ദേശീയം

കോണ്‍ഗ്രസിലെ 'ദര്‍ബാര്‍ പൊളിറ്റിക്‌സ്'  ; പവാറിന് പ്രധാനമന്ത്രിയാകാന്‍ ലഭിച്ച രണ്ട് അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചു ; വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്



മുംബൈ : എന്‍സിപി നേതാവ് ശരദ് പവാറിന് പ്രധാനമന്ത്രിയാകാന്‍ രണ്ട് അവസരങ്ങള്‍ വന്നപ്പോഴും കോണ്‍ഗ്രസ് ഇടപെട്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍. എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലാണ് ശിവസേന മുഖപത്രം സാമാന്യില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ശരദ് പവാറിന്റെ 80-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് സാമ്‌നയില്‍ പട്ടേലിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. 

കോണ്‍ഗ്രസിലെ ദര്‍ബാര്‍ പൊളിറ്റിക്‌സാണ് പവാറിന്റെ പ്രധാനമന്ത്രി പദ സാധ്യത നഷ്ടപ്പെടുത്തിയത്. കോണ്‍ഗ്രസിലെ പവാറിന്റെ എതിരാളികള്‍ ഇതിനായി പ്രവര്‍ത്തിച്ചു. ഈ നേതാക്കള്‍ സോണിയഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത് പവാറിന്റെ അവസരം നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പ്രഫുല്‍ പട്ടേല്‍ ലേഖനത്തില്‍ പറയുന്നു.

1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ആഘാതത്തില്‍ നില്‍ക്കുമ്പോള്‍ ശരദ് പവാറിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം വേണ്ടെന്ന് ആഗ്രഹിക്കുന്ന ചില നേതാക്കള്‍ പി വി നരസിംഹറാവുവിനെ അധ്യക്ഷനാക്കി.

തെരഞ്ഞെടുപ്പിന് ശേഷം പവാറിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴും ഈ സംഘം ഇടപെട്ടു. സോണിയയുടെ പേര് ദുരുപയോഗിച്ച് റാവുവിനെ പ്രധാനമന്ത്രിയാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ക്കു തന്നെ പവാറിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ അദ്ദേഹത്തിന് എതിരെ ഗൂഢാലോചനകള്‍ എങ്ങനെയാണ് നടന്നതെന്നതിന് താന്‍ സാക്ഷിയാണ്. 

പ്രധാനമന്ത്രിയായ റാവുവും പവാറിനെ മുന്‍വിധിയോടെയാണ് കണ്ടത്. 1996ലെ തെരഞ്ഞെടുപ്പില്‍ ജനവിധി കോണ്‍ഗ്രസിന് അനുകൂലമല്ലാതിരുന്നിട്ടും പവാറിന് പ്രധാനമന്ത്രിയാകാനുള്ള അവസരം ഒരുങ്ങിയിരുന്നു. പവാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ സര്‍ക്കാരില്‍ പങ്കാളിയാവാന്‍  ദേവഗൗഡയും മുലായംസിങ് യാദവും ഇടതുകക്ഷികളും സന്നദ്ധരായിരുന്നു. എന്നാല്‍ റാവു വഴങ്ങിയില്ല. തുടര്‍ന്ന് ദേവെഗൗഡയെ പുറമേ നിന്നു പിന്തുണയ്‌ക്കേണ്ടി വന്നു.

പിന്നീട് 1997ല്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സീതാറാം കേസരി  ദേവഗൗഡ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് 125 കോണ്‍ഗ്രസ് എംപിമാര്‍ പവാറിന്റെ വസതിയില്‍ ഒത്തുചേര്‍ന്ന് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ അദ്ദേഹം തുനിഞ്ഞില്ലെന്നും പട്ടേല്‍ പറയുന്നു. പവാറിനേക്കാള്‍ കഴിവുകുറഞ്ഞ ആളുകള്‍ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം ഉയര്‍ന്നുവരാതിരിക്കാന്‍ ശ്രമിച്ചുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്