ദേശീയം

റഫാല്‍ : വിധി തിരിച്ചടിയല്ല ; രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ സുപ്രിംകോടതി വിധി തിരിച്ചടിയല്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പുനഃപരിശോധന ഹര്‍ജിയില്‍ ഇനിയും തീരുമാനമായിട്ടില്ല. രാഹുല്‍ഗാന്ധി വിധി വായിക്കാതെയാണ് പ്രസ്താവന നടത്തുന്നത്. സുപ്രിംകോടതി പറയാത്തതാണ് രാഹുല്‍ പ്രചരിപ്പിക്കുന്നത്. കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയെന്ന  രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണ്. കോടതി ഉത്തരവില്‍ ഇല്ലാത്ത കാര്യങ്ങളാണ് രാഹുല്‍ പറയുന്നതെന്നും നിര്‍മ്മല പറഞ്ഞു. 

കരാറിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന് ഡിസംബറിലെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ നിരാശയാണ് പ്രതികരണം വ്യക്തമാക്കുന്നത്. മോഷ്ടിക്കപ്പെട്ട ചില രേഖകള്‍ റിവ്യൂ ഹര്‍ജിക്കൊപ്പം പരിഗണിക്കും എന്നുമാത്രമാണ് കോടതി അറിയിച്ചത്. ഈ രേഖകള്‍ ഭാഗികമായാണ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആവശ്യപ്പെട്ട എല്ലാ രേഖകളും കോടതിക്ക് നല്‍കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണം പച്ചക്കള്ളമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. 

ഹര്‍ജിക്കാര്‍ക്കെതിരെയും പ്രതിരോധമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ആഭ്യന്തര സുരക്ഷയെപ്പറ്റി അപൂര്‍ണ വിവരം പുറത്തുവരാന്‍ ഹര്‍ജിക്കാരുടെ ഇടപെടല്‍ കാരണമായി. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് വെക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. 

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രിംകോടതി തള്ളിയിരുന്നു. രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചത് മോഷ്ടിച്ച രേഖകളാണെന്നും, ഇത് പരിഗണിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. 

അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം എല്ലാ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ രേഖകള്‍ പരിശോധിക്കും. പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രിംകോടതി പിന്നീട് വ്യക്തമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി