കായികം

ആശങ്കകളുണ്ട് ഇന്ത്യക്ക്, ആശ്വാസവും; രണ്ടാം ടി20 ഇന്ന്; തിരിച്ചടിച്ച് പരമ്പര കൈവിടാതിരിക്കൽ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന് ബം​ഗളൂരുവിൽ അരങ്ങേറും. ആദ്യ മത്സരത്തിൽ കൈയിൽ കിട്ടിയ മത്സരം കളഞ്ഞുകുളിച്ചതിന്റെ അങ്കലാപ്പ് മാറാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിങ് നിര പരാജയപ്പെട്ട ആദ്യ ടി20യിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. 

പരമ്പരയിൽ ആകെ രണ്ട് ടി20 മത്സരങ്ങൾ മാത്രമാണുള്ളത്.  ഇന്നു ജയിച്ചാൽ പരമ്പര സമനിലയിലാക്കി ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരയ്ക്കിറങ്ങാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയ, ന്യൂസിലൻഡ് മണ്ണുകളിൽ വിജയക്കൊടി പാറിച്ച ഇന്ത്യൻ സംഘം നാട്ടിൽ തപ്പിത്തടയുന്ന അവസ്ഥയാണ് ആദ്യ പോരിൽ കണ്ടത്. പരമ്പര കൈവിടാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്. മത്സരം രാത്രി ഏഴ് മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.

വിശാഖപ്പട്ടണത്തെ ആദ്യ കളിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനും ആശ്വസിക്കാനുമുള്ള കാര്യങ്ങളാണ് മൈതാനത്തുണ്ടായത്. ബാറ്റിങ് നിരയിലെ അസ്ഥിരതയാണ് പ്രധാന പ്രശ്നം. എന്നാൽ ബൗളിങ് നിര മത്സരം അവസാന പന്ത് വരെ നീട്ടിയെടുത്തു. ജസ്പ്രീത് ബുമ്രയുടെ ഉജ്വല ബൗളിങ് ഇന്ത്യൻ ആരാധകർക്കു നൽകിയ സന്തോഷം ചെറുതല്ല. എന്നാൽ ഉമേഷ് യാദവിന്റെ ബൗളിങ് നൽകിയ നിരാശയും അതുപോലെ തന്നെ.

19ാം ഓവറിൽ വെറും രണ്ട് റൺസാണ് ബുമ്ര വിട്ടു കൊടുത്തതെങ്കിൽ 20ാം ഓവറിൽ‌ ഉമേഷ് വഴങ്ങിയത് 14 റൺസ്. ഉമേഷിനു പകരം പേസർ സിദ്ധാർഥ് കൗളിനോ അല്ലെങ്കിൽ ബാറ്റിങ് ശക്തിപ്പെടുത്താൻ ഔൾറൗണ്ടർ വിജയ് ശങ്കറിനോ ഇന്ന് അവസരം കിട്ടിയേക്കാം. 

ലോകകപ്പിനുള്ള ടീമിലേക്ക് ആരൊക്കെ എന്നത് തീരുമാനമാകുന്നതാണ് ഓസീസിനെതിരായ ഏകദിന, ടി20 പോരാട്ടങ്ങൾ എന്നതിനാൽ യുവ താരങ്ങളടക്കമുള്ളവർക്ക് നിർണായകമാണ് മത്സരങ്ങൾ. ഈ പരമ്പരകളിലും വരുന്ന ഐപിഎലിലും ഉജ്വലപ്രകടനം കാഴ്ച വച്ചാൽ ഇനിയും ടീമിൽ കയറിപ്പറ്റാം എന്നർഥം. 

കെഎൽ രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ നിലവിൽ കടുത്ത രീതിയിൽ മത്സരിക്കുന്നവർ. ടിവി ഷോയിലെ വിവാദ പരാമർശങ്ങളെത്തുടർന്നുള്ള വിലക്കിനു ശേഷമുള്ള അവസരം രാഹുൽ ആദ്യ ടി20യിൽ മുതലാക്കി 36 പന്തിൽ 50 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള മത്സരം പന്തും കാർത്തികും തമ്മിൽ ഇപ്പോഴുമുണ്ട്. റൺ നേട്ടത്തിൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ധോണി തിളങ്ങിയെങ്കിലും ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് ഇപ്പോഴും വിമർശന വിധേയമാകുന്നു. വിശാഖപ്പട്ടണത്ത് 37 പന്തിൽ നിന്ന് ധോണി കണ്ടെത്തിയ 29 റൺസ് ടീമിന് നിർണായകമായെങ്കിലും അത് കടുത്ത വിമർശനങ്ങൾക്കും വിധേയമാക്കപ്പെട്ടു. ആദ്യ കളിയിൽ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും നന്നായി പന്തെറിഞ്ഞ മായങ്ക് മാർക്കണ്ഡെയ്ക്ക് ഇന്നും അവസരം കിട്ടിയേക്കും.

സ്വന്തം നാട്ടിലെ തോൽവികൾക്ക് പകരം വീട്ടാനുള്ള അവസരം ഒത്തുവന്നതിന്റെ സന്തോഷത്തിലാണ് ഓസ്ട്രേലിയ. കഴിഞ്ഞ കളിയിൽ 43 പന്തിൽ 56 റൺസടിച്ച ഗ്ലെൻ മാക്സ്‌വെൽ ഫോമിൽ നിൽക്കുന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നു. ആദ്യ ടി20യിൽ മനഃസാന്നിധ്യം കൈവിടാതെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്നത്തെ മത്സരം ജയിച്ച് പരമ്പര നേട്ടമാണ് ഓസീസ് മുന്നിൽ കാണുന്നത്. 

ഇന്ത്യ സാധ്യതാ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), കെഎൽ രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, എംഎസ് ധോണി, ക്രുണാൽ പാണ്ഡ്യ, വിജയ് ശങ്കർ, യുസ്‌വേന്ദ്ര ചഹൽ, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, സിദ്ധാർഥ് കൗൾ, മായങ്ക് മാർക്കണ്ഡെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'