കായികം

ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; വിവാദ ബോംബെറിഞ്ഞ് പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ക്രിക്കറ്റില്‍ ഒത്തുകളിയുടെ മറ്റൊരു വിവാദ ബോംബെറിഞ്ഞ് പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍. പാക് ടെലിവിഷന്‍ ചാനലായ സമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് 2015ലെ ലോകകപ്പിനിടെ ചിരവൈരികളായ ഇന്ത്യക്കെതിരേ ഒത്തുകളിക്കണമെന്നാവശ്യപ്പെട്ട് ചില ആളുകള്‍ തന്നെ സമീപിച്ചതായുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പാക് ബാറ്റ്‌സ്മാന്‍ നടത്തിയത്. 
ലോകകപ്പിലെ പാകിസ്ഥാന്‍ ആദ്യ മത്സരം ഇന്ത്യക്കെതിരേ ആയിരുന്നു. ഈ മത്സരത്തിന് മണിക്കൂറുകള്‍ മുന്‍പാണ് ചിലര്‍ തന്നെ സമീപിച്ചത്. ബാറ്റിങിന് ഇറങ്ങിയാല്‍ രണ്ട് പന്തുകള്‍ ഷോട്ടൊന്നും കളിക്കാതെ ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിനായി രണ്ടു ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്തത്. ആസ്‌ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി അരങ്ങേറിയ ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലായിരുന്നു ഇന്ത്യയും പാകിസ്താനും. 76 റണ്‍സിന് ഇന്ത്യ വിജയിച്ച മത്സരത്തില്‍ നാല് പന്തുകള്‍ നേരിട്ട് ഉമര്‍ അക്മല്‍ പൂജ്യത്തിന് പുറത്തായിരുന്നു. 
ലോകകപ്പിലെ മത്സരം മാത്രമായിരുന്നില്ല. ഇന്ത്യക്കെതിരേ എപ്പോള്‍ കളിച്ചാലും ഒത്തുകളിക്കണമെന്നും ടീം മാനേജ്‌മെന്റിനെ മറ്റെന്തങ്കിലും കാരണം ധരിപ്പിച്ച് ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവും അവര്‍ മുന്നോട്ടു വച്ചിരുന്നു. ഇതിനൊക്കെ വന്‍ തുകകളാണ് അവര്‍ തനിക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഓഫറുകളെല്ലാം തള്ളുകയായിരുന്നുവെന്ന് അക്മല്‍ പറഞ്ഞു. ഇനിയൊരിക്കലും ഇത്തരമൊരു ആവശ്യവുമായി തന്നെ സമീപിക്കരുതെന്നും ആത്മാര്‍ഥമായാണ് താന്‍ പാകിസ്ഥാന്‍ ടീമിന് വേണ്ടി കളിക്കുന്നതെന്നും അവരോട് വ്യക്തമാക്കിയെന്നും അക്മല്‍ പറയുന്നു. 

വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ.സി.സിയും സംഭവത്തെ അതീവ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. വിഷയത്തില്‍
വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് പി.സി.ബി താരത്തിന് നോട്ടീസ് അയച്ചു. നാളെ ലാഹോറിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റിന് മുന്‍പാകെ ഹാജരായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
വെളിപ്പെടുത്തലിനെ ഏറെ ഗൗരവത്തോടെ കാണുന്നതായും അന്വേഷണം ആരംഭിച്ചതായും ഐ.സി.സി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അക്മലുമായി ഇതേക്കുറിച്ച് ഐ.സി.സി അധികൃതര്‍ സംസാരിക്കുമെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും താരങ്ങള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടെങ്കില്‍ അത് ഐ.സി.സിയെ അറിയിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മൂന്ന് വര്‍ഷം മുന്‍പ് നടന്ന ഒരു വിഷയം ഇപ്പോള്‍ വെളിപ്പെടുത്താനുണ്ടായ സാഹചര്യം മുതല്‍ എല്ലാ വിഷയങ്ങളിലും അക്മല്‍ ഉത്തരം നല്‍കേണ്ടി വരും. പല തവണ ഒത്തുകളി വാഗ്ദാനവുമായി പലരും സമീപിച്ചിട്ടും അതൊന്നും പി.സി.ബിയെ അറിയിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ട് മറച്ചുവെച്ചു എന്ന ചോദ്യത്തിനും ഉമര്‍ അക്മല്‍ മറുപടി നല്‍കണം. മറച്ചുവെയ്ക്കല്‍ മനപ്പൂര്‍വമായിരുന്നുവെന്ന് തെളിഞ്ഞാല്‍ വിലക്കടക്കമുള്ള ശിക്ഷാ നടപടികള്‍ ഐ.സി.സി താരത്തിനെതിരേ എടുക്കാനും സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്