ദേശീയം

ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ; ചന്ദ്രയാന്‍-2 ദൗത്യം അടുത്തമാസം; റോവറിന്റെയും ഓര്‍ബിറ്ററിന്റെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടു 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ചാന്ദ്ര പര്യവേക്ഷണത്തിനുളള ഐഎസ്ആര്‍ഒയുടെ രണ്ടാം ദൗത്യം അടുത്തമാസം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പ്പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍  ഐഎസ്ആര്‍ഒ പുറത്തുവിട്ടു. പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.  

10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ജൂലൈ 16 ന് പേടകവുമായി റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യമിടുന്നത്. 

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ദൗത്യമാണ് ഇത്. ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നി മുന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍ 2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക് 3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. 

ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദൗത്യമാണ് ഇത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള റോവര്‍ ദൗത്യം നടത്തിയിട്ടുള്ളു. ഈ പട്ടികയിലേക്കാണ് ഇന്ത്യയും എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു