കായികം

ന്യൂസിലാന്‍ഡിനെ പിടിച്ചു കെട്ടി ബൗളര്‍മാര്‍; ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ഒക്ലാന്‍ഡ് ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയ ലക്ഷ്യം. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കീവീസ് 158 റണ്‍സ് എടുത്തു. ആദ്യ ട്വന്റി20യിലെ വെടിക്കെട്ട് തുടക്കം പോലൊന്ന് ആവര്‍ത്തിക്കാന്‍ ആതിഥേയര്‍ക്ക് അവസരം നല്‍കാതെ ഭുവിയും ക്രുനാല്‍ പാണ്ഡ്യയും തുടങ്ങിയതോടെയാണ് കീവീസ് സ്‌കോര്‍ 158 റണ്‍സില്‍ ഒതുങ്ങിയത്. തകര്‍ത്തടിക്കുക ലക്ഷ്യം വെച്ചെത്തിയ കീവീസ് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ നേരിട്ടു. 

ഏഴാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയില്‍ നിന്നും 15ാം ഓവറില്‍ 127 റണ്‍സിലേക്ക് ടീമിന്റെ സ്‌കോര്‍ എത്തിച്ചതിന് ശേഷമാണ് ഗ്രാന്‍ഡ്‌ഹോം മടങ്ങിയത്. 28 പന്തില്‍ നിന്നും നാല് സിക്‌സും ഒരു ഫോറും പറത്തി ഗ്രാന്‍ഡ്‌ഹോം അര്‍ധശതകം പിന്നിട്ടു. ഗ്രാന്‍ഡ്‌ഹോമിന്റെ വെടിക്കെട്ടില്‍ മികച്ച സ്‌കോറിലേക്ക് കീവീസ് എത്തുമെന്ന് തോന്നിച്ചപ്പോള്‍ ഹര്‍ദിക്ക് എത്തി. രോഹിത്തിന്റെ കൈകളിലേക്ക് ഗ്രാന്‍ഡ്‌ഹോമിനെ എത്തിച്ച് ഹര്‍ദിക് ആ ഭീഷണി ഒഴിവാക്കി. 

ഗ്രാന്‍ഡ്‌ഹോം മടങ്ങിയതിന് പിന്നാലെ ടെയ്‌ലര്‍, സാന്‍തനറിനെ കൂട്ടുപിടിച്ച് സ്‌കോര്‍ കണ്ടെത്തി. 36 പന്തില്‍ നിന്നും 42 റണ്‍സ് എടുത്ത് നിന്ന ടെയ്‌ലറിനെ 18ാം ഓവറിലെ അവസാന പന്തില്‍ വിജയ് ശങ്കര്‍ റണ്‍ഔട്ടാക്കി. അവസാന ഓവറിലെ രണ്ടാം പന്തില്‍ സാന്‍തനറിനേ ഖലീല്‍ അഹ്മദും മടക്കി. ഖലീലിന്റെ ഫുള്‍ ലെങ്ത് ഡെലിവറി സാന്‍ത്‌നറിന്റെ സ്റ്റംപ് ഇളക്കി. അവസാന പന്തില്‍ സൗത്തിയുടെ വിക്കറ്റം വീഴ്ത്തി അഹ്മദ് അവസാന ഓവറില്‍ റണ്‍ ഒഴുക്കിന് അനുവദിച്ചില്ല.

നാല് ഓവര്‍ എറിഞ്ഞ് 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാലാണ് കീവീസിനെ ആദ്യം കുഴക്കിയത്. എന്നാല്‍ ഗ്രാന്‍ഡ്‌ഹോമിന്റെ തകര്‍പ്പനടിയില്‍ കീവീസ് സ്‌കോറിങ്ങിന്റെ വേഗം കൂടി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കീവീസിന്റെ ഓപ്പണര്‍മാരെ ഇന്ത്യ തുടക്കത്തിലെ മടക്കുകയായിരുന്നു. 

ആദ്യ ട്വന്റി20യിലെ കീവീസ് ഹീറോ സീഫേര്‍ട്ട്, മണ്‍റോ എന്നീ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യ ആദ്യ അഞ്ച് ഓവറിനുള്ളില്‍ മടക്കി.  അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മണ്‍റോയെ മടക്കിയ ക്രുനാല്‍ , ഓവറിലെ അവസാന പന്തില്‍ ഡേറിലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പറഞ്ഞയച്ചു. ഒരു റണ്‍സായിരുന്നു ആ സമയം ഡേറിലിന്റെ സമ്പാദ്യം. ഡേറിലിന്റെ വിക്കറ്റില്‍ കീവീസ് റിവ്യു എടുത്തെങ്കിലും ഫലമുണ്ടായില്ല. ഒരു ഫോറും ഒരു സിക്‌സും പറത്തി 12 റണ്‍സ് എടുത്ത് നിന്ന സീഫേര്‍ട്ടിനെ ഭുവി, ധോനിയുടെ കൈകളില്‍ എത്തിച്ച് മറ്റൊരു വെട്ടിക്കെട്ട് ഇന്നിങ്‌സിനുള്ള അവസരം നിഷേധിച്ചു. 

ആദ്യ ട്വന്റി20യില്‍ ഇറങ്ങിയ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഒക്ലാന്‍ഡിലും ഇറങ്ങുന്നത്. ഇവിടെ തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ഇന്ത്യന്‍ വനിതാ സംഘം നാല് വിക്കറ്റിന്റെ തോല്‍വി വഴങ്ങി പരമ്പര അടിയറവ് വെച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പുരുഷ ടീം ഇറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍