കായികം

നൂറ് കടന്നത് തന്നെ ഭാ​ഗ്യം; ആദ്യം ബെയർസ്റ്റോയും വാർണറും അടിച്ചൊതുക്കി; പിന്നെ നബി എറിഞ്ഞിട്ടു; നാണംകെട്ട് ബാം​​ഗ്ലൂർ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഗ്രാന്‍ഡ്‌ഹോമിനും ഉമേഷ് യാദവിനും പ്രയാസ് ബര്‍മനും ബാംഗ്ലൂര്‍ ആരാധകര്‍ നന്ദി പറയുന്നുണ്ടാകും. ടീമിന്റെ സ്‌കോര്‍ നൂറ് കടത്തിയതിന്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 118 റണ്‍സിന്റെ നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അടിച്ചെടുത്തത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. മറുപടി പറഞ്ഞ ബാംഗ്ലൂരിന്റെ പോരാട്ടം 19.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിച്ചു. ബാം​ഗ്ലൂരിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 

കളിയുടെ ഒരു ഘട്ടത്തിലും അതിനടുത്തേക്കെത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ ബാംഗ്ലൂരിന് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 35 റണ്‍സെടുക്കുമ്പോഴേക്കും അവരുടെ ആറ് വിക്കറ്റുകള്‍ വീണുകഴിഞ്ഞിരുന്നു. സ്‌കോര്‍ 100 പോലും കടക്കില്ലെന്ന് തോന്നിപ്പിച്ചു. 

എന്നാല്‍ 23 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗ്രാന്‍ഡ്‌ഹോമിന്റെ ബാറ്റിങാണ് അവരുടെ സ്‌കോര്‍ 100 എങ്കിലും കടത്തിയത്. 19 റണ്‍സുമായി ബര്‍മനും 14 റണ്‍സുമായി ഉമേഷ് യാദവും പിടിച്ചു നിന്നതും ബാംഗ്ലൂരിന് ആശ്വാസമായി. 

അഫ്ഗാന്‍ സ്പിന്നര്‍ മുഹമ്മദ് നബിയുടെ മാരിക സ്പിന്നിന് മുന്നിലാണ് ബാഗ്ലൂരിന്റെ മുന്‍നിര ബാറ്റിങ് ചീട്ടുകൊട്ടാരും കണക്കെ തകര്‍ന്നുപോയത്. നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നബി നാല് വിക്കറ്റുകള്‍ വീഴ്ത്തി. പാര്‍ഥിവ് പട്ടേല്‍, ഹെറ്റ്‌മേയര്‍, എബി ഡിവില്ല്യേഴ്‌സ്, ഡുബെ എന്നിവരെയാണ് നബി മടക്കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സന്ദീപ് ശര്‍മയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ തകര്‍ച്ച പൂര്‍ണം.

നേരത്തെ ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച ബാം​ഗ്ലൂർ നായകൻ കോഹ്‌ലിയുടെ തീരുമാനം വൻ മണ്ടത്തരമായെന്ന് ഹൈദരാബാദിന്റെ ഓപണർമാർ തന്നെ തെളിയിച്ചു നൽകി. ഐപിഎല്ലിലെ ഏറ്റവും മനോഹരമായ ഒരു ബാറ്റിങ് വിരുന്നിനാണ് ഉപ്പൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 
ഓപണർമാരായ ഡേവിഡ് വാർണറുടേയും ജോണി ബെയർസ്റ്റോയുടേയും ഉജ്ജ്വല സെഞ്ച്വറികളുടെ പിൻബലത്തിൽ ഹൈദരാബാദ് കൂറ്റൻ സ്കോർ അടിച്ചെടുക്കുകയായിരുന്നു. പന്തെടുത്ത ബാം​ഗ്ലൂരിന്റെ എല്ലാ ബൗളർമാരും ശരിക്കും തല്ലുവാങ്ങി. 

തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് ബെയര്‍‌സ്റ്റോ കുറിച്ചത്. മാരക ഫോമില്‍ ബാറ്റേന്തിയ താരം ഏഴ് സിക്‌സും 12 ഫോറും സഹിതം 56 പന്തില്‍ 114 റണ്‍സെടുത്താണ് കളം വിട്ടത്. 

വാര്‍ണര്‍ 55 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും പറത്തി 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ വാര്‍ണര്‍ നേടുന്ന നാലാം സെഞ്ച്വറിയാണിത്. 

ഓപണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 16.2 ഓവറില്‍ 185 റണ്‍സാണ് വാരിയത്. ബെയര്‍സ്‌റ്റോയെ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ച് യുസ്‌വേന്ദ്ര ചഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ വിജയ് ശങ്കര്‍ (ഒന്‍പത്) വേഗം മടങ്ങി. യൂസുഫ് പത്താന്‍ (ആറ്) വാര്‍ണര്‍ക്കൊപ്പം പുറത്താകാതെ നിന്നു.

ബാംഗ്ലൂര്‍ പരീക്ഷിച്ച അരങ്ങേറ്റ താരം പ്രയാസ് നാല് ഓവറില്‍ വഴങ്ങിയത് 56 റണ്‍സാണ്. ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. പരിക്കുള്ളതിനാല്‍ ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ കളിക്കുന്നില്ല. പകരം ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. വില്ല്യംസണ് പകരം ഹൂഡയാണ് ടീമിലുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം