ഇന്ത്യയില്‍ എത്തി ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥ; ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ചൈന

ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുമായി അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ഉസ്ര സേയ ഇന്ത്യയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയതിന് എതിരെ ചൈന
ഉസ്ര സേയ ദലൈ ലാമയ്‌ക്കൊപ്പം/ട്വിറ്റര്‍
ഉസ്ര സേയ ദലൈ ലാമയ്‌ക്കൊപ്പം/ട്വിറ്റര്‍


ന്യൂഡല്‍ഹി:  ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുമായി അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ഉസ്ര സേയ ഇന്ത്യയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയതിന് എതിരെ ചൈന. ടിബറ്റ് വിഷയങ്ങളുടെ മറവില്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ടിബറ്റന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎസ് പ്രത്യേക വിഭാഗത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ് സേയ എന്നതാണ് ചൈനയെ പ്രകോപിപ്പിച്ചത്. 

'ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കുന്നതിനുള്ള പ്രതിബദ്ധത അമേരിക്ക കാണിക്കണം. ടിബറ്റ് വിഷയത്തിന്റെ മറവില്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ നീക്കം അവസാനിപ്പിക്കണം. ദലൈ സംഘത്തിന്റെ ചൈനാ വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കരുത്'-ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ട്വീറ്റ് ചെയ്തു. 

'ടിബറ്റ് വിഷയം പൂര്‍ണ്ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഒരു ബാഹ്യശക്തികള്‍ക്കും ഇടപെടാന്‍ അവകാശമില്ല. ടിബറ്റന്‍ സ്വതന്ത്ര സേനയും വിദേശ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏത് തരത്തിലുള്ള ബന്ധവും ചൈന എതിര്‍ക്കും.'-ട്വീറ്റില്‍ പറയുന്നു. 

പതിനാലാമത് ദലൈ ലാമ ഒരു മത നേതാവ് മാത്രമല്ല. ദീര്‍ഘകാലമായി ചൈനാ വിരുദ്ധ വിഘടനവാദത്തില്‍ ഏര്‍പ്പെടുകയും ചൈനയില്‍ നിന്ന് ടിബറ്റിനെ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ അഭയാര്‍ത്ഥിയാണെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് യുഎസ് അണ്ടര്‍ സെക്രട്ടറി ഉസ്ര സേയ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയത്. ജൂലൈ എട്ടുമുതല്‍ 14വരെയാണ് സേയയുടെ ഇന്ത്യ-ബംഗ്ലാദേശ് സന്ദര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com