ദേശീയം

'വിമാനത്തില്‍ സ്ഥലമില്ല'; ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ടേബിള്‍ ടെന്നീസ് താരങ്ങളെ ഉപേക്ഷിച്ച് എയര്‍ ഇന്ത്യ പറന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെല്‍ബണില്‍ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്ത ടേബിള്‍ ടെന്നീസ് താരങ്ങളെ എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിയില്ല. കോമണ്‍വെത്ത് മെഡല്‍ ജേതാവ് മനിക് ബത്രയുള്‍പ്പടെ ഏഴ് താരങ്ങളെയാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് എയര്‍ ഇന്ത്യയുടെ 0308 വിമാനം ഞായറാഴ്ച മെല്‍ബണിലേക്ക് പറന്നത്. ഇന്ന് മെല്‍ബണില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷ്ണല്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ ഓസ്‌ട്രേലിയന്‍ ഓപണില്‍ പങ്കെടുക്കുന്നതിനായാണ് സംഘം വിമാനത്താവളത്തില്‍ എത്തിയത്. 

വിമാനത്തിനുള്ളില്‍ സ്ഥലമില്ലെന്ന് പറഞ്ഞാണ് ബോര്‍ഡിംഗ് പാസ് നല്‍കാതിരുന്നതെന്ന് താരങ്ങള്‍ ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോറിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായ മനിക് ബത്ര ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ബത്രയെ കൂടാതെ ഷരത് കമല്‍, മൗമ ദാസ്, മധുരിക, ഹര്‍മീത്, സുതിത്ര, സത്യന്‍ എന്നീ താരങ്ങളാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. 17 കളിക്കാരും ഒഫീഷ്യല്‍സുമടങ്ങുന്ന സംഘമായിരുന്നു മെല്‍ബണിലേക്കുള്ള വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 

ടിക്കറ്റ് ബുക്ക് ചെയ്തതിലെ പിഴവാണ് കാരണമെന്നും തങ്ങള്‍ ഉത്തരവാദികളല്ലെന്നും ആദ്യം പറഞ്ഞ എയര്‍ ഇന്ത്യ വിവാദം കൊഴുത്തതോടെ മലക്കം മറിഞ്ഞു. കായികതാരങ്ങളോട് അങ്ങേയറ്റം ബഹുമാനം ഉണ്ടെന്നും കായികരംഗത്തിന്റെ വളര്‍ച്ചയെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. പിഎന്‍ആര്‍ നമ്പറുകളില്‍ വന്ന പിഴവാണെന്നും താമസ സൗകര്യവും അടുത്ത ദിവസം ഫ്‌ളൈറ്റും നല്‍കുമെന്നും എയര്‍ ഇന്ത്യ പിന്നീട് ട്വിറ്ററില്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായ നീലം കപൂറിനോട് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കായിക മന്ത്രാലയം ആവശ്യപ്പെട്ടു.  പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച രാത്രി തന്നെ കായിക താരങ്ങളെ മെല്‍ബണില്‍ എത്തിച്ചതായി കായിക മന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!