ദേശീയം

രാജീവ് ഗാന്ധി വധക്കേസ്; പ്രതികള്‍ക്ക് മാനുഷിക പരിഗണന നല്‍കി മോചിപ്പിക്കണമെന്ന് രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. കഴിഞ്ഞ 27 വര്‍ഷമായി ഇവര്‍ ജയിലില്‍ കഴിയുകയാണ്. ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പേരറിവാളന്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് അദ്ദേഹവുമായി പത്ത് മിനിറ്റോളം  സ്വകാര്യ സംഭാഷണം നടത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. 

 പ്രതികളെ മോചിപ്പിക്കണമെന്നുള്ള അപേക്ഷ സുപ്രിംകോടതിയിലും കേന്ദ്രസര്‍ക്കാരിന് മുന്നിലും നേരത്തേ തന്നെ എത്തിയിരുന്നതാണ്. തമിഴ്‌നാട് സര്‍ക്കാരും ഇക്കാര്യത്തില്‍ അനുയോജ്യമായ നിലപാടാണ് സ്വീകരിച്ചത്. ഇവരെ മോചിപ്പിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ രാഷ്ട്രപതിയോട് കൂടിയാലോചിച്ചില്ലെന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ ആ വിഷയത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌റ്റൈല്‍ മന്നന്റെ മറുപടി. 

എന്നാല്‍ രാജീവ് വധക്കേസിനെ കുറിച്ച് രജനീകാന്തിന് അറിയില്ലെന്ന തരത്തിലാണ് അടുത്ത ദിവസം വാര്‍ത്തകള്‍ വന്നതെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും സൂപ്പര്‍താരം പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിനെ കുറിച്ചും പ്രതികളെ കുറിച്ചും അറിയാതിരിക്കാന്‍ മാത്രം താന്‍ അജ്ഞനല്ലെന്നും പ്രതികള്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്