ദേശീയം

'കര്‍ണാടകയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാം'; ഹിജാബ് ഹര്‍ജി ഉചിത സമയത്ത് കേള്‍ക്കുമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്, ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉചിത സമയത്ത് ഹര്‍ജി കേള്‍ക്കുമെന്ന് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഹര്‍ജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്ലീം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലില്‍ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുമെന്നും അതുവരെ മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്നുമാണ് ഇന്നലെ ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചത്.

മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കുകയാണ്, ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചെയതത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്. ഹര്‍ജികളില്‍ എത്രയും വേഗം തീര്‍പ്പാക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്. 

സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്താണ് വിഷയം സുപ്രീം കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. സ്‌കൂളുകളിലും കോളജുകളിലും മത ചിഹ്നങ്ങള്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനു ദൂരവ്യാപക പ്രത്യാഘാതമുണ്ടെന്ന് കാമത്ത് പറഞ്ഞു. ഇതു മുസ്ലിം വിദ്യാര്‍ഥികള്‍ക്കു മാത്രം ബാധകമായ കാര്യമല്ല. സിഖുകാര്‍ തലപ്പാവു ധരിക്കുന്നുണ്ട്. ഇതെല്ലാം മാറ്റേണ്ടിവരുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. 

ഹൈക്കോടതി ഇക്കാര്യം കേള്‍ക്കുകയല്ലേ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതിയുടെ ഉത്തരവ് എന്തെന്നു വ്യക്തമല്ല. ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 

കര്‍ണാടകയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാമെന്നും ഉചിതമായ സമയത്ത് ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇപ്പോള്‍ ഇക്കാര്യം സുപ്രീം കോടതിയിലേക്കു കൊണ്ടുവരുന്നത് ഉചിതമാണോയെന്നു പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്, ഉചിതമായ സമയത്ത് ഹര്‍ജി കേള്‍ക്കാം- കോടതി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെ; 'പേരു പുറത്തു പറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു'

ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു