ദേശീയം

മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്; പ്രധാനമന്ത്രി പദം വിട്ടുനല്‍കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്ന പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. അഞ്ചുവര്‍ഷം സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഏറ്റവും വലിയ കക്ഷിയ്ക്ക് തന്നെ അവസരം കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിന് പ്രധാന മന്ത്രി പദത്തിനോട് താത്പര്യമില്ല എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആസാദ് പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് നിര്‍ബന്ധമില്ല എന്നുമായിരുന്നു ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പട്‌നയിലെ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയുണ്ടാകുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം പറഞ്ഞത്. 

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനാണ് പ്രാഥമിക പരിഗണന. പ്രതിപക്ഷ കക്ഷികളുമായി ധാരണയുണ്ടായാല്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുണ്ടാകും. നരേന്ദ്ര മോദി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തില്ല. പ്രചാരണത്തിനായി രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ സഞ്ചരിച്ചപ്പോഴുള്ള ജനങ്ങളുടെ വികാരം ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആസാദിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി രംഗത്ത് വന്നിരുന്നു. തങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ നേതാവുണ്ടെന്നും കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അതില്ലെന്നുമായിരുന്നു ബിജെപിയുടെ ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്