ദേശീയം

പത്താം ക്ലാസ് പരീക്ഷ എഴുതിയത് തുടർച്ചയായി 33 വർഷം; ഒടുവിൽ ജയിച്ചു; നേരത്തെ ആയിരുന്നെങ്കിൽ... നൂറുദ്ദീൻ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ രാജ്യത്തെ പലരുടേയും ജീവിതത്തിൽ ദുരിതമായി മാറിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ അനു​ഗ്രഹമായി മാറിയ ഒരാളുണ്ട്. എന്നാൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദീൻ (51) എന്നയാൾക്ക് ലോക്ക്ഡൗൺ അതിരില്ലാത്ത ആഹ്ലാദമാണ് സമ്മാനിച്ചത്. 

കഴിഞ്ഞ 33 വർഷമായി തുടർച്ചയായി പത്താം ക്ലാസ് പരീക്ഷ എഴുതുകയും പരാജയപ്പെടുകയും ചെയ്ത നൂറുദ്ദീൻ ഒടുവിൽ വിജയം സ്വന്തമാക്കി. കോവിഡ് വ്യാപനവും ലോക്ഡൗണും കണക്കിലെടുത്ത് ഇത്തവണ പത്താം ക്ലാസ് പരീക്ഷ നടത്തേണ്ടതില്ലെന്നും പരീക്ഷാർഥികളെയെല്ലാം വിജയിപ്പിക്കാമെന്നും തെലങ്കാന സർക്കാർ തീരുമാനിച്ചതാണ് നൂറുദീനെ തുണച്ചത്. പത്താം ക്ലാസ് പരീക്ഷ ജയിച്ചതിൽ സന്തോഷമുണ്ടെങ്കിലും അൽപ്പംകൂടി നേരത്തെ ഇത് സാധിച്ചിരുന്നുവെങ്കിൽ തന്റെ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടേനെ എന്ന് നൂറുദ്ദീൻ പറയുന്നു. 

1987 ലാണ് അദ്ദേഹം ആദ്യമായി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയങ്ങൾക്കും വിജയിച്ചു. ഉറുദു മീഡിയത്തിൽ പഠിച്ച തനിക്ക് ഇംഗ്ലീഷ് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയതെന്ന് അദ്ദേഹം പറയുന്നു. ജയിക്കാൻ ആവശ്യമായ 35 മാർക്ക് ഇംഗ്ലീഷിന് മാത്രം നേടാൻ കഴിയാറില്ല. പലപ്പോഴും ഇംഗ്ലീഷിന് 32 ഉം 33 ഉം മാർക്കു വരെ നേടിയിട്ടുണ്ട്. അതിനാൽ തോറ്റു പിന്മാറാനും നൂറുദീൻ തയ്യാറായില്ല. 

റെയിൽവെ, പോലീസ് തുടങ്ങിയവയിൽ ജോലി കിട്ടണമെങ്കിൽ പത്താം ക്ലാസ് വിജയിച്ചിരിക്കണം എന്നതിനാലാണ് പിന്മാറാൻ തയ്യാറാകാതെ തുടർച്ചയായി പരീക്ഷ എഴുതിയത്. കഠിന പരിശ്രമം നടത്തിയെങ്കിലും ഇപ്പോൾ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. താൻ പഠിച്ച സ്‌കൂളിൽ തന്നെ സുരക്ഷാ ഗാർഡായി ജോലി ചെയ്യുകയാണ് 1990 മുതൽ നൂറുദീൻ. 8000 രൂപയാണ് നിലവിൽ ശമ്പളം ലഭിക്കുന്നത്. 

1994 ൽ വിവാഹിതനായ ശേഷം പത്താം പരീക്ഷ എഴുതൽ കൂടുതൽ ബുദ്ധിമുട്ടായെന്ന് അദ്ദേഹം പറയുന്നു. ആളുകൾ പരിഹസിക്കുന്നത് വർധിച്ചു. എന്നാൽ അതൊന്നും കാര്യമാക്കാതെ എല്ലാ വർഷവും പരീക്ഷ എഴുതുന്നത് തുടർന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഉറുദു ലിറ്ററേച്ചർ നടത്തുന്ന 12ാം ക്ലാസ് തുല്യതാ കോഴ്‌സ് 1994 ൽ വിജയിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

ഇത്തവണ ബി കോം വിദ്യാർഥിനിയായ മകളുടെ സഹായത്തോടെ നന്നായി ഇംഗ്ലീഷ് പഠിക്കുകയും പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനം കാരണം പരീക്ഷ നടന്നില്ല. എല്ലാവരെയും ജയിപ്പിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. പഠനം ഇനിയും തുടരാനാണ് നൂറുദീൻ ‌‌തീരുമാനിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്