ദേശീയം

പുതിയ അധ്യക്ഷനെ ഒരു മാസത്തിനകം തെരഞ്ഞെടുക്കണം, രാജിയില്‍ നിന്ന് പിന്നോട്ടില്ല ; മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുലിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ഗാന്ധി. പുതിയ പ്രസിഡന്റിനെ ഒരു മാസത്തിനകം കണ്ടെത്തണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിട്ടുള്ളത്. മുതിര്‍ന്ന നേതാക്കള്‍ക്കാണ് രാഹുല്‍ ഈ നിര്‍ദേശം നല്‍കിയത്. 

രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിനെ അനുനയിപ്പിക്കാന്‍ ഇന്നലെയും തീവ്രശ്രമമാണ് നേതാക്കള്‍ നടത്തിയത്. അശോക് ഗെഹലോട്ട് അടക്കം മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രമല്ല ഉത്തരവാദിയെന്നും നേതാക്കള്‍ സൂചിപ്പിച്ചു. രാഹുലിനെ സഹായിക്കാന്‍ എഐസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കുക, മേഖല അടിസ്ഥാനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നു. 

എന്നാല്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഇന്നലെയും രാഹുല്‍ വ്യക്തമാക്കിയത്. പ്രിയങ്കയും രാഹുലിന്റെ തീരുമാനത്തെ പിന്താങ്ങി. നെഹ്‌റു കുടുംബത്തിന് വെളിയില്‍ നിന്ന് ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനാകട്ടെ എന്നാണ് രാഹുലിന്റെ നിര്‍ദേശം. പ്രസിഡന്റ് പദവി ഒഴിയുന്നതിന് അര്‍ത്ഥം കോണ്‍ഗ്രസിനെ കൈവിടുന്നു എന്നല്ലെന്നും, സാധാരണപ്രവര്‍ത്തകനായി പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കാന്‍ പദയാത്ര അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് ഉദ്ദേശമെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനത്തെ സഖ്യകക്ഷികളും എതിര്‍ത്തിട്ടുണ്ട്. തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് മുസ്ലിം ലീഗ്, ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ തുടര്‍ന്നും നയിക്കണമെന്നും, രാഹുല്‍ തന്നെ പാര്‍ലമെന്റിലും പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 

രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പകരം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, മുതിര്‍ന്ന നേതാവ് എകെ ആന്റണി തുടങ്ങിയ പേരുകള്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു