ദേശീയം

60കാരനെ സംസ്‌കരിക്കാന്‍ പണമില്ല, വീട് തെരഞ്ഞപ്പോള്‍ ഒരു ലക്ഷത്തിന്റെ പാസ്ബുക്ക്; മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കില്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ അവിവാഹിതനായി കഴിഞ്ഞിരുന്ന 60കാരന്റെ മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കില്‍. മൃതദേഹം സംസ്‌കരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ബാങ്കില്‍ തടിച്ചുകൂടിയത്. 60കാരനെ സംസ്‌കരിക്കാന്‍ വീട്ടില്‍ പണം തെരയുന്നതിനിടെ, ബാങ്കിന്റെ പാസ്ബുക്ക് ലഭിച്ചു. അക്കൗണ്ടില്‍ ഒരു ലക്ഷത്തിലധികം രൂപ കണ്ടതോടെയാണ്, നാട്ടുകാര്‍ പണം ആവശ്യപ്പെട്ട് ബാങ്കിന് മുന്‍പില്‍ എത്തിയത്.

ബിഹാറിലെ സിംഗ്രിയവനിലാണ് സംഭവം. ദിവസവേതനത്തിന് പണിയെടുക്കുന്ന മഹേഷ് യാദവാണ് ചൊവ്വാഴ്ച മരിച്ചത്. അവിവാഹിതനാണ്. മറ്റൊരാളുടെ ഭൂമിയിലാണ് 60കാരന്‍ കുടില്‍ കെട്ടി താമസിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിന് പണം തെരയുന്നതിനിടെയാണ് കാനറ ബാങ്കിന്റെ പാസ്ബുക്ക് ലഭിച്ചത്. 1.18 ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ശവസംസ്‌കാരത്തിന് അക്കൗണ്ടില്‍ നിന്ന് പണം അനുവദിക്കാന്‍ ആവശ്യപ്പെട്ടാണ് മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കില്‍ എത്തിയത്. പൂക്കള്‍ ഉപയോഗിച്ച് അലങ്കരിച്ച മൃതദേഹവുമായാണ് ഇവര്‍ ബാങ്കില്‍ എത്തിയത്. സംസ്‌കാരത്തിന് 20,000 രൂപ അനുവദിക്കാനായിരുന്നു ഇവരുടെ ആവശ്യം.

സിംഗ്രിയവനിലെ ബാങ്ക് ശാഖയുടെ മുന്‍പില്‍ നാട്ടുകാര്‍ ഒത്തുകൂടിയതോടെ ബാങ്കിന്റെ പ്രവര്‍ത്തനം മൂന്ന് മണിക്കൂര്‍ തടസ്സപ്പെട്ടു. അവസാനം ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍ നിന്ന് 10000 രൂപ അനുവദിച്ച് പ്രശ്‌നം തീര്‍ത്തു. നിയമം അനുസരിച്ച് അക്കൗണ്ടില്‍ നിന്ന് പണം അനുവദിക്കാന്‍ കഴിയില്ല എന്ന് മാനേജര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിന്റെയും മറ്റും ഇടപെടലോടെയാണ് പ്രശ്‌നം പറഞ്ഞ് തീര്‍ത്തത്.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മഹേഷിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി മാനേജര്‍ പറയുന്നു. നോമിനിയുടെ പേര് വെയ്ക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പണം ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന് കരുതി അതിന് അദ്ദേഹം മുതിര്‍ന്നില്ലെന്ന് ബാങ്ക് മാനേജര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം