ദേശീയം

'ജനങ്ങളെ ഭരിക്കാന്‍ വിദ്യാഭ്യാസം ആവശ്യമില്ല; കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ നോക്കിക്കൊള്ളും'; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മന്ത്രിയാകുന്നതിനും ജനങ്ങളെ ഭരിക്കുന്നതിനും വിദ്യാഭ്യാസം ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് ജയില്‍, സിവില്‍ സര്‍വീസ് മാനേജ്‌മെന്റ് മന്ത്രി ജെകെ സിങ് ജയ്കി. കാര്യങ്ങള്‍ ചെയ്യാന്‍ മന്ത്രിക്ക് കീഴില്‍ സെക്രട്ടറിയും മറ്റ് ജീവനക്കാരും ഉണ്ടെന്നും മന്ത്രി പറഞ്ഞു. സേത് റാം ഗുലാം പട്ടേല്‍ മെമ്മോറിയല്‍ കോളജില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. 

'മന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്നില്ല. ഞാനൊരു മന്ത്രിയാണ്. എനിക്ക് കീഴില്‍ സെക്രട്ടറിയും മറ്റ് ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ജയില്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് ഞാനല്ല. അതിനായി ഇരിക്കുന്ന ജയില്‍ ഉദ്യോഗസ്ഥരും ജയിലറുമാണ് അത് പ്രവര്‍ത്തിപ്പിക്കേണ്ടത്'- മന്ത്രി പറഞ്ഞു. 
 
സമൂഹത്തിലെ വിദ്യാസമ്പന്നരായ ആളുകള്‍ വിദ്യാഭ്യാസമില്ലാത്തവരെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമടക്കമുള്ള പ്രൊഫഷണലുകള്‍ ഒന്നിച്ചിരിക്കുമ്പോള്‍ അവര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള രാഷ്ട്രീയക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് അറിയാത്ത ഇത്തരത്തിലുള്ള പ്രൊഫഷണലുകള്‍, വിദ്യാഭ്യാസമില്ലാത്തവര്‍ വിദ്യാസമ്പന്നരോട് ആജ്ഞാപിക്കുകയാണെന്ന് പരിഭവിക്കുന്നു'- മന്ത്രി വ്യക്തമാക്കി. 

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നേതൃത്വത്തിലേക്ക് വരാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 

'ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ നേതൃത്വമേറ്റെടുക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ എന്റെ ഇഷ്ടപ്രകാരമാണ് മുന്‍നിരയിലേക്ക് വന്നത്. രാഷ്ട്രീയം പിന്തുടരാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഞാന്‍ ശ്രമം നടത്തിയിരുന്നു'- മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു