അഭയാർഥി പ്രവാഹം; യൂറോപ്പ് നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി

അഭയാർത്ഥി പ്രവാഹം; യൂറോപ്പ് നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 15 ലക്ഷം അഭയാർഥികൾ അയൽ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎൻ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്നമാണെന്ന് നിലവിൽ അഭിമുഖീകരിക്കുന്നതെന്നും യുഎൻ വ്യക്തമാക്കി. 

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ അതിവേഗം വളരുന്ന പ്രതിസന്ധിയാണിതെന്നും യുഎൻ അഭയാർഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. 

പോളണ്ടിലെ അതിർത്തി സേനയുടെ കണക്കുകൾ പ്രകാരം, ശനിയാഴ്ച 1,29,000 ആളുകളാണ് അതിർത്തി കടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം അതിർത്തി കടക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ പോളണ്ട് അതിർത്തി കടന്നവരുടെ എണ്ണം 9,22,400 ആയി.

ഹംഗറി, മോൾഡോവ, റൊമേനിയ, സ്ലൊവാക്യ എന്നീ അയൽ രാജ്യങ്ങളിലേക്കും യുക്രൈനിൽ നിന്ന് അഭയാർഥികൾ എത്തിയിട്ടുണ്ട്. യുക്രൈനിലെ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യൻ ഷെല്ലാക്രമണം തുടരുന്നതിനാൽ അഭയാർഥി പ്രവാഹം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

റഷ്യൻ സൈന്യം യുക്രൈന്റെ തലസ്ഥാനമായ കീവിന് നേരെ ആക്രമണം ശക്തമാക്കുന്നതിനാൽ അഭയാർഥി പ്രവാഹം കൂടുതൽ ശക്തമാകുമെന്ന് യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടോഡ്രോസ് അഥാനോം ഗബ്രിയേസസും അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com