ദേശീയം

'മിഷന്‍ ശക്തി' പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ദൂരദര്‍ശന്‍ സൗകര്യം വിനിയോഗിച്ചോ എന്ന് പരിശോധിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മിഷന്‍ ശക്തി പ്രഖ്യാപനം' പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. മോദിയുടെ പ്രഖ്യാപനത്തില്‍ മിഷന്‍ ശക്തി പരീക്ഷണ വിജയം സര്‍ക്കാരിന്റെ നേട്ടമായി ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍ എന്നാണ് സൂചന. 

മിഷന്‍ ശക്തി പരീക്ഷണ വിജയം ശാസ്ത്രജ്ഞരുടെയും രാജ്യത്തിന്റെയും നേട്ടമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചതെന്നും സമിതി വിലയിരുത്തുന്നു. വളരെ ശ്രദ്ധയോടെയാണ് പ്രധാനമന്ത്രി പ്രസംഗം തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെയോ തന്റെയോ നേട്ടമായി ഒരിടത്തും പരാമര്‍ശിക്കാത്തിടത്തോളം തെരഞ്ഞെടുപ്പ് ചട്ടലംഘനമായി പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രസംഗത്തെ കണക്കാക്കാനാവില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍. 

അതേസമയം രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ദൂരദര്‍ശന്റെ സൗകര്യം ഉപയോഗിച്ചെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുകയാണ്. പ്രസംഗം റെക്കോഡ് ചെയ്യാന്‍ ദൂരദര്‍ശന്‍ ക്യാമറയോ മറ്റ് സംവിധാനങ്ങളോ വിനിയോഗിച്ചിട്ടുണ്ടോ എന്നാണ് കമ്മീഷന്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. 

മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കമ്മിഷണര്‍ സന്ദീപ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സമിതിയെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയോഗിക്കുകയായിരുന്നു. 

നിയമവകുപ്പ് സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എഫ് വില്‍ഫ്രഡ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ( മോഡല്‍ കോഡ് ഓഫ് കോണ്‍ഡക്ട്) എന്‍എന്‍ ബൂട്ടോലിയ, ധീരേന്ദ്ര ഓജ ( ഡിജി മീഡിയ) എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.  പ്രധാനമന്ത്രിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട രേഖകളും റെക്കോഡുകളും പരിശോധിച്ച ശേഷം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നല്‍കിയ നിര്‍ദേശം.

ഉപഗ്രഹവേധ മിസൈല്‍ രംഗത്ത് അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ നാലാമത് എത്തി. ബഹിരാകാശ വന്‍ശക്തികളുടെ സംഘത്തില്‍ ഇന്ത്യയും പ്രവേശിച്ചു. മിഷന്‍ ശക്തി എന്ന പേരിലായിരുന്നു പരീക്ഷണ ദൗത്യം. തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ ഉപയോഗിച്ചുളള പരീക്ഷണം മൂന്നുമിനിറ്റിനുളളില്‍ പൂര്‍ത്തിയാക്കി. 300 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്തിരുന്ന ഉപഗ്രഹത്തെയാണ് മിസൈല്‍ തകര്‍ത്തതെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി, സാങ്കേതികവിദ്യയുടെ മുന്നേറ്റം എന്നി രംഗങ്ങളില്‍ മിഷന്‍ ശക്തി ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആന്റി സാറ്റലൈറ്റ് മിസൈല്‍ കൂടുതല്‍ കരുത്ത് പകരും. മറ്റു രാജ്യങ്ങള്‍ക്ക് എതിരെ തങ്ങളുടെ നേട്ടം ഉപയോഗിക്കില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പുനല്‍കുന്നതായും മോദി പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള പ്രതിരോധ സംവിധാനം മാത്രമാണിത്. ബഹിരാകാശ രംഗം ആയുധമത്സരത്തിന് വേദിയാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ പരീക്ഷണം വഴി ഒരു രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍