ചലച്ചിത്രം

'ലാലേട്ടാ, എന്നെ വിശ്വസിച്ചതില്‍ നന്ദി, പലരും പറഞ്ഞത് ലൂസിഫര്‍ മണ്ടത്തരമാണെന്നാണ്'; സ്റ്റീഫന്‍ നെടുംപള്ളിയെ നെഞ്ചിലേറ്റി പൃഥ്വി

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ മാസ് ഗെറ്റപ്പ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇന്നലെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ അവസാന ദിവസമായിരുന്നു. തന്നെ വിശ്വാസം അര്‍പ്പിച്ച് തന്റെ ആദ്യ ചിത്രത്തില്‍ നായകനായി എത്തിയ മോഹന്‍ലാലിന് നന്ദി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ ഫേയ്‌സ്ബുക് പോസ്‌റ്‌റിലൂടെയാണ് അദ്ദേഹം നന്ദി പറഞ്ഞത്. സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം തനിക്ക് എന്നും പ്രീയപ്പെട്ടതായിരിക്കുമെന്ന് പൃഥ്വി കുറിച്ചു. 

'ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും മോഹന്‍ലാല്‍ വിടപറയുകയാണ്. മറ്റ് യാത്രകള്‍ പോലെ ആയിരുന്നില്ല എനിക്കിത്. ലൂസിഫര്‍ പോലുള്ള വമ്പന്‍ ചിത്രം സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ അത് മികച്ച തീരുമാനമാകില്ലെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ അധികം പേരും പറഞ്ഞത്. ഒരു നടന്‍ എന്ന നിലയില്‍ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനമായിട്ടാണ് അവര്‍ വിലയിരുത്തിയത്. എനിക്ക് ഇപ്പോഴും അതിനെക്കുറിച്ച് അറിയില്ല. 

പക്ഷേ എനിക്ക് ഉറപ്പായിട്ടും അറിയാവുന്ന ഒന്നുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തില്‍ സിനിമയെക്കുറിച്ച് ഞാന്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഈ ആറ് മാസംകൊണ്ട് മനസിലാക്കി. എന്നെ വിശ്വസിച്ചതില്‍ നന്ദി ലാലേട്ടാ... താങ്കളുടെ സംവിധായകനാവാന്‍ കഴിഞ്ഞത് എന്റെ കരിയറിലെ ഏറ്റവും മികച്ചകാര്യമാണ്. ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും'- ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പൃഥ്വിരാജ് പറഞ്ഞു. 

ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്