ദേശീയം

സ്വകാര്യത മൗലിക അവകാശം; കടന്നുകയറാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന് സുപ്രിം കോടതിയുടെ ചരിത്ര വിധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വകാര്യത പൗരന്‍മാരുടെ മൗലിക അവകാശമെന്ന് സുപ്രിം കോടതി. രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന നിര്‍ണായകമായ കേസില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. സുപ്രിം കോടതി വിശാല ബെഞ്ചുകളുടെ മുന്‍ വിധികള്‍ തള്ളിക്കൊണ്ടാണ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. 

സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഒന്‍പതംഗ ബെഞ്ചിനു വേണ്ടി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാറാണ് വിധി പ്രസ്താവിച്ചത്. 

ഓഗസ്റ്റ് രണ്ടിനാണ് കേസില്‍ ഭരണഘടനാ ബെഞ്ച് വാദം പൂര്‍ത്തിയാക്കിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറു ദിവസമാണ് തുടര്‍ച്ചയായി വാദം കേട്ടത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ജെ ചെമലേശ്വര്‍, എസ്എ ബോബ്‌ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍എഫ് നരിമാന്‍, എഎം സപ്ലെ, ഡിവൈ ചന്ദ്രചൂഡ്, എസ്‌കെ കൗള്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. 

ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്വകാര്യത മൗലിക അവകാശമാണോയെന്ന കാര്യം സുപ്രിം കോടതി പരിശോധിക്കുന്നത്. ആധാര്‍ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജികളില്‍ ആരോപിച്ചിരുന്നു. ഇതു പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടു. ആധാര്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചാണ് സ്വകാര്യത മൗലിക അവകാശമാണോയെന്ന കാര്യം ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചത്. 

സ്വകാര്യത മൗലിക അവകാശമായി കാണാനാവില്ലെന്ന് 1954ല്‍ എട്ടംഗ ബെഞ്ചും 1962ല്‍ ആറംഗ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ വാദഗതികളുടെ പശ്ചാത്തലത്തില്‍ ഒന്‍പതംഗ ബെഞ്ച് ഇതു പരിശോധിച്ചത്. 

ഭരണഘടന ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കാത്ത സാഹചര്യത്തില്‍ സ്വകാര്യതയെ മൗലിക അവകാശമായി കണക്കാക്കാനാവില്ലെന്ന നിലപാടാണ് സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ബിജെപി ഭരണ സംസ്ഥാനങ്ങളുടെയും നിലപാട് ഇതായിരുന്നു. മറ്റു മൗലിക അവകാശങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടെന്നും അവയ്ക്കു സമാനമായ നിയന്ത്രണങ്ങളോടെയുള്ള മൗലിക അവകാശമാണ് സ്വകാര്യത എന്നുമാണ് കേരളം കേസില്‍ സ്വീകരിച്ച നിലപാട്. സ്വകര്യതയിലുള്ള ഏകപക്ഷീയമായ കൈകടത്തല്‍ അനുവദിക്കാന്‍ കഴിയില്ല. സ്വകാര്യതയില്‍ സര്‍ക്കാരുകള്‍ കൈകടത്തുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിവാഹം, മാതൃത്വം. ജനനം, വികാരങ്ങള്‍, പ്രണയം, വ്യക്തിപരമായ ചിന്താ രീതികള്‍, കല്‍പ്പനകള്‍ തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും പര്യാപ്തമായ സംവിധാനം ഇല്ലാത്ത രാജ്യത്ത് അപകടകരമെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍  കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം