ്ണം കൂടുതലാണ്. 

ഷാങ്ഹായില്‍ 2.6 കോടി ജനങ്ങളോടാണ് വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ അടക്കം വിതരണത്തില്‍ പാളിച്ചകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നഗരവാസികള്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ലാറ്റുകളിലെ ബാല്‍ക്കണിയിലും മറ്റും നിന്ന് പാട്ടുപാടിയും അല്ലാതെയുമായാണ് നഗരവാസികള്‍ പ്രതിഷേധിച്ചത്.

പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാനും പുറത്തുപോകാനുള്ള ആഗ്രഹം നിയന്ത്രിക്കാനും നിര്‍ദേശിച്ച് കൊണ്ടുള്ളതാണ് മുന്നറിയിപ്പുകള്‍. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് മെഗാഫോണിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നത് അടക്കമുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. ഇന്നുരാത്രി മുതല്‍ ദമ്പതികള്‍ പ്രത്യേക മുറികളില്‍ ഉറങ്ങണമെന്നും ആലിംഗനം ചെയ്യരുതെന്നും ചുംബിക്കരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com