ദേശീയം

പ്രതിമ തകര്‍ത്ത സംഭവം:ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും- അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വ്യാപകമായി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍, അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. നിര്‍ഭാഗ്യകരമായ സംഭവമാണിത്. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കൃത്യങ്ങളെ പിന്തുണയ്ക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. 

ത്രിപുരയിലും തമിഴ്‌നാട്ടിലും പ്രതിമ തകര്‍ത്ത സംഭവം അറിഞ്ഞ ഉടന്‍ അവിടങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുമായി ആശയവിനിമയം നടത്തി.  ഇത്തരം സംഭവങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അമിത് ഷാ വ്യക്തമാക്കി. 

പുതിയ ഇന്ത്യയെ സ്യഷ്ടിക്കുക എന്ന ദൗത്യം നിറവേറ്റാന്‍ തുറന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. അതിന് ക്രിയാത്മകമായ രാഷ്ട്രീയം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും അമിത് ഷാ ട്വിറ്റ് ചെയ്തു.

നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ കര്‍ശന നടപടികളോടെ നേരിടാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ത്രിപുരയിലും പിന്നീട് തമിഴ്‌നാട്ടിലും പ്രതിമകള്‍ക്കു നേരെ അക്രമമുണ്ടായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചു. ഇതിനു പിന്നാലെയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്ത്ര മന്ത്രാലയത്തിന്റെ നിര്‍ദേശമെത്തിയത്.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയോര്‍ ഇവി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ മാപ്പുപറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷമാപണം. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. അക്രമങ്ങള്‍ കൊണ്ടല്ല. പ്രതിമകള്‍ തകര്‍ക്കുന്നതുപോലുള്ള പ്രവൃത്തികളെ അംഗീകരിക്കുന്നില്ല. തന്റെ വാക്കുകള്‍ ആരെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പുചോദിക്കുന്നുവെന്ന് രാജ പോസ്റ്റില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്